ക്രിക്കറ്റ് -സച്ചിദാനന്ദന്റെ കവിത
പതിനൊന്നു വാക്കുകള്‍ അപ്പുറം
പതിനൊന്നു ഇപ്പുറം.
എറിയുന്നു, ഓടുന്നു, തടയുന്നു,
വീഴുന്നു, വീഴ്ത്തുന്നു,
ഒരുവന്‍ വിസിലൂതുന്നു,
വിരലുയര്‍ത്തുന്നു.
ഫുട്ബാളും ക്രിക്കറ്റും കണ്ടു കണ്ടു തെറ്റി
മഞ്ഞ കാണിച്ചു ഭയപ്പെടുത്തുന്നു,
ചുകപ്പു കാട്ടി പുറത്താക്കുന്നു,
നാലും ആറും
തെറ്റും ശരിയും തീരുമാനിക്കുന്നു,
അതിര്‍ത്തി വിടാതെ നോക്കുന്നു
വാക്കുകള്‍ ചിലപ്പോള്‍ കയര്‍ക്കുന്നു
ഒടുവില്‍ അനുസരിക്കുന്നു
അതുവരെ കളി കണ്ടിരുന്ന വാക്കുകള്‍
പുറത്തു പോകുന്നവക്കു പകരം
കളത്തിലിറങ്ങുന്നു
ഒടുവില്‍ ഒരു കൂട്ടം വാക്കുകള്‍ ജയിക്കുന്നു
ചെറിയ ഒരു ജയം: പാതി സാമർഥ്യം,
പാതി ബുദ്ധി, പാതി ഭാഗ്യം, പാതി ശക്തി
ചിലപ്പോള്‍ അമ്പയറിനു പറ്റിയ ഒരു വെറും തെറ്റ്.
ഓരോ ജയവും അടുത്ത കുറി
തോല്‍ക്കാവുന്നവരുടെ ജയം മാത്രം,
നീട്ടിവെക്കപ്പെട്ട ഒരു പരാജയം,
അപസ്വരത്തിന് മുന്‍പുള്ള ഒരു നേര്‍സ്വരം.
അതിനാല്‍ പ്രിയ വാക്കുകളേ, അഹങ്കരിക്കാതെ.
എപ്പോഴും നിങ്ങള്‍ പുറത്താകാം, തോല്‍ക്കാം,
ഇന്ന് കയ്യടിച്ചവര്‍ നാളെ കൂവാം.
സൂക്ഷിക്കുക: നിങ്ങള്‍ അജയ്യരല്ല
കാഴ്ചകളെ വ്യക്തമോ അവ്യക്തമോ
പൂർണമോ ശിഥിലമോ വിളറിയോ
നിറങ്ങളിലോ കാട്ടുന്ന, തകരാനിരിക്കുന്ന
ചില്ലുകള്‍പോലെ.
ഓരോ മനുഷ്യനും കളിയിലേര്‍പ്പെടുന്ന
ഒരു വാക്കാണ്.