മഹാസമുദ്രം
text_fieldsആഗോളതലത്തിൽ ജീവജാലങ്ങളുടെ ദൈനംദിന ജീവിതത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് സമുദ്രങ്ങൾ. ഭൂമിയുടെ എഴുപത്തിയൊന്ന് ശതമാനവും മൂടിക്കിടക്കുന്ന സമുദ്രം നമ്മുടെ കാലാവസ്ഥയെ നിർണായകമായി സ്വാധീനിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത ജീവികൾക്ക് പാർപ്പിടമാകുന്ന, മനുഷ്യസമൂഹത്തിന് ആഹാരം നൽകുന്ന, സമുദ്രജൈവമേഖല നേരിടുന്ന പ്രധാന വെല്ലുവിളി പ്ലാസ്റ്റിക് മാലിന്യമാണ്. ജലം മലിനമാക്കുന്നതിനൊപ്പം അവ ആഹാരമാക്കുന്ന സമുദ്രജീവികളുടെ ജീവനും അപകടത്തിലാക്കുന്നു. അതിനാൽ സമുദ്രം സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. വരുന്ന തലമുറക്കു വേണ്ടി, സമുദ്രം നമ്മെ കാക്കുന്നതുപോലെ സമുദ്രത്തെ സംരക്ഷിക്കാൻ നമുക്കും തയാറാവാം.
സമുദ്രദിനം
സമുദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക, സമുദ്രം നേരിടുന്ന വെല്ലുവിളികൾ ലോകശ്രദ്ധയിൽ കൊണ്ടുവരുക, സമുദ്രങ്ങളുടെ സുസ്ഥിരമായ പരിപാലനം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ 1992 ൽ ബ്രസീലിലെ റിയോ ഡേ ജനീറോയിൽ നടന്ന യു.എൻ ഭൗമ ഉച്ചകോടിയിലാണ് ജൂൺ എട്ട് ലോക സമുദ്രദിനമായി ആചരിക്കാൻ തീരുമാനിച്ചത്. കാനഡയാണ് ആദ്യമായി സമുദ്രദിനം ആചരിച്ചത്. യു.എൻ ദിനാചരണ പട്ടികയിൽ സമുദ്രദിനത്തെ ഉൾപ്പെടുത്തിയത് 2008 ലാണ്. Revitalization: Collective Action for the Ocean എന്നതാണ് 2022 വർഷത്തെ ഐക്യരാഷ്ട്ര സഭയുടെ സമുദ്രദിനത്തിലെ പ്രധാന സന്ദേശം.
സമുദ്രവും കടലും
സമുദ്രം ഭൂമിയുടെ ഏകദേശം 71 ശതമാനവും ഉൾക്കൊള്ളുന്ന ഒരു ഭീമൻ ജലാശയമാണ്. കടൽ എന്നാൽ സമുദ്രത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. കടൽ സമുദ്രത്തേക്കാൾ ചെറുതും ആഴം കുറഞ്ഞവയുമാണ്. കടൽ കരയാൽ ചുറ്റപ്പെട്ടവയാണ്. ഉദാ: അറബിക്കടൽ, കാസ്പിയൻ കടൽ തുടങ്ങിയവ.
സമുദ്രത്തിൽ എത്ര ജീവികളുണ്ട്
സമുദ്രത്തിലെ ജീവന്റെ വൈവിധ്യം, വിതരണ ക്രമം തുടങ്ങിയവ രേഖപ്പെടുത്താനായി ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ സമുദ്രഗവേഷണ പ്രോജക്ടാണ് സെൻസസ് ഓഫ് മറൈൻ ലൈഫ്. 2010ൽ ഈ പ്രോജക്ട് അവസാനിക്കുമ്പോൾ 30 മില്യൺ നിരീക്ഷണങ്ങളിലൂടെ 20,000 പുതിയ ജീവികളെ കണ്ടെത്തിയിരുന്നു. സമുദ്രത്തിലെ മൊത്തം സ്പീഷിസുകളുടെ എണ്ണം 2.3 ലക്ഷത്തിൽ നിന്നും 2.5 ലക്ഷമായി വർധിച്ചു. ഭൂമധ്യരേഖയോട് ചേർന്നുകിടക്കുന്ന സമുദ്രതീരങ്ങളിൽ ഒരു ലിറ്റർ ജലത്തിൽ ഏകദേശം 38,000 തരത്തിൽപ്പെട്ട ബാക്ടീരിയ വരെ ഉണ്ടാകാമെന്ന് അനുമാനിക്കുന്നുണ്ട്.
തിരമാലകൾ പതയുന്നത്
കടലിൽ തിരമാലകൾ ഉണ്ടാകുന്നത് കാറ്റടിക്കുന്നതുകൊണ്ടാണ്. കടൽവെള്ളത്തിന്റെ ഉപരിഭാഗമാണ് കാറ്റടിച്ച് തിരമാലകളായി വരുന്നത്. അപ്പോൾ ഉപരിതലത്തിലെ ജലത്തിന്റെ വേഗത കൂടുതലും താഴ്ഭാഗത്തെ ജലത്തിന്റെ വേഗത കുറവുമായിരിക്കും. ഇങ്ങനെ വ്യത്യസ്ത വേഗതയിൽ മുന്നോട്ടുവരുന്ന ഇവയ്ക്കിടയിലേക്ക് അന്തരീക്ഷ വായു കലരുന്നതു കാരണമാണ് കരയിലേക്കടിക്കുന്ന കടൽവെള്ളം പതയുന്നത്.
മിൽക്കി സീ
കടലിൽ കൂട്ടമായി ജീവിക്കുന്ന ജീവജാലങ്ങൾ തീർക്കുന്ന പ്രകാശത്താൽ നടുക്കടലിൽ ഒരു ഭാഗം തിളങ്ങുന്ന പ്രതിഭാസമാണ് മിൽക്കി സീ. ഇരുപതാം നൂറ്റാണ്ടിൽ മാത്രം 250ൽ പരം മിൽക്കി സീകൾ ദൃശ്യമായിട്ടുണ്ടെന്നാണ് കണക്ക്. ബാക്ടീരിയയും Noctiluca Scintillans എന്ന ആൽഗയുമാണ് ഈ പ്രതിഭാസത്തിനു കാരണം.
മരിയാന ട്രഞ്ച്
ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും ആഴമേറിയ പ്രദേശമാണ് മരിയാന ട്രഞ്ച്. ശാന്ത സമുദ്രത്തിലെ ദ്വീപുകളായ ഗ്വാം, മരിയാന എന്നീ ദീപുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഈ കിടങ്ങിനു ശരാശരി 11,034 മീറ്റർ ആഴമുണ്ട്.
വെർട്ടിക്കൽ മൈഗ്രേഷൻ
കടലിന്റെ അടിത്തട്ടിൽനിന്നും ജലനിരപ്പിലേക്ക് ദിനേന നിരവധി ജീവജാലങ്ങൾ സഞ്ചരിക്കാറുണ്ട്. രാത്രിയോടെ ജലോപരിതലത്തിലെത്തുന്ന ജീവജാലങ്ങൾ സൂര്യപ്രകാശം വീഴുന്നതോടെ തിരികെ കടലിനടിയിലേക്ക് യാത്ര തിരിക്കും. ദിവസവുമുള്ള ഈ യാത്രയിൽ കടലിലെ മൂലകങ്ങൾ മുഴുവൻ മുകളിലേക്കും താഴേക്കും വിതരണം ചെയ്യപ്പെടുകയും ചെയ്യും.
പ്ലവകങ്ങൾ
സ്വയം നീന്താൻ കഴിവില്ലാത്ത, കാറ്റിന്റെയും ജലപ്രവാഹങ്ങളുടെയും ഗതിക്കൊപ്പം സഞ്ചരിക്കുന്ന ജീവികളാണ് പ്ലവകങ്ങൾ. ഇവയിൽ സസ്യങ്ങളും ജന്തുക്കളുമുണ്ട്. ഭൂമിയിലെ ഓക്സിജന്റെ പകുതിയിലധികവും ഉൽപാദിപ്പിക്കുന്നത് സസ്യപ്ലവകങ്ങളാണ്.
കടൽപേന
മഷിക്കുപ്പിയിൽ ഇട്ടുവെച്ചിരിക്കുന്ന പേന, കടൽപേനയെ (See Pen ) കണ്ടാൽ അങ്ങനെയേ തോന്നൂ. നൂറുകണക്കിന് ചെറുജീവികൾ ചേർന്നാണ് കടൽപേന ഉണ്ടാകുന്നത്. ഇവ കടലിന്റെ അടിത്തട്ടിലും മണലിലുമെല്ലാം ചുവടുറപ്പിച്ചുനിൽക്കുന്നു. ഓറഞ്ചുനിറത്തിൽ സ്വയം പ്രകാശിക്കുന്ന ജീവിയാണ് കടൽപേന.
സർഗാസോ കടൽ
കര അതിരുകളില്ലാത്ത കടലാണിത്. വടക്കൻ അത്ലാന്റിക് സമുദ്രത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന സർഗാസോക്ക് 3200 കിലോമീറ്റർ നീളവും 1100 കിലോമീറ്റർ വീതിയുമുണ്ട്. സർഗാസം എന്നറിയപ്പെടുന്ന തവിട്ടുനിറത്തിലുള്ള കടൽസസ്യം നിറഞ്ഞുപൊങ്ങിക്കിടക്കുന്നതിനാലാണ് സർഗാസോ എന്ന പേരു വന്നത്.
പസഫിക് സമുദ്രം
വിസ്തൃതികൊണ്ടും ജലം ഉൾക്കൊള്ളുന്ന കാര്യത്തിലും ഒന്നാം സ്ഥാനത്താണ് പസഫിക്. വടക്ക് ആർട്ടിക് സമുദ്രം മുതൽ തെക്കൻ മഹാസമുദ്രം വരെ വ്യാപിച്ചുകിടക്കുന്നു. പരമാവധി ആഴം 11.022 മീറ്ററാണ്. പസഫിക്കിന്റെ മറ്റൊരു പേരാണ് ശാന്തസമുദ്രം.
അത്ലാന്റിക്
രണ്ടാമത്തെ വലിയ സമുദ്രം. പരമാവധി ആഴം 8,486 മീറ്റർ. കിഴക്ക് യൂറോപ്പിനും ആഫ്രിക്കക്കും ഇടയിലും പടിഞ്ഞാറ് അമേരിക്കക്കും ഇടയിൽ നീളമേറിയതും എസ് ആകൃതിയിലുമായി കാണപ്പെടുന്നു.
ആർട്ടിക്
ആർട്ടിക് സമുദ്രം യൂറേഷ്യയാലും വടക്കേ അമേരിക്കയാലും ചുറ്റപ്പെട്ടിരിക്കുന്നു. പരമാവധി ആഴം 5,450 മീറ്ററാണ്.
ഇന്ത്യൻ മഹാസമുദ്രം
വടക്ക് ഏഷ്യയും പടിഞ്ഞാറ് ആഫ്രിക്കയും കിഴക്ക് ആസ്ട്രേലിയയുമാണ് ഇതിന്റെ അതിർത്തി. പരമാവധി ആഴം 8,047 മീറ്ററാണ്.
അന്റാർട്ടിക്
ഇതിനെ ദക്ഷിണസമുദ്രം എന്നു വിളിക്കുന്നു. പരമാവധി ആഴം 7,432 മീറ്ററാണ്.
സമുദ്രത്തിനും പനി
ആഗോളതാപനം, വ്യവസായിക മലിനീകരണം, കാർബൺ ഡൈ ഓക്സൈഡ് വൻതോതിൽ ജലത്തിൽ ലയിക്കുന്നത്, അമിതമായ മത്സ്യബന്ധനം എന്നിവ മൂലം സമുദ്രം വല്ലാതെ മാറിമറിയുന്നുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ആഗോളതാപനം മൂലം സമുദ്രജലത്തിലെ ഓക്സിജന്റെ അളവ് കുറയുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സമുദ്രോപരിതലം ചൂടുപിടിക്കുന്നതോടെ അടിത്തട്ട് വരെ ഓക്സിജൻ എത്താതിരിക്കുകയും ഇത് മത്സ്യങ്ങൾക്കും കടൽനക്ഷത്രങ്ങൾക്കും മറ്റു കടൽജീവികൾക്കും ഒരുപോലെ ഭീഷണിയാവുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.