ലോകത്തിലെ ഏറ്റവും പഴക്കമുള്ള മരം, ആയുസ്സോ 1000ത്തിലധികം
text_fields29 കോടി വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽ പ്രത്യക്ഷപ്പെട്ട ഇന്നും ജീവിച്ചിരിക്കുന്ന ഒരേയൊരു വൃക്ഷം. അതാണ് ചൈനയിൽ ധാരാളമായി കണ്ടുവരുന്ന ജിൻകോ ബൈലൊബ. ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ച മരങ്ങളിലൊന്നാണ് ജിൻകോ. ഓരോ മരത്തിന്റെയും ആയുസ്സാണ് ജിൻകോ മരങ്ങളുടെ മറ്റൊരു പ്രത്യേകത. ആയിരത്തിലധികം വർഷം മിക്ക മരങ്ങളും ജീവിച്ചിരിക്കും. ചില മരങ്ങൾക്ക് 2500 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നും ഗവേഷകർ പറയുന്നു.
ചൈനയിലെ പാർക്കുകളിലും മറ്റും സർവസാധാരണമായി കാണപ്പെടുന്ന ഈ മരം ശരൽകാലത്ത് മഞ്ഞനിറത്തിലുള്ള ഇലകൾ പൊഴിച്ച് സഞ്ചാരികൾക്കായി ഒരുങ്ങും. സാധാരണയായി 66 മുതൽ 115 അടി ഉയരത്തിൽ വരെ വളരാൻ കഴിവുള്ളവയാണ് ജിൻകോ മരങ്ങൾ. നീളമേറിയതും തിങ്ങിനിറഞ്ഞതുമായ ശാഖകളാണ് ജിൻകോ മരങ്ങൾക്കുണ്ടാവുക. വളരെ ആഴത്തിലേക്ക് ചെന്നെത്തുന്ന വേരുകൾ ശക്തമായ കാറ്റിൽനിന്നും, കനത്ത മഞ്ഞുവീഴ്ചയിൽനിന്നും മരത്തെ സംരക്ഷിക്കുന്നു. ആയിരത്തിലേറെ വർഷം ഒരു കേടും കൂടാതെ എങ്ങനെയാണ് നിലനിൽക്കുന്നതെന്നായിരുന്നു ഗവേഷകരുടെ ഇതുവരെയുള്ള സംശയം. എന്നാൽ, ഈയടുത്ത് അതിനുള്ള ഉത്തരവും അവർ കണ്ടെത്തി. പ്രത്യേക തരം രാസവസ്തു ഉൽപാദിപ്പിച്ചാണ് ശത്രുക്കളായ കീടങ്ങളിൽ നിന്നും പ്രതികൂല കാലാവസ്ഥയിൽനിന്നും തന്റെ ശരീരം സംരക്ഷിക്കുന്നതെന്നായിരുന്നു കണ്ടെത്തൽ.
ചൈന ജന്മദേശമായ ജിൻകോ മരത്തിന്റെ ഇലകൾ വിശറിയുടെ രൂപത്തിലാണ് കാണുക. അഞ്ചുമുതൽ പത്തു സെ.മീറ്റർ വരെ നീളം ഇലകൾക്കുണ്ടാകും. പച്ച നിറത്തിലുള്ള ഇലകൾ ശരത്കാലമാവുന്നതോടെ കടും മഞ്ഞനിറത്തിലായി മാറും. ചൈനയിലെ ബെയ്ജിങ്ങിൽ ഒരു ബുദ്ധക്ഷേത്രത്തിലെ ജിൻകോ മരം മഞ്ഞനിറത്തിലുള്ള ഇലകൾ പൊഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഗിങ്കോഫൈറ്റാ വിഭാഗത്തിൽപ്പെടുന്ന ആ വൃക്ഷത്തിന് 1400 വർഷം പഴക്കമുണ്ട്. വംശനാശ ഭീഷണിയുള്ള മരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന ജിൻകോ മരം കൊള്ളക്കാരുടെ മഴുവിന് ഇരയാകുന്നത് പതിവാണ്. നിലവിൽ ചൈനയിലെ വനപ്രദേശമായ ഷിറ്റിയാൻമു മലനിരകളിൽ മാത്രമേ ഇവയെ കാണാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.