അങ്കമാലി: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വയർ സ്തംഭനത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. മഞ്ഞപ്ര സെബിപുരം മേപ്പിള്ളി വീട്ടില്‍ വര്‍ഗീസിെൻറ മകന് ബൈജുവാണ് (38) മരിച്ചത്. ആശുപത്രിയിലെ ചികിത്സ പിഴവിനെത്തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നാരോപിച്ച് ബന്ധുക്കൾ ഉന്നത പൊലീസ് അധികൃതർക്ക് പരാതി നൽകി.
ശനിയാഴ്ച ഉച്ചക്കാണ് സംഭവം. കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറായ ബൈജു വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് വയർ സ്തംഭിച്ചത്. ഉടൻ ഭാര്യയുമൊത്ത് ബൈക്കിൽ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി. ഡോക്ടറുടെ നിർദേശപ്രകാരം എന്‍ഡോസ്കോപ്പി എടുക്കുന്നതിന് അനസ്തേഷ്യ കൊടുത്തു. നില വഷളായതോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയോളം അവിടെ ചികിത്സയിലിരുന്ന ബൈജുവിെൻറ നില ഗുരുതരമാവുകയും വെള്ളിയാഴ്ച പുലര്‍ച്ച മരണപ്പെടുകയുമായിരുന്നു.
എന്‍ഡോസ്കോപ്പി അണ്ടര്സെഡേഷന് വിധേയനായ ബൈജുവിന് ഹൃദയസ്തംഭനമുണ്ടായതാണ് നില വഷളാകാന്‍ കാരണമായതെന്ന് മൂക്കന്നൂര്‍ എം.എ ജി.ജെ ആശുപത്രി അധികൃതർ വിശദീകരിച്ചു. നില കൂടുതല്‍ വഷളായതോടെ ഇവരുടെ ആംബുലന്‍സില്‍ ജീവനക്കാരെൻറ അകമ്പടിയോടെ മുന്‍കൂട്ടി അറിയിച്ച ശേഷമാണ് വിദഗ്ധ ചികിത്സക്ക് അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും അവർ വ്യക്തമാക്കി. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച മൃതദേഹം ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടവും കോവിഡ് പരിശോധനയും പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: അയ്യമ്പുഴ ചിറ്റംപറമ്പില്‍ കുടുംബാംഗം ബിനു. മക്കള്‍: പ്രിന്‍സ്, പ്രിന്‍സി.