ആൽബം
പണ്ടെന്നോ നടന്ന വഴികളെ
ഇന്നും തിരിച്ചുവിളിക്കാറുണ്ട്
തേഞ്ഞ ചെരിപ്പുകളായ്
ഓർമകളുടെ ആൽബങ്ങൾ.
രാത്രിയിൽ,
ഉമ്മറത്തിരിക്കുമ്പോൾ
കുന്നു കയറിച്ചെന്ന്
പിൻ ബെഞ്ചിലിരുന്ന
സ്കൂൾ കാലം ബെല്ലടിച്ചെത്തും.
കരിഞ്ഞ ഉപ്പുമാവിന്റെ മണം
കാറ്റിൽ തിക്കും തിരക്കുമിട്ട്
വരാന്തയിലൂടെ കിതച്ചോടും.
വള്ളി നിക്കറിന്റെ കീശയിൽ
പല നിറത്തിലുള്ള ഗോട്ടികൾ
ഇരുട്ടിലപ്പോൾ
നക്ഷത്രങ്ങളായ് തിളങ്ങും.
ആകാശത്തെ
ഒരു കളിയിടമായി സങ്കൽപ്പിക്കും, വെറുതെ.
കണക്കു മാഷിന്റെ ചൂരൽ വടികൾ
ആകാശത്തിലെ വൈദ്യുതിക്കമ്പിയായ്
എന്നെ പേടിപ്പിക്കും.
ചത്ത ഒരു വവ്വാൽ
അഴയിൽ ഉണങ്ങാനിട്ട
അടിവസ്ത്രമായ് നാണിപ്പിക്കും.
കപ്പൽച്ഛേതം വന്ന്
അടിക്കടലെടുത്ത സ്വപ്നങ്ങളിൽ
കരയുകയാണിന്നു ഞാൻ.
ഈ ഇരുട്ട്
ഒരു നദിയായിരുന്നെങ്കിൽ
ഞാനതിന്റെ ചുഴികളിലേക്കിറങ്ങുമായിരുന്നു.