'വാരിയംകുന്നന്' സിനിമയും അരികുഭീതിയുടെ രാഷ്ട്രീയവും
text_fieldsഇന്ത്യയിലെ കീഴാളപഠനങ്ങളുടെ ഒരു പ്രധാനസംഭാവന അധിനിവേശവിരുദ്ധവും ജന്മിത്വവിരുദ്ധവുമായ കര്‍ഷകസമരങ്ങളെ അത് രണ്ടു വ്യത്യസ്ത മുന്‍വിധികളില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ചു എന്നുള്ളതാണ്. റാണാജിത് ഗുഹ 1983ല്‍ എഴുതിയ 'അധിനിവേശ ഇന്ത്യയിലെ കാര്‍ഷികസമരങ്ങളുടെ ചില അടിസ്ഥാനസ്വഭാവങ്ങള്‍' (Elementary Aspects of Peasant Insurgency in Colonial India, oxford) എന്ന കൃതിയില്‍ ഒരുവശത്ത് കൊളോണിയല്‍ ഭരണാധികാരികളും മറുവശത്ത് ദേശീയപ്രസ്ഥാനവും അതിെൻറ ചരിത്രസമീപനവും കര്‍ഷകസമരങ്ങളെ സമീപിക്കുന്ന പ്രശ്നമണ്ഡലം മുന്വിധികളുടേതാണ് എന്ന് വാദിക്കുന്നുണ്ട്. ഒന്ന് അത്തരം സമരങ്ങളെ കുറ്റകൃത്യങ്ങളും ക്രമസമാധാന ധ്വംസനങ്ങളും വർഗീയകലാപങ്ങളുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ദേശീയ സ്വാതന്ത്ര്യപോരാട്ടങ്ങളുടെ പ്രാഗ്രൂപങ്ങള്‍ മാത്രമായാണ് ദേശീയ ചരിത്രരചന സമീപനം കാര്‍ഷിക കലാപങ്ങളെ വിലയിരുത്തുന്നത്.
ഗുഹയുടെ അഭിപ്രായത്തില്‍ ഈ സമരങ്ങൾക്ക് വൈരുധ്യങ്ങള്‍ നിറഞ്ഞതെങ്കിലും അവയുടേതായ ബോധപശ്ചാത്തലങ്ങളുണ്ട്. 1921ലെ മലബാര്‍ വിപ്ലവത്തിെൻറ കാര്യമെടുത്താല്‍ അത് ഒരേസമയം ബ്രിട്ടീഷ്വിരുദ്ധവും ജന്മിത്തവിരുദ്ധവും ഖിലാഫത്ത് പ്രസ്ഥാനത്താല്‍ പ്രചോദിതവുമായിരിക്കുമ്പോള്പോലും തങ്ങള്‍ ബ്രിട്ടീഷ് അധീനതയില്‍നിന്നു മോചിപ്പിച്ചു എന്ന് അവര്‍ കരുതിയ പ്രദേശങ്ങളെ 'മലയാളരാജ്യം' എന്നു വിളിക്കാനാണ് അവര്‍ മുതിര്‍ന്നത്. രാഷ്ട്രസങ്കൽപത്തിൽ പോലും കാണുന്ന ഈ സവിശേഷ ദേശബോധത്തെ മതത്തിെൻറയോ ബൃഹത്ദേശീയതയുടെയോ അളവുകോലുകള്‍കൊണ്ട് മാത്രം മനസ്സിലാക്കാന്‍ സാധിക്കില്ല.
മലബാറിലെ മുസ്ലിംജനവിഭാഗത്തെ സവിശേഷ നോട്ടത്തിനു വിധേയമാക്കുന്ന ബ്രിട്ടീഷ് സമീപനം മൈസൂർ യുദ്ധങ്ങളുടെ കാലത്തുതന്നെ ആരംഭിച്ചതാണ്. മൈസൂര്യുദ്ധങ്ങൾക്കുശേഷം മലബാര്‍ ബ്രിട്ടീഷ് അധീനതയില്‍ ആയതോടെ അവര്‍ നടപ്പാക്കിയ ഭൂനിയമങ്ങള്‍ ഏകപക്ഷീയവും ജന്മിത്ത സമ്പ്രദായത്തെ ചരിത്രവിരുദ്ധമായി അരക്കിട്ടുറപ്പിക്കുന്നതുമായിരുന്നു. ഏറനാട്, വള്ളുവനാട് ഭാഗങ്ങളില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍തന്നെ നിരവധി കര്‍ഷകകലാപങ്ങള്‍ക്ക് ഈ പുതിയ സമീപനം കാരണമായിട്ടുണ്ട്. മലബാറിലെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ 19ാം നൂറ്റാണ്ടിെൻറ ആദ്യപകുതിയില്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ 1921ലെ വലിയ കര്‍ഷകസമരത്തില്‍ എത്തുന്നതിനുമുമ്പുതന്നെ നിരവധി കലാപങ്ങള്‍ക്ക് വഴിതുറന്നിരുന്നു. ഒന്നിനുപിറകെ ഒന്നായി നിരവധി സമരങ്ങള്‍ ജന്മിത്തത്തിനെതിരെ ആ കാലയളവില്‍ മലബാറില്‍ രൂപംകൊണ്ടിരുന്നു. തുടക്കംമുതല്‍ തന്നെ മലബാറിലെ മുസ്ലിംവിഭാഗത്തെ ക്രിമിനല്‍സ്വഭാവം ഉള്ളവരായി വിലയിരുത്തുന്നതിന് ബ്രിട്ടീഷ് അധികാരികള്‍ മുതിരുന്നത് ഈ കര്ഷകസമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും പേരിലാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. തങ്ങള്‍ക്ക് അസ്വീകാര്യമായ നിലപാടുള്ള പാട്ട
കൃഷിക്കാരെ ക്രിമിനല്‍ ചാപ്പ കുത്തുകയും പിന്നീട് അനീതികള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളെ ആ ചാപ്പയുടെ ബലത്തില്‍ അടയാളപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുകയെന്ന തന്ത്രമായിരുന്നു ബ്രിട്ടീഷുകാരുടേത്.
മലബാര്സമരങ്ങളുടെ കാര്‍ഷിക പശ്ചാത്തലം പരക്കെ അറിയപ്പെടുന്നതാണ്. ഇതേക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചിട്ടുള്ളവരില്‍, മതബോധത്തിെൻറ പങ്കിനെക്കുറിച്ച് വാചാലനാവുന്ന സ്റ്റീഫന്‍ ഡേയിലിനുപോലും (Islamic Society on The South Asian Frontier: The Mappilas of Malabar. 1980. Oxford) ഈ സമരങ്ങള്‍ വള്ളുവനാട്ടിലെയും ഏറനാട്ടിലെയും മുസ്ലിംകര്‍ഷകര്‍ ഹിന്ദു ജന്മിത്തത്തിനെതിരെ നടത്തിയ സമരമാണ് എന്ന കാര്യം പൂർണമായും തമസ്കരിക്കാന്‍ കഴിഞ്ഞിട്ടില്ല. മലബാര്‍കലാപത്തെ മതത്തിെൻറ ആലയില്‍ തളക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ത്തിരിക്കേണ്ട ഒരു പ്രധാനവസ്തുത ഈ പ്രക്ഷോഭത്തെ ചരിത്രപഠനത്തിെൻറ ഉപാദാനങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കാന്‍ നിരവധി പ്രമുഖ സാമൂഹികശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഇതിനകം മുതിര്‍ന്നിട്ടുണ്ട് എന്നതാണ്. സമരത്തിെൻറ പ്രാഥമിക സ്വഭാവത്തെക്കുറിച്ച് അവര്‍ എത്തിച്ചേര്‍ന്ന ഒരു സമവായത്തെയാണ് കേവലമായ ഒരു ഹിന്ദുത്വ അജണ്ടയില്‍ മുക്കിക്കളഞ്ഞ് അതിെൻറ സങ്കീർണമായ ചരിത്രത്തെ ഇല്ലാതാക്കാം എന്ന ധാരണയോടെ ഹിന്ദുത്വശക്തികള്‍ നീങ്ങുന്നത്. ഈ സമരത്തെക്കുറിച്ച് ലഭ്യമായിട്ടുള്ള ചരിത്രപഠനങ്ങളിലേക്ക് വെറുതെ ഒന്ന് നോക്കുക- ഡേവിഡ് ആര്‍നോള്‍ഡ്, കെ.എന്‍. പണിക്കര്‍, പി. രാധാകൃഷ്ണന്, റൊണാള്‍ഡ് മില്ലര്‍, കൊര്‍ണാഡ് വുഡ്, ഡേവിഡ് ഹാര്‍ഡിമാന്‍ തുടങ്ങി മലബാര്‍ കലാപത്തെ അക്കാദമിക സമീപനത്തോടെ അപഗ്രഥിക്കാന്‍ ശ്രമിച്ചവര്‍ എല്ലാംതന്നെ ഈ സമരത്തിെൻറ കാര്‍ഷിക പശ്ചാത്തലത്തിനും ബ്രിട്ടീഷ്വിരുദ്ധ- ജന്മിത്തവിരുദ്ധ ഉള്ളടക്കത്തിനുമാണ് ഊന്നല്‍ നല്‍കുന്നത്. ആ പശ്ചാത്തലം വിസ്മരിച്ചുകൊണ്ട് ഈ കലാപത്തെക്കുറിച്ച് ചിന്തിക്കുക തന്നെ അസാധ്യമാണ്.
മലബാര്‍ കാര്ഷികകലാപത്തിെൻറ പ്രമുഖനേതാക്കളില്‍ ഒരാളായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പോരാളിയുടെ ജീവചരിത്രത്തെ ആധാരമാക്കി 'വാരിയംകുന്നന്' എന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഉണ്ടായ ഹീനമായ ഹിന്ദുത്വ പ്രതിഷേധം ചരിത്രത്തോട് അവര്‍ പുലര്‍ത്തിപ്പോരുന്ന അങ്ങേയറ്റം ലജ്ജാകരമായ വിഭാഗീയ സമീപനത്തെ ഒന്നുകൂടി നമുക്ക് കാട്ടിത്തരുകയാണ്. എന്നാല്‍, ഈ സിനിമപ്രഖ്യാപനം അവര്‍ ഈ പ്രക്ഷോഭത്തെ താറടിക്കാനുള്ള മറ്റൊരു അവസരമായാണ് കാണുന്നത് എന്നും വ്യക്തമാണ്.
ഇത്തരം ഒരു 'പ്രകോപനവും' ഇല്ലാതിരുന്ന 2017ല്‍ അന്നത്തെ ബി.ജെ.പി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന് തെൻറ സാന്നിധ്യം ഉറപ്പിക്കാന്‍ കണ്ടെടുത്ത തന്ത്രം 1921ലെ ഈ കര്‍ഷകപ്രക്ഷോഭത്തെ നിര്‍ലജ്ജമായ വർഗീയ അജണ്ടയുടെ ഭാഗമാക്കുക എന്നതായിരുന്നു. എന്തായിരുന്നു കുമ്മനത്തിെൻറ അന്നത്തെ മുദ്രാവാക്യം എന്ന് ഓര്‍ത്തുനോക്കുക- കേരളം കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആഗോള ജിഹാദിസത്തിെൻറ താവളമാണെന്നും അതാരംഭിച്ചത് 1921ലെ മലബാര്‍ പ്രക്ഷോഭത്തോടെയാണെന്നും തട്ടിവിടാന്‍ കുമ്മനത്തിനു ഒരു മടിയും ഉണ്ടായിരുന്നില്ല. പിന്നീട്, പല ബി.ജെ.പി വ്യാഖ്യാനങ്ങളിലും മലബാര്‍കലാപം ആഗോള ജിഹാദി ചരിത്രത്തിെൻറ ഭാഗമാണെന്ന് നിരന്തരം ആവര്‍ത്തിക്കപ്പെട്ടു. ഒരു വലിയ നൈതിക-രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക വിപ്ലവത്തെ ഇത്തരത്തില്‍ സ്വന്തം വർഗീയ താൽപര്യങ്ങള്ക്കുവേണ്ടി ഉപയോഗിക്കുക എന്ന ആ ഹീനതന്ത്രത്തിെൻറ തുടര്‍ച്ചയാണ് 'വാരിയംകുന്നന്' എന്ന സിനിമക്കെതിരെയുള്ള ഇപ്പോഴത്തെ ഹിന്ദുത്വ ആക്രമണത്തിനു പിന്നിലും കാണാന്‍ കഴിയുന്നത്.
ചരിത്രത്തിെൻറ വസ്തുനിഷ്ഠതയല്ല ഇവിടത്തെ കേന്ദ്രവിഷയം. അത്തരത്തില്‍ പൂര്‍ണമായ വസ്തുനിഷ്ഠത ചരിത്രത്തിനു അവകാശപ്പെടാന്‍ കഴിയില്ല. ചരിത്രം, അത് എഴുതുന്നവരുടെ വിശ്വാസങ്ങള്‍കൂടി കലരുന്നതാണ്. ചരിത്രരചനക്ക് ആവശ്യമായ വസ്തുതകള്‍ ഉണ്ടാവുന്നതും ഇല്ലാതാവുന്നതുപോലും പൂർണമായും ചരിത്രരചയിതാക്കളുടെ ബോധമണ്ഡലത്തിനു പുറത്തല്ല. എന്നാല്‍, വ്യത്യസ്ത വീക്ഷണങ്ങള്‍ ജനാധിപത്യപരമായി പുലർത്താന്‍ കഴിയുന്ന സമീപനം കൈയൊഴിഞ്ഞ് ഇതരവീക്ഷണങ്ങളെ ഹിംസാത്മകമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നിലപാടാണ് ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഹിന്ദുത്വശക്തികള്‍ കൈക്കൊള്ളുന്നത്. 'വാരിയംകുന്നന്' എന്ന സിനിമയുടെ അണിയറപ്രവർത്തകര്‍ക്ക് നേരെ നടന്ന സൈബര്‍ ആള്‍ക്കൂട്ട ആക്രമണം ആ നിലപാടിെൻറ തുടര്‍ച്ചയാണ്. കേരളത്തിെൻറ പൊതുമണ്ഡലത്തില്‍ 1980കള്‍ മുതല്‍ ഈ സമീപനമാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. എൺപതുകളുടെ ആരംഭത്തില്‍ എെൻറതന്നെ രാഷ്ട്രീയ രൂപവത്കരണത്തിെൻറ തുടക്കത്തില്‍ ഞാന്‍ പങ്കാളിയായ ഒരു പ്രധാന ആശയസമരം കണിയാപുരം രാമചന്ദ്രന് എഴുതിയ കെ.പി.എ.സിയുടെ 'ഭഗവാന് കാലുമാറുന്നു' എന്ന നാടകത്തിനെതിരെ ഹിന്ദുത്വശക്തികള്‍ അഴിച്ചുവിട്ട ആക്രമണങ്ങളെ പ്രതിരോധിക്കുന്നതായിരുന്നു. ഏതുതരത്തിലുള്ള അസഹിഷ്ണുതകള്‍ക്കും ചരിത്രത്തെ വിട്ടുകൊടുക്കാതിരിക്കുക എന്നതു പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ ദൗത്യം തന്നെയാണ്. ചരിത്രം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു എന്നത് മാത്രമല്ല നമ്മെ അലോസരപ്പെടുത്തേണ്ടത്. വ്യത്യസ്തമായ വ്യാഖ്യാനങ്ങളെ വെറുക്കുന്ന, ഏകതാനമായ ഒരു സമീപനത്തെ മാത്രം എല്ലാവരും അംഗീകരിക്കണം എന്ന് ആവശ്യപ്പെടുന്ന ഹിന്ദുത്വത്തിെൻറ/അധീശ പ്രത്യയശാസ്ത്രങ്ങളുടെ രാഷ്ട്രീയ ദുർഭാഷണത്തെ പ്രതിരോധിക്കുക എന്നതും പ്രധാനമാണ്. 'വാരിയംകുന്നന്' എന്ന സിനിമയുടെ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ ആശങ്കകളുടെ പൊതുസ്വഭാവം നോക്കുക. അതിനു രണ്ടു മുഖങ്ങളാണ് ഉണ്ടായിരുന്നത്- ഒന്ന്, അത് ഹിന്ദുവിരുദ്ധമാവില്ലേ എന്നുള്ളത്. രണ്ട്, അത് മുസ്ലിം പക്ഷപാതിത്വം ഉള്ളതാവില്ലേ എന്നത്.
ഈ രണ്ടു ആശങ്കകളും ഉണ്ടായത് ഒരേ ബോധപരിസരത്തുനിന്നാണ്. മുസ്ലിം അപരവത്കരണത്തിെൻറ കൊടുമുടിയിലെത്തിച്ചേര്ന്ന കേരളത്തിെൻറ ഒരു മുഖമാണ് അത് കാട്ടിത്തരുന്നത്. സിനിമയുടെ പ്രധാനശിൽപികള് മുസ്ലിംകളാണ് എന്നതായിരുന്നു ഈ മുന്‍കൂര്‍ ആശങ്കകൾക്കുപിന്നില് എന്നോര്‍ക്കുമ്പോള്‍ കേരളം ഹിന്ദുത്വവത്കരണത്തിെൻറ പാതയില്‍ എത്രത്തോളം മുന്നോട്ടുപോയിരിക്കുന്നു എന്നതിനപ്പുറം കേരളത്തിെൻറ പൊതുമണ്ഡലം അരികുകളെ ഭയപ്പെടുന്ന, ഇതരബോധങ്ങളെ സംശയിക്കുന്ന, വ്യത്യസ്തതയെ വെറുക്കുന്ന, അതുകൊണ്ടുതന്നെ യുക്തിരഹിതമായി അവയെയൊക്കെ ആക്രമിക്കുന്ന, ചിന്താസങ്കുചിതത്വംകൊണ്ട് മലീമസമായിക്കൊണ്ടിരിക്കുന്നു എന്ന കാര്യംകൂടി നമ്മുടെ മനസ്സിലേക്ക് കടന്നുവരാതിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.