ശവപ്പെട്ടിക്കുള്ളിൽ ജീവിക്കുന്ന മനുഷ്യൻ -സച്ചിദാനന്ദൻ എഴുതിയ കവിത
ഞാന്‍ ശവപ്പെട്ടിക്കുള്ളില്‍ ജീവിക്കുന്നമനുഷ്യനാണ്. ജനിച്ചതു ഇവിടെയായിരുന്നോ എന്ന് എനിക്കോർമയില്ല ഓർമവെച്ചപ്പോള്‍ മുതല്‍ ഞാനിവിടെയാണ് ശവപ്പെട്ടി എന്നോടൊപ്പം വളര്‍ന്നു. ശ്വസിക്കാന്‍ ഒരു തുളയുണ്ട് താഴോട്ടു അൽപമിറങ്ങി ചിലപ്പോള്‍ അതിലൂടെ ഞാന്‍ പുറത്തേക്ക് കണ്ണയക്കും അപ്പോള്‍ ഒരു മരച്ചില്ല കാണും അല്ലെങ്കില്‍ ഒരു പുല്ല്, ഒരു പൂവ്. അതിന്റെ മണം എന്റെ ഉച്ഛ്വാസത്തില്‍ കലരും ചിലപ്പോള്‍ ഒരു കിളി പാടുന്നതോ ഒരു വണ്ടു മൂളുന്നതോ ഒരു പശുക്കുട്ടി...
Your Subscription Supports Independent Journalism
View Plansഞാന്‍ ശവപ്പെട്ടിക്കുള്ളില്‍ ജീവിക്കുന്ന
മനുഷ്യനാണ്.
ജനിച്ചതു ഇവിടെയായിരുന്നോ
എന്ന് എനിക്കോർമയില്ല
ഓർമവെച്ചപ്പോള്‍ മുതല്‍ ഞാനിവിടെയാണ്
ശവപ്പെട്ടി എന്നോടൊപ്പം വളര്‍ന്നു.
ശ്വസിക്കാന്‍ ഒരു തുളയുണ്ട്
താഴോട്ടു അൽപമിറങ്ങി ചിലപ്പോള്‍
അതിലൂടെ ഞാന്‍ പുറത്തേക്ക് കണ്ണയക്കും
അപ്പോള്‍ ഒരു മരച്ചില്ല കാണും
അല്ലെങ്കില്‍ ഒരു പുല്ല്, ഒരു പൂവ്.
അതിന്റെ മണം എന്റെ
ഉച്ഛ്വാസത്തില്‍ കലരും
ചിലപ്പോള്‍ ഒരു കിളി പാടുന്നതോ
ഒരു വണ്ടു മൂളുന്നതോ ഒരു
പശുക്കുട്ടി കരയുന്നതോ കേള്‍ക്കും
കൈ ഒന്നുയര്ത്തണം എന്നുണ്ട്,
കാല് ഒന്ന് മടക്കണം എന്നും.
പക്ഷേ ഈ കിടപ്പ് എനിക്ക് ശീലമായി
ആരെങ്കിലും പെട്ടി തുറന്നാല്‍ തന്നെ
ഞാന്‍ പുറത്തിറങ്ങി നടക്കുമോ
എന്ന് എനിക്കറിഞ്ഞുകൂടാ
എന്റെ ശരീരംപോലും
അച്ചടക്കം ശീലിച്ചുകഴിഞ്ഞു
തൊട്ടടുത്ത പെട്ടിയില്പോലും
ആരാണു താമസമെന്ന് എനിക്കറിയില്ല
അവര്‍ പറയുന്നത് ഈ പെട്ടികള്‍
ചേര്‍ന്നാല്‍ ഒരു രാഷ്ട്രമായി എന്നാണ്.
ഒരാള്‍ മാത്രം പുറത്തുനടക്കുന്നത്
എനിക്കു കേള്‍ക്കാം
അയാളാണോ ഈ പെട്ടികള്‍
പണിതത് എന്ന് എനിക്കറിയില്ല
എന്നാല്‍ അയാളുടെ കൈയിലെ ബ്രഷ്
പെട്ടിയുടെ മേല്‍ നീങ്ങുന്നത്
എനിക്ക് കേള്‍ക്കാം, 'കാവി, കാവി'
എന്നുരുവിട്ടു അയാള്‍ 'വന്ദേ മാതരം'
എന്ന് പെട്ടിമേല്‍ എഴുതുന്നതിന്റെ
കുളിരണിയിക്കുന്ന കിരുകിരുപ്പും.