ക്ലീവ് ലാൻഡിലെ ബലൂൺ ദുരന്തം
text_fieldsആധുനിക കളിപ്പാട്ടങ്ങളുടെ ഈ കാലത്തും ബലൂണുകളോടുള്ള കുട്ടികളുടെ കൗതുകം പൊട്ടിപ്പോയിട്ടില്ല. ആഘോഷവേളകളിലെ മുഖ്യ ആകർഷണവും ഇന്നും ബലൂണുകൾ തന്നെയാണ്. മൈക്കൽ ഫാരഡെ ഉൾെപ്പടെ നിരവധി ശാസ്ത്രജ്ഞർ ബലൂണിനെ വലിയ ശാസ്ത്ര പരീക്ഷണങ്ങൾക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വലുതാകുംതോറും സന്തോഷം വർധിക്കുകയും പൊട്ടിപ്പോയാൽ സങ്കടം നിറക്കുകയും ചെയ്യുന്ന വർണ ബലൂണുകൾ ചിലപ്പോൾ കൈവിട്ട് അകലങ്ങളിലേക്ക് പോവാറുമുണ്ട്. ബലൂൺ പറത്തൽ ചില സ്മരണകളായും ആഘോഷമായും കൊണ്ടാടാറുണ്ട്. എന്നാൽ, അങ്ങനെയൊരു ബലൂൺ പറത്തൽ വരുത്തിവെച്ച ദുരന്തത്തിന്റെ കഥയാണ് അമേരിക്കയിലെ ക്ലീവ് ലാൻഡ് നഗരത്തിനു പറയാനുള്ളത്.
1986 സെപ്റ്റംബർ 27ന് യുനൈറ്റഡ് വേ ഓഫ് ക്ലീവ് ലാൻഡ് എന്ന സന്നദ്ധ സംഘടന പാവപ്പെട്ടവർക്കുവേണ്ടിയുള്ള ധനസമാഹരണത്തിനായി ബലൂൺ ഫെസ്റ്റ് സംഘടിപ്പിച്ചു. ഗിന്നസ് റെക്കോഡും ബലൂൺ ഫെസ്റ്റ് വഴി സംഘാടകർ ലക്ഷ്യമിട്ടിരുന്നു.
1985ൽ ഡിസ്‌നിലാൻഡ് സ്ഥാപിതമായതിന്റെ 30ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഏറ്റവും കൂടുതൽ ബലൂണുകൾ ആകാശത്തേക്ക് പറത്തിവിടുകയും ഗിന്നസ് റെക്കോഡ് നേടുകയും ചെയ്തു. ആ റെക്കോഡ് തകർക്കാനായി 15 ലക്ഷം ബലൂണുകളാണ് സംഘാടകർ പറത്തിവിട്ടത്. ഫെസ്റ്റ് നടത്തുന്നതിന് ആറു മാസം മുമ്പുതന്നെ ക്ലീവ് ലാൻഡിൽ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ബലൂണുകൾ പറന്നുപൊങ്ങുന്നതിന്റെ ദൃശ്യങ്ങൾ എല്ലാവർക്കും കാണത്തക്ക രീതിയിലായിരുന്നു സജ്ജീകരണങ്ങൾ.
1987 സെപ്റ്റംബർ 27ന് പുലർച്ചെ മുതൽ ബലൂണുകളിൽ ഹീലിയം നിറക്കാൻ തുടങ്ങി. 2500 ലേറെ വളൻറിയർമാരായിരുന്നു അതിനായി ഉണ്ടായിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാൽ മുൻകൂട്ടി നിശ്ചയിച്ചതിലും നേരത്തേ പ്രാദേശിക സമയം ഉച്ച 1.50ന് അവിടെ തടിച്ചുകൂടിയ ജനങ്ങളെ സാക്ഷിയാക്കി ബലൂണുകളെ ആകാശത്തേക്ക് പറത്തിവിട്ടു. വിവിധ വർണങ്ങളിൽ ആരെയും ആകർഷിക്കുന്ന തരത്തിൽ ഉയർന്നുപൊങ്ങിയ ബലൂണുകൾ അതിമനോഹരമായ കാഴ്ചയായിരുന്നു. നിറങ്ങളാൽ ആകാശം നിറഞ്ഞ ആ കാഴ്ച ഡിസ്‌നിലാൻഡിന്റെ റെക്കോഡ് തകർക്കുകയും ചെയ്തു.
ബലൂണുകളിൽ നിറച്ചിരുന്ന ഹീലിയം തീരുന്നതിനനുസരിച്ച് സാവധാനത്തിൽ ബലൂണുകൾ താഴേക്കു പതിക്കുമെന്നായിരുന്നു സംഘാടകർ കരുതിയിരുന്നത്. അവരുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് കാറ്റും മഴയും എത്തുകയും ഹീലിയം തീരുന്നതിനു മുേമ്പ ബലൂണുകളെല്ലാം കൂട്ടത്തോടെ താഴേക്കുവീഴുകയും ചെയ്തു. താഴേക്കിറങ്ങിയ അവ വിവിധ അപകടങ്ങൾക്ക് കാരണമായി.
ക്ലീവ് ലാൻഡിലെ ബൂർക് ലേക്ഫ്രൻഡ് എയർപോർട്ടിലെ റൺവേ ബലൂണുകളാൽ നിറഞ്ഞു. മഡൈന കൗണ്ടിയിലുള്ള ഫാം മേഖലയിലേക്ക് ബലൂണുകൾ പറന്നിറങ്ങുന്നതു കണ്ട് ഭയന്നോടിയ അവിടത്തെ കുതിരകൾക്ക് പരിക്കേറ്റു.
ബലൂൺ ഫെസ്റ്റിന്റെ തലേദിവസം സമീപത്തെ ഇറി തടാകത്തിൽ മത്സ്യബന്ധനത്തിനുപോയ രണ്ടുപേരെ കാണാതായിരുന്നു. തിരച്ചിൽ തുടരുന്ന അവിടേക്ക് ബലൂണുകൾ കൂട്ടത്തോടെ വന്നതോടെ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. മൂന്നുദിവസങ്ങൾക്കുശേഷമാണ് അവരുടെ മൃതദേഹം കണ്ടെടുത്തത്. അപകടത്തിൽപ്പെട്ടവർ, പരിക്കേറ്റ കുതിരകളുടെ ഉടമകൾ, മത്സ്യത്തൊഴിലാളികളുടെ ഭാര്യമാർ തുടങ്ങിയവർ ബലൂൺ ഫെസ്റ്റിന്റെ സംഘാടകർക്കെതിരെ കേസ് കൊടുത്തു. ബലൂൺ ഫെസ്റ്റിലൂടെ സമാഹരിച്ച തുകയെല്ലാം ഒത്തുതീർപ്പിനായി നൽകേണ്ടിവന്നു. ഏറ്റവും കൂടുതൽ ബലൂണുകൾ പറത്തിവിട്ട ഗിന്നസ് റെക്കോഡ് നേടിയെങ്കിലും സുരക്ഷാകാരണങ്ങൾ മുൻനിർത്തി ഈ വിഭാഗത്തിലെ ഗിന്നസ് പിന്നീട് ഒഴിവാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.