Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Electricity Energy Source
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightവൈദ്യുതി...

വൈദ്യുതി പ്രവഹിക്കുമ്പോൾ...

text_fields
bookmark_border

രാജ്യത്ത് വൈദ്യുതി പ്രതിസന്ധി, പവർകട്ട്... അടുത്തിടെ ഈ തലക്കെട്ടുകളിൽ വാർത്തകൾ വന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കു​മല്ലോ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ രാത്രി കുറച്ചുസമയ​ത്തേക്കെങ്കിലും വൈദ്യുതി നിലച്ചിരുന്നു.

വീട്ടാവശ്യങ്ങൾക്ക് മാത്രമല്ല, വാഹനങ്ങളിൽ വരെ വൈദ്യുതി ഉപയോഗിക്കുന്ന ഇക്കാലത്ത് സ്വിച്ചിട്ടാൽ ബൾബ് കത്തുമെന്നും ഫാൻ കറങ്ങുമെന്നും മാത്രം അറിഞ്ഞാൽ മതിയോ. അടിസ്ഥാന സൗകര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വൈദ്യുതി. വ്യവസായം, കൃഷി, വാർത്തവിനിമയം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി സകല മേഖലകളും വൈദ്യുതിയെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടുപോവുന്നത്. താപവൈദ്യുതി, ജലവൈദ്യുതി തുടങ്ങി പലതരത്തിലും വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട്. വൈദ്യുതിയെക്കുറിച്ച് കൂടുതൽ അറിയാം.

വൈദ്യുതിയുടെ ചരിത്രം

ആദ്യകാലത്ത് മരക്കറ ഉറഞ്ഞ് ശിലാരൂപമായ ആംബർ കമ്പിളിയിൽ ഉരസുമ്പോൾ തലമുടി പോലുള്ള വസ്തുക്കളെ ആകർഷിക്കുന്നുണ്ടെന്ന് പുരാതന ഗ്രീക്കുകാർ മനസ്സിലാക്കിയിരുന്നു. ബാഗ്ദാദി ബാറ്ററി എന്നറിയപ്പെടുന്ന ഒരിനം ഗാൽവനിക് സെല്ലുകളും വൈദ്യുത വിശ്ലേഷണത്തിന് ഉപയോഗപ്പെടുത്തിയിരുന്നു. ഇലക്ട്രിസിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ച തോമസ് ബ്രൗൺ, മിന്നൽ വൈദ്യുതിക്ക് തുല്യമാണെന്ന് തിരിച്ചറിഞ്ഞ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, ഇലക്ട്രിക് ഡിസ്ചാർജ് വൈദ്യുത പ്രവാഹത്തിനു സമാനമാണെന്ന് തിരിച്ചറിഞ്ഞ വില്യം വാട്സൺ എന്നിവർ വൈദ്യുതിയുടെ ചരിത്രത്തിൽ മികവുകൾ രേഖപ്പെടുത്തി.

ജലവൈദ്യുതി

അണക്കെട്ടുകളിൽ സംഭരിച്ച ജലത്തിന്റെ ഊർജം ഉപയോഗിച്ചാണ് ജലവൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഇന്ധനച്ചെലവ് വരുന്നില്ല എന്നതാണ് പ്രധാന ഗുണം. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഇടുക്കിയിലാണ്. ഭൂമിക്കടിയിലെ പവർ ഹൗസാണ് ഇടുക്കി പദ്ധതിയുടെ പ്രത്യേകത.

താപനിലയങ്ങൾ

താപനിലയങ്ങളിൽ താപോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന പ്രക്രിയയാണ് നടക്കുന്നത്. ഇതിനായി കൽക്കരി, നാഫ്ത, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കുന്നു.

പകരക്കാരനായി സോളാർ

സോളാർ പാനലുകൾ ഉപയോഗിച്ച് സൂര്യപ്രകാശത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാം. സൂര്യനിലെ ഊർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്നതിനായി സോളാർ സെല്ലുകൾ ഉപയോഗിക്കുന്നു. സൗരോർജത്തിലെ താപവികിരണങ്ങളെ നേരിട്ട് പ്രയോജനപ്പെടുത്തുന്ന ഉപകരങ്ങളാണ് സോളാർ വാട്ടർ ഹീറ്റർ, സോളാർ കുക്കർ, സോളാർ ഡ്രയർ തുടങ്ങിയവ. സോളാർ സംവിധാനം സ്ഥാപിക്കുന്നതുവഴി വീടുകൾക്കും കെട്ടിടങ്ങൾക്കുമുണ്ടാകുന്ന വൈദ്യുതി ബിൽ കുറക്കാം. ഗാർഹിക ഉപയോക്താക്കൾക്ക് വീടുകൾക്കു മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി സൗര എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതുവഴി ഉപയോക്താവിന് സബ്‌സിഡി നിരക്കിൽ വീടിനു മുകളിൽ സൗര പ്ലാന്റുകൾ സ്ഥാപിക്കാം.

പള്ളിവാസൽ പദ്ധതി

ജലമുപയോഗിച്ച് വൈദ്യുതിയുണ്ടാക്കുന്ന കേരളത്തിലെ ആദ്യ നിലയം ഇടുക്കി ജില്ലയിലെ പള്ളിവാസലിൽ ആയിരുന്നു. 1906ൽ മൂന്നാറിലെ കണ്ണൻദേവൻ കമ്പനിയാണ് ഇതു സ്ഥാപിച്ചത്. വർഷങ്ങൾക്കു ശേഷം ഈ സംരംഭം തിരുവിതാംകൂർ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുകയും 1933ൽ അംഗീകാരം നൽകുകയും ചെയ്തു.

കെ.എസ്.ഇ.ബി

കേരളത്തിലെ വൈദ്യുതി വിതരണച്ചുമതല കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനാണ്. 1957ലാണ് ഇത് നിലവിൽ വന്നു. കേരളത്തിൽ ആകെയുള്ള 26 ജലവൈദ്യുത പദ്ധതികളിൽ 24 എണ്ണവും കെ.എസ്.ഇ.ബിയുടെ കീഴിലാണുള്ളത്.

മാങ്കുളം മാതൃക

ഗ്രാമീണ വൈദ്യു‌തീകരണം ഉൽപാദനപരമായ ഉപയോഗത്തിന് എന്ന ആശയത്തോടുകൂടി വൈദ്യുതി ഉൽപാദിപ്പിച്ച് വിൽക്കുന്ന ആദ്യത്തെ പഞ്ചായത്താണ് ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമപഞ്ചായത്ത്. കെ.എസ്.ഇ.ബിയുമായി ഉണ്ടാക്കിയ പവർ പർച്ചേസ് എഗ്രിമെന്റ് പ്രകാരം കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷൻ നിശ്ചയിച്ച യൂനിറ്റിന് നാലു രൂപ 88 പൈസ നിരക്കിലാണ് പഞ്ചായത്ത് കെ.എസ്.ഇ.ബിക്ക് വൈദ്യുതി നൽകുന്നത്. പാമ്പുംകയം ജലസ്രോതസ്സാണ് ഈ പദ്ധതിക്കായി ഉപയോഗിച്ചത്.

തിരമാലയിൽനിന്ന് വൈദ്യുതി

സമുദ്രത്തിലെ തിരമാലകളുടെയും പ്രവാഹങ്ങളുടെയും ചലനത്തെ ഉപയോഗപ്പെടുത്തി വൈദ്യുതിയുണ്ടാക്കുന്നു. തിരമാലകളാൽ പ്രവർത്തിക്കുന്ന ടർബൈനുകൾ കരയോട് ചേർന്ന കടലിനടിയിലാണ് സ്ഥാപിക്കുന്നത്. ജലപ്രവാഹത്താലുണ്ടാകുന്ന ഊർജം ടർബൈനുകളെ കറക്കുകയും വൈദ്യുതി ഉൽപാദിപ്പിക്കുകയും ചെയ്യുന്നു.

കാറ്റിന്റെ കരുത്ത്

കാറ്റിന്റെ ശക്തിയിൽ ടർബൈനുകൾ കറക്കി ഗതികോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന പ്രക്രിയയാണ് കാറ്റാടിപ്പാടങ്ങളിൽ നടക്കുന്നത്. 1887ൽ ബ്രിട്ടനിലും 1888ൽ അമേരിക്കയിലും കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദനം ആരംഭിച്ചു. കേരളത്തിൽ പാലക്കാട്‌ ജില്ലയിലെ കഞ്ചിക്കോട്, അട്ടപ്പാടി, ഇടുക്കി ജില്ലയിലെ രാമക്കൽമേട് എന്നിവിടങ്ങളിൽ കാറ്റാടി വൈദ്യുത നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

അനർട്ട്

പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ സ്രോതസ്സുകളെക്കുറിച്ചും അവ പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന വിവിധ ഉപകരണങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് അവബോധം നൽകുന്ന നോഡൽ ഏജൻസിയാണ് അനർട്ട് (Agency for Non conventional Energy and Rural Technology). ഒറ്റപ്പെട്ട പ്രദേശങ്ങൾ വൈദ്യു‌തീകരിക്കുന്നതിനും സൗരോർജം, കാറ്റിന്റെ ഊർജം എന്നിവ ഉപയോഗിച്ചുള്ള തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതുമെല്ലാം അനർട്ടിന്റെ പ്രവർത്തനലക്ഷ്യങ്ങളാണ്.

എങ്ങനെ വൈദ്യുതി ലാഭിക്കാം?

1. മുറിയിൽനിന്ന് പുറത്തുപോവുമ്പോൾ ലൈറ്റ് ഓഫ് ചെയ്യുക

2. കുറഞ്ഞ പവർ ലൈറ്റ് ബൾബുകൾ ഉപയോഗിക്കാം

3. റഫ്രിജറേറ്റർ പതിവായി തുറക്കുന്നത് ഒഴിവാക്കാം

4. കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ള ഉപകരണങ്ങൾ വാങ്ങുക

5. എനർജി സ്റ്റാർ യോഗ്യതയുള്ള ഉപകരണങ്ങൾ വാങ്ങുക.

വൈദ്യുത ഷോക്ക്

ശരീരത്തിൽകൂടി വൈദ്യുതി കടന്നുപോവുമ്പോൾ അനുഭവപ്പെടുന്ന അവസ്ഥയാണ് വൈദ്യുതാഘാതം അഥവാ ഇലക്ട്രിക് ഷോക്ക്. ഇതു പലപ്പോഴും സംഭവിക്കുന്നത് മനുഷ്യന്റെ അശ്രദ്ധ, അറിവില്ലായ്മ എന്നിവ മൂലമാണ്. ശരീരത്തിൽകൂടി കടന്നുപോവുന്ന വൈദ്യുതിയുടെ അളവിനെയും ഷോക്കേറ്റുകൊണ്ട് ഒരാൾ എത്രനേരം സ്ഥിതി ചെയ്യുന്നു എന്നതിനെയും ആശ്രയിച്ചായിരിക്കും ഷോക്കിന്റെ തീവ്രത അനുഭവപ്പെടുന്നത്.

ഷോക്കേറ്റാൽ ചെയ്യേണ്ടത്

1. വൈദ്യുതി ബന്ധം നിലനിൽക്കുന്നുണ്ടെങ്കിൽ അത് വേർപ്പെടുത്തുക

2. ഷോക്കേറ്റയാളെ നിരപ്പായ പ്രതലത്തിൽ മലർത്തിക്കിടത്തുക

3. രോഗിക്ക് ബോധവും ശ്വാസവും ഉണ്ടോയെന്നു പരിശോധിക്കണം

4. ഷോക്കേറ്റയാൾക്ക് ബോധം പോവുകയും ഹൃദയമിടിപ്പ് തുടരുകയും ചെയ്യുന്നുണ്ടെങ്കിൽ അറിയാവുന്ന മാർഗമുപയോഗിച്ച് കൃത്രിമ ശ്വാസം നൽകണം

5. പ്രതികരണമില്ലെങ്കിൽ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnergyElectricity
News Summary - Electricity Energy Source
Next Story