'റോയൽ' ഗാർഡൻ
text_fieldsവിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി മനുഷ്യൻ പ്രകൃതിയിലൊരുക്കിയ പാഠശാലകളാണ് ബൊട്ടാണിക്കൽ ഗാർഡനുകൾ. ലോകത്തിലെ ഏറ്റവും വലിയ സസ്യോദ്യാനമാണ് ലണ്ടനിലുള്ള റോയൽ ബൊട്ടാണിക് ഗാർഡൻ. ക്യൂ ഗാർഡൻസ് എന്ന പേരിലും അറിയപ്പെടുന്ന ഇത് 2003ൽ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
വർഷങ്ങൾക്കു മുമ്പേ ക്യൂ ഗാർഡന്റെ നിർമാണം ആരംഭിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. 1299 കാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ ഭരണാധികാരി ക്യൂ ഗാർഡന് സമീപം രാജകീയ തനിമയുള്ള ഭവനങ്ങൾ നിർമിച്ചിരുന്നു. 1500ൽ അന്നത്തെ രാജാവായിരുന്ന ഹെൻറി ഏഴാമൻ രാജാവ് തന്റെ വസതിയായ റിച്ച്മണ്ട് പാലസ് ക്യൂ ഉദ്യാനത്തിനു സമീപം പണി കഴിപ്പിച്ചതോടെ ഉദ്യാനത്തിന്റെ പ്രാധാന്യം വർധിച്ചു. കാലങ്ങൾക്കുശേഷം വെയിൽസിലെ രാജകുമാരിയായ അഗസ്റ്റ, ഉദ്യാനത്തെ ആധുനികരീതിയിൽ നവീകരിച്ചു. 1722 ൽ റിച്ച്മണ്ട് എസ്റ്റേറ്റും ക്യൂ ഉദ്യാനവും ഒന്നാവുകയും 1840 ൽ റോയൽ ഹോൾട്ടി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് വില്യം കാവൻഡിഷിന്റെ പ്രവർത്തനഫലമായി ക്യൂ ഉദ്യാനത്തെ ദേശീയ ബൊട്ടാണിക്കൽ ഗാർഡൻ ആയി അംഗീകരിക്കുകയും ചെയ്തു.
300 ഏക്കറിലായി പരന്നുകിടക്കുന്ന ഈ ഉദ്യാനത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലുതും വൈവിധ്യങ്ങൾ നിറഞ്ഞതുമായ സസ്യങ്ങളുണ്ട്. 30,000 ത്തിൽ അധികം വ്യത്യസ്ത സസ്യങ്ങളാണ് ഇവിടെയുള്ളത്. ക്യൂ ഹെർബേറിയമാണ് ഉദ്യാനത്തിന്റെ പ്രധാന ആകർഷണം. 50 ലക്ഷത്തിലധികം സസ്യങ്ങളുടെ സാമ്പിളുകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
ക്യൂ ഗാർഡനിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊന്നാണ് ട്രീ ടോപ് നടപ്പാത. 18 മീറ്റർ ഉയരത്തിൽ മരങ്ങൾക്ക് മുകളിലൂടെ നിർമിച്ച ഈ നടപ്പാത സസ്യങ്ങളെ കൂടുതൽ അടുത്തറിയാൻ സഞ്ചാരികളെ സഹായിക്കുന്നു. ആമ്പൽപൂക്കൾക്കായി പ്രത്യേക ഇടം തന്നെ ഇവിടെ നിർമിച്ചിട്ടുണ്ട്. വാട്ടർ ലില്ലി ഹൗസ് എന്നാണ് അതിന്റെ പേര്. 1852 കാലഘട്ടത്തിൽ റിച്ചാർഡ് ടർണർ (Richard Turner) എന്ന വ്യക്തിയാണ് അതിന്റെ പണി പൂർത്തിയാക്കിയത്. തേനീച്ചകളുടെ ജീവിതവ്യവസ്ഥയെക്കുറിച്ച് പഠിക്കാനായി നിർമിച്ച 'ദി ഹൈവ്', ആൽപൈൻ സസ്യങ്ങൾക്കുവേണ്ടിയുള്ള ആൽപൈൻ ഹൗസ്, വ്യത്യസ്ത തരം പനകൾ വളരുന്ന പാം ഹൗസ് (Palm House) എന്നിവ ക്യൂ ഗാർഡന്റെ പ്രധാന ആകർഷണങ്ങളാണ്. 1,75,000 ലധികം പുസ്തകങ്ങളും ഡ്രോയിങ്ങുകളും ഉൾപ്പെടുന്ന ലൈബ്രറി ഈ ഉദ്യാനത്തിന്റെ ഭാഗമാണ്. എല്ലാ ദിവസവും രാവിലെ പത്തുമുതൽ രാത്രി എട്ടുവരെ ഇവിടം സന്ദർശനം അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.