ആരോ തകർത്തെറിഞ്ഞ യുദ്ധഭൂമിപോലൊരു ദ്വീപ്
text_fieldsനഗരത്തിന്റെ അവശിഷ്ടങ്ങൾ മാത്രമുള്ള ദ്വീപുണ്ട്. കാഴ്ചയിൽ ഒരു യുദ്ധഭൂമിയുടെ പ്രതീതിയുള്ള ബാറ്റിൽഷിപ്പ് എന്നറിയപ്പെടുന്ന ഹാഷിമ ദ്വീപ്. ലോകത്തിലെ ഏറ്റവും തരിശായ ഇടമെന്ന വിശേഷണം കൂടിയുണ്ട് ഈ ദ്വീപിന്.
ജപ്പാനിലെ നാഗസാക്കിയിൽനിന്നും 15 കി.മീ. അകലെയായി ഒറ്റപ്പെട്ടുനിൽക്കുന്ന ദ്വീപാണ് ഹാഷിമ. നാഗസാക്കിയുടെ പരിധിയിൽപ്പെട്ട ജനവാസമില്ലാത്ത 505 ദ്വീപുകളിലൊന്നാണിത്. ഹാഷിമയെ തകർന്നടിഞ്ഞ യുദ്ധക്കപ്പൽ പോലെ തോന്നിക്കുന്നതിനാൽ അതേ അർഥം വരുന്ന ഗുങ്കൻജിമ എന്നും ബാറ്റിൽഷിപ്പ് ഐലൻഡ് എന്നും വിളിച്ചുവരുന്നു.
തകർന്നു തുടങ്ങിയ കെട്ടിടങ്ങളും നഗരാവശിഷ്ടങ്ങളുമാണ് ഇവിടത്തെ പ്രധാന കാഴ്ചകൾ. വർഷങ്ങൾക്കു മുമ്പ് ഈ ദ്വീപിലും പരിസര പ്രദേശങ്ങളിലുമായി കൽക്കരിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 1887 മുതൽ 1974 വരെ ഇവിടെ കൽക്കരി ഖനനവും നടത്തി. രണ്ടാം ലോകയുദ്ധകാലത്ത് കൊറിയയിൽനിന്നും ചൈനയിൽനിന്നും തൊഴിലാളികളെയും തടവുകാരെയും കൽക്കരി കുഴിച്ചെടുക്കുന്നതിനായി ഇവിടേക്കെത്തിച്ചു. ഇങ്ങനെ കൊണ്ടുവന്ന തൊഴിലാളികളെ കടുത്ത മാനസിക ശാരീരിക പീഡനങ്ങൾക്ക് വിധേയരാക്കി. തൊഴിലാളികളിൽ ഭൂരിഭാഗംപേരും ഇവിടെ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും അവർ കടലിൽ വീണു മരിച്ചു.
1960 കാലഘട്ടങ്ങളിൽ കൽക്കരിക്കു പകരമായി പെട്രോളിയം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ ഹാഷിമയുടെ പ്രാധാന്യം മങ്ങി. ഖനികൾ അടച്ചുപൂട്ടി. ജനങ്ങൾ വീടൊഴിഞ്ഞു. അതോടെ തകർന്നടിഞ്ഞ യുദ്ധസ്ഥലം പോലെ ആരാലും സംരക്ഷിക്കാനില്ലാതെ ഹാഷിമ ബാക്കിയായി. 2009ന് മുമ്പുവരെ ബോട്ടുകൾക്ക് ദ്വീപിൽ അടുക്കാൻ അനുവാദമുണ്ടായിരുന്നു. 2009 ൽ ലാൻഡിങ് നിരോധന നിയമം നിലവിൽ വന്നെങ്കിലും പ്രദേശവാസികളിൽ പലരും പലപ്പോഴും ഇവിടേക്കെത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.