Begin typing your search above and press return to search.
മുറ്റമടി -കവിത
Posted On date_range 23 Feb 2022 2:21 PM IST
Updated On date_range 23 Feb 2022 2:21 PM IST
മുറ്റമടിക്കുന്ന പെൺകുട്ടി
കടലിൽ ഒറ്റയ്ക്ക് തുഴയുന്നവളാണ്.
അവളുടെ കൈകളിൽ
ഏത് നിമിഷവും
ആകാശത്തേക്ക് കുതിക്കാനായും
ഒരു ചുഴലിക്കാറ്റ്...
ചുണ്ടുകളിൽ
പലതായ് പൂത്ത് മലർക്കും
വന്യമായ ഒരു പാട്ടിന്‍റെ
ചടുലതാളങ്ങൾ.
മുറ്റമടിക്കുന്നവൾ
തന്‍റെ കാലുകളിൽനിന്ന്
അഴിച്ചുവിടുന്നു
വേഗത്തിന്‍റെ വെള്ളക്കുതിരകളെ.
അവൾ വരച്ചിടുന്നു
ഭൂമിയുടെ പരുക്കൻ കാൻവാസിൽ
അമൂർത്ത ചിത്രങ്ങൾ.
അദൃശ്യമായ കടുക് പാടങ്ങളിൽ
ക്ഷോഭത്തോടെ നൃത്തംചവിട്ടുന്നു.
ചിലപ്പോളവൾ,
നിലാവിലിറങ്ങി വരും മാലാഖയായ്
ചിറകുകൾ വിരിക്കുന്നു.
മറ്റു ചിലപ്പോൾ,
ഗ്രഹണകാലത്തെ ഇലകളായ്
ധ്യാനംകൊള്ളുന്നു.
അപ്പോൾ
മരങ്ങളിലെ പച്ച ഞരമ്പുകളിൽ
അവളുടെ പേര്
ആരോ എഴുതിവെക്കുന്നു.
ഒടുക്കമവൾ
ആകെ വിയർത്തും കിതച്ചും
മറ്റാരോ വരച്ച ഒരു ജലച്ചായമായ്
മുറ്റത്ത് അനാവൃതമാകുന്നു.
l