കുതിരപ്പാവകളുടെ കളിക്കൂട്ടുകാരി
text_fieldsകളിപ്പാട്ടങ്ങളുടെ ലോകത്തിൽ കുഞ്ഞുങ്ങൾക്ക് ഏറെ പ്രിയമുള്ള ഒന്നാണ് കുതിരപ്പാവകൾ. ആടുന്ന കുതിരയിൽ കയറി താളത്തിലങ്ങനെ ആടി ഉല്ലസിക്കാൻ കുഞ്ഞുങ്ങൾക്ക് ഏറെ ഇഷ്ടമാണ്. മാന്ത്രികക്കുതിരകളിലേറി ഏഴു കടലും കടന്ന് പറന്നുപോവുന്ന ചങ്ങാതിമാരുടെ കഥകൾ നമ്മൾ വായിച്ചിട്ടുമുണ്ട്. കുതിരകളുടെ കളിപ്പാട്ടങ്ങൾ സൂക്ഷിച്ചുവെക്കുന്ന ഒത്തിരി ചങ്ങാതിമാർ നമുക്കിടയിലുണ്ട്. അവരിലൊരാളാണ് ബ്രിട്ടീഷ് വംശജയായ സ്റ്റെഫാനി നസെല്ലോ.
സ്റ്റെഫാനിക്ക് മൂന്നു വയസ്സുള്ളപ്പോൾ ഭംഗിയുള്ള ഒരു കുതിരയുടെ പാവ സമ്മാനമായി കിട്ടിയിരുന്നു. അന്നുമുതൽ അവളുടെ ജീവിതം കുതിരപ്പാവയുടെ ലോകത്തായി. പഠനകാര്യങ്ങളിൽ ഇത്തിരി മടിയുള്ള അവളെ കൂട്ടുകാർ എന്നും കളിയാക്കിയിരുന്നു. അതോടെ സ്റ്റെഫാനി പാവക്കുതിരയുമായി കൂടുതൽ അടുത്തുതുടങ്ങി. അങ്ങനെ വിവിധ വലുപ്പത്തിലും നിറങ്ങളിലുമുള്ള കുതിരപ്പാവകളെ അവൾ ശേഖരിച്ചു വെച്ചു. ഊണിലും ഉറക്കത്തിലുമെല്ലാം കുതിരപ്പാവകളെ കുറിച്ചുള്ള ചിന്തകൾ മാത്രമായി അവൾക്ക്.
ഏകദേശം നാലായിരത്തോളം കുതിരപ്പാവകൾ ഇന്ന് അവളുടെ ശേഖരത്തിലുണ്ട്. ഇവയിൽ പലതും 1980 കാലഘട്ടത്തിലുള്ളവയാണ്. അവയിൽ ഏറെയും ഭംഗിയുള്ള അവയുടെ പെട്ടികളിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റെഫാനിയുടെ വീടിന്റെ ഒരു മുറിതന്നെ പാവ ശേഖരത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. 30,000 പൗണ്ട് വിലമതിക്കുന്ന പാവകളാണ് ഈ മിടുക്കിയുടെ കൈയിലുള്ളത്. അതായത് 22 ലക്ഷം രൂപ വരും ആ പാവകൾക്ക്. ഇന്നത്തെ കാലത്ത് വിപണികളിൽ പോലും ലഭ്യമല്ലാത്ത പാവകൾ അവളുടെ കൈയിലുണ്ട്.
പതിമൂന്ന് അലമാരകളിലായി സൂക്ഷിച്ചുവെച്ച പാവശേഖരം സ്റ്റെഫാനിയെ കൂട്ടുകാർക്കിടയിൽ പ്രിയമുള്ളവളാക്കി മാറ്റി. എല്ലാ പാവകളെയും അവൾ ഒരുപോലെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ഡയമണ്ട് ഡ്രീംസ്, പെപ്പർമിന്റ് ക്രഞ്ച് തുടങ്ങിയ പാവകളോടാണ് അവൾക്കേറെ പ്രിയം. ദ പോണി റൂം എന്ന പേരിൽ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സ്റ്റെഫാനി അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ട്. അവളുടെയും കുതിരപ്പാവകളുടെയും വിശേഷങ്ങളറിയാൻ നിരവധി പേർ അക്കൗണ്ടുകളിലെത്താറുണ്ട്. തനിക്കേറെ പ്രിയമുള്ള കുതിരപ്പാവകളുടെ ശേഖരം ഇനിയും വർധിപ്പിക്കാനാണ് അവളുടെ തീരുമാനം. അതിനായി പാവക്കടകൾ, ഓൺലൈൻ ഷോപ്പുകൾ എന്നിവിടങ്ങളിൽ കുതിരപ്പാവകളെ കണ്ടെത്തുന്ന തിരക്കിലാണവൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.