ഗോൾ പോസ്റ്റിനു വലയുണ്ടായ കഥ അറിയാമോ?
text_fieldsഫുട്ബാളിനെ മതമായും ജീവിതശൈലിയായും നെഞ്ചേറ്റി പാടത്തും പറമ്പിലും മൈതാനങ്ങളിലും കാലുകൾ കൊണ്ട് വിസ്മയം തീർക്കുന്ന ഒരുപാട് മനുഷ്യർ നമ്മുടെ ഈ ലോകത്തുണ്ട്. വി.പി. സത്യൻ, ഐ.എം. വിജയൻ, പെലെ, ലയണൽ മെസ്സി , നെയ്മർ തുടങ്ങിയ കാൽപന്തുകൊണ്ട് വിസ്മയം തീർത്തവർ നമുക്കെന്നും പ്രിയപ്പെട്ടവരാണ്. പരസ്പരം പോരടിക്കുന്ന മത്സരമാണ് കാൽപന്തെങ്കിലും ഈ ശത്രുതയെല്ലാം കളിക്കളത്തിൽതന്നെ തീരുകയും കളികഴിഞ്ഞ് പരസ്പരം കൈകൊടുത്തും കെട്ടിപ്പിടിച്ചും മൈതാനം വിടുകയും ചെയ്യുന്ന ഫുട്ബാളിനെ ലോകം എന്നും നെഞ്ചേറ്റുന്നു. ഫുട്ബാളിെൻറ കോർട്ട് കൂട്ടുകാർ കണ്ടിട്ടില്ലേ? ആ കോർട്ടിലെ ഗോൾപോസ്റ്റിനു പിറകിൽ ഒരു വല കെട്ടിയിട്ടുള്ളതും കണ്ടിട്ടുണ്ടാകും. എന്തിനായിരിക്കും ഇങ്ങനെയൊരു വല അവിടെ കെട്ടിയിട്ടുണ്ടാവുക? പന്ത് തെറിച്ചുപോവാതിരിക്കാനാവും എന്നല്ലേ നാമെല്ലാം കരുതുക. അങ്ങനെയെങ്കിൽ കോർട്ടിന് ചുറ്റും വല കെട്ടേണ്ടതല്ലേ. ഇങ്ങനെ ഗോൾ പോസ്റ്റിനു പിറകിൽ വലകെട്ടാൻ ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞതേയുള്ളൂ. അതിനൊരു കാരണവുമുണ്ടായിരുന്നു.
1889ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ വാശിയേറിയ ഫുട്ബാൾ മത്സരം നടക്കുകയാണ്. Everton-Accrington ടീമുകൾ തമ്മിലാണ് മത്സരം. മത്സരത്തിനിടക്കെപ്പോഴോ ടീമുകൾ തമ്മിൽ തർക്കമുണ്ടായി. ഒരു ടീം അടിച്ച ഗോളിെൻറ കാര്യത്തിലായിരുന്നു തർക്കം. ഗോൾപോസ്റ്റിൽ തട്ടി പാഞ്ഞു പോയ പന്ത് പുറത്തുകൂടിയാണോ അകത്തുകൂടിയാണോ പോയത് എന്നായിരുന്നു സംശയം. അത്രയും വേഗത്തിൽ പാഞ്ഞുപോയ പന്ത് ഗോൾ ആയോ എന്ന് ഉറപ്പിച്ചുപറയുക പോലും അസാധ്യമായിരുന്നു. ഇന്നത്തെ കാലത്തെ പുതിയ ടെക്നോളജികളോ വിഡിയോ കാമറയിലെ റീപ്ലേയോ ഒന്നും അന്നില്ലല്ലോ. അങ്ങനെ രണ്ട് -രണ്ട് എന്ന സമനിലയിൽ അന്ന് മത്സരം അവസാനിപ്പിക്കുകയായിരുന്നു. മത്സരം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ജോൺ ബ്രോഡി എന്ന എൻജിനീയർക്ക് ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നു തോന്നി. അങ്ങനെ 1889 നവംബർ മാസത്തിൽ ഗോൾ പോസ്റ്റിനു പിറകിൽ ഒരു വല കെട്ടിയാൽ പ്രശ്നം പരിഹരിക്കാമെന്ന ആശയം അദ്ദേഹം ഫുട്ബാൾ അധികൃതർക്ക് മുന്നിൽ സമർപ്പിച്ചു. അടുത്ത വർഷം അധികൃതർ അതിനു അംഗീകാരം നൽകുകയും ചെയ്തു.
അങ്ങനെ 1891 മാർച്ച് മാസത്തിൽ ലണ്ടനിലെ ഓവലിൽ നടന്ന ഫുട്ബാൾ മത്സരത്തിൽ ഈ ആശയം ആദ്യമായി പരീക്ഷിച്ചുനോക്കി. അന്നുമുതൽ ഗോൾപോസ്റ്റിനു പിന്നിലെ വല സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങി. തെൻറ ജീവിതത്തിലെ മഹത്തായ കണ്ടുപിടിത്തമാണിതെന്നാണ് ബ്രോഡി ഒരിക്കൽ ഇതിനെ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.