ജീവിച്ചിരിക്കുന്ന ദിനോസർ
text_fieldsപലനിറത്തിലും രൂപത്തിലുമുള്ള മത്സ്യങ്ങളെ നമുക്കറിയാം. കുഞ്ഞൻ ഗപ്പി മുതൽ കൂറ്റൻ തിമിംഗലം വരെ അക്കൂട്ടത്തിൽപ്പെടും. ലോകത്താകമാനം 30,000ത്തിലധികം മത്സ്യവർഗങ്ങളുണ്ടെന്ന് കണക്കുകൾ. കണ്ടാൽ ആരും നോക്കിനിന്നുപോവുന്ന രൂപവും എന്നാൽ ആക്രമണ സ്വഭാവവുമുള്ള നിരവധി ഭീകരന്മാരും മത്സ്യലോകത്തുണ്ട്. അവയിൽ പ്രധാനിയാണ് വാമ്പയർ ആരൽ.
പൗച്ച്ഡ് ലാംപ്രേസ് എന്ന യഥാർഥ നാമമുള്ള ഇവ കടൽജീവികളുടെ ശരീരത്തിൽനിന്നും രക്തം വലിച്ചുകുടിച്ച് ജീവിക്കുന്നത്. അതിനാലാകണം ഇവയ്ക്ക് വാമ്പയർ മത്സ്യം എന്ന പേരുവന്നതും. ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുേമ്പ ഇവ ഭൂമിയിൽ ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം ജീവന് ഭീഷണി നേരിടുന്ന വാമ്പയർ മത്സ്യങ്ങളെ 20 വർഷത്തിനു ശേഷം പടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ മാർഗരറ്റ് നദിയിൽ കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. ടൂർ ഗൈഡായ സീൻ ബ്ലോക്സിഡായിരുന്നു ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്.
ഒരിക്കൽ സഞ്ചാരികളുമായി യാത്ര ചെയ്യുമ്പോൾ മാർഗരറ്റ് നദിയിൽ അര ഡസനോളം വരുന്ന വാമ്പയർ മത്സ്യക്കൂട്ടത്തെ സീൻ ബ്ലോക്സിഡ് യാദൃച്ഛികമായി കാണുകയായിരുന്നു. നദിയിലെ ആഴം കുറഞ്ഞ ഭാഗത്ത് നീലനിറത്തിലുള്ള ട്യൂബ് കിടക്കുകയാണെന്നാണ് സീൻ ആദ്യം കരുതിയത്. എന്നാൽ വ്യക്തമായി പരിശോധിക്കാൻ അടുത്ത് ചെന്നപ്പോഴാണ് അത്തരത്തിലുള്ള അഞ്ചു മത്സ്യങ്ങളെക്കൂടി അദ്ദേഹം കണ്ടെത്തിയത്.
ചുഴി പോലെ വൃത്താകൃതിയിലുള്ള നിരന്ന പല്ലുകളാണ് വാമ്പയർ മത്സ്യത്തിന്റെ പ്രധാന പ്രത്യേകത. താടിയെല്ലുകളില്ലാത്ത ഈ ചങ്ങാതിമാരുടെ ജീവിതത്തിന്റെ ആദ്യ കാലം ശുദ്ധജലത്തിലായിരിക്കും. പിന്നീട് നദിയിൽനിന്നും കടലിലേക്കെത്താറാണ് പതിവ്. ഇണചേരുന്ന കാലമാവുമ്പോഴേക്കും തിരികെ നദികളിലേക്ക് യാത്രയാവുകയും മുട്ടയിട്ട ശേഷം മരിക്കുകയും ചെയ്യുന്നു. വായുടെ ആകൃതി കണക്കിലെടുത്തും ഭൂമിയിലെ ജീവിതകാലം പരിഗണിച്ചും ജീവിച്ചിരിക്കുന്ന ദിനോസർ എന്നാണ് ഈ ഭീകരർ അറിയപ്പെടുന്നത്. ശുദ്ധജലസ്രോതസ്സുകളിലെ ലവണാംശം കൂടുന്ന അവസ്ഥ വാമ്പയർ മത്സ്യത്തിന്റെ പ്രജനന പ്രക്രിയയെ സാരമായി ബാധിക്കുന്നതിനാൽ അവ വംശനാശ ഭീഷണി നേരിടാനുള്ള സാധ്യതയേറെയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.