Begin typing your search above and press return to search.
proflie-avatar
Login

അസിത ഘഹ്റെമാ​ന്റെ കവിതകൾ

അസിത ഘഹ്റെമാ​ന്റെ കവിതകൾ
cancel

ഇറാനിലെ മുൻനിര കവികളിലൊരാളാണ്​ അസിത ഘഹ്റെമാന്‍. കവിയെപ്പറ്റിയും കവിതക​െളപ്പറ്റിയും എഴുതുന്നു​. കൂടാതെ അവരുടെ അഞ്ചു കവിതകൾ മൊഴിമാറ്റുന്നു.ഇറാനിലെ പ്രഥമഗണനീയയായ കവിയാണ്‌ അസിത ഘഹ്റെമാന്‍. 1962ല്‍ മഷ്ഹാദില്‍ ജനിച്ചു, 2006 മുതല്‍ സ്വീഡനില്‍ ജീവിക്കുന്നു. നഷ്ടങ്ങളെയും പ്രവാസത്തെയും സ്ത്രീയുടെ അഭിലാഷങ്ങളെയും ജന്മനാടില്‍ ഉണ്ടാകേണ്ട മാറ്റങ്ങളെയും കുറിച്ചാണ് അവരുടെ അഞ്ചു സമാഹാരങ്ങളിലെ കവിതകള്‍ അധികവും. ഇറാന്റെ കയറ്റിറക്കങ്ങളുടെ ചരിത്രം അവരുടെ കവിതകളില്‍ അടിയൊഴുക്കായി ഉണ്ട്. വ്യക്തിപരമായ അനുഭവങ്ങളെ രാഷ്ട്രീയസംഭവങ്ങളുമായി പലപ്പോഴും അവര്‍ ഇണക്കിച്ചേര്‍ക്കുന്നു. പല രചനകളും ഇറാനിലെ...

Your Subscription Supports Independent Journalism

View Plans
ഇറാനിലെ മുൻനിര കവികളിലൊരാളാണ്​ അസിത ഘഹ്റെമാന്‍. കവിയെപ്പറ്റിയും കവിതക​െളപ്പറ്റിയും എഴുതുന്നു​. കൂടാതെ അവരുടെ അഞ്ചു കവിതകൾ മൊഴിമാറ്റുന്നു.

ഇറാനിലെ പ്രഥമഗണനീയയായ കവിയാണ്‌ അസിത ഘഹ്റെമാന്‍. 1962ല്‍ മഷ്ഹാദില്‍ ജനിച്ചു, 2006 മുതല്‍ സ്വീഡനില്‍ ജീവിക്കുന്നു. നഷ്ടങ്ങളെയും പ്രവാസത്തെയും സ്ത്രീയുടെ അഭിലാഷങ്ങളെയും ജന്മനാടില്‍ ഉണ്ടാകേണ്ട മാറ്റങ്ങളെയും കുറിച്ചാണ് അവരുടെ അഞ്ചു സമാഹാരങ്ങളിലെ കവിതകള്‍ അധികവും. ഇറാന്റെ കയറ്റിറക്കങ്ങളുടെ ചരിത്രം അവരുടെ കവിതകളില്‍ അടിയൊഴുക്കായി ഉണ്ട്. വ്യക്തിപരമായ അനുഭവങ്ങളെ രാഷ്ട്രീയസംഭവങ്ങളുമായി പലപ്പോഴും അവര്‍ ഇണക്കിച്ചേര്‍ക്കുന്നു. പല രചനകളും ഇറാനിലെ ഖുറാസാന്‍ പ്രവിശ്യയില്‍ അവര്‍ ​െചലവിട്ട ബാല്യകാലത്തെക്കുറിച്ചാണ്. ആരും പറയാന്‍ ധൈര്യപ്പെടാത്തതും അവര്‍ പറയുന്നു.

‘മറവി ലളിതമായ ഒരാചാരമാണ്’, ‘ശരത്കാല ശിൽപങ്ങള്‍’, ‘കാക്കകളുടെ നഗരപ്രാന്തം’ തുടങ്ങിയ സമാഹാരങ്ങള്‍ ഉദാഹരണം. വര്‍ത്തമാനവും ഭൂതവും പരസ്പരം സംസാരിക്കുന്നത് അസിതയുടെ കവിതകളില്‍ കാണാം. ‘‘ചിലപ്പോള്‍ എന്നെ ഇവിടേക്കു കൊണ്ടുവന്ന ബോട്ട് എനിക്ക് വേണമെന്ന് തോന്നുന്നു, പരിക്ഷീണമായ ഈ കിഴവന്‍ മേഘങ്ങള്‍ക്ക് കീഴില്‍ സ്വീഡിഷ് ഹേമന്തത്തിന്റെ ഹിമനേത്രങ്ങള്‍ കാണുമ്പോള്‍. ആ പഴയ സൂട്ട്കേസില്‍ ഇപ്പോഴും എനിക്കായി ആകാശനീലിമയുടെ ഒരു ശകലം ബാക്കിയുണ്ട്.’’ ഇറാന്‍-ഇറാഖ് യുദ്ധം ഓര്‍ക്കുമ്പോള്‍, വസന്തം എല്ലാ വര്‍ഷവും ഇപ്പോഴും വരുന്നതിനെക്കുറിച്ച് അസിത എഴുതുന്നു: ‘‘അവള്‍ ചിലപ്പോള്‍ നെഞ്ചില്‍ മരണവുമായി, യുദ്ധം കത്തിച്ച ഉടുപ്പുകളുമായി, ചേറു പുരണ്ട മുഖവുമായി ഇപ്പോഴും തിരിച്ചുവരുന്നു.’’ പ്രണയത്തില്‍നിന്ന് ശരത്കാലത്തിന്റെ അവസാനത്തെ കാറ്റുകളും വസന്തത്തിന്റെ ആദ്യത്തെ മഴകളും അല്ലാതെ നാം ഒന്നും നേടുന്നില്ലെന്നു മറ്റൊരിടത്ത് പറയുന്നു. ‘‘ഞാന്‍ ജീവിച്ചിരിക്കുന്നത് ഇനിയും പാടാത്ത കവിതകളിലും കാറ്റില്‍ ചിതറിപ്പോയ എന്റെ തന്നെ ശകലങ്ങളിലുമാണ്.’’ കവിതയെക്കുറിച്ച് അവര്‍ക്ക് കാൽപനിക സങ്കൽപമല്ല ഉള്ളത്. ‘‘കവിത ധിക്കാരിയാണ്, ചെരിപ്പിടാതെ നടക്കുന്നവള്‍, ആര്‍ക്കും നയിക്കാനാകാത്തവൾ, ശരിയായ വീട് ഇല്ലാത്തവള്‍.’’ ബ്ലൂ മെട്രോപോളിസ് കാവ്യോത്സവത്തില്‍ കണ്ടുമുട്ടിയപ്പോള്‍ അവര്‍ സമ്മാനിച്ച ‘ഒരു ഗ്രൂപ്പ് ഫോട്ടോയുടെ നെഗറ്റിവ്’ എന്ന ഇംഗ്ലീഷ് പരിഭാഷാ സമാഹാരത്തില്‍നിന്നാണ് ഈ കവിതകള്‍, മൗറാ ദൂലിയുടെയാണ് ഇംഗ്ലീഷ് പരിഭാഷ.


1. ചുവന്ന സൈക്കിള്‍

വേനലിന്റെ ഹരിതതീരങ്ങളില്‍

ഞാന്‍ ഇപ്പോഴും

എന്റെ ചുവന്ന സൈക്കിള്‍ സ്വപ്നം കാണുന്നു.

ഒതുക്കമില്ലാത്ത എന്റെ മുടി വെള്ളത്തില്‍

നിഴലുകള്‍ എറിയുന്നു,

എന്റെ സ്കൂള്‍ പുസ്തകത്തില്‍

മുന്തിരിങ്ങയുടെ കറ.

മുള്ളിന്റെയും കല്ലിന്റെയും ആ കാലത്ത്

മാറിനിന്ന് വളരുക പ്രയാസമായിരുന്നു

തിളങ്ങുന്ന ഗോട്ടിക്കായ്കള്‍

എന്റെ വിരലുകള്‍ക്കിടയിലൂടെ

ഊര്‍ന്നുപോകുന്നത് ഞാന്‍ കണ്ടുനിന്നു.

കളിക്കാന്‍ ആരും കൂട്ടില്ലാതെ

ഞാന്‍ റോഡരികില്‍ ഇരുന്നു.

എന്റെ തുരുമ്പിച്ച സൈക്കിള്‍

ഷെഡില്‍ കിടന്നു, ആ ഹരിതതീരം

ചുവരില്‍ ഒരു ചിത്രമായി മാറി.


2. രാപ്പിശാച്

രാത്രി തൊട്ടടുത്ത തെരുവില്‍നിന്ന്

പുസ്തകങ്ങള്‍ കരിയുന്ന മണം

ജനലിലൂടെ തള്ളിവരുന്നു,

അമ്മൂമ്മ പതുക്കെ ജപമാലയെണ്ണുമ്പോള്‍

അവരുടെ ഇരുണ്ട ഉടുപ്പിന്റെ

ഞൊറികള്‍ കണ്ടുപിടിക്കുന്നു

അത് കുട്ടിയുടെ തൊട്ടില്‍ തുറിച്ചുനോക്കുന്നു.

ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും

കീശ കാലിയാക്കി,

യുദ്ധത്തിന്റെ വടുക്കളുമായി

അത് മുകളിലേക്കുള്ള വഴി

മുഴുവന്‍ കയറിയിരിക്കുന്നു,

വെളുത്ത ക്രിസാന്തമം ചെടികള്‍ വരെ,

ചുവരിലെ ഘടികാരം വരെ,

ഞങ്ങളുടെ ഒഴിഞ്ഞ പ്ലേറ്റുകള്‍ വരെ,

ഉയരെ അമ്മൂമ്മയുടെ കഥകളില്‍

എത്തും വരെ-

പുകയുടെയും ചാരത്തിന്റെയും

ഒരു വായ്‌.


3. നഷ്ടപ്പെട്ടവള്‍

(അമ്മൂമ്മയുടെ ഓർമക്ക്)

ഞങ്ങള്‍ ഉറക്കത്തില്‍നിന്ന് പുറത്തു കടന്നു

തിളങ്ങുന്ന ഒരുഷസ്സിലേക്ക് കാലെടുത്തു വെച്ചു

പകലിന് വിശപ്പായിരുന്നു,

പൂച്ച കാലിന്നിടയിലൂടെ കറങ്ങുംപോലെ.

തിളച്ചു നുരയുന്ന മരുന്നുകളുടെ മണത്തിലും

ചൂലിന്റെ ശ് -ശ് ശബ്ദങ്ങളിലും

ഞങ്ങളുടെ ആഹ്ലാദം ഓർമകളുടെ

ചിറകള്‍ പൊട്ടിച്ചു കവിഞ്ഞൊഴുകി

പിന്നെ സംഭവിച്ചത് പ്രയാസമുള്ള കാര്യമാണ്:

മരണം അത്തരം ഒരു ദൈനംദിന സംഭവമാണ്

അവള്‍ ഒന്നുമെടുക്കാതെ സ്ഥലം വിട്ടു,

വന്നപോലെ തന്നെ നഗ്നയായി, അവളുടെ കൈകളും

മുഖവും ശബ്ദവും മാത്രമെടുത്ത്,

അനുവാദമില്ലാതെ,

ചെരിപ്പിടാത്ത ഒരു കൊച്ചു

വാശിക്കാരി പെണ്‍കുട്ടിയെപ്പോലെ.

അവളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്,

ഒരൊഴിഞ്ഞ പാത്രത്തില്‍, ഉണങ്ങിയ പൂക്കളില്‍,

ഒരു പുസ്തകത്തിന്റെ താളുകള്‍ തുന്നിക്കെട്ടിയ

കറുത്ത ജപമാലയില്‍.

കാറ്റുകള്‍ വീശിയടിക്കുന്നു,

ഇലകള്‍ ചിതറുന്നു, മറിക്കാന്‍ പറ്റാതായ

കല്ലായി മാറിയ, ഒരു താളിന്നു കുറുകെ.


4. ചുകന്ന പൂ

ചുകന്ന പോപ്പിപ്പൂ ചൂടി

ആ കറുത്ത ഉടുപ്പുകള്‍ ഇവിടെ വിട്ടു പോവുക

ദുഃഖാചരണത്തിന്റെ ആ കൊടികള്‍,

ക്ഷീണിച്ച, ഹതാശമായ തെരുവുകള്‍.

ഇത് മാത്രമാണ് മുന്നോട്ടുള്ള വഴി

നിന്റെ ചുകന്ന പൂവും ചൂടി

കൈ കൊണ്ടെഴുതിയ ഈ വരികള്‍ക്കിടയിലൂടെ

ഈ കടലാസിന്റെ ശൂന്യസ്ഥലത്തു നിന്നു

കയറിപ്പോവുക, എന്നിട്ട്

ഓർമകളിലേക്ക് കടന്നു ചെല്ലുക

വരൂ, ആ വൃത്തികെട്ട പഴയ വീട്ടില്‍

എന്നെ വന്നു കാണൂ

അവിടെ പൈപ്പുകള്‍ തുരുമ്പിച്ചിരിക്കുന്നു

വാതിലുകളില്‍ പുല്ലും പന്നയും വളര്‍ന്നിരിക്കുന്നു

ചിലന്തിവലയും സ്വകാര്യം പറച്ചിലുകളും

എല്ലാറ്റിനും മുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്നു

ദുഃഖം മാത്രമാണ് ഇത്രയേറെ വര്‍ഷങ്ങള്‍ക്കു ശേഷവും

അതില്‍ പൊടി പിടിക്കാതിരിക്കാനുള്ള മൂടി

എന്നിലേക്ക് തിരിച്ചു വരൂ,

നിന്റെ പേടികള്‍ ഒളിപ്പിക്കൂ,

ചുകന്ന ആ പൂവും ചൂടി തിരിച്ചുവരൂ.

ഒരു കാര്യം മാത്രം: നീ സ്വർഗത്തിലേക്കു പോയ

ആ വഴി എനിക്ക് നീ പറഞ്ഞുതരുന്നത്

ആരും കാണാതെ ശ്രദ്ധിക്കുക.



5. ഒരു ഗ്രൂപ്പ് ഫോട്ടോയുടെ നെഗറ്റിവ്

(ചെറുപ്പത്തിലേ ദൗര്‍ഭാഗ്യകരമായ ചുറ്റുപാടുകളില്‍

മരിച്ച കവികളായിരുന്ന ഗസാലെ അലിസാദേ,

നസാനിന്‍ നെസം ഷാഹി എന്നിവരുടെ ഓർമക്ക്)

ഈ ഫോട്ടോവിലെ ഞാന്‍ എന്നെക്കാള്‍ ചെറുപ്പമാണ്,

ഞാന്‍ എഴുതിയ എന്തിനേക്കാളും ചെറുപ്പം

ഞാനാണ് കാണാതായ മൂന്നാമത്തെ ആള്‍.

എന്റെയുള്ളില്‍, രഹസ്യമായി, വാക്കുകള്‍

ഉരുവംകൊള്ളുകയായിരുന്നു

വേനലില്‍ ഉറ പൊട്ടിച്ചുണരുന്ന ശലഭത്തെപ്പോലെ

എന്റെ വിരലുകള്‍ക്കിടയിലൂടെ

എന്റെ ഒളിയിടത്തില്‍നിന്നു പാളിനോക്കി

ഒരു കവിയായി ഞാന്‍ പുറത്തു വന്നു.

എന്റെ ഹൃദയം നന്നായൊളിപ്പിച്ച്

അൽപമൊന്നു സ്വയം മറച്ച്

ഞാന്‍ സ്വയം തുറന്നുവെച്ചു

ഇരുളില്‍ ഞാന്‍ ആ ദയാശൂന്യമായ മരം

അന്വേഷിച്ചു, ചിലപ്പോള്‍ ഒരു

പച്ചച്ചരടിന്റെ അടയാളവും.

ഗസാലെയെ ഓര്‍ക്കണമല്ലോ?

ഈ ഫോട്ടോവിലെ ഞാന്‍ എന്നെക്കാള്‍ ചെറുപ്പമാണ്

എന്റെ നിഴലിനെക്കാള്‍ ചെറുപ്പം.

എനിക്ക് എഴുതാന്‍ കഴിയാത്തതെല്ലാം

ഞാന്‍ മറച്ചു വെച്ചു, ഞാന്‍

എന്റെ മകളില്‍ ഒളിച്ചിരുന്നു

അല്ലെങ്കില്‍ എന്റെ അമ്മയില്‍ സ്വയം നഷ്ടപ്പെട്ടു

മലര്‍കാലമഴയുടെ ആദ്യത്തെ അടയാളത്തില്‍

ഞങ്ങള്‍ ആശ്വാസം തേടി

പക്ഷേ ഈ സ്ത്രീകളുടെ നഷ്ടത്തില്‍

എന്റെ ഹൃദയം എന്നും വേദനിക്കും

നസാനിനെ ഓര്‍ക്കണമല്ലോ?

ആ ദിവസങ്ങള്‍ യുദ്ധകാലത്തെക്കാള്‍

ഭ്രാന്തു പിടിച്ചവയായിരുന്നു,

മിക്കവാറും ഒരു നിശ്ശബ്ദത,

സൈനികരുടെ പുതപ്പിനുള്ളിലൂടെ

ഭയത്തോടെ വാക്കുകള്‍ ഉച്ചരിച്ച ദിനങ്ങള്‍.

കവിതക്ക് മാത്രമേ ഞങ്ങളെ

ചേര്‍ത്തുനിര്‍ത്താനായുള്ളൂ,

അതിനു സ്വയം വാക്ക് കിട്ടാത്തപ്പോളൊഴികെ.

ആകാരം മാറിക്കൊണ്ടിരിക്കുന്ന അക്ഷരങ്ങള്‍ക്കിടയില്‍

ഒരു കുട്ടിയുടെ മുഖം എത്തിനോക്കി,

ഒടിഞ്ഞു നുറുങ്ങിയ അക്ഷരങ്ങള്‍,

മനസ്സിലാക്കാന്‍ പ്രയാസമായവ.

ഹേമന്തത്തിനും ഗ്രീഷ്മത്തിനുമിടയില്‍

മേഘാവൃതമായ ആകാശം ഞങ്ങളെ വേര്‍പെടുത്തി

എന്റെ കഴുത്തില്‍ ചുറ്റിപ്പിണഞ്ഞ റോഡിനും

നിന്റെ വായില്‍ തീപ്പിടിച്ച വാക്കുകള്‍ക്കുമിടയില്‍

നീ എന്നെ ഓർമിക്കുന്നുവോ? എനിക്ക് തോന്നുന്നില്ല.

ഒരു കത്രിക കൊണ്ട് രൂപത്തില്‍നിന്നും

എല്ലാ നിഴലുകളും ഞാന്‍ വെട്ടിക്കളയുന്നു,

വസന്തത്തിന്നായി പുതുവസ്ത്രങ്ങളണിയുന്നു

നിന്റെ വരികള്‍ മറ്റൊരു പുതിയ തുടക്കമായിരുന്നു,

എനിക്കറിയാവുന്ന ഒരേയൊരു കോടിവസ്ത്രം

കവിതയായിരുന്നു, എന്നത്തേക്കാളും

സുന്ദരമായ ഒരു പ്രണയം.

ഈ ചിത്രത്തില്‍ നാം വിചിത്രമാം വിധം

ചെറുപ്പമായിരിക്കുന്നു, നമ്മുടെ ശിരസ്സുകള്‍

അങ്ങോട്ടുമിങ്ങോട്ടും ചാരിയിരിക്കുന്നു,

അടുത്ത്, വാത്സല്യത്തോടെ, -ഇതാ ഞാന്‍.

ഈ കറ പുരണ്ട കറുപ്പും വെളുപ്പുമായ

നെഗറ്റിവില്‍, നമ്മുടെ മായാത്ത വലിയ പുഞ്ചിരിയുമായി

ഉയരത്തില്‍ നിവര്‍ന്നുനിന്ന് നാം

ലോകത്തെ മുഖാമുഖം നോക്കി. 

News Summary - Azita Ghahreman poem translation by satchidanandan