റമദാനിന്റെ സവിശേഷതകൾ
text_fieldsജഗന്നിയന്താവായ നാഥൻ ഖുർആൻ അവതരിപ്പിച്ച മാസമാണ് റമദാൻ. മാനവരാശിയുടെ വെളിച്ചമായ ഖുർആനിന്റെ വാർഷികാചരണമാണ് പുണ്യറമദാനെന്നു പറയാം. റമദാനിൽ പ്രപഞ്ചത്തിൽ സമഗ്ര മാറ്റം സംഭവിക്കുന്നതായി പ്രവാചകൻ പറഞ്ഞിട്ടുണ്ട്.
‘‘റമദാൻ ആരംഭിച്ചാൽ സ്വർഗകവാടങ്ങൾ തുറക്കപ്പെടുകയും നരകകവാടങ്ങൾ അടയ്ക്കപ്പെടുകയും പിശാചുക്കൾ ബന്ധിക്കപ്പെടുകയും ചെയ്യും.’’ വാനലോകത്തുനിന്നൊരു പ്രഖ്യാപനവുമുണ്ടാകും: ‘‘നന്മ കൊതിക്കുന്നവനേ, മുന്നോട്ടുവരൂ. തിന്മ തേടുന്നവനേ, പിറകോട്ടുപോകൂ.’’
റമദാൻ സമാഗതമായ ഘട്ടത്തിൽ പ്രവാചകൻ പറഞ്ഞു: ‘‘സുബ്ഹാനല്ലാഹ്. ഏതൊന്നിനെയാണ് നിങ്ങൾ സ്വീകരിക്കാനിരിക്കുന്നത്? എന്താണ് നിങ്ങളിലേക്ക് കടന്നുവരുന്നത്?’’ ശിഷ്യൻ ഉമർ ചോദിച്ചു: ‘‘പ്രവാചകരേ വല്ല പുതിയ ദിവ്യബോധനവും താങ്കൾക്ക് ലഭിച്ചുവോ?
അതല്ല വല്ല ശത്രുസംഘവും നമ്മെ ആക്രമിക്കാൻ പുറപ്പാട് നടത്തുന്നുണ്ടോ?’’ പ്രവാചകൻ പറഞ്ഞു: ‘‘അതൊന്നുമല്ല കാര്യം. റമദാൻ മാസമാണ് ഞാനുദ്ദേശിച്ചത്. അതിന്റെ ആദ്യരാത്രിയിൽ അല്ലാഹു ഖിബ്ലയുടെ അവകാശികളായ എല്ലാവർക്കും പൊറുത്തുകൊടുക്കുന്നതാണ്.’’ സദസ്സിൽനിന്നൊരാൾ ഇതു കേട്ട് തലകുലുക്കി ‘ബെ... ബെ...’ എന്നു പറഞ്ഞു.
പ്രവാചകൻ അയാളോടു ചോദിച്ചു : ‘‘ഞാൻ പറഞ്ഞത് താങ്കൾക്ക് അരോചകമായി അനുഭവപ്പെട്ടുവോ?’’ അയാൾ പറഞ്ഞു: ‘‘ഇല്ല, ഞാൻ കപടവിശ്വാസികളുടെ കാര്യം ആലോചിച്ചുപോയതാണ്.’’ പ്രവാചകൻ പറഞ്ഞു: കപടവിശ്വാസി സത്യനിഷേധിയാണ്. അയാൾക്ക് ഇതിൽനിന്ന് ഒരു വിഹിതവും ലഭിക്കില്ല (ബൈഹഖി).
ആകാശലോകത്താണ് ഈ മാറ്റങ്ങളുടെ വിളംബരം ഉണ്ടാകുന്നതെങ്കിൽ സമാനമായ മാറ്റം ഭൂമിയിലും സംഭവിക്കും. ജനമനസ്സുകൾ ശാന്തമാവും. നന്മയോടുള്ള പ്രതിപത്തി വർധിക്കും. റമദാനിൽ ദൈവദൂതൻ അങ്ങേയറ്റം ഉദാരവാനായിരുന്നു. പത്നി ആയിഷ ഓർക്കുന്നു: ‘‘റമദാൻ ആഗതമായാൽ പ്രവാചകൻ തടവുകാരെയെല്ലാം വിട്ടയക്കും, ചോദിച്ചു വരുന്നവർക്കെല്ലാം കൊടുക്കും.’’
റമദാൻ നോമ്പിലൂടെ പട്ടിണിയുടെ ശക്തിയും കാഠിന്യവും തിരിച്ചറിഞ്ഞ വിശ്വാസി കഷ്ടപ്പെടുന്നവരോട് കൂടുതൽ അനുകമ്പ കാണിക്കുകയാണ്. പ്രവാചകന്റെ അരുമശിഷ്യൻ അബ്ദുല്ലാഹിബ്നുഉമർ നോമ്പ് തുറന്നിരുന്നത് അഗതികളുടെ കൂടെയായിരുന്നു. ഏതെങ്കിലും യാചകൻ ഇബ്നുഉമറിന്റെ ഭക്ഷണം ആവശ്യപ്പെട്ടാൽ അത് അദ്ദേഹം നൽകും.
പിന്നീട് വീട്ടിൽ എത്തുമ്പോൾ അവിടെ ഭക്ഷണം തീർന്നിട്ടുണ്ടാകും. അങ്ങനെ നോമ്പുതുറ സമയത്ത് മതിയായ രീതിയിൽ ഭക്ഷണം ലഭിക്കാതെ തൊട്ടടുത്ത ദിവസവും നോമ്പുകാരനാവുന്നു ഇബ്നുഉമർ, ഇങ്ങനെ മഹാന്മാർ കാഴ്ചവെച്ച ധാരാളം മാതൃകകൾ പറയുന്ന മാസമാണ് റമദാൻ.
സാമ്പത്തികമായ ഔദാര്യം മാത്രമല്ല, മനുഷ്യൻ അവന്റെ മനസ്സിന്റെ വിശാലത കഴിയുന്നിടത്തോളം തുറന്നുവെക്കട്ടെ, പ്രവാചകൻ പറഞ്ഞു: ‘‘എല്ലാ നല്ല കാര്യങ്ങളും ദാനധർമമാണ്. പ്രസന്നമായ മുഖത്തോടുകൂടി നിന്റെ സഹോദരനെ ഒന്നു നോക്കുന്നതുപോലും.’’
മഹാത്മാ ഗാന്ധി പറഞ്ഞു : ‘‘ഒരാൾ അയാളുടെ അന്നത്തെക്കുറിച്ചാലോചിക്കുന്നത് അവനിലെ ആത്മീയ കാര്യമാണ്. കാരണം, സ്വന്തം അന്നത്തെക്കുറിച്ച് ഏതു ജീവിയും ആലോചിക്കും. എന്നാൽ, അന്യന്റെ അന്നത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്ന ഏക ജീവി മനുഷ്യനാണ്. ഈ ആത്മീയതയാണ് മനുഷ്യനെ മറ്റു ജീവജാലങ്ങളിൽനിന്ന് വ്യത്യസ്തനാക്കുന്നത്.’’ മനുഷ്യരെ ഏറ്റവും നല്ല മനുഷ്യരാക്കിത്തീർക്കുന്ന ഈ കഴിവിനെ വളർത്തി വികസിപ്പിക്കുകയാണ് റമദാനിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.