ചെറുതോണി: ഇടുക്കി രൂപത അംഗവും ചുരുളി സെൻറ് തോമസ് ഫൊറോന പള്ളി വികാരിയുമായ ഫാ.ജോസഫ് പാപ്പാടി (61) നിര്യാതനായി. ഏതാനും നാളായി രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ബുധനാഴ്ച ഉച്ചക്ക് 1.40 നായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 9.30 വരെ അടിമാലി സെന്റ് ജൂഡ് ടൗൺ പള്ളിയിൽ പൊതുദർശനത്തിന് വെക്കും. 9.30ന് കൂമ്പൻപാറയിലെ ഭവനത്തിലേക്ക് കൊണ്ടുപോകും. 10 മുതൽ 11 വരെ പൊതുദർശനം. 11.30 മുതൽ രണ്ടുവരെ കൂമ്പൻപാറ ഫാത്തിമ മാതാ ദേവാലയത്തിൽ പൊതുദർശനത്തിന് വെക്കും. മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. 1962 ജൂലൈ 31ന് കൂമ്പൻപാറ പാപ്പാടിയിൽ മാത്യു ജോസഫിന്റെയും ലില്ലി മാത്യുവിന്റെയും മകനായി ജനിച്ചു. കോതമംഗലം മൈനർ സെമിനാരിയിൽനിന്ന് വൈദിക പരിശീലനം ആരംഭിക്കുകയും ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽനിന്ന് വൈദികപരിശീലനം പൂർത്തിയാക്കി 1990 ജനുവരി രണ്ടിന് പൗരോഹിത്യം സ്വീകരിച്ചു. ചീനിക്കുഴി, കാളിയാർ, ചുരുളി, വെള്ളയാംകുടി എന്നീ ദേവാലയങ്ങളിൽ അസി. വികാരിയും പാലാർ, വെൺമണി, പാറത്തോട്, നെടുങ്കണ്ടം, എഴുകുംവയൽ, അടിമാലി എന്നീ ഇടവകകളിൽ വികാരിയുമായിരുന്നു. ഇടുക്കി രൂപത ലേബർ മൂവ്മെന്റിന്റെയും മദ്യവിരുദ്ധ സമിതിയുടെയും ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: എൽസി, പോൾ, സജി, മാത്യു, ജിജി, മാർട്ടിൻ.