മരിച്ചുപോയ മുത്തശ്ശിക്ക് ഒരു കത്ത്
എന്റെ പേര് സിദ്ധാർഥന്. മുത്തശ്ശന്റെ പേര് ചാത്തന്. മുത്തശ്ശി മരിക്കുമ്പോള്‍ ഞാന്‍ ജനിച്ചിട്ടില്ല. ജാതിയില്ലാത്ത ഞാന്‍ ഇപ്പോള്‍ ഹൈഡല്‍ബര്‍ഗില്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥയില്‍ ഗവേഷണം നടത്തുന്നു, രക്തം പുരണ്ട പുസ്തകങ്ങള്‍ വായിച്ചുകൊണ്ട്. ഒരു സ്കോളര്‍ഷിപ്പിലാണ് ഞാന്‍ ഇവിടെ വന്നത്. ജര്‍മന്‍ഭാഷയും ഒരുവിധം നന്നായി പഠിച്ചു. മുത്തശ്ശി അൽപം സംസ്കൃതം പഠിച്ചിട്ടുണ്ടല്ലോ –കൂടുതല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അന്നത്തെ ആണുങ്ങള് സമ്മതിച്ചില്ലെങ്കിലും. ജർമന്‍...
Your Subscription Supports Independent Journalism
View Plansഎന്റെ പേര് സിദ്ധാർഥന്. മുത്തശ്ശന്റെ പേര് ചാത്തന്. മുത്തശ്ശി മരിക്കുമ്പോള്‍ ഞാന്‍ ജനിച്ചിട്ടില്ല. ജാതിയില്ലാത്ത ഞാന്‍ ഇപ്പോള്‍ ഹൈഡല്‍ബര്‍ഗില്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥയില്‍ ഗവേഷണം നടത്തുന്നു, രക്തം പുരണ്ട പുസ്തകങ്ങള്‍ വായിച്ചുകൊണ്ട്.
ഒരു സ്കോളര്‍ഷിപ്പിലാണ് ഞാന്‍ ഇവിടെ വന്നത്. ജര്‍മന്‍ഭാഷയും ഒരുവിധം നന്നായി പഠിച്ചു. മുത്തശ്ശി അൽപം സംസ്കൃതം പഠിച്ചിട്ടുണ്ടല്ലോ –കൂടുതല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അന്നത്തെ ആണുങ്ങള് സമ്മതിച്ചില്ലെങ്കിലും. ജർമന്‍ കുറെയൊക്കെ അതിന്റെ അടുത്തുവരും. രണ്ടും ചാര്‍ച്ചക്കാര്‍ തന്നെ. വ്യാകരണമൊക്കെ ഒരുപോലെ. പല വാക്കുകളും തമ്മിലും രക്തബന്ധമുണ്ട്. മുത്തശ്ശിയില്‍നിന്ന് പഠിച്ച അൽപം സംസ്കൃതം മുത്തശ്ശന് വഴി, അച്ഛന് വഴി, പകര്‍ന്നു ഇത്തിരിയൊക്കെ എനിക്കും കിട്ടി. പിന്നെ ഞാന്‍ ഈ വേദങ്ങളും ബ്രാഹ്മണങ്ങളും ഗീതയും മനുസ്മൃതിയും അർഥശാസ്ത്രവുമൊക്കെ ഗവേഷണത്തിന്റെ ആവശ്യത്തിനായി വായിക്കാന്‍ കൂടുതല്‍ പഠിച്ചു. അത് നല്ല പ്രയോജനം ചെയ്തു. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നന്ദി.
പിന്നെ നമ്മുടെ ചരിത്രം ഞാന്‍ ഒരുപാട് വായിച്ചു. എനിക്കിപ്പോള്‍ അയ്യൻകാളിയെയും സഹോദരന് അയ്യപ്പനെയും ആറാട്ടുപുഴ വേലായുധപ്പണിക്കരെയും പൊയ്കയില്‍ അപ്പച്ചനെയും ആമചാടി തേവനെയും ദാക്ഷായണി വേലായുധനെയും മറ്റും കുറിച്ച് നന്നായി അറിയാം. മുലക്കരത്തിനെതിരെ മുലകള്‍ മുറിച്ചു രാജദൂതര്ക്ക് കാഴ്ചവെച്ച നങ്ങേലിയുടെയും അവര്‍ക്കൊപ്പം മരിച്ച ചിരുകണ്ടന്റെയും കഥ അറിയാം. അങ്ങനെ എത്രയെത്ര പേര്. മുത്തശ്ശി പോത്തേരി കുഞ്ഞമ്പുവിന്റെ ‘സരസ്വതീവിജയം’ വായിച്ചിട്ടുണ്ടോ? പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകള്‍ കേട്ടിട്ടുണ്ടോ? മുത്തശ്ശിയുടെ സമുദായത്തില്‍നിന്നുതന്നെ പിന്നെ പലരുമുണ്ടായി, ലളിതാംബിക അന്തര്‍ജനത്തെപ്പോലെ, ദേവകീ നിലയങ്ങോടിനെപ്പോലെ, സ്വന്തം സമുദായത്തിലെ അനീതികളെ ചോദ്യംചെയ്തവര്‍. വി.ടി. ഭട്ടതിരിപ്പാടും എം.ആര്.ബിയും പ്രേംജിയും ഉണ്ടായി.
പക്ഷേ വിവേചനങ്ങള്‍ ഇന്നും ഇല്ലാതായിട്ടില്ല, മുത്തശ്ശീ. ഇനിയും പല സമരങ്ങളും വേണ്ടിവരും, സ്ത്രീകള്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കുമെല്ലാം നീതി കിട്ടാന്‍. ആ ദൂരത്തെക്കുറിച്ചു പഠിക്കുകയാണ് ഞാന്‍, തിരിച്ചുചെല്ലാനാണ് ഞാന്‍ ഇവിടെ വന്നത്. ഇവിടെ ജീവിക്കാനല്ല. പഠിപ്പിക്കാന്‍ വേണ്ടി ചരിത്രം പഠിക്കുകയാണ്. മറവിയില്‍നിന്ന് ഏറെ വീണ്ടെടുക്കാനുണ്ട്, വിശേഷിച്ചും ബ്രാഹ്മണ്യം, നഷ്ടപ്പെട്ട മേല്‍ക്കോയ്മ തിരിച്ചുപിടിക്കാന്‍ കോപ്പുകൂട്ടുമ്പോള്‍.
ഓർമയുണ്ടോ, പണ്ട് മുത്തശ്ശി കര്‍ഷക കലാപത്തിന്റെ കാലത്ത് എന്റെ മുത്തശ്ശന്റെ കുടിലില്‍ അഭയം തേടിയത്? അന്നൊക്കെ മലബാറിലെ കുടിയാന്മാരും പാട്ടക്കാരുമായ കര്‍ഷകരെ പലരും വിളിച്ചിരുന്നത് ക്രൂരമുഹമ്മദര്‍, പീറജ്ജോനകര്, ദുഷ്ടമുഹമ്മദരാക്ഷസന്മാര്‍, ജന്തുക്കള്‍, കശ്മലര്‍ എന്നെല്ലാമായിരുന്നല്ലോ. അത് കേട്ടു ചില വലിയ കവികള്‍പോലും ആ വാക്കുകള്‍ ഉപയോഗിച്ചു, എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതിരുന്ന മുത്തശ്ശിയുടെ വായിലും അവ തിരുകി.
ഇപ്പോള്‍ അങ്ങനെയല്ല, മുത്തശ്ശീ. ഞാന്‍ അതിനെക്കുറിച്ചും ഒരുപാട് പഠിച്ചു. എന്റെ അച്ഛന്റെ, അങ്ങനെ എന്റെയും, ജന്മം സാധ്യമാക്കിയതില്‍ അന്ന്, ഒരു നൂറ്റാണ്ടിനും മുമ്പ്, ജന്മിമാര് ‘മാപ്പിളലഹള’ എന്ന് വിളിച്ചിരുന്ന ആ കലാപത്തിനും പങ്കുണ്ടല്ലോ. അല്ലല്ല, നേതാക്കള്‍ അറിയാതെ ആ കര്‍ഷകരില്‍ ചിലര്‍ ചെയ്തത് എല്ലാം ശരിയായിരുന്നു എന്ന് ഞാന്‍ വാദിക്കയല്ല. നേതാക്കള്‍തന്നെ ആ ക്രൂരതകളെ തള്ളിപ്പറഞ്ഞിരുന്നു.
തിരിച്ചു മുത്തശ്ശിയുടെ കൂട്ടര് ഏറെക്കാലം അവരോടു ചെയ്തതും അതിലും കൊടിയ ക്രൂരത ആയിരുന്നെങ്കില്‍പോലും. ആ സനാതനികള്‍ മുത്തശ്ശന്റെ കൂട്ടരെയും കുടിയാന്മാരെയും കൂലിക്കാരെയും അടിമകളാക്കി, പലപ്പോഴും കെട്ടിയിട്ടു ചമ്മട്ടികൊണ്ട് അടിച്ചു, കാര്യസ്ഥന്മാരെക്കൊണ്ട് ദ്രോഹിപ്പിച്ചു, പട്ടിണിയിട്ടു. അവരില്‍ ചിലര്‍ അപ്പോള്‍തന്നെ മരിച്ചു, ചിലര്‍ പിന്നീട് പതുക്കെപ്പതുക്കെ. അവരുടെ സ്ത്രീകള്‍ മുത്തശ്ശിയുടെ കാരണവന്മാര്ക്ക് വിധേയകളായിരുന്നു. ചിലപ്പോള്‍ അവരുടെ ആദ്യരാത്രികള്‍ തന്നെ ആ കാമകിങ്കരര്ക്ക് സമര്‍പ്പിക്കാന്‍ നിയമമുണ്ടായിരുന്നു. ആ സമയങ്ങളില്‍ അവര്‍ക്ക് അയിത്തമുണ്ടായിരുന്നില്ല. അവര്‍ പെണ്ശരീരങ്ങള് മാത്രമായിരുന്നു. അവരില്‍നിന്ന് ഗര്‍ഭം ധരിച്ച പല ജോലിക്കാരികളും കുളത്തിലോ പുഴയിലോ കെട്ടിത്താഴ്ത്തപ്പെട്ടു. അതിനെയും ക്രൂരത എന്ന് തന്നെയല്ലേ പറയുക മുത്തശ്ശീ? എന്നിട്ടും എന്തേ ആരും അവരെ ‘ക്രൂരബ്രാഹ്മണര്’, ‘കശ്മലനായന്മാര്’ എന്നെല്ലാം പറയാതിരുന്നത്?
മുത്തശ്ശിക്ക് അതൊന്നും അറിയില്ലായിരിക്കാം, പക്ഷേ ഞാന്‍ പഠിച്ചു, മുത്തശ്ശീ, സങ്കടവും രോഷവും ഉള്ളിലടക്കി എന്നില്‍ മുത്തശ്ശന് തീരെ ഇല്ലെന്നപോലെ നിസ്സംഗനായി ഞാന്‍ അതെല്ലാം പഠിച്ചു, പിന്നാലെ വന്ന ഉണര്ച്ചകളെപ്പറ്റിയും പഠിച്ചു. എങ്കിലും ഇന്നും സമൂഹം ഏറെയൊന്നും മാറിയില്ല. എന്നെപ്പോലെ ചിലര്‍ ഭാഗ്യവും കഠിനാധ്വാനവുംകൊണ്ട് ഉയര്‍ന്നുവന്നുവെങ്കിലും. മുത്തശ്ശി വിവാഹം കഴിഞ്ഞും പത്രങ്ങളും മാസികകളുമൊക്കെ വായിക്കാറുണ്ടാവുമല്ലോ. നമ്മുടെ പ്രബുദ്ധമായ നാട്ടില്‍ ആദിവാസികള്‍ തല്ലിക്കൊല്ലപ്പെടുന്നത്, ചില അവകാശങ്ങള്‍ ബ്രാഹ്മണര്‍ക്ക് മാത്രമായി നിലനിര്‍ത്തപ്പെടുന്നത്, നഷ്ടപ്പെട്ട സ്ഥാനങ്ങള്‍ തിരിച്ചുപിടിക്കാന്‍ അവരുടെ സംഘങ്ങള്‍ ആഹ്വാനംചെയ്യുന്നത്, കൃഷ്ണന്റെ നിറമായി മുത്തശ്ശി കണ്ട ആളുകള്‍ നിറത്തിന്റെ പേരില്‍ അവമതിക്കപ്പെടുന്നത്, ജാതി പറഞ്ഞു വിവാഹപ്പരസ്യങ്ങള്‍ ചെയ്യുന്നത്, ജാതിക്കും മതത്തിനും പുറത്തുള്ള പ്രണയം എതിര്‍ക്കപ്പെടുന്നത്, ഇതൊക്കെ മുത്തശ്ശി അറിയുന്നുണ്ടോ?
ഞാന്‍ ചിലപ്പോള്‍ അത്ഭുതപ്പെടും, മുത്തശ്ശി ക്ഷമിക്കണം, ഒരു ചെറുമകന് ഒരുപക്ഷേ ഇങ്ങനെയൊന്നും ചോദിച്ചുകൂടാ, മുത്തശ്ശി മുത്തശ്ശനെ ശരിക്കും സ്നേഹിച്ചിരുന്നോ? അതോ അത് നിസ്സഹായതയില്‍നിന്ന് വളര്‍ന്ന ഒരുതരം അനുകമ്പയായിരുന്നോ? മുത്തശ്ശി സ്വന്തം അവസ്ഥയെ ദുരവസ്ഥയായാണോ കണ്ടിരുന്നത്, ചളിക്കുണ്ടില്‍ വീണ ഒരു പൂവിനെപ്പോലെ? അത്താഴവും വായനയും കഴിഞ്ഞു കട്ടിലേറി പൂന്തലയിണമേല് തലചേര്‍ത്ത്, പൂമുറ്റത്ത് മുല്ലയും ചെമ്പകവും ജമന്തിയുംപോലെ ആകാശത്ത് ഓമനത്താരങ്ങള് വിരിയുന്നതും നോക്കി കിടക്കുമ്പോഴാണല്ലോ മുത്തശ്ശി സ്വപ്നത്തില്‍പോലും സങ്കൽപിക്കാത്ത ആ ഭയാനകമായ ദൃശ്യങ്ങള്‍ കണ്ടത്.
ആ അവസ്ഥയില്‍നിന്ന് ഓടിപ്പോന്നു മുത്തശ്ശന്റെ പാഴ് കുടിലില്‍ അഭയം തേടേണ്ടിവന്നപ്പോള്‍ ശരിക്കും മുത്തശ്ശി എന്താണ് വിചാരിച്ചത്? ‘‘എന്തറിവൂ നീ മനയ്ക്കലെ പ്രൗഢിയും അന്തസ്സും ഞാനതു ചൊല്ലിയാലും?’’ എന്നും ‘‘കോണിയിറങ്ങീട്ടില്ലോമനേയേറെ ഞാന്‍, നാണം വെടിഞ്ഞു നടന്നിട്ടില്ല, വട്ടക്കുടയും വൃഷലിയും കൂടാതെയൊട്ടെന് കുളക്കടവോളവും ഞാന്‍’’ എന്നും ‘‘വേണ്ടാ, പറയേണ്ടയെന്റെയാബ്ഭാഗ്യങ്ങള് വീണ്ടും വരാതെ പറന്നുപോയി’’ എന്നും ‘‘തണ്ടലര്സംഭവനങ്ങനെയെന് പിഞ്ചുമണ്ടയില് താഴ്ത്തിയെഴുതിപ്പോയി’’ എന്നുമൊക്കെ മുത്തശ്ശി ആലോചിക്കുക മാത്രമാണോ ചെയ്തത്, അതോ ശരിക്കും മുത്തശ്ശനോട് പറഞ്ഞിരുന്നോ? (ആ ‘ഓമനേ’ എന്ന വിളി എനിക്ക് വലിയ ഇഷ്ടമായി കേട്ടോ മുത്തശ്ശീ) അദ്ദേഹത്തിന് അപ്പോള്‍ വേദനിച്ചിട്ടുണ്ടാവില്ലേ? അല്ല, വിഷമംകൊണ്ടാവും അല്ലേ?
നിങ്ങള്‍ ഒന്നിച്ചുള്ള ജീവിതം എങ്ങനെ ആയിരുന്നുവെന്ന് എനിക്കറിയില്ല. മുത്തശ്ശി വല്ലപ്പോഴും പഴയകാര്യങ്ങള്‍ ഓര്‍ത്ത് നെടുവീര്പ്പിടാറുണ്ടോ? അതോ മുത്തശ്ശനെ കാണും മുമ്പുള്ള അന്തർജനത്തിന്റെ തടവറജീവിതം ഓര്‍ത്ത് വേദനിക്കാറുണ്ടോ? താത്രിക്കുട്ടിയുടെ സ്മാര്ത്തവിചാരമൊക്കെ മുത്തശ്ശി കുട്ടിയായിരുന്നപ്പോഴാവും നടന്നത് അല്ലെ? താത്രി –അതെ മുത്തശ്ശിയുടെ പേരുതന്നെ. പറഞ്ഞു കേട്ടിരിക്കും. ആ ആളുകള്‍ അത്തരം സ്ത്രീകളെ ‘സാധനങ്ങള്‍’ എന്നാണ് പറഞ്ഞിരുന്നത്. സാധനങ്ങള്‍! ഇന്നും പല പുരുഷന്മാരും സ്ത്രീകളെ അങ്ങനെ തന്നെയല്ലേ കാണുന്നത്, പറയാന്‍ ഭയമുണ്ടെങ്കിലും? താത്രിക്കുട്ടിയെക്കുറിച്ചുപ്രത്യക്ഷവും പരോക്ഷവുമായി പ്രതിപാദിക്കുന്ന ആഖ്യാനങ്ങള്‍, നേരും ഭാവനയുമെല്ലാം കലര്‍ന്നവ, പലതും പിന്നീടാണ് എഴുതപ്പെട്ടത്.
ഞാന്‍ ചിലതൊക്കെ വായിച്ചിട്ടുണ്ട്, ‘പ്രതികാരദേവത’, അഗ്നിസാക്ഷി’, ‘ഭ്രഷ്ട്’, ‘അമൃതമഥനം’, ‘താത്രീഭഗവതി’ അങ്ങനെ. പിന്നെ ‘കുറിയേടത്ത് താത്രി’, ‘ഓരോരോ കാലത്തിലും’ അങ്ങനെ ചില നാടകങ്ങളും ചില സിനിമകളും –‘പരിണയം’, ‘വാനപ്രസ്ഥം’, ‘മാറാട്ടം’ അങ്ങനെ ചിലത് ഓർമയുണ്ട് –കണ്ടു. താത്രി ചെയ്തത് തെറ്റായിരുന്നു എന്ന് അമ്മ കരുതുന്നുണ്ടോ? അത് വഞ്ചിക്കപ്പെട്ടവളുടെ പ്രതികാരംതന്നെ ആയിരുന്നില്ലേ? അതോ സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമോ? അന്ന്, ഇന്നുള്ള പോലെ, അതൊക്കെ വിളിച്ചു പറയാനുള്ള പ്രസ്ഥാനങ്ങള്‍ ഇല്ലായിരുന്നു. ഒരന്തര്‍ജനത്തിന് കോടതിയില്‍ പോകാനും വഴിയില്ലായിരുന്നു. അവര്‍ മറ്റെന്തു ചെയ്യണമായിരുന്നു? പിഴച്ചത് അവരായിരുന്നോ, അതോ ആ പുരുഷന്മാരോ? അവര്‍ക്കും ഭ്രഷ്ട് കൽപിക്കപ്പെട്ടു എന്നത് ശരി തന്നെ.
പിന്നെയും എത്ര പേര് എന്ന് ആര്‍ക്കറിയാം! കുറെ ആയപ്പോള്‍ സ്മാര്ത്തന് തന്നെ വിചാരണ നിര്‍ത്തി എന്നാണല്ലോ പറയുന്നത്. ഒരു സ്ത്രീക്കും പുരുഷനും ഇഷ്ടത്തോടെ പരസ്പരം ബന്ധപ്പെടാന്‍ അവകാശമില്ലേ? ഇവിടെ ജർമനിയില്‍ അത് സാധ്യമാണ്. വിവാഹം കഴിച്ചാല്‍ പൊതുവേ ഇവിടത്തുകാര്‍ പുറത്തു പ്രണയം പതിവില്ല, അങ്ങനെ വന്നാല്‍ വിവാഹമോചനത്തിന് തടസ്സവുമില്ല. നമ്മുടെ നാട്ടില്‍ വിവാഹമോചനങ്ങള്‍ കുറഞ്ഞിരിക്കുന്നത് സ്ത്രീകള്‍ ദാമ്പത്യത്തില്‍ സംതൃപ്തര്‍ ആയിരിക്കുന്നത് കൊണ്ടൊന്നുമല്ല എന്നാണ് എന്റെ തോന്നല്‍: കുട്ടികളെ ഓര്‍ത്ത്, അല്ലെങ്കില്‍ നാട്ടുകാരെ പേടിച്ച്, അതുമല്ലെങ്കില്‍ തിരിച്ചുചെന്നാല്‍ വീട്ടുകാര്‍ തിരിച്ചെടുക്കില്ല, തങ്ങള്‍ അനാഥരാകും എന്നു ഭയന്ന്... സ്ത്രീകള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനായാല്‍ അവര്‍ ആരുടെയും അടിമകളാകാന്‍ ഇഷ്ടപ്പെടില്ല... ഞാന്‍ കടന്നു ചിന്തിക്കയാണെന്നു മുത്തശ്ശിക്ക് തോന്നുന്നുണ്ടോ? ക്ഷമിക്കൂ, ഇതെല്ലാം ഉറക്കെയുള്ള ആലോചനകള്‍ മാത്രമായി എടുത്താല്‍ മതി.
ഞാന്‍ എങ്ങോട്ടൊക്കെയോ വഴിതെറ്റിപ്പോയി, മുത്തശ്ശീ. അല്ലാ, നിങ്ങള്‍ വിവാഹജീവിതത്തില്‍ സംതൃപ്തരായിരുന്നോ? മുത്തശ്ശന് പിന്നെയും മുത്തശ്ശിയെ ഭയബഹുമാനങ്ങളോടെയാണോ നോക്കിക്കണ്ടിരുന്നത്? ചോദിക്കുന്നത് ഔചിത്യമല്ലാ എന്നറിയാം, എങ്കിലും നിങ്ങള്‍ കിടപ്പറയിലും അടുക്കളയിലും പുറത്തും എല്ലാം തുല്യരെപ്പോലെയാണോ പെരുമാറിയിരുന്നത്?മുത്തശ്ശന് അന്നുണ്ടായിരുന്ന അധമബോധം പിന്നെയും തുടര്‍ന്നിരുന്നോ? മുത്തശ്ശി ചിലപ്പോഴെങ്കിലും ഗൃഹാതുരത്വത്തില്‍ മാഴ്കിയിരുന്നോ? നല്ല ഒരു നമ്പൂതിരി മാംഗല്യം ചെയ്തിരുന്നെങ്കില്‍ എന്ന് ആലോചിച്ചിരുന്നോ?
വഴിയില്ലാ എന്ന് തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. അന്നത്തെ നമ്പൂതിരിമാര്‍ക്ക് വേളി കൂടാതെ സംബന്ധങ്ങളും ഉണ്ടായിരുന്നല്ലോ. അത് മുത്തശ്ശിക്ക് പഥ്യമായിരുന്നിരിക്കാന് ഇടയില്ല. അന്ന് ആലോചിച്ചിരുന്നപോലെ മുത്തശ്ശി ഞാറു നടാനും കള പറിക്കാനും കൊയ്യാനും ഒക്കെ പോയിരുന്നോ? ശരിക്കും നിങ്ങള്‍ ഒന്നിച്ചു പണിയെടുത്തിരുന്നോ? ലോലമായ കൈ നൊന്തപ്പോള്‍ മുത്തശ്ശി കരഞ്ഞിരുന്നോ? വൃഷളിമാരെയും വെപ്പുകാരെയും, കൊയ്ത് കറ്റകള്‍ മുറ്റത്തു കൊണ്ടുവെച്ചിരുന്ന ‘പുലക്കള്ളി’മാരെയും ഓര്‍ത്തു നെടുവീര്പ്പിട്ടിരുന്നോ? മുത്തശ്ശി വേദങ്ങളല്ലാതെ പലതും വായിച്ചിരുന്നോ? മുത്തശ്ശനെ വായിച്ചു കേള്‍പ്പിച്ചിരുന്നോ? എന്റെ അച്ഛന് ഒരു സഹോദരികൂടി ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അവര്‍ എങ്ങനെയാണ് മരിച്ചത്?
എന്റെ ജീവിതത്തെക്കുറിച്ച് എത്ര കുറച്ചു മാത്രമാണ് എനിക്കറിയുക എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ‘ദുരവസ്ഥ’ എഴുതിയ കവിക്ക് നന്ദി. ആ ദുരവസ്ഥ ആരുടേതാണ് എന്ന ചോദ്യം എന്റെയുള്ളില്‍ ഇപ്പോഴും കിടന്നു കറങ്ങുന്നുണ്ടെങ്കിലും. നന്ദി, മുത്തശ്ശീ. പറയാന്‍ പറ്റാത്തത് വല്ലതും പറഞ്ഞുപോയെങ്കില്‍ ക്ഷമിക്കുക. ലൈബ്രറിയില്‍ ഇരുന്നു മുഷിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു കത്തിന്റെ കാര്യം ആലോചിച്ചത്. ഇത് എങ്ങോട്ട് അയക്കണം എന്ന് ആലോചിച്ചപ്പോഴാണ് ഇത് ഒരു കഥയാക്കാം എന്ന വിചാരം വന്നത്. എനിക്കാണെങ്കില്‍ പ്രബന്ധങ്ങള്‍ എഴുതിയുള്ള പരിചയമേ ഉള്ളൂ. ആരെങ്കിലും ഇത് കഥയായി സ്വീകരിക്കുമോ ആവോ!