കൂബർ പെഡി; മണ്ണിനടിയിലെ മഹാനഗരം
text_fieldsപുരാതന കാലം മുതൽക്കേ മനുഷ്യൻ തെൻറ ഒളിസങ്കേതങ്ങളായും അമൂല്യവസ്തുക്കൾ സൂക്ഷിക്കാനും മറ്റും ഭൂഗർഭ അറകളും നഗരങ്ങളും നിർമിച്ചിരുന്നു. കാലക്രമേണ ഗവേഷകർ അവ കണ്ടെത്തി ലോകത്തിനു മുന്നിൽ കാഴ്ചവെക്കാൻ തുടങ്ങി. എന്നാൽ, ഇന്നും ഒരുകൂട്ടം മനുഷ്യർ ജീവിച്ചുവരുന്ന ഭൂഗർഭ നഗരമുണ്ട് നമ്മുടെ ഈ ലോകത്ത്. സൗത്ത് ആസ്‌ട്രേലിയയിൽനിന്ന് ഏകദേശം 850 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന കൂബർ പെഡി എന്ന നഗരമാണത്. ഭൂമിക്കടിയിൽ എല്ലാ സൗകര്യങ്ങളോടുംകൂടിയുള്ള നഗരം- അതാണ് കൂബർ പെഡി.
പുറമെനിന്നു നോക്കിയാൽ വെറും തരിശുഭൂമിയായി തോന്നുമെങ്കിലും ഉള്ളിൽ ആരാധനാലയങ്ങൾ, വായനശാലകൾ, ഹോട്ടലുകൾ, വീടുകൾ, ആർട്ട് ഗാലറികൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടത്തെ മണ്ണിനടിയിലുണ്ട്. നൂറ്റാണ്ടുകൾക്കു മുമ്പ് ഇവിടെയുള്ള ആളുകൾ സാധാരണ ജീവിതം നയിച്ചുവന്നവരായിരുന്നു. എന്നാൽ, വില്ലി ഹച്ചിൻസൺ എന്ന വ്യക്തി ഇവിടേക്കെത്തുകയും ഓപൽ എന്ന രത്നത്തിെൻറ അപൂർവ കലവറയാണ് കൂബർ പെഡി എന്ന് കണ്ടെത്തുകയും ചെയ്‌തതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു.
മഴവിൽനിറങ്ങൾ പ്രതിഫലിപ്പിക്കുന്ന രത്നം തേടി യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിൽനിന്നും നിരവധി ആളുകൾ ഇവിടേക്കെത്താൻ തുടങ്ങി. മരുഭൂമിയിലെ കടുത്ത ചൂട് സഹിക്കാൻ പറ്റാതെ ആളുകൾ താമസം ഭൂമിക്കടിയിലേക്കു മാറ്റി. കാലക്രമേണ ഇവിടേക്കു വന്ന മനുഷ്യരെല്ലാംതന്നെ ഈയൊരു ജീവിതരീതി പിൻപറ്റുകയും ചെയ്‌തു.
ആസ്‌ട്രേലിയയിലെ ആലിസ് സ്പ്രിങ്സിനും അഡ്‌ലെയ്ഡിനും ഇടക്കുള്ള മരുഭൂമിക്കടിയിലാണ് കൂബർ പെഡി സ്ഥിതിചെയ്യുന്നത്. ഭൂമിക്കടിയിലെ ജനജീവിതം സാധാരണമായതോടെ ഭൂമിക്കു മുകളിലുള്ള വീടുകളുടെ മാതൃകകൾ ഭൂമിക്കടിയിലും നിർമിച്ചുതുടങ്ങി. കിടപ്പുമുറികളും അതിഥിമുറികളും അടുക്കളയുമെല്ലാമുള്ള വീടുകളാണ് കൂബർ പെഡിയിലുള്ളത്. 1500 കുടുംബങ്ങൾക്കുള്ള വീടുകൾ ഇങ്ങനെ മണ്ണിനടിയിൽ നിർമിച്ചിട്ടുണ്ട്. സന്ദർശകർക്കായി സജ്ജീകരിച്ചിരിക്കുന്ന ഹോട്ടലുകളിലെ ചുമരുകളിൽ ഓപൽ രത്നങ്ങൾ പതിച്ചുവെച്ചിട്ടുണ്ട്.
നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത ഇവിടെ കൃത്രിമ വെളിച്ചത്താലാണ് ജീവിതം മുന്നോട്ടുപോവുന്നത്. 1915ലാണ് കൂബർ പെഡി സ്ഥാപിതമാവുന്നത്. 1980കളോടെ ഈയിടം ലോകം അറിയാൻ തുടങ്ങി. മണ്ണിനടിയിലെ വിശാലമായതും ഇരുണ്ടതും തണുത്തതുമായ അതിഥി മുറികളിൽ ഉറങ്ങാനുള്ള അവസരം സഞ്ചാരികൾ ഇന്നും ഏറെ ഇഷ്ടപ്പെടുന്നുണ്ട്. വർഷത്തിൽ 175 മില്ലിമീറ്റർ മഴ മാത്രം ലഭിക്കുന്ന ഇവിടം ലോകത്തിലെ ഏറ്റവും ഗുണനിലവാരമുള്ള വെള്ള ഓപൽ രത്നം ഉൽപാദിപ്പിക്കുന്ന ഇടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.