Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightVelichamchevron_rightDay to Rememberchevron_rightഒാസോൺ...

ഒാസോൺ തിരിച്ചുവരുന്നു; പഴയ പ്രതാപത്തിലേക്ക്​

text_fields
bookmark_border
ഒാസോൺ തിരിച്ചുവരുന്നു; പഴയ പ്രതാപത്തിലേക്ക്​
cancel

പ്രപഞ്ചത്തിൽ ജീവന്റെ തുടിപ്പുള്ള ഒരേയൊരു ഗോളമാണ് നമ്മുടെ ഭൂമി. വാതകങ്ങളായ ഓക്സിജൻ, നൈട്രജൻ, ആർഗൺ എന്നിവക്ക് മുൻ‌തൂക്കമുള്ള അന്തരീക്ഷം ഭൂമിയുടെ മാത്രം പ്രത്യേകതയാണ്. സൂര്യനിൽനിന്നും വരുന്ന അൾട്രാ വയലറ്റ് കിരണങ്ങളെ തടഞ്ഞുനിർത്തി ഭൂമിയിലെ സകല ജീവജാലങ്ങളെയും സംരക്ഷിക്കുന്നത് ഓസോൺ പാളിയാണ്. മനുഷ്യന്റെ ദുഷ്പ്രവൃത്തികൾ കാരണം ഓസോൺ പാളിയിൽ വിള്ളൽ വീണിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചുകാലങ്ങളായി ഓസോണിലെ ആ വിള്ളലുകൾ അടഞ്ഞുകൊണ്ടിരിക്കുകയാണ്. ഓസോൺ സംരക്ഷണം മുൻനിർത്തി എല്ലാ വർഷവും സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിച്ചു വരുന്നു. 'Montreal Protocol - Keeping us, our food and vaccines cool' എന്നതാണ് ഐക്യരാഷ്​ട്രസഭയുടെ ഈ വർഷത്തെ പ്രധാന സന്ദേശം. ഭൂമിയുടെ സുരക്ഷാ കവചമായ ഓസോണിനെ കുറിച്ച് കൂടുതലറിയാം.

ഓസോൺ കുട

പ്രകാശ സംശ്ലേഷണം മൂലം അന്തരീക്ഷത്തിൽ നിറഞ്ഞ ഓക്സിജൻ വായുവിലേക്ക് ഉയർന്നുപൊങ്ങുകയും അവ സൂര്യകിരണങ്ങളിൽനിന്നുള്ള റേഡിയേഷൻ വികിരണത്തിനു വിധേയമാവുകയും ചെയ്യുന്നു. അതിന്റെ ഫലമായി ഓക്സിജന്റെ മൂന്ന് ആറ്റങ്ങൾ കൂടിച്ചേർന്ന് ഓസോൺ വാതകമുണ്ടായി. ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ രൂപപ്പെട്ടത് അങ്ങനെയാണ്.

ഓസോൺ കാണുന്നതെവിടെ

ഭൂമിയുടെ ഉപരിതലത്തിൽനിന്നും ഏകദേശം 15 മുതൽ 35 കിലോമീറ്റർ ഉയരെ വരെ ഓസോൺ വാതകത്താൽ സൃഷ്​ടിക്കപ്പെട്ടിരിക്കുന്നു. ഈ പാളി സ്ട്രാറ്റോസ്ഫിയറിന്റെ ഒരു ഭാഗമാണ്. താഴ്ന്ന അന്തരീക്ഷ മേഖലയായ ട്രോപോസ്ഫിയറിലും കുറഞ്ഞ അളവിൽ ഓസോൺ കാണപ്പെടുന്നു. ഓസോൺ പാളിയുടെ അളവ് ശൈത്യകാലത്ത് ഏറ്റവും കുറഞ്ഞും ഉഷ്ണകാലത്ത് ഏറ്റവും കൂടിയുമിരിക്കും.


ഓസോണി​െൻറ ധർമം

ജീവജാലങ്ങൾക്ക് നാശമുണ്ടാക്കുന്ന നിരവധി കിരണങ്ങൾ സൂര്യൻ പുറപ്പെടുവിക്കുന്നുണ്ട്. അൾട്രാവയലറ്റ് അവയിൽ പ്രധാനമാണ്. സൂര്യനിൽനിന്നും ഭൂമിയിലേക്കെത്തുന്ന അപകടകാരികളായ കിരണങ്ങളെ അന്തരീക്ഷത്തിൽ വെച്ചുതന്നെ തടയുകയാണ് ഓസോൺ പാളി ചെയ്യുന്നത്.

മോൺട്രിയൽ ഉടമ്പടി

ഓസോണിന്റെ നാശത്തിനിടയാക്കുന്ന വസ്തുക്കളുടെ ഉൽപാദനം, ഉപഭോഗം എന്നിവയെ നിയന്ത്രിക്കുന്നതിലൂടെ ഓസോണിനെ സംരക്ഷിക്കുക എന്നതായിരുന്നു മോൺട്രിയൽ ഉടമ്പടി. 1987 സെപ്റ്റംബർ 16ന് 197 രാജ്യങ്ങൾ അതിൽ ഒപ്പുവെക്കുകയും 1989 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുകയും ചെയ്തു.

അടയുന്ന വിള്ളലുകൾ

1980- 90 കാലഘട്ടങ്ങളിൽ വലുതായി വന്ന ഓസോണിലെ വിള്ളലുകൾ നാൾക്കുനാൾ ചുരുങ്ങുന്നുവെന്ന സന്തോഷ വാർത്ത ഇപ്പോൾ കേട്ടുകൊണ്ടിരിക്കുകയാണ്. 2000 മുതൽ 2015 വരെയുള്ള കണക്കുകൾ ശ്രദ്ധിച്ചപ്പോഴാണ് ഈ നേട്ടം ഗവേഷകരുടെ ശ്രദ്ധയാകർഷിച്ചത്. ഓസോണിന്റെ പ്രധാന വില്ലൻ ക്ലോറോഫ്ലൂറോ കാർബൺ ആണെന്ന തിരിച്ചറിവാണ് ഈ നേട്ടത്തിന് പിന്നിൽ. ഫ്രിഡ്ജിലും എ. സി യിലും ഉപയോഗിച്ചുവരുന്ന ക്ലോറോഫ്ലൂറോ കാർബണുകൾ ആണ് ഓസോൺ പാളികളെ നശിപ്പിച്ചിരുന്നത്. തുടർന്ന് ഫ്രിഡ്ജിലും എ. സിയിലും അവയ്ക്ക് ബദലായി മറ്റു വസ്തുക്കൾ ഉപയോഗിക്കാൻ തുടങ്ങി.

ഓസോണിനെ കണ്ടെത്തിയവർ

ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞരായ ഹെൻറി ബിഷണും ചാൾസ് ഫാബ്രിയുമാണ് 1913ൽ ഓസോൺ പാളിയെ കണ്ടെത്തുന്നത്. ഓസോൺ പാളിയെ നിരീക്ഷിക്കാനുള്ള കേന്ദ്രങ്ങൾ സ്ഥാപിച്ചതും അവയുടെ ഘടനയും സ്വഭാവങ്ങളും വിശദീകരിച്ചതും ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജി.എം.ബി ഡോബ്സൻ ആണ്. ഓസോൺ എന്നൊരു വാതകം കണ്ടെത്തിയതാകട്ടെ സ്വിറ്റ്സർലൻഡിലെ ബേസൽ സർവകലാശാലയിലെ ഗവേഷകനായിരുന്ന ക്രിസ്​റ്റ്യൻ ഫ്രഡറിക് ഷോൺബെയ്ൻ ആയിരുന്നു.

ഓസോൺ ദിനാചരണം

1994 മുതൽ ഐക്യരാഷ്​ട്ര സംഘടന ഓസോൺ ദിനം ആചരിക്കാൻ തുടങ്ങി. ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ ഉടമ്പടിയിൽ ഒപ്പുവെച്ച സെപ്റ്റംബർ 16 ആണ് ഓസോൺ ദിനാചരണത്തിനായി ഐക്യരാഷ്​ട്ര സഭ തിരഞ്ഞെടുത്തത്. ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകജനതയെ ബോധവാന്മാരാക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

അളക്കുന്നതെങ്ങനെ?

ഓസോണിന്റെ വലുപ്പം അളക്കുന്നതിനു പ്രത്യേക ഉപകരണങ്ങൾ തന്നെയുണ്ട്. ഓസോണിന്റെ അളവ് സൂചിപ്പിക്കാൻ ഡോബ്സൺ യൂനിറ്റ് (DU) എന്ന അളവ് ഉപയോഗിക്കുന്നു. 1 DU = 0.01 മില്ലീമീറ്റർ കനം എന്നാണ്.

വില്ലൻ സി.എഫ്.സി

വർഷങ്ങൾക്കുമുമ്പ്​ ഏറെ പ്രിയങ്കരമായ മനുഷ്യ നിർമിത പദാർഥമായിരുന്നു ക്ലോറോഫ്ലൂറോ കാർബണുകൾ (CFC). ഓസോണിന്റെ നാശത്തിനു പിന്നിലെ പ്രധാന വില്ലനായ സി.എഫ്.സി ഇലക്ട്രോണിക് മാലിന്യങ്ങളിലും ശീതീകരണ മാലിന്യങ്ങളിലും കാണുന്ന വാതകമിശ്രിതമാണ്.

ഓസോൺ വില്ലനോ?

സാധാരണഗതിയിൽ ഭൂമിയുടെ സംരക്ഷണ കവചമായാണ് ഓസോൺ അറിയപ്പെടുന്നത്. എന്നാൽ, നാം ശ്വസിക്കുന്ന അന്തരീക്ഷ വായുവിൽ ഓസോണിന്റെ അളവുകൂടുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. മലിനീകരണം വായുവിൽ ഓസോണിന്റെ അളവു വർധിപ്പിക്കുകയും ഇത് ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

എന്താണ് ഒ.ഡി.എസ്

ഓസോണിനെ നശിപ്പിക്കുന്ന രാസവസ്തുക്കളെ വിളിക്കുന്ന പേരാണ് ഒ.ഡി.എസ് (ozone depleting substances). മോൺട്രിയൽ ഉടമ്പടിയിൽ ഓസോണിനെ നശിപ്പിക്കുന്ന വസ്തുക്കളെ ക്ലാസ് 1 ODS എന്നും ക്ലാസ് 2 ODS എന്നും രണ്ടായി തരം തിരിച്ചിട്ടുണ്ട്. ക്ലാസ് 1 ൽ ക്ലോറോഫ്ലൂറോ കാർബണുകളും ക്ലാസ് 2 ൽ ഹൈഡ്രോക്ലോറോഫ്ലൂറോ കാർബണുകളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഓസോൺ ശോഷണ പ്രത്യാഘാതങ്ങൾ

  • ചർമത്തെ സംബന്ധിച്ച രോഗങ്ങൾ മനുഷ്യനെ ബാധിക്കും.
  • ജലത്തിൽ കാണപ്പെടുന്ന സസ്യപ്ലവകങ്ങൾ അൾട്രാവയലറ്റ് കിരണങ്ങളാൽ നാശമടയും
  • സസ്യങ്ങളുടെ ഇലകൾ ചെറുതാവുകയും പ്രകാശ സംശ്ലേഷണം കുറയുകയും ചെയ്യും.
  • വിത്തുകൾ മുളക്കാൻ കാലതാമസം വരുകയും വിളവ് കുറയുകയും ചെയ്യും.
  • അൾട്രാവയലറ്റ് വികിരണത്തിന്റെ ആഘാതത്താൽ വസ്ത്രങ്ങളുടെ നിറം മങ്ങുകയും പ്ലാസ്​റ്റിക് വസ്തുക്കളും വീട്ടുപകരണങ്ങളും കേടായിപ്പോവുകയും ചെയ്യും.

നമുക്കെന്തു ചെയ്യാം​?

  • ജൂൺ 16നാം വാങ്ങുന്ന അല്ലെങ്കിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ ക്ലോറോഫ്ലൂറോ കാർബൺ രഹിതമാണെന്ന് ഉറപ്പുവരുത്താം
  • ഓസോൺ സൗഹൃദ ജീവിതം നയിക്കാം.
  • ഓസോൺ പാളിയെ സംരക്ഷിക്കുക എന്ന സന്ദേശം വീട്ടുകാർക്കും കൂട്ടുകാർക്കും നാട്ടുകാർക്കുമിടയിൽ പ്രചരിപ്പിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scienceOzone LayerozoneUNseptember 16
News Summary - september 16 International Day for the Preservation of the Ozone Layer
Next Story