തോറ്റകുന്ന്
എപ്പോഴും ഉച്ചയായൊരു കുന്ന് ഒരു വിളിയകലെ കുന്തിച്ചിരിപ്പൊണ്ട്... മൂളി ചൊല്ലുവനേറെയുള്ളൊരു വാക്ക് പൂത്തണ്ട കിലുക്കണുണ്ട് കേൾക്കുവാനാകെയുള്ളോരുമാനം മലർക്കെ തുറന്നിരിപ്പൊണ്ട് ഇണചേർന്നിരുന്നോരെ പിരിച്ചടർത്തിയതിന്... കരിപ്പച്ച നട്ടോരിരുട്ടിനെ പറിച്ചെറിഞ്ഞതിന്... വാചാലുകൾ ഉരിയാടിയൊരു കുന്നിന്റെ തുണിയുരിഞ്ഞതിന്... ഒറ്റയായൊരു ചേരുമരം ഒറ്റയായൊരു കിളിമുട്ട ഒറ്റക്കാലുമായൊരാൺമയിൽ ഒറ്റപ്പഴവുമായൊരു കൊമ്പ് ഒറ്റയിലയുമായൊരു...
Your Subscription Supports Independent Journalism
View Plansഎപ്പോഴും ഉച്ചയായൊരു കുന്ന്
ഒരു വിളിയകലെ കുന്തിച്ചിരിപ്പൊണ്ട്...
മൂളി ചൊല്ലുവനേറെയുള്ളൊരു വാക്ക്
പൂത്തണ്ട കിലുക്കണുണ്ട്
കേൾക്കുവാനാകെയുള്ളോരുമാനം
മലർക്കെ തുറന്നിരിപ്പൊണ്ട്
ഇണചേർന്നിരുന്നോരെ
പിരിച്ചടർത്തിയതിന്...
കരിപ്പച്ച നട്ടോരിരുട്ടിനെ
പറിച്ചെറിഞ്ഞതിന്...
വാചാലുകൾ ഉരിയാടിയൊരു
കുന്നിന്റെ തുണിയുരിഞ്ഞതിന്...
ഒറ്റയായൊരു ചേരുമരം
ഒറ്റയായൊരു കിളിമുട്ട
ഒറ്റക്കാലുമായൊരാൺമയിൽ
ഒറ്റപ്പഴവുമായൊരു കൊമ്പ്
ഒറ്റയിലയുമായൊരു ചില്ല...
കുന്ന് ഇപ്പോഴും ഉച്ചയിൽതന്നെ നിൽപ്പാണ്
ഇലമുടിയില്ലാത്ത ഉച്ചിയിലെ ചൂട് ഊതിയാറ്റുന്നുണ്ട്
തലയാട്ടിക്കളിയുമായി
മുടിയഴിച്ചാടണമെന്നുണ്ട്
ഊരാളിമാർ വിളിച്ചുചൊല്ലണമെന്നുണ്ട്
വട്ടക്കണ്ണെഴുത്തുള്ളൊരു പുലിക്കണ്ടൻ
ചേരിൽ ചാരിയിരിപ്പൊണ്ട്
മാങ്കണ്ണും വില്ലുകുറിയും വരച്ചോരു നാഗകന്നി
മാളംതേടിയിഴയുന്നൊണ്ട്
ഉടഞ്ഞോരുടലും രണ്ടു പൊയ്ക്കൺകളും
തോറ്റിച്ചുരിയാടണമെന്നുണ്ട്
കുന്ന് എപ്പോഴും ഉച്ചയിൽതന്നെയാണ്
കൈയേറാനൊരു കാറ്റിൻ തുടി
അകമുറിയിലിരമ്പണൊണ്ട്
കൈയാളാനൊരു മേലേരിക്കനൽ
കത്തിക്കേറി വരണൊണ്ട്
ആറാടാനൊരുമലയോളം മഴ
ഉയിരുംകൊണ്ടുവരണൊണ്ട്
കരിമ്പാറപൊളിച്ചോരു കടൽ
ആറാടിവരണൊണ്ട്
ചായ്യില്യചോപ്പു കലർന്നൊരു ചെറുപുഴ
വിണ്ടു വരണ്ടു കെടപ്പുണ്ട്.
പൊള്ളിയടർന്ന വസൂരിക്കല
വിത്ത് വിതച്ചു വരണൊണ്ട്
സദാ ഉച്ചയായൊരുവൾ
തീക്കുന്നിറങ്ങി വരണൊണ്ട്
ചെറുവട്ടത്തിലൊരു നിഴൽ കാലിൽ ചുറ്റിയിരിപ്പൊണ്ട്
ഉരുൾപൊട്ടി വീണ ഓർമകളിൽ നൊന്ത്
അവളും കുന്നും എപ്പോഴും ഉച്ചയിലാണ്
മാർവട്ടവും കാച്ചമയവുമില്ലാതെ...
ഉച്ചയിൽ തലചേർത്തു നിൽപ്പാണ്...
അവന്റെ ഉപ്പ് നുണഞ്ഞ്...
ശ്വാസത്തെ ശ്വസിച്ച്...
ഉടലൊട്ടിയ നിമിഷത്തിൽ നിലച്ച്...
ആസക്തികളിൽ പുകഞ്ഞ്...
മലർന്നുപോയ മനസ്സിനെ ശാസിച്ച്...
അവനിൽ ചാഞ്ഞിരുന്നു അവളും
കുന്നും കവിത കുറിക്കുകയാണ്...
ഇപ്പോഴും ഉച്ചതന്നെയാണിരുവർക്കും...