പോകാം, തീക്കനൽ കടലിലേക്ക്
text_fieldsകാറ്റേറ്റ് വൈകുന്നേരങ്ങളിൽ കടൽത്തീരത്ത് ചെന്നിരിക്കാൻ എന്തു രസമാണല്ലേ. അപൂർവ സുന്ദരമായ ഒട്ടനവധി കാഴ്ചകളും അനുഭവങ്ങളുമാണ് ഓരോ കടൽത്തീരവും നമുക്ക് സമ്മാനിക്കുന്നത്. ആസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ നമുക്ക് കൗതുകം തരുന്നൊരു കടൽത്തീരമുണ്ട്. അതാണ് 'ബേ ഓഫ് ഫയർ' അഥവാ തീയുടെ ഉൾക്കടൽ.
ടാസ്മാനിയയുടെ വടക്കുകിഴക്കൻ തീരത്തായി സ്ഥിതി ചെയ്യുന്ന 'ബേ ഓഫ് ഫയർ' ആസ്‌ട്രേലിയയുടെ തെക്ക് ബിനലോങ് ബേ മുതൽ വടക്ക് ഏഡിസ്റ്റോൺ പോയൻറ് വരെ വ്യാപിച്ചുകിടക്കുന്നു. കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന കടൽത്തീരം കണ്ടാൽ ഒരു പ്രദേശമാകെ തീക്കനൽ പടർന്നുകിടക്കുന്നതുപോലെയാണ് നമുക്കനുഭവപ്പെടുക. ആരെയും ആകർഷിക്കുന്ന തരത്തിലുള്ള നീലക്കടലും വെള്ള മണൽ വിരിച്ച കടൽത്തീരവും ഏവരെയും ബേ ഓഫ് ഫയറിലേക്ക് ആകർഷിക്കും.
വലുപ്പമുള്ള ഗ്രാഫൈറ്റ് പാറകൾ നയനമനോഹരമായ കാഴ്ചയാണ്. അവ കണ്ടാൽ വലിയ തീക്കനൽ പോലെ അനുഭവപ്പെടും. ആൽഗകളുടെയും ഫംഗസിന്റെയും സംയോജനഫലമായുണ്ടാകുന്ന ലൈക്കണുകളാണ് പാറകൾക്ക് ഇത്തരത്തിലുള്ള അപൂർവ സൗന്ദര്യം നൽകുന്നത്. 1773ൽ തോബിയാസ് ഫർണിയോക്സ് എന്ന നാവികൻ ഇതുവഴി സഞ്ചരിക്കുമ്പോൾ ഇവിടം കാണാനിടയായി. കടൽത്തീരത്ത് താമസിച്ചിരുന്ന ആദിവാസി സമൂഹങ്ങൾ തീ കൂട്ടിയിട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹമാണ് ഈ തീരത്തിന് ബേ ഓഫ് ഫയർ എന്ന പേരു നൽകിയത്.
Panpe-kanner, Leener-rerter, Pinter-rairer തുടങ്ങിയ ആദിവാസി സമൂഹങ്ങളുടെ ആവാസസ്ഥലമായ ഇവിടം ലോകത്തിലെ ഏറ്റവും ചൂടേറിയ വിനോദസഞ്ചാര കേന്ദ്രമായി 2008ൽ തെരഞ്ഞെടുത്തിരുന്നു. അവധിക്കാല ആഘോഷങ്ങളുടെയും ക്യാമ്പ്സൈറ്റുകളുടെയും ഗ്രാമംകൂടിയാണ് ഈ കടൽത്തീരം. മത്സ്യബന്ധനം, കയാക്കിങ്, നീന്തൽ, ബോട്ടുയാത്ര, നടത്തം തുടങ്ങിയ ഉല്ലാസ പ്രവർത്തനങ്ങൾക്കെല്ലാം അനുയോജ്യമായ സ്ഥലംകൂടിയാണിത്.
കടൽത്തീരത്തിന്റെ ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെ കാണാൻ ഒത്തിരി കാഴ്ചകൾ കാത്തുനിൽപ്പുണ്ടിവിടെ. എലിഫൻറ് ഹെഡ്, സ്കെറ്റൺ ബേ, ഗ്രാൻഡ് പോയൻറ് തുടങ്ങി മനോഹരമായ നിരവധിയിടങ്ങളും ഇവിടെയുണ്ട്. ടാസ്മാനിയൻ തലസ്ഥാനമായ ഹൊബാർട്ടിൽനിന്ന് നാലുമണിക്കൂർ ദൂരം സഞ്ചരിച്ചാൽ ഈ തീക്കനൽത്തീരത്ത് എത്താവുന്നതാണ്. സഞ്ചാരികൾക്ക് രാത്രി തങ്ങുന്നതിനാവശ്യമായ കുറഞ്ഞ നിരക്കിലുള്ള കോട്ടേജുകളും ഹോട്ടലുകളും ഇവിടെ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.