തിരക്ക് പിടിച്ചോടുന്ന ഷാര്‍ജ റോളയോട് ചേര്‍ന്നാണ് ഹാര്‍ട്ട് ഓഫ് ഷാര്‍ജ. ഇതിനോട് ചേര്‍ന്ന് തന്നെയാണ് പരമ്പരാഗത ഗ്രാമം. ഇവയെ സംരക്ഷിച്ച് നില്ക്കുന്ന പൗരാണിക പ്രൗഢിയോട് കൂടിയ മതിലാണ് ഷാര്‍ജ മതില്. ഇതിനകത്തെ ലോകം തീര്‍ത്തും വ്യത്യസ്തമാണ്. ആധുനികതയുടെ അടയാളങ്ങളെ മാറ്റി നിറുത്തിയ കാഴ്ച്ചകളും നിര്‍മിതികളും കമ്പോളങ്ങളും അടങ്ങിയ പുരാതന തെരുവ്. ഈ മതിലിനകത്തൊരു സൂക്കുണ്ട്, അല്‍ അര്‍സാ. 300 വര്‍ഷത്തെ ചരിത്രം പേറുന്ന സൂക്ക് തനിമ നഷ്ടപ്പെടുത്താതെ അറ്റകുറ്റ പണികള്‍ നടത്തി സംരക്ഷിച്ച് പോരുകയാണ് ഷാര്‍ജ. ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഈ സൂക്കിനുള്ളത്. അരിയും മറ്റുമായി ഇന്ത്യയില്‍നിന്ന് പത്തേമാരികള്‍ സൂക്കിന് തൊട്ടടുത്തുള്ള ഖാലിദ് തുറമുഖത്ത് നങ്കൂരമിടും. കഴുതകളും ഒട്ടകങ്ങളും ചരക്ക് വഹിച്ച് സൂക്കിലെത്തിക്കും. പകരം മുത്തും പവിഴവും ഈത്തപ്പഴങ്ങളുമായി പത്തേമാരികള്‍ ഇന്ത്യയിലേക്ക് മടങ്ങും. ഇറാനില്‍ നിന്നും ഇവിടേക്ക് ധാരാളം പത്തേമാരികള്‍ എത്തിയിരുന്നു. ഇന്നത്തെ സൂക്കും അന്നത്തെ സൂക്കും തമ്മില്‍ പറയത്തക്ക വ്യത്യാസങ്ങള്‍ ഒന്നുമില്ല.