മരണശേഷവും ജീവിക്കുന്നവർ
text_fieldsമരണശേഷവും ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് അറിയാമോ? ഇന്തോനേഷ്യയിലെ സുലുവേസി ദ്വീപിലെ ടൊറാജൻ എന്ന ജനവിഭാഗമാണ് മരണത്തെ വേറിട്ട രീതിയിൽ കാണുന്നത്. സാധാരണ മനുഷ്യരുടെ മൃതദേഹം മറവുചെയ്യുകയോ ദഹിപ്പിക്കുകയോയാണ് പതിവ്. എന്നാൽ, ടൊറാജൻ ജനത മരണശേഷം മാസങ്ങളോളം അല്ലെങ്കിൽ വർഷങ്ങളോളവും മൃതദേഹം കാത്തുസൂക്ഷിക്കും.
ഫോർമാലിൻ ലായനി ഉപയോഗിച്ചാണ് മൃതദേഹം കേടാകാതെ വെക്കുന്നത്. ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെപ്പോലെ അവർ മരിച്ചവർക്കും സ്ഥാനം നൽകും.
മരിച്ചു മാസങ്ങൾക്കുശേഷമുള്ള വിപുലമായ മരണാനന്തര ചടങ്ങ് കഴിയുന്നതുവരെ മൃതശരീരം കുടുംബത്തിലെ അംഗങ്ങളോടൊപ്പം കഴിയും. മരിച്ചവർ ജീവിച്ചിരിക്കുന്നതായി സങ്കൽപിച്ച് നാലു നേരവും ആഹാരവും വസ്ത്രങ്ങളും നൽകും. മറ്റുചിലർ മൃതദേഹവുമായി കറങ്ങാനും ഫോട്ടോ എടുക്കാനും പോകും. വർഷങ്ങളോളം അത്തരത്തിൽ മൃതദേഹം സൂക്ഷിക്കുന്നവരും ടൊറാജൻ ജനവിഭാഗത്തിലുണ്ട്.
ടൊറാജനുകൾക്ക് മരണമെന്നാൽ ജീവിതത്തിന്റെ തുടർച്ചയാണ്. വിവാഹംപോലെ മരണവും ആഘോഷിക്കും. മാസങ്ങൾക്കുശേഷം മൃതദേഹം അടക്കുന്ന പെട്ടിയിലേക്ക് മാറ്റുമ്പോഴാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. അവിടെ ഭക്ഷണവിതരണവും സംഗീതത്തിന്‍റെ അകമ്പടിയുമുണ്ടാകും. അതുവരെ ഭാര്യയോ അല്ലെങ്കിൽ ഭർത്താവോ അടുത്ത ബന്ധുക്കളോ മൃതദേഹത്തിന് സമീപമുണ്ടാകും. മരിച്ചയാൾ ഒറ്റക്കാവരുത് എന്ന ആചാരം അനുസരിച്ചാണിത്.
സംസ്കാരം കഴിഞ്ഞാലും രണ്ടാമതൊരു മരണാനന്തര ചടങ്ങുകൂടി ഇവർ സംഘടിപ്പിക്കും. മാ നെനെ എന്നാണ് ഈ ചടങ്ങിന് പേര്. മൃതദേഹത്തെ പുറത്തെടുത്ത് വൃത്തിയാക്കി പുതിയ വസ്ത്രങ്ങളണിയിച്ച ശേഷം ചുറ്റും പരേഡ് ചെയ്യും. തുടർന്ന് പുതിയ പെട്ടിയിലാവും അടക്കംചെയ്യുക. ഈ ആചാരത്തിന് എത്രകാലം പഴക്കമുണ്ടെന്നതിന് ഇന്നും വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.