കാടുകയറി കക്കയത്തേക്ക്
text_fieldsകക്കയം ഡാം (Photo credit: Kerala tourism)
പെട്ടെന്നുണ്ടായ ഒരു ആഗ്രഹത്തിന്റെ പുറത്താണ് കക്കയം ലക്ഷ്യമാക്കി യാത്ര തിരിച്ചത്. കക്കയത്തെ കുറിച്ച് ഏറെ കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ പോകാൻ കഴിഞ്ഞിരുന്നില്ല. ഒരു ദിവസം ഒഴിവുകിട്ടിയപ്പോൾ സ്കൂട്ടറുമെടുത്ത് ഇറങ്ങി. ആരെയും ഒപ്പം കൂട്ടാതെയുള്ള യാത്ര. മുമ്പൊരിക്കൽ കക്കയത്തേക്ക് ഇറങ്ങിത്തിരിച്ചതായിരുന്നു സുഹൃത്തുക്കളുമൊത്ത്. പക്ഷെ, അന്ന് സമയം വൈകിയതിനാൽ കക്കയത്തിനു താഴെ കരിയാത്തുംപാറയും തോണിക്കടവും മാത്രം കണ്ട് മടങ്ങേണ്ടി വന്നു. ഇന്ന് അതുപോലെ സംഭവിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു.
വേനൽക്കാലത്തിന്‍റെ തുടക്കമായതിനാൽ വെയിലിന് നല്ല ചൂട്. പക്ഷെ ഉള്ളിലെ ആഗ്രഹത്തിന് മുന്നിൽ വെയിൽ ഒരു തടസ്സമായില്ല. കോഴിക്കോട് നിന്ന് 64 കിലോമീറ്ററാണ് കക്കയം ഡാമിലേക്കുള്ള ദൂരം. ബാലുശ്ശേരിയിൽ നിന്ന് കൂരാച്ചുണ്ട് വഴി വേണം പോവാൻ. തലയാട് വഴി പോകുന്ന മറ്റൊരു വഴികൂടി ഉണ്ടെങ്കിലും അവിടെ റോഡ് പണി നടക്കുകയാണ്. ബാലുശ്ശേരി കഴിഞ്ഞ് കുറച്ച് ദൂരം പിന്നിട്ടപ്പോൾ തന്നെ മലനിരകൾ കണ്ടുതുടങ്ങി. പശ്ചിമഘട്ടമാണ് തലയുയർത്തി നിൽക്കുന്നത്. അതോടൊപ്പം ആവേശവും കൂടി. ആദ്യമെത്തിയത് കരിയാത്തുംപാറയാണ്. കക്കയം ഡാമിൽ നിന്നുള്ള വെള്ളം എത്തുന്ന മേഖലയാണിത്. ഇപ്പോൾ ഇവിടം വലിയൊരു വിനോദ സഞ്ചാരകേന്ദ്രമാണ്. ഒപ്പമുള്ള തോണിക്കടവ് എന്ന സ്ഥലവും. കുറ്റ്യാടി ഡാമിന്‍റെ വൃഷ്ടിപ്രദേശമാണിത്.
കരിയാത്തുംപാറ നിന്ന് 15 കിലോമീറ്റർ കൂടി താണ്ടിയാൽ ലക്ഷ്യത്തിൽ എത്തിച്ചേരാം. ഇനി മല കയറ്റമാണ്. മല കയറാൻ തുടങ്ങിയപ്പോൾ സ്കൂട്ടറിന്റെ വേഗം കുറച്ചു. വെയിലിന്റെ ചൂട് മാറി തണുപ്പ് വന്നു തുടങ്ങി. മൊബൈൽ ഫോണിന്റെ സിഗ്നലും കട്ടായി. അത് ഒരു അനുഗ്രഹമായി തോന്നി. ഇത്തരം യാത്രകളിൽ പലപ്പോഴും മൊബൈൽ ഫോൺ ഒരു അധികപ്പറ്റാണ്.
കക്കയം ടൗൺ ചെറിയൊരു ടൗണാണ്. കക്കയം ജലവൈദ്യുതോൽപ്പാദന കേന്ദ്രം ഇതിനടുത്താണ്. കക്കയത്ത് ടൗണിൽ തന്നെ കാണാം അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട ആർ.ഇ.സി വിദ്യാർഥി രാജന്‍റെ സ്മാരകം. വണ്ടി പലയിടങ്ങളിൽ നിർത്തി എല്ലാ കാഴ്ചകളും കൺകുളിർക്കെ കണ്ട് യാത്ര തുടർന്നു. മുകളിലേക്ക് പോകുന്തോറും ഇടുങ്ങിയ റോഡാണ്. മഞ്ഞ് മൂടിയ അന്തരീക്ഷം. ചുറ്റും ഒരു മനുഷ്യജീവിയെപോലും കാണാനില്ല. മുന്നോട്ട് കയറി ചെല്ലുംതോറും രണ്ട് വശവും കാട് മാത്രമായി. അങ്ങനെ ഫോറസ്റ്റിന്‍റെ ആദ്യ ടിക്കറ്റ് കൗണ്ടറിന് അടുത്തെത്തി. അവിടെ ഇരിക്കുന്ന ചേച്ചിമാർക്ക് എന്നെ തനിച്ച് കണ്ടപ്പോൾ കൗതുകമായി. അവരെന്നോട് തനിച്ച് വന്നതിന്റെ കാരണം അന്വേഷിച്ചു. ഒപ്പം ഒരുപാട് ഉപദേശങ്ങളും തന്നു. അതെല്ലാം കേട്ട് ഞാൻ വീണ്ടും മുന്നോട്ട് പോയി.
അൽപ്പം കഴിഞ്ഞതും മലബാർ വന്യജീവി സങ്കേതത്തിലേക്ക് സ്വാഗതം ചെയ്തുള്ള ബോർഡ് കണ്ടു. പിന്നാലെ 'കടുവയുണ്ട് സൂക്ഷിക്കുക' എന്ന മറ്റൊരു ബോർഡും. ബോർഡ് കണ്ടപ്പോൾ ചെറിയ പേടി തോന്നിയെങ്കിലും അതിലേറെ ആകാംക്ഷയായിരുന്നു. പക്ഷേ, കുരങ്ങിനെയല്ലാതെ മറ്റൊന്നിനെയും കാണാൻ കഴിഞ്ഞില്ല. ചിലയിടങ്ങളിൽ റോഡ് ചുരംപോലെയാണ്. ചിലയിടങ്ങളിൽ പാറയുടെ വക്കിലൂടെ മല തുരന്നുള്ള ഇടുങ്ങിയ റോഡും. ശ്രദ്ധയോടെ വണ്ടിയോടിക്കണം. ഹെയർപിൻ വളവുകൾ ഏറെയുണ്ട്. അങ്ങനെ കക്കയം ഡാമിന്റെ പ്രധാന കവാടത്തിന് അടുത്തെത്തി. അവിടെ വീണ്ടും മറ്റൊരു ടിക്കറ്റ് കൗണ്ടർ. എനിക്കും എന്റെ വണ്ടിക്കും ടിക്കറ്റ് എടുത്ത് അകത്തേക്ക് കടന്നു.
തൊട്ടുമുന്നിൽ കാഴ്ചയുടെ വിശാലമായ ലോകം തുറന്ന് കക്കയം ഡാം. ചുറ്റും പച്ചപ്പാണ്. ഡാമിൽ പച്ചത്തുരുത്ത് പോലെ ദ്വീപുകളുണ്ട്. ബോട്ടിംഗ് ഉണ്ടെങ്കിലും ഇപ്പോൾ സഞ്ചാരികൾ കുറവായതിനാൽ യാത്രക്ക് ആളില്ല. ലഘുഭക്ഷണശാലയും കുട്ടികൾക്കുള്ള പാർക്കും കളിയിടങ്ങളുമെല്ലാം ഡാമിനോട് ചേർന്നുണ്ട്. ശാന്തമായ അന്തരീക്ഷമാണെങ്കിലും ആനയും കടുവയും പുലിയുമെല്ലാം ഉള്ള ഒരു വനപ്രദേശമാണിതെന്ന് ഓർക്കണം. വീണ്ടും ആകാംക്ഷ കൂടി. ഡാമിനടുത്തുള്ള മറ്റൊരു കേന്ദ്രം ഉരക്കുഴി വെള്ളച്ചാട്ടമാണ്. അവിടേക്ക് നടന്നു തുടങ്ങിയപ്പോൾ പിന്നിൽ നിന്നൊരു വിളി. തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ജോലി ചെയ്യുന്ന ചേച്ചിയാണ് വിളിച്ചത്. ടിക്കറ്റ് ചെക്ക് ചെയ്യാനുള്ള വിളിയായിരുന്നു അത്. അവർക്ക് ടിക്കറ്റ് കൈമാറിയപ്പോൾ വീണ്ടും അതേ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നു. ഒറ്റക്കാണോ? അതെ എന്ന് മറുപടി നൽകിയപ്പോൾ അതേ മുന്നറിയിപ്പ്, സൂക്ഷിക്കുക. ഒപ്പം അടുത്ത ചോദ്യവും, പേടിയില്ലേ. ചിരിച്ചുകൊണ്ട് ഇല്ലെന്നു പറഞ്ഞു. നടത്തം തുടർന്ന് അരകിലോമീറ്ററോളം നടന്നു കഴിഞ്ഞപ്പോൾ കെ.എസ്.ഇ.ബിയുടെ ഒരു വണ്ടി എതിരെ വരുന്നു. എന്റെ അടുത്തെത്തിയപ്പോൾ വണ്ടി നിർത്തി ആ ഉദ്യോഗസ്ഥൻ നേരത്തേ കേട്ട ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ചു ഒറ്റക്കാണോ, പേടിയില്ലേ ? നേരത്തെ നൽകിയ അതേ പുഞ്ചിരിയോടെ ഒറ്റക്കാണെന്നും പേടിയില്ലെന്നും മറുപടി പറഞ്ഞു. ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി ഒന്നുകൂടെ ഓർമിപ്പിച്ച ശേഷം അയാൾ വണ്ടിയുമായി പോയി. ഞാൻ വീണ്ടും മുന്നോട്ട് പോയി. നടന്ന് ഡാമിന് അടുത്തെത്തിയപ്പോൾ ഞാൻ കുറച്ച് നേരം അതും നോക്കി നിന്നു. നേരത്തേ കണ്ട കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ തിരിച്ച് വരുന്നു. അദ്ദേഹം വെള്ളച്ചാട്ടത്തിനടുത്ത് കൊണ്ടുവിടാമെന്ന് പറഞ്ഞപ്പോൾ ഞാൻ ആ ജീപ്പിൽ കയറി. ഞങ്ങൾ സംസാരിച്ചുകൊണ്ട് അങ്ങോട്ടേക്ക് പോയി.
സമുദ്രനിരപ്പിൽ നിന്ന് 2,460 അടി ഉയരത്തിലാണ് ഡാം നിലകൊള്ളുന്നത്. കുറ്റ്യാടിപ്പുഴയെ തടഞ്ഞുനിർത്തിയാണ് ഡാം പണിതിരിക്കുന്നത്. വയനാട്ടിലെ ബാണാസുര സാഗർ ഡാമിൽ നിന്ന് വരുന്ന വെള്ളമാണ് കക്കയത്തെത്തുന്നത്. ഇവിടെ നിന്ന് പെൻസ്റ്റോക്ക് പൈപ്പിലൂടെ താഴേക്ക് പോകുന്ന വെള്ളം വൈദ്യുതി ഉൽപ്പാദനത്തിന് ശേഷം വീണ്ടും പുഴയിലേക്ക്. ഇത് നേരെ പെരുവണ്ണാമൂഴി അണക്കെട്ടിലെത്തുന്നു. ജൈവ വൈവിധ്യം കൊണ്ട് നിറഞ്ഞതാണ് ഇവിടവും. നിത്യഹരിതവനം, അർധനിത്യഹരിത വനം, ഇലപൊഴിയും ആർദ്രവനം, ചോലവനം എന്നിങ്ങനെ നാലു വനങ്ങളും, 680 തരം പുഷ്പസസ്യങ്ങളും148 ഇനം ചിത്രശലഭങ്ങളും, 52 ഇനം മത്സ്യങ്ങളും, ഇവിടെയുണ്ട്. കൂടാതെ 38 ഇനം ഉഭയജീവികൾ, 32 ഇനം ഇഴജന്തുക്കൾ, 180 ഇനം പക്ഷികൾ, 41 ഇനം സസ്തനികൾ എന്നിവ കക്കയം, പെരുവണ്ണാമൂഴി ഉൾപ്പെടുന്ന മലബാർ വന്യജീവി സങ്കേതത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഉരക്കുഴി വെള്ളച്ചാട്ടത്തിനരികെ എത്തിയപ്പോൾ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്‌ഥരും ഒരു ഗൈഡും മാത്രമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. ഗൈഡ് ഉരക്കുഴി വെള്ളച്ചാട്ടത്തെപ്പറ്റി പറഞ്ഞുതന്നു. അടിയന്തരാവസ്ഥ കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച രാജൻ കൊലക്കേസിൽ പൊലീസുകാർ രാജന്റെ മൃതദേഹം ഇവിടെ കൊണ്ടുവന്നാണ് പഞ്ചസാര ഉപയോഗിച്ച് കത്തിച്ച് കളഞ്ഞത് എന്നടക്കമുള്ള കാര്യങ്ങൾ പറഞ്ഞു തന്നു. ഈ വെള്ളച്ചാട്ടത്തിന് ഉരക്കുഴി എന്ന് പേരുവരാൻ ഒരു കാരണമുണ്ട്. നൂറ്റാണ്ടുകളാൽ വെള്ളം വീണ് ഇവിടെയുള്ള പാറക്കല്ലുകളിൽ ഉരലുപോലെ കുഴികളാണ്. അതിനാലാണ് ഇതിന് ഉചിതമായ ഉരക്കുഴി വെള്ളച്ചാട്ടമെന്ന് പേര് വന്നത്.
കുറച്ചുസമയം അവിടെ ചെലവഴിച്ചതിന് ശേഷം തിരിച്ച് വണ്ടി പാർക്ക് ചെയ്ത സ്ഥലത്തേക്ക് മടങ്ങാൻ നേരം ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ഒപ്പം പോയാൽ മതിയെന്ന ഗൈഡിന്റെ നിർദ്ദേശം വന്നു. വളരെ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഞാൻ അത് അനുസരിച്ചു. പക്ഷെ അതിന് പിന്നിൽ എനിക്കും ഒരു ലക്ഷ്യമുണ്ടായിരുന്നു. ഇതുവരെ ആരും പറയാത്ത ഏതെങ്കിലും ഒക്കെ കാര്യങ്ങൾ ആ ഫോറസ്ററ് ഉദ്യോഗസ്ഥരിൽ നിന്ന് മനസിലാക്കണമായിരുന്നു എനിക്ക്. ആ ലക്ഷ്യം ഞാൻ പൂർത്തീകരിക്കുകയും ചെയ്തു. ആ കാട്ടിലുള്ള മൃഗങ്ങളെപ്പറ്റിയും മറ്റും ഞാൻ ചോദിച്ച് മനസിലാക്കി. തിരിച്ച് വണ്ടി പാർക്ക് ചെയ്ത സ്ഥലത്തെത്തി കൈകൊടുത്ത് പിരിയുമ്പോൾ അവർ സ്നേഹത്തോടെ ചായക്ക് ക്ഷണിച്ചു. അത് നിരസിക്കാൻ തോന്നിയില്ല. ചായ കുടിച്ച് പിരിയുമ്പോൾ വീണ്ടും മഴക്കാലത്ത് വരണമെന്ന് ആ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ മനോഹരമായ കക്കയം കാണാനായി വീണ്ടും മഴക്കാലത്ത് ഇതുപോലൊരു യാത്ര പോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.