ഓരി -സച്ചിദാനന്ദൻ എഴുതിയ കവിത
മണ്ണിന്നടിയില്‍നിന്ന് ചങ്ങലകള്കിലുങ്ങുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? മൗനത്തിന്റെ വകഭേദം മാത്രമായ ഒരു മുരള്‍ച്ച ശവകുടീരം പിളര്‍ന്ന് ഉയര്‍ന്നു മൂര്‍ച്ച വെക്കുന്നത്? കുഴികള്‍ മാത്രമായ രണ്ടു കണ്ണുകള്‍ ഇല്ലാത്ത കൃഷ്ണമണികള്‍കൊണ്ട് കാട്ടിലേക്ക് തുറിച്ചു നോക്കുന്നത് കണ്ടിട്ടുണ്ടോ? ഇതാ ഇവിടെ ഭൂമി പതുക്കെ കുലുങ്ങുന്നു ചുമലുകള്കൊണ്ട് വിസ്മൃതിയുടെ മൂടി ഉയര്‍ത്തി ആരോ പൊങ്ങിവരാന്‍ ശ്രമിച്ചു കിതയ്ക്കുന്നു രോഷാകുലനായ ഒരു യേശു തന്റെ...
Your Subscription Supports Independent Journalism
View Plansമണ്ണിന്നടിയില്‍നിന്ന് ചങ്ങലകള്‍
കിലുങ്ങുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ?
മൗനത്തിന്റെ വകഭേദം മാത്രമായ
ഒരു മുരള്‍ച്ച ശവകുടീരം പിളര്‍ന്ന്
ഉയര്‍ന്നു മൂര്‍ച്ച വെക്കുന്നത്?
കുഴികള്‍ മാത്രമായ രണ്ടു കണ്ണുകള്‍
ഇല്ലാത്ത കൃഷ്ണമണികള്‍കൊണ്ട്
കാട്ടിലേക്ക് തുറിച്ചു നോക്കുന്നത്
കണ്ടിട്ടുണ്ടോ?
ഇതാ ഇവിടെ ഭൂമി പതുക്കെ കുലുങ്ങുന്നു
ചുമലുകള്കൊണ്ട് വിസ്മൃതിയുടെ
മൂടി ഉയര്‍ത്തി ആരോ പൊങ്ങിവരാന്‍
ശ്രമിച്ചു കിതയ്ക്കുന്നു
രോഷാകുലനായ ഒരു യേശു
തന്റെ നിയോഗം പൂര്‍ത്തിയാക്കാന്‍
തിരിച്ചു വരുംപോലെ
പുല്ലുകള്‍ക്കിടയില്‍നിന്ന് ഒരു ചൂണ്ടുവിരല്‍
അധികാരികളുടെ നേരെ നീണ്ടുവരുന്നു.
ലംഘിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന
വാഗ്ദാനങ്ങള്‍ അവന്റെ കണ്‍കുഴികളില്‍
വാകപ്പൂക്കളുടെ ചോര നിറയ്ക്കുന്നു.
നീ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു
മരണം മറുപടികളുടെ നീട്ടിവെക്കല്‍ മാത്രമാണ്,
അവമതികളുടെ മേല്‍ പതിക്കുന്ന ചാട്ടവാര്‍.
നിന്നെ കൊന്ന അതേ തോക്കുകളാണ് ഇന്നും
അധികാരികളെ സംരക്ഷിക്കുന്നത്.
അവരുടെ കവചിതവാഹനങ്ങള്‍
ആദിവാസികളുടെ നെഞ്ചിലൂടെ കടന്നുപോകുന്നു.
കാടുകളുടെ നിലവിളി ദാഹിക്കുന്ന ആനകളോടും
കാട്ടുപന്നികളോടും ചേര്‍ന്ന് ചുരമിറങ്ങുന്നു.
ഒരിക്കല്‍ ഭൂമിക്കുവേണ്ടി പൊരുതുന്ന
ആദിവാസികള്‍ക്കൊപ്പം കൈകോര്‍ത്തു നിന്നപ്പോള്‍
നീ കാറ്റായിവന്ന് എന്നെ തൊട്ടു
ഇപ്പോഴിതാ വീണ്ടും ഞാന്‍
ആ സ്പര്‍ശത്തിന്റെ ചൂടറിയുന്നു
കൊല്ലപ്പെട്ട യുവാക്കളുമായി കൈകോര്‍ത്ത്
നീ മൂടല്‍മഞ്ഞിന്റെ പാതിയിരുട്ടില്‍ നില്ക്കുന്നു.
കൊടികള്‍ കെട്ടുപോയ രാത്രിയില്‍
പൂവിടാത്ത തൂക്കുമരത്തിന്റെ
രക്തം തളിരിട്ട തണലില്‍
നീ നില്ക്കുന്നു, കാട്ടിലെ ഓരോ മരവും
കഴുമരമാകുന്ന ദുഃസ്വപ്നം നിന്നെ ഉണര്‍ത്തുന്നു.
വിപ്ലവം ഇപ്പോള്‍ ഒരു നീണ്ട നിലവിളി മാത്രമാണ്.
ഉദിക്കാത്ത സൂര്യനെ കാക്കുന്ന, പൂക്കള്‍ അസ്തമിച്ച,
അമാവാസിയുടെ ഓരി,
തെയ്യമാകാന്‍ വിസമ്മതിക്കുന്ന, സ്വപ്നം ശമിക്കാത്ത,
ഒരുടലിന്റെ നഗ്നമായ ഓരി.
എന്നെയും തല്ലിക്കൊല്ലൂ
ഞാന്‍ സഹതപിക്കാന്‍പോലും മറന്നുപോയ
ഒരു കാട്ടുമൃഗമാണ്.