ദ്വീപ് നിറഞ്ഞ തടാകം
text_fieldsവൈവിധ്യങ്ങൾ നിറഞ്ഞ മണിപ്പൂരിലെ ലോക്തക് തടാകത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? തലസ്ഥാന നഗരമായ ഇംഫാലിൽനിന്നും 53 കിലോമീറ്റർ അകലെയാണ് ഈ തടാകം.
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം, ലോകത്തിലെ ഒരേയൊരു ഫ്ലോട്ടിങ് തടാകം, വടക്കുകിഴക്കൻ ഇന്ത്യയുടെ രത്നം തുടങ്ങിയവയെല്ലാം ലോക് തക് തടാകത്തിന്റെ വിശേഷണങ്ങളാണ്. മണിപ്പൂരിന്റെ സമ്പദ്വ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്ന ലോക്തക് തടാകം മുകളിൽനിന്ന് നോക്കിയാൽ ദ്വീപുകളാൽ നിറഞ്ഞതാണെന്നുതോന്നും. പക്ഷേ, യഥാർഥത്തിൽ ഇവ ദ്വീപുകളല്ല. ജൈവവസ്തുക്കൾ, സസ്യജാലങ്ങൾ, മണ്ണ് എന്നിവയുടെ ശേഖരമാണത്. ഫംഡിസ് എന്നറിയപ്പെടുന്ന സസ്യജാലങ്ങളുടെയും മണ്ണിന്റെയും ശേഖരം വർഷങ്ങളെടുത്ത് ദ്വീപുകളെപ്പോലെ രൂപമാറ്റംവരും.
ഏകദേശം 240 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോക്തകിലെ ഫ്ലോട്ടിങ് ദ്വീപിൽ വീടുകളുമുണ്ട്. തടാകത്തിലെ മത്സ്യങ്ങളാണ് ഇവിടെ ജീവിക്കുന്നവരുടെ ഉപജീവന മാർഗം. ഫ്യുംഷോങ് എന്നാണ് ഇവരെ വിളിക്കുക. ജലസേചനം, ജലവൈദ്യുതി ഉൽപാദനം, കുടിവെള്ള വിതരണം എന്നിവക്കായി പ്രദേശവാസികൾ ലോക് തക് തടാകത്തെ ആശ്രയിക്കുന്നു. നാനൂറിലധികം മൃഗങ്ങളുടെയും അപൂർവയിനം പക്ഷികളുടെയും വിഹാര കേന്ദ്രം കൂടിയാണ് ലോക്തക്.
ലോകത്തിലെ ഏക പൊങ്ങിക്കിടക്കുന്ന, ഒഴുകുന്ന നാഷനൽ പാർക്കായ കെയ്ബുൾ ലാംജാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത് ലോക്തക് തടാകത്തിലാണ്. സിംഗായ് എന്ന വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന പ്രത്യേകതരം മാനുകളുടെ ആവാസപ്രദേശം കൂടിയാണിവിടം. തടാകത്തിൽ ഫംഡിസിന്റെ അളവ് മത്സ്യം ഉൾപ്പെടെയുള്ള പല ജലജീവികൾക്കും ഭീഷണിയാകുന്നുണ്ട്. എന്നാൽ, ഫംഡിസ് ഇല്ലാതായാൽ തടാകത്തിലെ ദേശീയ ഉദ്യാനം, അതിൽ ജീവിക്കുന്ന മാനുകൾ എന്നിവയുടെ നിലനിൽപ് അവതാളത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.