മരിക്കുംമുമ്പേ 'മമ്മി'യാകാനൊരുങ്ങുന്നവർ
text_fieldsമമ്മികൾ എന്ന പേരുകേട്ടാൽ ആദ്യം ഓർമവരുക ഈജിപ്തിനെയാവും. ഈജിപ്തുകാരെപ്പോലെ ലോകത്തിന്റെ പല ഭാഗങ്ങളിലും മമ്മികൾ സൂക്ഷിക്കുന്ന ഇടങ്ങളുണ്ട്. ഫിലിപ്പീൻസിലെ കബായൻ എന്ന ചെറുപട്ടണത്തിന്റെ മലമ്പ്രദേശങ്ങളിൽനിന്നും ബി .സി രണ്ടായിരത്തിൽ ജീവിച്ചതെന്നു കരുതപ്പെടുന്ന മനുഷ്യരുടെ മമ്മികൾ കണ്ടെത്തിയിട്ടുണ്ട്. കബായനിലെ ഗുഹകളിൽനിന്നുമാണ് അവ കണ്ടെത്തിയിരിക്കുന്നത്.
കബായൻ മമ്മികളെ പൊതുവിൽ ഇബാലോയ് മമ്മി, ഫയർ മമ്മി, ബെൻഗു മമ്മി എന്നെല്ലാം വിളിക്കാറുണ്ട്. അവയുടെ പ്രത്യേകത എന്തെന്നാൽ ഒരു വ്യക്തി മരിക്കുന്നതിന് തൊട്ടു മുമ്പാണ് മമ്മിഫിക്കേഷൻ ആരംഭിക്കുന്നത്. ആ വ്യക്തിയുടെ ദഹന പ്രവർത്തനം അവസാനിക്കും മുമ്പ് ഉപ്പിട്ട പാനീയം ധാരാളമായി നൽകും. ആ വ്യക്തി മരിച്ചതിനുശേഷം മൃതദേഹത്തെ കുളിപ്പിക്കുകയും അതിനു ചുറ്റും തീയിട്ട് ശരീരത്തിനുള്ളിലെ ദ്രാവകങ്ങളെല്ലാം ബാഷ്പീകരിച്ചു കളയുകയും ചെയ്യും. ശേഷം ആന്തരികാവയവങ്ങളും മറ്റു ഭാഗങ്ങളും ഉണക്കിയെടുക്കാൻ പുകയിലയിൽ നിന്നുള്ള പുക വായിലേക്ക് കടത്തി വിടും. തുടർന്ന് വിവിധങ്ങളായ ഔഷധങ്ങൾ മൃതദേഹത്തിൽ പുരട്ടുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികൾ പൂർത്തിയായ ശേഷം പൈൻ മരം കൊണ്ട് നിർമിച്ച ശവപ്പെട്ടിയിൽ മൃതദേഹം വെക്കുകയും ഈ ശവപ്പെട്ടികൾ പ്രകൃതിദത്തമായ ഗുഹകളിലോ പാറക്കെട്ടുകളിലോ മനുഷ്യ നിർമിതമായ ശ്മശാനങ്ങളിലോ അടക്കം ചെയ്യുന്നു.
എ.ഡി1200 നും എ.ഡി 1500 നും ഇടയിൽ ജീവിച്ചിരുന്ന കബായനിന്റെ പരിസര പ്രദേശങ്ങളിലുള്ള ഇബാലോയ് ഗോത്രവർഗക്കാരാണ് ഈ മമ്മികൾ നിർമിച്ച് ഗുഹകളിൽ അടക്കം ചെയ്തതെന്ന് ഗവേഷകർ കരുതുന്നു. എന്നാൽ, ബി.സി രണ്ടായിരത്തിൽ തന്നെ മമ്മിഫിക്കേഷൻ ആരംഭിച്ചിരുന്നു എന്ന വാദവും നിലനിൽക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇവിടെയെത്തിയ പാശ്ചാത്യരായ മനുഷ്യരാണ് കബായൻ മമ്മികളെക്കുറിച്ച് ലോകത്തെ അറിയിച്ചത്. മമ്മികളെ കണ്ടെത്തിയ കബായനിലെ ഗുഹകളെ ദേശീയ സാംസ്കാരിക സ്വത്തായി ഫിലിപ്പീൻസിലെ സാംസ്കാരിക മ്യൂസിയം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.