മനുഷ്യനേക്കാൾ പ്രശസ്തിനേടിയ ആ കടുവയെ അറിയുമോ?
text_fieldsനമ്മുടെ ദേശീയ മൃഗമായ കടുവകൾ ശക്തിയുടെയും സൗന്ദര്യത്തിെൻറയും പ്രതീകങ്ങളാണ്. കാനനഭംഗിയുടെ അടയാളപ്പെടുത്തലുകളായ കടുവകൾ നമ്മെ എന്നും അദ്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. നമ്മുടെ കാടുകളിൽ മനുഷ്യരേക്കാൾ പ്രശസ്തിനേടിയ നിരവധി കടുവകളുണ്ടായിട്ടുണ്ട്. അവയെ ഒരുനോക്ക് കാണാനും ചിത്രം പകർത്താനും ദൂരെനിന്നുപോലും കടുവാപ്രേമികളെത്താറുണ്ടായിരുന്നു. അങ്ങനെ നമ്മെ ഏറെ ത്രസിപ്പിച്ച ജീവിത കഥയായിരുന്നു 'മച്ചിലി' എന്ന ബംഗാൾ കടുവയുടേത്. രാജസ്ഥാനിലെ രൺതംബോർ എന്നയിടത്ത് ഇന്ത്യൻ സർക്കാർ പരിപാലിച്ചിരുന്ന സംരക്ഷിത വനത്തിലായിരുന്നു മച്ചിലിയുടെ ജനനവും ജീവിതവുമെല്ലാം.
സാമൂഹിക മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ളതും ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നതുമായ അവളുടെ ശരീരത്തിലെ വരകൾ മത്സ്യത്തിെൻറ രൂപമായതിനാലാവണം ഹിന്ദിയിൽ മത്സ്യം എന്നർഥമുള്ള 'മച്ചിലി' എന്ന പേരുവന്നത്.
തെൻറ കുഞ്ഞുങ്ങളെ ആക്രമിച്ച 14 അടി നീളമുള്ള മുതലകളെ കൊന്നും ഇരട്ടി വലിപ്പമുള്ള ആൺകടുവകളോട് പോരാടി അവയെ നിലംപരിശാക്കിയും അവൾ പെരുമ നേടി. കുഞ്ഞുങ്ങളുള്ള പെൺകടുവയുമായി ഇണചേരാൻ ആൺകടുവ ആദ്യം ചെയ്യുക ആ കുഞ്ഞുങ്ങളെ കൊല്ലുകയാണത്രെ. സാധാരണഗതിയിൽ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പെൺകടുവ കൊല്ലപ്പെടുകയോ മാരകമായ പരിക്കേൽക്കുകയോ ആണ് ചെയ്യുക. ഇനി രക്ഷപെട്ടാലും ഇരതേടാൻ സാധിക്കാതെ കടുവയും കുഞ്ഞുങ്ങളും വിശന്നു ചാവും. പലവട്ടം ആൺകടുവകളുടെ ആക്രമത്തിൽ മച്ചിലിക്ക് മുറിവേറ്റിരുന്നു. ഒരു കണ്ണുവരെ അവൾക്ക് നഷ്ടമായി. എങ്കിലും അവൾ പൊരുതിക്കൊണ്ടിരുന്നു. അവളുടെ കുഞ്ഞുങ്ങൾ എന്നും സുരക്ഷിതരായിരുന്നു. തെൻറ കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കുന്നതിലും അവയെ വേട്ടയാടാൻ പഠിപ്പിക്കുന്നതിലും അവളെപ്പോലെ കഴിവുള്ളൊരു മറ്റൊരു കടുവയില്ല. ആ സംരക്ഷിത വനത്തിലെ അറുപത് ശതമാനം കുഞ്ഞുങ്ങളും മച്ചിലിയുടേതാണെന്നതാണ് മറ്റൊരു കൗതുകം.
അവളുടെ ചങ്കൂറ്റത്തിെൻറ കഥ നാടറിഞ്ഞുതുടങ്ങി. പല ടെലിവിഷൻ ചാനലുകളും അവളെക്കുറിച്ച് ഡോക്യൂമെൻററികൾ സംപ്രേക്ഷണം ചെയ്തു. അവൾ കാരണം ഉണ്ടായ സാമ്പത്തിക ലാഭം ഏതാണ്ട് 200 മില്യൺ അമേരിക്കൻ ഡോളറാണ്. ആശ്ചര്യം തോന്നുന്നുണ്ടല്ലേ. തന്നെക്കാൾ വലിപ്പവും ശക്തിയുമുള്ള ജീവികളെ നേരിടാൻ മറ്റു മൃഗങ്ങൾ പേടി കാണിക്കും. എന്നാൽ കടുവകൾ രണ്ടാമതൊന്ന് ആലോചിക്കാറില്ല. പ്രത്യേകിച്ചും മച്ചിലിയെപ്പോലെ കുഞ്ഞുങ്ങളുള്ള പെൺകടുവകൾ. ലോകത്തിൽ ഏറ്റവും അധികം ചിത്രങ്ങളെടുക്കപ്പെട്ടിട്ടുള്ള കടുവയും ഒരുപക്ഷെ മച്ചിലിയായിരിക്കും. റോയൽ ബംഗാൾ കടുവ ഇന്ത്യയുടെ ദേശീയ മൃഗമായതിനു പിന്നിൽ മച്ചിലി നലകിയ സംഭാവനകൾ വളരെ വലുതാണ്.
2016ൽ അവൾ ലോകത്തോട് വിടവാങ്ങിയെങ്കിലും ജീവിതകാലത്തിനിടയിൽ പലപ്പോഴും അവളെ കാണാതാകുമായിരുന്നു. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വനത്തിലെ കാമറക്ക് മുന്നിൽ അവൾ വീണ്ടും പ്രത്യക്ഷട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.