കശ്മീർ, ഏറ്റുമുട്ടൽ; ഞെട്ടറ്റു വീഴുന്ന ജീവിതങ്ങൾ
text_fields65 വയസ്സുകാരനായ ബഷീർ അഹ്മദ് ഖാെൻറ മൃതദേഹത്തിനു മുകളിലിരുന്ന് കരയുന്ന മൂന്നുവയസ്സുകാരൻ ചെറുമകൻ അയാദിെൻറ ദൃശ്യം രണ്ടാഴ്ച മുമ്പാണ് നമ്മൾ കണ്ടത്. കശ്മീരിൽ ആപ്പിളിന് പ്രസിദ്ധമായ സോപോർ ജില്ലയിലാണ് സംഭവം.
ഖാെൻറ കൊലയാളികളെ കുറിച്ച് നിരവധി ടെലിവിഷൻ ചർച്ചകൾ നടന്നു. എല്ലാം അടങ്ങി. എന്നാൽ, ഇത്തരം ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കശ്മീരി യുവാക്കളെയും കൗമാരക്കാരെയും എങ്ങനെ ബാധിക്കുമെന്ന് ആരുംശ്രദ്ധിക്കുന്നില്ല.
കർഫ്യൂകൾക്കും അടിച്ചമർത്തലുകൾക്കുമിടയിലാണ് ഇപ്പോൾ കശ്മീർ ചെറുപ്പം. മരണങ്ങളും കർഫ്യൂകളും അടച്ചുപൂട്ടലുകളും അവരുടെ നെഞ്ചിൽ ആഴത്തിൽ മുറിവുകളേൽപിക്കുന്നു. അരക്ഷിതാവസ്ഥ വലിയൊരു ജനവിഭാഗത്തെ എങ്ങനെ ബാധിക്കുമെന്ന് കശ്മീരിലെ പ്രമുഖ മനോരോഗ വിദഗ്ധൻ ഡോ. മുശ്താഖ് മർഗൂബ് ഒാരോ തവണ അഭിമുഖം നടത്തുേമ്പാഴും വിവരിച്ചുകൊണ്ടിരുന്നു.
''ജനിച്ചുവീണ് കൗമാരമോ യൗവനമോ എത്തുംവരെ സമാധാനത്തിെൻറയോ പ്രശാന്തതയുടെയോ ഒരു നിമിഷം പൂർണമായി അനുഭവിച്ചിട്ടുണ്ടാകില്ല ഇൗ മക്കൾ. ഇത് 'ട്രോമ തലമുറ'യാണ്. നമുക്ക് ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറമാണ് കശ്മീരിലെ ജീവിതം.
മുറിവേൽപിക്കപ്പെടുന്ന അനുഭവത്തിന് സാക്ഷിയായവരാണ് പ്രായപൂർത്തിയായ 58 ശതമാനവും. ജനസംഖ്യയുടെ ഏഴു ശതമാനത്തിലധികം പോസ്റ്റ് ട്രോമാറ്റിക് ഡിസ്ഒാർഡർ (പി.ടി.എസ്.ടി) അനുഭവിക്കുന്നു. 19 ശതമാനത്തിലധികം വിഷാദത്തിൽ വീണുകഴിഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും പ്രയാസം അനുഭവിക്കുന്നത്" -ഡോ. മുശ്താഖ് പറയുന്നു.
കുട്ടികൾക്കു നേരെ നിയമലംഘനങ്ങൾ തന്നെ
ജമ്മു-കശ്മീർ കൊയലീഷൻ ഒാഫ് സിവിൽ സൊസൈറ്റി (ജെ.കെ.സി.സി.എസ്) 2018ലെ വസന്തകാലത്ത് 'ഭീതി: ജമ്മുകശ്മീരിലെ സംഘർഷം കുട്ടികളിലുണ്ടാക്കിയ ആഘാതം' എന്ന തലക്കെട്ടിൽ റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.
2003-2017 നിടയിലെ 15 വർഷം കശ്മീരിൽ കുട്ടികൾക്കെതിരെ നടന്ന അക്രമം വിലയിരുത്തുന്ന ഇൗ റിപ്പോർട്ട്, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നടപടികളൊന്നും കശ്മീരിൽ ഇല്ലെന്ന ഭീകരമായ യാഥാർഥ്യം തുറന്നുകാട്ടുന്നു.
ഏഴു ലക്ഷം സൈനികരെ വിന്യസിച്ചിട്ടുള്ള, ലോകത്തെ ഏറ്റവും സൈനികവത്കൃത പ്രദേശമായ കശ്മീരിലാണ് ഇൗ കുട്ടികൾ ജീവിക്കുന്നത്. െഎക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശങ്ങൾക്കുള്ള കൺവെൻഷനിൽ പറയുന്ന ആറ് ഗുരുതര നിയമലംഘനങ്ങളും ഇൗ കുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്.
2003-2017 കാലഘട്ടത്തിൽ 1-17 പ്രായപരിധിയിലുള്ള 318 കുട്ടികളാണ് കൊല്ലപ്പെട്ടത്. 15 വർഷത്തിനിടെ നടന്ന 4571 സിവിലിയൻ കൊലപാതകങ്ങളിൽ 6.95 ശതമാനം കുട്ടികളാണ്. ഇൗ കാലയളവിൽ മൊത്തം 16,436 കൊലകളാണ് ജമ്മു-കശ്മീരിൽ നടന്നത്. ഇതിൽ 8537 എണ്ണവും തീവ്രവാദികളെന്ന് ആരോപിക്കപ്പെട്ടവരായിരുന്നു.
ഒാരോ വർഷവും ശരാശരി 1095 കൊലപാതകങ്ങളാണ് നടക്കുന്നതെന്ന് ഇൗ കണക്കുകൾ വ്യക്തമാക്കുന്നു. ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു എന്ന് സർക്കാർ അവകാശപ്പെടുന്ന സാഹചര്യത്തിലാണ് ഇൗ കൊലപാതകങ്ങളെ കാണേണ്ടത്.
സൈന്യത്തിെൻറയും സംസ്ഥാന പൊലീസിെൻറയും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 144 കുട്ടികളാണ്. മൊത്തം കൊല്ലപ്പെട്ട കുട്ടികളുടെ 44.02 ശതമാനമാണിത്. 110 കുട്ടികൾ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോൾ സർക്കാർ നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റാണ് ചുരുങ്ങിയത് എട്ടു കുട്ടികൾ മരിച്ചത്.
വുളാർ തടാക ദുരന്തത്തിൽ സായുധസേനയുടെ അശ്രദ്ധ മൂലമോ അല്ലെങ്കിൽ പ്രതിഷേധത്തിനിടെ സർക്കാർസേന പിന്തുടർന്നതിനെ തുടർന്ന് ഒാടി രക്ഷപ്പെടുന്നതിനിടെയോ 27 കുട്ടികൾ മുങ്ങിമരിച്ചു.
പരിചരിക്കുന്നവർക്കും വേണം പരിചരണം
കോവിഡ് പടർന്നുപിടിച്ച ഇൗ കാലത്ത് പരിചരിക്കുന്നവർക്ക് പ്രാധാന്യം നൽകുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. എന്നാൽ, വർഷങ്ങൾക്കുമുേമ്പ, പരിചരിക്കുന്നവർക്കും പരിചരണം ആവശ്യമാണെന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് വളരെ കുറച്ചുപേർ മാത്രമാണ്.
ഖുശ്വന്ത് സിങ്ങും കുടുംബവും അതിൽപെടും. ന്യൂഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ആശുപത്രിയുടെ പരിധിക്കുള്ളിൽ ധർമശാല കെട്ടിടം പണിയുന്നതിൽ ഖുശ്വന്ത് സിങ്ങിെൻറ പങ്കിനെക്കുറിച്ച് അവിടെ താമസിക്കുന്നവർക്കുപോലും അറിയില്ല.
സിഖ് വിശ്വാസ പ്രകാരം വരുമാനത്തിെൻറ പത്തിലൊന്ന് പാവപ്പെട്ടവർക്കും ദരിദ്രർക്കുമായി ചെലവഴിക്കണം. 'പിതാവ് എല്ലായ്പോഴും വരുമാനത്തിെൻറ പത്തിെലാന്ന് ജീവകാരുണ്യ പ്രവർത്തനത്തിനായി ചെലവഴിച്ചിരുന്നു.
അദ്ദേഹം ഏറെ ശ്രമിച്ചിട്ടും ജീവിതകാലത്ത് ഒരു കെട്ടിടം നിർമിക്കാനായില്ല. അതിനാലാണ് രോഗികൾക്കും പരിചരിക്കുന്നവർക്കുമായി ധർമശാല പണിയാൻ കുടുംബവും സർ ശോഭാ സിങ് ട്രസ്റ്റും തീരുമാനിച്ചതെന്ന് ഖുശ്വന്ത് പറഞ്ഞത് ഒാർക്കുന്നു.
ഏറ്റുമുട്ടൽ കൊലകൾ: ഒരു മുഫ്തി കഥ
നമ്മുടെ രാജ്യത്ത് മരണത്തിനുള്ള ഏറ്റവും ഉറപ്പുള്ള മാർഗമായി ഏറ്റുമുട്ടൽ കൊലകൾ മാറിയിരിക്കുന്നു. 'അജ്ഞാതരുടെ' അല്ലെങ്കിൽ ജ്ഞാതരുടെ കൈകളാൽ ക്രൂരമായ രീതിയിൽ കൊല്ലപ്പെടാം. ഇൗ അറുകൊലകൾ ഇല്ലാതാക്കാൻ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് ഒരു ശ്രമവുമില്ല.
ഭരണകൂട ഭീകരത അതിെൻറ ഹിംസ്രസ്വഭാവം കാണിച്ചുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിനു പേർ ഇതിനകം ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് ഇരയായി. ഒരുപക്ഷേ നാളെയോ തൊട്ടടുത്തുള്ള ദിവസമോ നമ്മുടെ ഉൗഴമാകാം.
അക്ഷർധാം കേസിൽ പിടിയിലായി 11 വർഷം തടവറക്കുള്ളിൽ കഴിയേണ്ടിവരുകയും നിരപരാധിയെന്ന് കണ്ട് സുപ്രീംകോടതി വിട്ടയക്കുകയും ചെയ്ത മുഫ്തി അബ്ദുൽ ഖയ്യൂം അഹ്മദ് ഹുസൈൻ മൻസൂരി തടവറ ജീവിതത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.
'െഎ ആം എ മുഫ്തി ആൻഡ് െഎ ആം നോട്ട് എ ടെറസിസ്റ്റ്- ഇലവൻ ഇയേഴ്സ് ബിഹൈൻഡ് ബാർസ്' എന്ന ആ പുസ്തകത്തിൽ പൊലീസിെൻറ ഏറ്റുമുട്ടൽ കൊലപാതകത്തിൽനിന്ന് ഭാഗ്യത്തിന് രക്ഷപ്പെട്ടത് മുഫ്തി അബ്ദുൽ ഖയ്യൂം എഴുതിയത് വീണ്ടും വീണ്ടും ഞാൻ വായിച്ചു. അദ്ദേഹത്തിെൻറ വരികളാണ് താഴെ:
'2003 സെപ്റ്റംബർ 18 വ്യാഴാഴ്ചയിലെ തണുത്ത രാത്രി. അന്വേഷണ ഉദ്യോഗസ്ഥൻ വി.ഡി. വനാറിെൻറ ഒാഫിസിൽ മേശക്കാലിൽ കൈവിലങ്ങു കോർത്തനിലയിൽ ഞാൻ ഉറങ്ങുകയായിരുന്നു. ഏറെ പ്രയാസപ്പെട്ട് ഉറങ്ങുേമ്പാേഴക്കും കീഴുദ്യോഗസ്ഥരിൽ ഒരാൾ ബൂട്ടുകൊണ്ട് പിറകിൽ ചവിട്ടി എഴുന്നേൽപിക്കും.
സിംഗാൾ മുന്നിൽ നിൽക്കുന്നു. പിന്നിലായി വനാറിനെയും കണ്ടു. സിംഗാളിെൻറ ഉത്തരവ് അനുസരിച്ച് വിലങ്ങ് അഴിച്ചു. വനാർ അടുത്തു വന്നു ''സാഹെബിെൻറ ഉത്തരവാണ്, വരൂ പോകാം, ഇന്ന് നിെൻറ ഏറ്റുമുട്ടൽ കൊലയാണ്'' എന്നു പറഞ്ഞു.
'നിങ്ങൾ മരിച്ചവർക്കുവേണ്ടി പ്രാർഥന നടത്താറില്ലേ? ഇന്ന് നിനക്ക് സ്വയം ആ പ്രാർഥനയാവാം' എന്ന് പറഞ്ഞ് ടാറ്റാ സുമോയിലേക്ക് തള്ളിക്കയറ്റി. ഒന്ന് രണ്ട് സ്ഥലങ്ങളിൽ കൊണ്ടുപോയി തെറ്റായി വെടിവെച്ചശേഷം വനാർ പി.എസ്.െഎ ആർ.െഎ പേട്ടലിെൻറ റിവോൾവർ ചോദിച്ചുവാങ്ങി.
രണ്ട്, മൂന്ന് റോഡുകളിലേക്ക് വാഹനം തിരിച്ചുവിട്ടു. കനാലിന് അടുത്തേക്ക് വാഹനം കൊണ്ടുപോകാൻ ഡ്രൈവറോട് നിർദേശിച്ചു. ഏറ്റുമുട്ടൽ കൊലകളിലുള്ള തെൻറ മിടുക്കും സർക്കാറുകളിൽനിന്ന് മെഡലുകൾ സ്വന്തമാക്കിയതും യാത്രാമധ്യേ അയാൾ വിവരിച്ചുകൊണ്ടിരുന്നു. ഹമീദ് വാലയെ, ക്രൈംബ്രാഞ്ച് ഒാഫിസിെൻറ ഗോവണിപ്പടികളിൽ വെച്ച് റണാപ് വാലയെ, ഏറ്റുമുട്ടൽ കൊലകളിൽ ഇല്ലാതാക്കിയതിനെ കുറിച്ച് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.
കോടതിയും സർക്കാറും തെറ്റ് ചെയ്തെന്ന് കുറ്റപ്പെടുത്തിയെങ്കിലും തനിക്ക് ലഭിച്ചത് ധീരതക്കുള്ള പുരസ്കാരവും 51,000 രൂപ റിവാർഡുമാണെന്ന് വനാർ പറഞ്ഞു. 'ഇന്നു നീ ആറാമത്തെ ഇരയാണെ'ന്നും ആ ഒാഫിസർ പറഞ്ഞു. കൂരിരുട്ടിൽ എവിടെയോ വാഹനം നിർത്തി. വിമാനത്താവളത്തിന് പിറകിൽ എവിടെയോ ആണെന്നാണ് തോന്നിയത്.
റോഡിെൻറ ഇരുവശവും കനാലായിരുന്നു. കനാലിെൻറ മറുവശത്ത് ഉൾഭാഗത്തേക്ക് വാഹനം കൊണ്ടുപോയി വിശാലമായ സ്ഥലത്ത് നിർത്തി. താടിയിൽ പിടിച്ചുവലിച്ച് എന്നെ ഇറക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. വനാർ റിവോൾവർ എെൻറ തലക്കുനേരെ ചൂണ്ടി സഹപ്രവർത്തകരോട് അതുപോലെ ചെയ്യാൻ പറഞ്ഞു.
വനാർ വെടിവെച്ചു. ഞാൻ തരിച്ചു നിൽക്കുകയാണ്. വെടിയുണ്ട എെൻറ തലക്കരികിലൂടെ പറന്നുപോയി. വനാർ വീണ്ടും എെൻറ തലയുടെയും കാലുകളുടെയും ഇടതും വലതും ഭാഗങ്ങളിലൂടെ നിറയൊഴിച്ചു. മൊത്തം അഞ്ച് പ്രാവശ്യമാണ് വെടിവെച്ചത്.
അപ്പോഴേക്കും അതുവരെ നിശ്ശബ്ദനായി നിന്ന എ.എ. ചൗഹാൻ മുന്നോട്ടുവന്നു പറഞ്ഞു: ''വനാർ സാഹെബ്, അവനെ കൊല്ലേണ്ട. ഉയർന്ന ഉദ്യോഗസ്ഥനോട് സംസാരിച്ചശേഷം അവസാന അവസരം കൊടുക്കാം.'' അതിനുശേഷം എെൻറ നേരെ തിരിഞ്ഞു മുതിർന്ന ഒാഫിസർ പറയുന്ന കുറ്റസമ്മതം നടത്തിയാൽ ജീവൻ രക്ഷിക്കാമെന്ന് പറഞ്ഞു.'
ആ ഏറ്റുമുട്ടൽ രാത്രിയിൽ മുഫ്തി അബ്ദുൽ ഖയ്യൂം രക്ഷപ്പെെട്ടങ്കിലും തടവറയിൽ ചെലവഴിച്ച 11 വർഷവും അനുഭവിച്ച പീഡനങ്ങൾ പുസ്തകത്തിൽ വിശദമായി വിവരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.