പാമ്പ്
ഉറങ്ങുകയായിരുന്നു. ഉറക്കത്തിലപ്പുറത്തെ മുറിയുടെ മിനുസ്സമുള്ള തറയിലൂടിഴയുന്നു തവിട്ടുനിറമുള്ളൊരു പാമ്പ്. ജനലുകൾ വാതിലുകൾ തുറക്കാത്ത മുറിയതിലെങ്ങിനെയൊരു പാമ്പെന്നതിശയം കൊള്ളവേ- യുറക്കത്തിൽ തിരിഞ്ഞുകിടന്നു ജനലിന്നഭിമുഖം. പാമ്പിപ്പോൾ ഉറങ്ങുമെൻ കട്ടിലിന്നറ്റത്ത്. മുടിയിൽ പാമ്പ് കഴുത്തിൽ പാമ്പ് അരയിൽ തുടയിൽ കാൽച്ചുവട്ടിൽ കൈകളിൽ ചെറിയ ചെറിയ പാമ്പിൻകുഞ്ഞുങ്ങൾ. കിടക്കയിലാകെ പൊട്ടിയ പാമ്പിൻ...
Your Subscription Supports Independent Journalism
View Plansഉറങ്ങുകയായിരുന്നു.
ഉറക്കത്തിലപ്പുറത്തെ മുറിയുടെ മിനുസ്സമുള്ള തറയിലൂടിഴയുന്നു
തവിട്ടുനിറമുള്ളൊരു പാമ്പ്.
ജനലുകൾ
വാതിലുകൾ
തുറക്കാത്ത മുറിയതിലെങ്ങിനെയൊരു പാമ്പെന്നതിശയം കൊള്ളവേ-
യുറക്കത്തിൽ തിരിഞ്ഞുകിടന്നു ജനലിന്നഭിമുഖം.
പാമ്പിപ്പോൾ ഉറങ്ങുമെൻ കട്ടിലിന്നറ്റത്ത്.
മുടിയിൽ പാമ്പ്
കഴുത്തിൽ പാമ്പ്
അരയിൽ
തുടയിൽ
കാൽച്ചുവട്ടിൽ
കൈകളിൽ
ചെറിയ ചെറിയ പാമ്പിൻകുഞ്ഞുങ്ങൾ.
കിടക്കയിലാകെ പൊട്ടിയ
പാമ്പിൻ മുട്ടകൾ.
വസ്ത്രങ്ങൾക്ക്
പാമ്പിൻ നിറം.
മുറിയൊരു കൂർത്ത പാമ്പിൻപുറ്റ്.
വീടുവിട്ടിറങ്ങി
പേടിച്ചോടിക്കയറിയ ഇടവഴികൾക്കെല്ലാം
പാമ്പിൻ മണം.
പാമ്പുകളെയൊളിപ്പിച്ച് ചെടികളുടെ
മദിപ്പിക്കുന്ന വളർച്ച.
മണ്ണിനോടു ചേർന്ന് ഇടവഴിയുടനീളം വീണുകിടക്കുന്ന പാമ്പിന്നുറകൾ.
വീടെന്നു കരുതി കയറിച്ചെന്നയിടങ്ങളിലെല്ലാം
വീടിനെത്തിന്ന്
വാ പിളർത്തുന്ന പാമ്പുകൾ.
ഉറങ്ങിക്കിടന്നിടത്തേക്കുതന്നെ ഓടിയെത്തിയപ്പോൾ കണ്ടതെന്റെ കിടക്കയിൽ പുളഞ്ഞിണചേരും
രണ്ടു പാമ്പുകളെ.
അതിലൊന്നിന് വലിയ കണ്ണുകളുള്ളൊരു പെണ്ണിന്മുഖം.
മുഖത്ത്
ഇന്നലെ കണ്ടുമറന്നൊരു
കറുത്ത മറുക്
അല്ല.
എന്റെ മുറിയിതല്ല
എന്റെ വീടിതല്ല
ചെന്നുകയറിയതൊന്നും
എന്റെ വീടുകളായിരുന്നില്ല.
ഞാനിറങ്ങുന്നു.