ലോകം കോവിഡിനുശേഷം
text_fieldsകോവിഡ് വാക്സിന് പ്രയോഗത്തില്വന്നതോടെ ലോകം ഔദ്യോഗികമായിത്തന്നെ കോവിഡാനന്തരഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. മനുഷ്യരാശിയെ സംബന്ധിച്ചേടത്തോളം പൂർണമായും ആഗോളീകരിക്കപ്പെട്ട ഈ ആരോഗ്യപ്രതിസന്ധി രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഭരിക്കുന്നവരും ഭരണീയരും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് അത് കാരണമായി. അതിെൻറ അനുരണനങ്ങള്‍ യഥാർഥത്തില്‍ ആരംഭിക്കുന്നതേയുള്ളൂ. ഇതില്‍ ഏറ്റവും പ്രധാനം ലിബറല്‍ ജനാധിപത്യം എന്ന സങ്കൽപത്തിെൻറ അടിത്തറ അതിെൻറ വക്താക്കള്‍ വിശ്വസിച്ചിരുന്നതിനെക്കാള്‍ വളരെ വളരെ ദുർബലവും നിരങ്കുശവുമാണെന്ന് തെളിഞ്ഞു എന്നതാണ്. പാർശ്വവത്കൃതരോട് അവഗണനയും അടിച്ചമര്‍ത്തലും, മറ്റുള്ളവരോട് ഭരണകൂടത്തിെൻറ സൈനികയുക്തിക്ക് കീഴടങ്ങിനില്ക്കാനുള്ള ആഹ്വാനവും സാധൂകരിക്കപ്പെടുകയും സാധാരണവത്കരിക്കപ്പെടുകയും ചെയ്യുന്നത് നാം കൺമുന്നില് കണ്ടു. ഇതിന് ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല.
യഥാർഥത്തിൽ ഭരണകൂടവും സിവിൽസമൂഹവും ഒന്നിച്ചുചേർന്ന് ഇത്തരം രോഗസാഹചര്യങ്ങളെ നേരിടുന്ന സഹകരണാത്മകമായ ഒരു സാമൂഹികരൂപം ഉരുത്തിരിയേണ്ടതായിരുന്നു. രോഗത്തിെൻറ തുടക്കത്തിൽ നടന്ന ദാര്‍ശനിക ചര്‍ച്ചകളില്‍ ദാര്‍ശനികനായ അഗമ്പെൻറ ചില നിഗമനങ്ങൾ ആളുകളെ അലോസരപ്പെടുത്തിയിരുന്നു. എന്തിനാണ് ഇപ്പോൾ ഈ ഭരണകൂടത്തെ ഇപ്പോൾ ഇങ്ങനെ വിമർശിക്കുന്നത്, ഇതാണോ ആവശ്യം? ഈ സന്ദർഭത്തിൽ അത്തരത്തിലുള്ള ഒരു വിമർശനം അപ്രസക്തമല്ലേ എന്നൊക്കെ പലരും തുടക്കത്തിൽ ചിന്തിച്ചിരുന്നു. എനിക്കും ഏകദേശം ഇപ്പോൾതന്നെ ആ അഭിപ്രായമുണ്ട്. ഒരു 'സ്റ്റേറ്റ് ഫോബിയ, ഭരണകൂട ഭീതി, അനാവശ്യമാണ്. കാരണം, ഭരണകൂടമില്ലാത്ത ഒരു സമൂഹത്തെക്കുറിച്ചു ചിന്തിക്കാൻ സാധിക്കുകയില്ല. എന്നാല്‍, ഭരണകൂടം കേവലം സൈനിക യുക്തിയിലേക്ക് ഭരണത്തെ ചുരുക്കുമ്പോള്‍ അതിെൻറ മാനങ്ങള്‍ മാറുന്നു. ഭരണകൂടത്തിന് ഏറ്റവും സൗകര്യപൂർണമായ ഒരു നിലപാട് എന്നത് സിവിൽസമൂഹത്തെ നിയന്ത്രണത്തിൽ നിർത്തുക, ഉയരുന്ന വിമർശനങ്ങളെ അടിച്ചമർത്തുക, അല്ലെങ്കിൽ അതിനെ പരിഹസിക്കുകയും പുച്ഛിച്ചുതള്ളുകയുംചെയ്യുക എന്നതായിരുന്നു. ലോകത്തെവിടെയും ഭരണകൂടത്തിെൻറയും അതോടൊപ്പം നിൽക്കുന്ന ആളുകളുടെയും ഭാഗത്തുനിന്ന് ശക്തമായി ഈ സമയത്തുണ്ടായ നിലപാട് ഇതിനു ബലം നല്‍കുന്നതായിരുന്നു. ഇതിനോടുള്ള എതിര്‍പ്പിനെ ഭരണകൂട ഭീതിയായി കാണാന്‍ കഴിയില്ല. ഈ സമീപനം ഞാൻ നേരത്തേപറഞ്ഞ ഭരണകൂട- സിവില്‍സമൂഹ സഹകരണത്തിൽനിന്ന് ഭാവിലോകത്തെ തടയുന്നുണ്ട് എന്നതാണ് വസ്തുത. അത്തരത്തിലുള്ള, സഹകരണാത്മകമായ ഒരു സമീപനം ഉണ്ടാകാൻ പോകുന്നില്ല എന്നതിെൻറ സൂചനയാണിത്.
സിവിൽ സമൂഹത്തിെൻറ വ്യാപ്തി കുറയുന്നു
മാത്രമല്ല, സിവിൽസമൂഹം വളരെയധികം ചുരുങ്ങിയിരിക്കുന്നു. സിവിൽ സമൂഹത്തിെൻറ വ്യാപ്തി വർധിക്കുന്നതിനു പകരം അത് കുറയുകയാണ്. എങ്ങോട്ടാണ് സിവിൽസമൂഹം അപ്രത്യക്ഷമാകുന്നത് എന്നുപോലും ചിന്തിക്കേണ്ട അവസ്ഥയുണ്ടാകുന്നു. വിമർശനാത്മകമായ ഒരു സ്ഥലം എന്ന രീതിയിൽ ചുരുങ്ങിപ്പോയിരിക്കുന്നു എന്നത് യാഥാർഥ്യമാണ്. സൈബര്‍ വെബിനാറുകള്‍ക്ക്, മറ്റു വെര്‍ച്വല്‍ ഇടപെടലുകള്‍ക്ക്, ഈ വിടവ് നികത്താന്‍ കഴിയുമെന്നത് ഒരു മിഥ്യാധാരണയാണ്. നമുക്ക് പലതരത്തിലുള്ള ചർച്ചകളും പാരസ്പര്യങ്ങളും സാധ്യമാകുന്ന സന്ദർഭത്തിൽ പോലും ഭരണകൂടവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അത്തരം നിലപാടുകളെ പ്രോത്സാഹിപ്പിക്കാനോ, അതുപോലുള്ള നിലപാടുകളോട് ജനാധിപത്യപരമായ സമീപനം സ്വീകരിക്കാനോ ഭരണകൂടങ്ങൾ തയാറാവാത്ത ഒരവസ്ഥയുണ്ട്. ആ അവസ്ഥക്ക് കൂടുതൽ ജനകീയപിന്തുണ ലഭിക്കുന്ന ഒരു ആഗോളരാഷ്ട്രീയ സാഹചര്യം ഉണ്ടായിത്തീർന്നിരിക്കുന്നു.
സൈനികരീതിയിലുള്ള ഭരണകൂടങ്ങളുടെ ഇടപെടലുകൾ കാണുമ്പോൾ കോവിഡാനന്തരലോകത്തിെൻറ സാമൂഹികസംഘാടനം ഭരണകൂടവും സിവിൽസമൂഹവും ഒന്നിച്ചുചേർന്നുള്ള ജനാധിപത്യ സംവിധാനമായി മാറാൻ കഴിയുമോ എന്ന ചോദ്യം കൂടുതൽ കൂടുതൽ അപ്രസക്തമാകുകയാണ്. ഭരണകൂടവും സിവിൽസമൂഹവും വിപണിയും കോവിഡാനന്തരം എവിടെ നില്ക്കുന്നു എന്നത് നാം ഉന്നയിക്കേണ്ട ചോദ്യംതന്നെ. സിവിൽസമൂഹം കൂടുതൽ അപ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്നത് നടുക്കുന്ന വസ്തുതയാണ്. വിപണിയും ഭരണകൂടവും ഇതുവരെ നമ്മൾ കണ്ടിട്ടില്ലാത്ത സമന്വയത്തിലേക്ക് നീങ്ങുന്നു. മാത്രവുമല്ല, വിപണി ആത്യന്തികമായി ഭരണകൂടമായി മാറാൻ ശ്രമിക്കുന്ന ഒരു പ്രക്രിയകൂടി ആരംഭിച്ചിരിക്കുന്നു.
മേൽ ഭരണകൂടമായി കോർപറേറ്റുകൾ
നേരിട്ട് രാഷ്ട്രീയമായി ഭരിക്കാൻ വിപണിക്ക്/ കോർപറേറ്റുകൾക്ക് സാധിക്കുമെന്നത് ആഗോളതലത്തിൽത്തന്നെ (പ്ലാറ്റ്ഫോം കാപിറ്റലിസത്തെക്കുറിച്ച് മുമ്പ് ഈ പംക്തിയില്‍ ചര്‍ച്ചചെയ്തിട്ടുണ്ട്) കടന്നുവരുന്ന ഒരു വ്യാകുലതയാണ്. മുതലാളിത്തത്തിെൻറ ഈ പുതിയഘട്ടത്തിൽ കോർപറേറ്റുകൾ സ്വയം ഒരു ഭരണകൂടമായി സങ്കൽപിക്കുന്നു. ഭരണകൂടങ്ങളെത്തന്നെ ചൊൽപ്പടിക്ക് നിർത്തുക മാത്രമല്ല, അതിനെ അപ്രസക്തമാക്കുന്ന ഒരു മേല്‍ ഭരണകൂടമായി കോർപറേറ്റുകൾ സ്വയംമാറുകയും ചെയ്യുന്ന ആഗോളരാഷ്ട്രീയ സാഹചര്യങ്ങൾ ഉയർന്നുവരുന്നുണ്ട് (കിഴക്കമ്പലം അതിെൻറ ഒരു മിനിരൂപമാണ്). ഗൂഗ്ൾ, ഫേസ്ബുക്ക് തുടങ്ങിയ പുതിയ സാമ്പത്തികശക്തികളുടെ പ്രവർത്തനങ്ങളിലെല്ലാം അത് പ്രകടവുമാണ്. ഇന്നു കാണുന്ന പരിമിതമായ ജനാധിപത്യംതന്നെ കൂടുതൽ വിശാലതയിലേക്ക് പോകുന്നതിനുപകരം വിപണിയുടെ നിയന്ത്രണത്തിലുള്ള ഒരു നിയന്ത്രിത സംവിധാനത്തിലേക്ക് (അത് പ്രാതിനിധ്യ ജനാധിപത്യമാണെങ്കിൽപോലും) പോകുകയാണ്. അത് ഒരു വർഗഭരണകൂടം എന്ന അർഥത്തിൽ മാത്രമല്ല എന്നതും ശ്രദ്ധേയമാണ്. കാരണം, സാര്‍വലൗകിക വോട്ടവകാശം നിലനില്ക്കുമ്പോള് വർഗഭരണകൂടംപോലും സിവിൽ സമൂഹത്തിെൻറ പല നിലപാടുകളോടും ശരിയായ രീതിയിൽ പ്രതികരിക്കാൻ ബാധ്യസ്ഥമായിട്ടുള്ളതാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങൾ ആശയപരമായെങ്കിലും പരിഗണിക്കാൻ ബാധ്യസ്ഥമായിട്ടുള്ള ഒന്നാണ്. ഒരു ഭരണഘടനാപരമായ പരിപ്രേക്ഷ്യത്തെ പാടേ മാറ്റിമറിച്ചുള്ള ഒരു ഭരണരൂപം -ആഗോള കോർപറേറ്റ് ഭരണക്രമംതന്നെ -കൊണ്ടുവരാൻ പലരും ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്. അത്തരത്തിലുള്ള ആഗ്രഹങ്ങളാണ് പിന്നീട് ആശയങ്ങളായി മാറുന്നത്. ആ ആശയങ്ങളാണ് പിന്നീട് ഭൗതികശക്തിയായി മാറുകയും ചെയ്യുന്നത്.
അതുകൊണ്ടുതന്നെ, കോവിഡിനെതിരെയുള്ള പോരാട്ടത്തെ കേവലമായി ആദർശവത്കരിക്കാൻ സാധിക്കുകയില്ല. മറിച്ച്, വളരെ വിഘടിതമായ ചില ചിത്രങ്ങൾകൂടി ചേർത്തുവെച്ചു മാത്രമേ ഈ സാഹചര്യത്തിൽ സംസാരിക്കാൻ സാധിക്കുകയുള്ളൂ. കോവിഡാനന്തരലോകം ഇപ്പോള്‍ കാണുന്നതിനേക്കാള്‍ രാഷ്ട്രീയമായ സങ്കീർണതകളുള്ള ലോകമായിരിക്കും. സിവിൽസമൂഹത്തിെൻറ പക്ഷത്തുനിന്നുകൊണ്ട് ഇതിൽനിന്നെന്താണ് നമ്മൾ ഉൾക്കൊള്ളുന്നത് എന്നത് വളരെ പ്രധാനമാണ്. പുതിയ സാഹചര്യങ്ങളില്‍ സാമൂഹികസംഘാടനം കൂടുതൽ കൂടുതൽ ഭരണകൂട -വിപണികേന്ദ്രിതമായ ഒന്നായി മാറുമോ എന്ന ആശങ്ക നമ്മെ വളരെ ആഴത്തിൽ സ്പർശിക്കുന്നുണ്ട്. ആ ഒരു പശ്ചാത്തലത്തിൽനിന്നുകൊണ്ടാണ് സിവിൽസമൂഹത്തിെൻറ പുതിയ രാഷ്ട്രീയസാധ്യതകളെ നോക്കിക്കാണേണ്ടത്. വിപണിമൂല്യങ്ങളെ മാത്രം മാനിക്കുന്ന ഒരു ഭരണകൂടം ഉണ്ടാകുന്നു എന്നതാണ് ഏറ്റവും കൂടുതൽ ഭയക്കേണ്ട ഒരു വസ്തുത.
മൂല്യവത്തായ രാഷ്ട്രീയത്തിന് എങ്ങെന വിത്തിടും?
ഈ ഭാവിസാധ്യത പരീക്ഷിക്കുന്നതിനുള്ള സാഹചര്യമാണ് കോവിഡ് നല്‍കിയതെന്ന വസ്തുത അവഗണിക്കാൻ കഴിയില്ല. അല്ലെങ്കില്‍ വളരെ വ്യത്യസ്തമായ ഒരു മാനേജ്മെൻറ് രീതിയായിരുന്നേനെ ലോകത്തുണ്ടാകുമായിരുന്നത്. കോർപറേറ്റ് ലക്ഷ്യങ്ങളെയാണ് കോവിഡിെൻറ സാഹചര്യത്തിൽപോലും ലോകരാഷ്ട്രങ്ങൾ താലോലിക്കാൻ ശ്രമിച്ചത്. അതിൽ ഒരു മനസ്സാക്ഷിക്കുത്തും ലോകരാഷ്ട്രങ്ങൾക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ഭരണകൂടബദ്ധമല്ലാത്ത, വിപണിയുടെ ഇത്തരം കടന്നുകയറ്റങ്ങളെ കണ്ടെത്താനും ചെറുക്കാനും സാധിക്കുന്ന തരത്തിലുള്ള മൂല്യവത്തായ ഒരു രാഷ്ട്രീയത്തിന് എങ്ങനെയാണ് കുറച്ചുകൂടി ശക്തമായി വിത്തിടാൻ സാധിക്കുക എന്ന ചിന്തകളിലേക്ക് നമുക്ക് ഈ ചർച്ചയെ മുന്നോട്ടു കൊണ്ടുപോേകണ്ടതുണ്ട്.
മറ്റൊരു പ്രധാനകാര്യം സാമ്പത്തികമേഖലയിലുണ്ടായ വലിയ അസമത്വമാണ്. ഒരു വലിയവിഭാഗം പാര്‍ശ്വവത്കൃതര്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ട് നിരാലംബരായിരിക്കുന്നു. അവരെ പുനരധിവസിപ്പിക്കാനുള്ള ഒരു ശ്രമവും ഉണ്ടാവുന്നില്ല. ഇന്ത്യയില്‍ത്തന്നെ കോടിക്കണക്കിനാളുകള്‍ക്ക് അവരുടെ ജീവനോപാധികള്‍ നഷ്ടമായിട്ടുണ്ട്. ഇന്ത്യയിലെ ഇത്രയും ശക്തമായ തൊഴിലാളി -കര്‍ഷക സമരങ്ങള്‍ പുതിയ നിയമങ്ങള്‍ക്കെതിരെ മാത്രമായി രൂപംകൊണ്ടതല്ല. അതിെൻറ വൈകാരികതക്ക് പിന്നില്‍ പാപ്പരീകരണത്തെ അവര്‍ മുന്നില്‍കാണുന്നുണ്ട്. അവരോടൊപ്പം അസംഘടിതമേഖലയിലെ സാമ്പത്തികമായി നിഷ്കാസിതരാക്കപ്പെട്ട ലക്ഷോപലക്ഷം മനുഷ്യരും അണിചേരാന്‍ പോവുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ത്തന്നെ ദൃശ്യമാവുന്ന ഈ പ്രതിരോധ പ്രവണതകളോട് കോർപറേറ്റ് അടിമത്തം സ്വീകരിച്ച ഭരണകൂടങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് ജനാധിപത്യത്തിെൻറ സമീപഭാവിക്ക് സുപ്രധാനമാണ്. ഇന്ത്യയിലെ കര്‍ഷകസമരത്തോട് ഭരണകൂടം എന്ത് നിലപാട് സ്വീകരിക്കും എന്നതിന് അത്തരത്തില്‍ വിശാലമായ ഒരു ആഗോളപ്രസക്തിയും കൈവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.