രഹസ്യം പറയുന്ന മഴവിൽ മരങ്ങൾ
text_fieldsകുഞ്ഞുങ്ങൾ മുതൽ മുതിർന്നവർവരെ ആർക്കായാലും എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ് ഏഴു വർണങ്ങൾ ചാലിച്ച മഴവില്ല്. മഴവില്ലിനെ വർണിച്ച് നിരവധി കഥകളും കവിതകളും നമ്മൾ വായിച്ചിട്ടുണ്ടാവും. അത്രയേറെ ഇഷ്ടം നമുക്ക് മഴവില്ലിനോടുണ്ട്. ഇടക്കെപ്പോഴെങ്കിലും മാത്രം മാനത്ത് കാണുന്ന ഈ കാഴ്ച എല്ലാവരും നോക്കിനിൽക്കാറുമുണ്ട്. മഴവില്ലിെൻറ ഭംഗിയത്രയും ചാലിച്ചുവെച്ച ഒരു മരമുണ്ട് ഇൗ ഭൂമിയിൽ. ഹവായ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, പാപ്വന്യൂഗിനി തുടങ്ങിയ രാജ്യങ്ങളിലായി കാണപ്പെടുന്ന യൂക്കാലിപ്റ്റ്‌സ് ഡെഗ്ലപ്റ്റ്, മിൻറാനാവോ ഗം, മഴവില്‍പശ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന റെയിൻബോ യൂക്കാലിപ്റ്റസ് മരമാണ് ഇൗ കൗതുകം നമുക്ക് കാണിച്ചുതരുന്നത്.
കടലാസ് നിർമിക്കാനാവശ്യമായ പൾപ്പിനുവേണ്ടിയാണ് ഈ മരം പ്രധാനമായും ഉപയോഗിക്കുന്നത്. അലങ്കാരത്തിനുവേണ്ടിയും ഇത് നട്ടുവളര്‍ത്താറുണ്ട്. 1918-26 കാലഘട്ടത്തില്‍ ഫിലീപ്പിന്‍സിലാണ് ഈ മരം ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. ഹവായ് ദ്വീപിലെ അമിതമായ മണ്ണൊലിപ്പ് തടയുന്നതിനായി 1930കളിൽ ഈ മരങ്ങൾ അവിടെ െവച്ചുപിടിപ്പിച്ചു. ഇവയുടെ തടിയിലുണ്ടാകുന്ന വിവിധ വർണങ്ങൾ വർഷം മുഴുവനും അവയെ നിറപ്പകിട്ടുള്ളതായി നിലനിർത്തുന്നു. ഓരോ വർഷവും വിവിധ സമയങ്ങളിൽ മഴവിൽമരങ്ങൾ അവയുടെ തൊലി പൊഴിച്ചുകൊണ്ടിരിക്കും. അങ്ങനെ വീണ്ടും തെളിഞ്ഞുവരുന്ന പുറം തൊലിയിൽ ആദ്യം ഇളംപച്ച നിറമായിരിക്കും ഉണ്ടാവുക. പിന്നീട് ഇവ നീല, പർപ്പിൾ, ഓറഞ്ച്, മെറൂൺ തുടങ്ങിയ നിറങ്ങളായി മാറി നമ്മെ അത്ഭുതപ്പെടുത്തുന്നു. ഏതോ ഒരു വിരുതൻ ചായങ്ങൾകൊണ്ട് മനോഹരമാക്കിയ ഒരു ചിത്രംപോലെ തോന്നുന്ന ഈ മരങ്ങളിലെ പുഷ്‌പങ്ങളിലും പഴങ്ങളിലും ശരത്കാല ഇലകളിലും വ്യത്യസ്തമായ നിറങ്ങൾ കാണപ്പെടാറുണ്ട്. വെളുപ്പ് നിറത്തിലുള്ള പൂക്കൾ വൃക്ഷത്തെ കൂടുതൽ സുന്ദരിയാക്കുകയും ചെയ്യുന്നു.
വർഷത്തിൽ ശരാശരി ആറടി വരെ ഉയരവും 95 ഇഞ്ച് വരെ വ്യാസവും വെക്കാൻ സാധിക്കുന്ന മഴവിൽമരങ്ങളുടെ ഇലകളിൽനിന്നുമുണ്ടാകുന്ന എണ്ണക്ക് ഔഷധഗുണമുണ്ടെന്ന് പറയപ്പെടുന്നു. മറ്റ് യൂക്കാലിപ്റ്റസ് മരങ്ങളുടെ ഇലകളിൽനിന്നു ലഭിക്കുന്ന എണ്ണയേക്കാൾ വളരെ കുറച്ച് മാത്രം എണ്ണ ലഭിക്കുന്നതിനാൽ എണ്ണയുടെ വാണിജ്യ ഉൽപാദനത്തിനായി മഴവിൽ മരങ്ങളെ ഉപയോഗിക്കാറില്ല. തുറസ്സായ പ്രദേശങ്ങൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ വളരുന്ന ഇവ മഞ്ഞില്ലാത്ത കാലാവസ്ഥ ഏറെ ഇഷ്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.