തീപിടിക്കുന്ന വെള്ളച്ചാട്ടം
text_fieldsകുന്നിൻചരിവുകളിൽനിന്ന് പാൽനുര ചുരത്തി താഴ്ന്നിറങ്ങുന്ന വെള്ളച്ചാട്ടങ്ങൾ കണ്ണിനു മാത്രമല്ല, മനസ്സിനും കുളിർമയേകും. പടിഞ്ഞാറൻ ന്യൂയോർക്കിലെ ചെസ്റ്റ് നട്ട് റിഡ്ജ് പാർക്കിലുള്ള എറ്റേണൽ ഫ്ലെയിം എന്ന വെള്ളച്ചാട്ടം മനോഹര കാഴ്ചയോടൊപ്പം കൗതുകവും സമ്മാനിക്കുന്നുവെന്നതാണ് പ്രത്യേകത. പാൽനുരപോലെ പാറകളിൽ തട്ടിത്തടഞ്ഞ് താേഴക്കൊഴുകുന്ന വെള്ളച്ചാട്ടത്തിനിടയിൽ അണയാതെ നിൽക്കുന്ന തീജ്വാല. അതാണ് ഇവിടത്തെ മുഖ്യ ആകർഷണം.
വെള്ളത്തിനിടയിലും ജ്വലിച്ചുനിൽക്കുന്ന തീനാളമുള്ളതിനാലാണ് ഇതിന് എറ്റേണൽ ഫ്ലെയിം എന്ന പേരു വന്നത്. സദാസമയവും എരിഞ്ഞുകൊണ്ടിരിക്കുന്ന തീനാളം കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്.
അമേരിക്കയിലെ എറി കൗണ്ടിയിലെ എയ്റ്റീൻമൈൽ ക്രീക്കിനും വെസ്റ്റ് ബ്രാഞ്ച് കാസെനോവിയ ക്രീക്കിനുമിടയിലായി സ്ഥിതി ചെയ്യുന്ന മലനിരകളുടെ വടക്കുഭാഗത്തായി 1213 ഏക്കറിലാണ് ചെസ്റ്റ്നട്ട് റിഡ്ജ് പാർക്ക് സ്ഥിതിചെയ്യുന്നത്.
കാൽനടയാത്രകൾക്കും സൈക്ലിങ്ങിനും അനുയോജ്യമായ ഈ പാർക്കിെൻറ തെക്കേ അറ്റത്തുനിന്ന് വെള്ളച്ചാട്ടത്തിലേക്ക് നേരിട്ട് പ്രവേശിക്കാനാവും. വെള്ളച്ചാട്ടത്തിനരികിലെത്തുമ്പോൾ ചീഞ്ഞ മുട്ടയുടെ ഗന്ധം നിങ്ങൾക്കനുഭവപ്പെടും. ഇവിടെ നിന്നും പുറത്തേക്കു വരുന്ന പ്രകൃതിവാതകത്തിെൻറ ഗന്ധമാണത്. വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പാറെക്കട്ടിന് അടിയിലുള്ളത് ഷെയിൽ എന്ന മിശ്രിതമാണ്.
ഉയർന്ന താപനിലയുള്ള ഈ പാറക്കൂട്ടങ്ങൾക്കുള്ളിൽ കാർബൺ പദാർഥങ്ങൾ തുടർച്ചയായി വിഘടിപ്പിക്കപ്പെടുന്നു. ഈ കാർബൺ പദാർഥങ്ങളാണ് തീനാളത്തിനു കാരണമാകുന്ന പ്രകൃതിവാതകം സൃഷ്ടിക്കുന്നതെന്നാണ് ചില ഗവേഷകരുടെ വാദം. എന്നാൽ, അവിടുത്തെ പാറക്കെട്ടിനുള്ളിൽ മീഥെയ്ൻ വാതകമുണ്ടെന്നും അവയിൽനിന്ന് തീനാളമുണ്ടാകുന്നതിനാവശ്യമായ ഇന്ധനം ഉണ്ടാകുന്നുവെന്നുമാണ് മറ്റൊരു വിഭാഗം ഗവേഷകർ പറയുന്നത്. ഈ വിഷയത്തിൽ ഒരു ഔദ്യോഗിക സ്ഥിരീകരണത്തിലെത്താൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. നിത്യമായ തീജ്വാല എന്നാണ് പേരെങ്കിലും ഇത് ഇടക്കിടെ അണഞ്ഞുപോവാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.