വെള്ളച്ചാട്ടത്തിന് നടുവിലൊരു റസ്റ്റാറന്റ്
text_fieldsചെരിപ്പിട്ടവർക്ക് പ്രവേശനമില്ലാത്ത റസ്റ്റാറന്റ്. വെറുമൊരു റസ്റ്റാറന്റല്ല, വെള്ളച്ചാട്ടത്തിന് കീഴിൽ നടുവിലാണ് ഇതിന്റെ നിൽപ്. ഫിലിപ്പീൻസിലെ സാൻ പാബ്ലോ സിറ്റിയിൽ വില്ല എസ്കുഡെറോ പ്ലാന്റേഷൻസ് ആൻഡ് റിസോർട്ടിൽ സ്ഥിതിചെയ്യുന്ന ലാബാസിൻ വാട്ടർഫാൾ റെസ്റ്റാറന്റാണ് താരം.
രുചികരമായ ഭക്ഷണം കഴിക്കുക മാത്രമല്ല, വെള്ളച്ചാട്ടത്തിന് നടുവിൽ കസേരയിലിരുന്ന് കാഴ്ചകൾ ആസ്വദിക്കുകയും ചെയ്യാം. എന്നാൽ, ആഹാരം കഴിക്കാൻ അവിടേക്ക് ചെല്ലും മുമ്പ് ഒരുകാര്യം ശ്രദ്ധിക്കണമെന്നുമാത്രം. ചെരിപ്പിടാതെ വേണം ഇവിടേക്ക് പ്രവേശിക്കാൻ. റസ്റ്റാറന്റിലെ ഡൈനിങ് ഒരുക്കിയിരിക്കുന്നത് വെള്ളച്ചാട്ടത്തിന് കീഴിലായതിനാലാണ് കാരണം.
മുളകൊണ്ടാണ് ഡൈനിങ് ടേബിളുകളുടെയും ബെഞ്ച്, കസേര എന്നിവയുടെയും നിർമാണം. ഫിലിപ്പീൻസിന്റെ പരമ്പരാഗത രീതിയിൽ വാഴയിലയിൽ ആഹാരം വിളമ്പും. രാജ്യത്തെ തനതു വിഭവങ്ങളും സമുദ്രവിഭവങ്ങളും പ്രത്യേകതരം പ്രാദേശിക ഭക്ഷണങ്ങളും ഇവിടെ ലഭിക്കും. ആഹാരം കഴിക്കുന്നതിനൊപ്പം ശുദ്ധജലം കാലുകളെ തഴുകി ഒഴുകിപ്പോകുകയും ചെയ്യും.
എന്നാൽ, ലാബാസിൻ റസ്റ്റാറന്റിലെ വെള്ളച്ചാട്ടം പ്രകൃതിദത്തമല്ല. ഫിലിപ്പീൻസിലെ പ്രധാന ജലവൈദ്യുതി നിലയമായ ലാബാസിൻ അണക്കെട്ടിൽ നിന്നും ഒഴുകിവരുന്ന ജലത്തെ കൃത്രിമരീതിയിൽ വെള്ളച്ചാട്ടമാക്കി ഒരുക്കിയിരിക്കുകയാണ് റസ്റ്റാറന്റ് അധികൃതർ. എങ്കിലും ഇവിടെയെത്തുന്ന ഓരോ സഞ്ചാരിക്കും അവിസ്മരണീയമായ ഒരു ഡൈനിങ് അനുഭവം തന്നെയാണ് ലാബാസിൻ സമ്മാനിക്കുന്നത്. ആഹാരം കഴിക്കാൻ മാത്രമല്ല, ഇവിടത്തെ തെളിമയാർന്ന ജലത്തിൽ കുളിക്കാനും സഞ്ചാരികൾക്ക് അവസരം ലഭിക്കും. ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽനിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്താൽ വെള്ളച്ചാട്ടത്തിലെ റസ്റ്റാറന്റിനരികിലെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.