
പണിതീരാത്ത ദേവാലയം
text_fieldsയുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടംനേടിയ ദേവാലയമാണ് സ്പെയിനിലെ ബാഴ്സലോണയിൽ സ്ഥിതിചെയ്യുന്ന ലാ സാഗ്രഡ ഫാമിലിയ. ഈ ദേവാലയത്തിന്റെ നിർമാണം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലധികമായെങ്കിലും ഇതുവരെ പണി പൂർത്തിയായിട്ടില്ലെന്നതാണ് പ്രത്യേകത.
1882ലാണ് ലാ സാഗ്രഡ ഫാമിലിയയുടെ നിർമാണം ആരംഭിക്കുന്നത്. അന്നത്തെ പ്രമുഖ സ്പാനിഷ് ആർക്കിടെക്ടായ ഫ്രാൻസിസ്കോ ഡെൽ വില്ലാറിന്റെ നേതൃത്വത്തിലാണ് നിർമാണം ആരംഭിച്ചത്. ഒരു വർഷത്തിനുശേഷം ചർച്ച് കൗൺസിലുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം അദ്ദേഹം പദ്ധതി ഉപേക്ഷിച്ചു. തുടർന്ന് നിർമാണച്ചുമതല ഏറ്റെടുത്തത് സ്പാനിഷ് ആർക്കിടെക്ടായിരുന്ന അന്റോണി ഗൗഡിയായിരുന്നു. 'പാവങ്ങളുടെ കത്തീഡ്രൽ' എന്ന് വിളിക്കുന്ന ഈ പള്ളിയുടെ നിർമാണം ഗോതിക് - കർവിലീനിയർ ശൈലികൾ ഉപയോഗിച്ചായിരുന്നു. 1926ൽ ഗൗഡി അന്തരിക്കുമ്പോൾ പള്ളിയുടെ നിർമാണത്തിന്റെ കാൽഭാഗംപോലും പൂർത്തിയായിരുന്നില്ല.
1936-1939 സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത് പള്ളിയുടെ നിർമാണം തടസ്സപ്പെട്ടു. 1936ൽ വിപ്ലവകാരികൾ ദേവാലയത്തിന് തീയിടുകയും ഗൗഡി തയാറാക്കിയ രൂപരേഖയും മറ്റും ഭാഗികമായി നശിപ്പിക്കുകയും ചെയ്തു. തുടർന്ന് പള്ളിയുടെ നിർമാണം പൂർവാവസ്ഥയിലെത്താൻ പിന്നെയും 16 വർഷങ്ങൾ വേണ്ടിവന്നു. തുടർന്നിങ്ങോട്ട് നിർമാണപ്രവൃത്തികൾ വേഗത്തിലായി. 2010 ആയപ്പോഴേക്കും നിർമാണത്തിന്റെ പകുതിഭാഗം പൂർത്തിയായി. അതേ വർഷംതന്നെ പോപ്പ് ബെനഡിക്ട് പതിനാറാമൻ ദേവാലയത്തിന്റെ പ്രതിഷ്ഠാകർമം നിർവഹിച്ചു. 2026 ഓടെ ദേവാലയത്തിന്റെ പണി പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികളും ഭരണകൂടവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.