ഉപേക്ഷിക്കപ്പെട്ടത്
ഉപേക്ഷിക്കപ്പെട്ട ചിലതിനോട് അത്ര മേലിഷ്ടം തോന്നും, ചിലപ്പോൾ. അച്ഛന്റെ കുഴമ്പ് മണം കഴുകിക്കളയാൻ അമ്മ അടുപ്പത്തേക്ക് കയറ്റിവെക്കാറുള്ള ആ ചെമ്പുപാത്രം വക്കുപൊട്ടിയതോർക്കാതെ ഉമ്മ വെക്കാൻ തോന്നും. കാലിന്റെ തഴമ്പു വീണ മെതിയടി അമ്മയുടെ രാമായണ മാസത്തെ ചായ്പിലിരുന്ന് വായിക്കുന്നത് കേൾക്കാം. ക്ലാവ് പിടിച്ചതിനാൽ ഉപേക്ഷിക്കപ്പെട്ട കറിക്കത്തി പഴയ ഒരു ഓർമയുടെ വാഴ്ത്തലത്തിളക്കത്തോടെ ചെറുവിരലിലെ ചോരയായി നിലവിളിച്ചെത്തും. പഴയ വീടിന്റെ ചവിട്ടുപടി കാലുകളെ ഇക്കിളിപ്പെടുത്തി മൂർധാവിൽവന്ന് കിളിയൊച്ചയാവുന്ന നിമിഷങ്ങൾ കയ്യാലക്കലിലെ കാക്കക്കരച്ചിലാവും. എത്ര...
Your Subscription Supports Independent Journalism
View Plansഉപേക്ഷിക്കപ്പെട്ട ചിലതിനോട്
അത്ര മേലിഷ്ടം തോന്നും, ചിലപ്പോൾ.
അച്ഛന്റെ കുഴമ്പ് മണം കഴുകിക്കളയാൻ
അമ്മ അടുപ്പത്തേക്ക് കയറ്റിവെക്കാറുള്ള
ആ ചെമ്പുപാത്രം
വക്കുപൊട്ടിയതോർക്കാതെ
ഉമ്മ വെക്കാൻ തോന്നും.
കാലിന്റെ തഴമ്പു വീണ മെതിയടി
അമ്മയുടെ രാമായണ മാസത്തെ
ചായ്പിലിരുന്ന് വായിക്കുന്നത് കേൾക്കാം.
ക്ലാവ് പിടിച്ചതിനാൽ
ഉപേക്ഷിക്കപ്പെട്ട കറിക്കത്തി
പഴയ ഒരു ഓർമയുടെ വാഴ്ത്തലത്തിളക്കത്തോടെ
ചെറുവിരലിലെ ചോരയായി നിലവിളിച്ചെത്തും.
പഴയ വീടിന്റെ ചവിട്ടുപടി
കാലുകളെ ഇക്കിളിപ്പെടുത്തി
മൂർധാവിൽവന്ന് കിളിയൊച്ചയാവുന്ന നിമിഷങ്ങൾ
കയ്യാലക്കലിലെ കാക്കക്കരച്ചിലാവും.
എത്ര കാലടികളിലത് ചുംബിച്ചു?
എത്രയിറക്കങ്ങൾക്ക് കൈ കൊടുത്തു?
ഉപേക്ഷിക്കപ്പെട്ട ഒരു ശിൽപം
ഉടലറ്റതാ കിടക്കുന്നു.
ഒരിക്കൽ നിവർന്നുനിന്ന്
ഒരു മനുഷ്യനായി അതിശയിപ്പിച്ചത്.
ജീവനില്ലെന്നറിഞ്ഞിട്ടും
ജീവനുള്ളതായ് കൊതിപ്പിച്ചത്.
ഓർമകളിൽ മഞ്ഞ് മൂടി
ഒഴുക്ക് നിലച്ചുപോയ ചില പഴമകൾ
ഉപേക്ഷിക്കപ്പെട്ട വാക്കായ്
നമ്മുടെ വാതിലുകളിൽ മുട്ടാറുണ്ട്.
ദൂരേക്ക് നാട് കടത്തിയാലും
നാം തിരിച്ചെത്തുമ്പോഴേക്കും
ഉമ്മറത്ത് കാത്ത് നിൽക്കുന്നവ.