ആധുനിക അറബ് കവിത
അറബ് ലോകത്ത് ശ്രദ്ധേയമായ കവിതകളും രചനകളും എഴുതപ്പെടുന്നുണ്ട്. തീവ്രവും വികാരവിക്ഷുബ്ധവും അതേസമയം സംഘർഷവും അടങ്ങിയ ആ കവിതാ ലോകത്തേക്ക് നയിക്കുകയാണ് പ്രതിമാസ പംക്തിയിൽ കവി സച്ചിദാനന്ദൻ.
ആധുനിക അറബ് കവിത ഇന്നത്തെ അറബ് രാഷ്ട്രങ്ങളിലെ ജനങ്ങളുടെ സ്വത്വാന്വേഷണവും പ്രത്യയശാസ്ത്ര സംഘര്‍ഷങ്ങളും പൂര്‍വ- പശ്ചിമലോകങ്ങളുടെ മൂല്യങ്ങളും തമ്മിലും, യൂറോപ്യന്‍ ലോകവും ഇസ്‍ലാമിക ലോകവും തമ്മിലും മുതലാളിത്തവും സോഷ്യലിസവും തമ്മിലുമുള്ള ഏറ്റുമുട്ടലുകളും പ്രതിഫലിപ്പിക്കുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം സ്വതന്ത്രമായ രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി മുതല്‍ തന്നെ ഈ സംഘര്‍ഷ-സംവാദങ്ങള്‍ ആശയലോകത്തെന്നപോലെ കവിതയിലും പ്രത്യക്ഷമായി. ഫലസ്തീന്‍ പ്രശ്നം അതിനു പുതിയ മാനങ്ങള്‍ നല്‍കി. പഴയ സാമൂഹികസംഘാടന രീതികളും പഴകിയ സാങ്കേതികവിദ്യകളും ഇനി മതിയാവില്ലെന്ന് അത് അറബ് ലോകത്തെ...
Your Subscription Supports Independent Journalism
View Plansആധുനിക അറബ് കവിത ഇന്നത്തെ അറബ് രാഷ്ട്രങ്ങളിലെ ജനങ്ങളുടെ സ്വത്വാന്വേഷണവും പ്രത്യയശാസ്ത്ര സംഘര്‍ഷങ്ങളും പൂര്‍വ- പശ്ചിമലോകങ്ങളുടെ മൂല്യങ്ങളും തമ്മിലും, യൂറോപ്യന്‍ ലോകവും ഇസ്‍ലാമിക ലോകവും തമ്മിലും മുതലാളിത്തവും സോഷ്യലിസവും തമ്മിലുമുള്ള ഏറ്റുമുട്ടലുകളും പ്രതിഫലിപ്പിക്കുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം സ്വതന്ത്രമായ രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി മുതല്‍ തന്നെ ഈ സംഘര്‍ഷ-സംവാദങ്ങള്‍ ആശയലോകത്തെന്നപോലെ കവിതയിലും പ്രത്യക്ഷമായി. ഫലസ്തീന്‍ പ്രശ്നം അതിനു പുതിയ മാനങ്ങള്‍ നല്‍കി. പഴയ സാമൂഹികസംഘാടന രീതികളും പഴകിയ സാങ്കേതികവിദ്യകളും ഇനി മതിയാവില്ലെന്ന് അത് അറബ് ലോകത്തെ ആകെ ബോധ്യപ്പെടുത്തി. തെക്കന്‍ അറേബ്യയിലും വടക്കന്‍ ആഫ്രിക്കയിലും പൊട്ടിപ്പുറപ്പെട്ട കലാപങ്ങള്‍ ഈ അസംതൃപ്തിയുടെകൂടി പ്രതിഫലനമായിരുന്നു. മാറ്റത്തിനുവേണ്ടി നിലവിളിക്കാന്‍ മാത്രമേ ആ സമൂഹങ്ങള്‍ക്കും അവയുടെ എഴുത്തുകാര്‍ക്കും ഇപ്പോള്‍ കഴിയുമായിരുന്നുള്ളൂ. പല രൂപങ്ങളില്‍ അത് രാഷ്ട്രീയമായ പരിവർത്തനങ്ങളിലേക്ക് നയിച്ചു. ഈജിപ്ത്, സിറിയ, ലബനാൻ, ജോർഡന്‍... എല്ലായിടത്തും മാറ്റങ്ങളുണ്ടായി. ഇറാഖിനെപ്പോലുള്ള രാജ്യങ്ങള്‍ സാമൂഹിക പരിഷ്കാരങ്ങള്‍ നടപ്പാക്കി, ഒപ്പം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തമാക്കി. എങ്കിലും അത് മാറ്റത്തെ കൂടുതല്‍ ഹിംസാത്മകമാക്കാനേ സഹായിച്ചുള്ളൂ. മാറ്റങ്ങൾക്ക് എതിര്‍പ്പുകളും ഉണ്ടാകാതിരുന്നില്ല. അത് ധ്രുവീകരണങ്ങളിലേക്ക് നയിച്ചു. പകരം ഒരുമ കൊണ്ടുവരാന്‍ ഐക്യ അറബ് റിപ്പബ്ലിക് (1958, ഈജിപ്ത്, സിറിയ), അറബ് ഫെഡറേഷന്‍ (അതേവര്‍ഷം: ഇറാഖ്, ജോർഡന്‍) ഇവ സ്ഥാപിതമായി. ആദ്യത്തേതിനെ അറബ് ലോകം സ്വാഗതം ചെയ്തു, രണ്ടാമത്തേതിനെ പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ സേവകരായി സംശയിച്ചു. വൈരുധ്യങ്ങള്‍ ശരിക്ക് കൈകാര്യം ചെയ്യാന്‍ കഴിയാതെ രണ്ടും താമസിയാതെ തകര്‍ന്നു.
1967ലെ ജൂൺ യുദ്ധത്തിലെ പരാജയവും 1973 ഒക്ടോബറിലെ ഭാഗികവിജയവും സ്വയം നവീകരിക്കാനും സാങ്കേതികമായി പുരോഗതി തേടാനും അറബ് രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചു. രാഷ്ട്രജീവിതത്തിന്റെ എല്ലാ തലങ്ങളിലും വന്നുകൊണ്ടിരുന്ന പരിവര്‍ത്തനങ്ങളും അവയുണ്ടാക്കിയ ധർമസങ്കടങ്ങളും പുതിയ ഒരു ദര്‍ശനത്തിന്റെ അനിവാര്യതയും കവികളെയും പതിനഞ്ചു നൂറ്റാണ്ടുകാലം തങ്ങള്‍ പിന്തുടര്‍ന്ന രീതികള്‍ വിട്ട് ആധുനികരീതികള്‍ പരീക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. വലിയ ഒരു ഭാവുകത്വ പരീക്ഷണമായിരുന്നു അത്. പാരമ്പര്യവും നവീനതയും തമ്മിലുള്ള ഈ സംഘര്‍ഷത്തെ വിജയകരമായി ആവിഷ്കരിക്കാനും മറികടക്കാനും അൽപം ചില പ്രതിഭാശാലികൾക്കേ കഴിഞ്ഞുള്ളൂ. അവര്‍ ഭാഷയെ പുതുക്കി, നവരൂപങ്ങള്‍ കണ്ടെത്തി, പഴയ പല നിയമങ്ങളും ആവിഷ്കാരത്തെ പരിമിതപ്പെടുത്തുന്നതായി തിരിച്ചറിഞ്ഞു. താളക്രമങ്ങള്‍ മാറിമറിഞ്ഞു. ഇത് അറബ് നാടുകളില്‍ ഒന്നൊന്നായി പടര്‍ന്നുപിടിച്ചു. വൃത്തമൊപ്പിക്കാന്‍ അനാവശ്യമായ വാക്കുകള്‍ ഉപയോഗിക്കുന്ന രീതിയില്‍നിന്ന് അവര്‍ സ്വയം മോചിപ്പിച്ചു. സംഗീതം കൂടുതലും ആന്തരികമായി. അലങ്കാരഭാഷ നിരാകരിക്കപ്പെട്ടു. ഘടന, താളം എന്തിനു ടൈപ്പോഗ്രഫി വരെ പുതുരീതികളില്‍ ഉപയോഗിക്കപ്പെട്ടു. ഇബ്രാഹിം ജബ്രാ, തൗഫീഖ് സിയാദ്, ഉൻസ് അൽ ഹാജ്, മുഹമ്മദ് മാഗൂത്വ്, കമാല്‍ അബു ദീബ്, അഡോണിസ് തുടങ്ങിയവര്‍ പുതിയ രൂപങ്ങളും കാഴ്ചപ്പാടുകളും ഒരുമിച്ചു കൊണ്ടുവന്നു, അങ്ങനെ അവരുടെ കവിത സാമൂഹികമൂല്യവും സൗന്ദര്യമൂല്യവും ഒന്നിച്ച് പരിഷ്കരിച്ചു. ജീവിതത്തെ അതിന്റെ സങ്കീർണതയില്‍ മനസ്സിലാക്കാനാണ് അവര്‍ ശ്രമിച്ചത്. അതുകൊണ്ട് സങ്കടവും രോഷവും പരിവര്‍ത്തനദാഹവും അവനവനുമായുള്ള ഏറ്റുമുട്ടലുകളും അവരുടെ കവിതയില്‍ ഒന്നിച്ച് കാണപ്പെടുന്നു. അറബ് ലോകത്തെ ആദ്യകാല ആധുനികരില്‍ ചിലരുടെ ചില കവിതകളാണ് താഴെ (ആദ്യഭാഗം):
ബഹുവചനത്തില്‍ ഏകവചനം (ഒരു ഭാഗം) -അഡോണിസ് ( സിറിയ)
ഞാന്‍ ഒരുങ്ങുന്നത് രാത്രിവീഴ്ചക്ക് വേണ്ടിയല്ല,
സായാഹ്നത്തിന് വേണ്ടിയാണ്
ഞാന്‍ എന്റെ മുഖം മായ്ച്ചുകളയുന്നു,
വീണ്ടും കണ്ടെത്തുന്നു
പാവം അക്ഷരമാല, ഇരുപത്തൊന്‍പതു മുളംകുഴലുകള്‍,
ഇനിയും എന്തുകൊണ്ടാണ് നിങ്ങള്‍ക്കു ഭാരം കൂട്ടാന്‍ കഴിയുക?
എന്ത് കാടാണ് നിങ്ങളെ നട്ടുവളര്‍ത്തി എടുക്കുക?
ഞാന്‍ പ്രകൃതിയുടെ മൃഗത്തിന് എല്ലാം വിട്ടുകൊടുക്കുന്നു
നിന്റെ പിറകേ സ്വയം വലിച്ചിഴക്കുന്നു
സ്ത്രീകളുടെ പിന്‍ഭാഗങ്ങളിലുള്ള കുതിരകള്‍
സുഗന്ധികളും രുചിക്കൂട്ടുകളും ഒലിച്ചിറങ്ങുന്ന
നക്ഷത്രങ്ങളെ കടന്നുപോകുന്ന,
ആകാശം ജഡങ്ങളെയും ദൈവങ്ങളെയും പെയ്യുന്ന,
ഏഷ്യയുടെ കാലടികളിലുള്ള കാട്ടുവേരാണ് ഞാന്‍.
നീ, ഞങ്ങളുടെ സ്വപ്നങ്ങളുടെ പിഞ്ഞിക്കീറിയ അവശിഷ്ടം,
ഞങ്ങളുടെ യുവ വികാരങ്ങളുടെ ചുറ്റും പാറി നടക്കുന്നു.
ഞങ്ങളുടെ ശരീരങ്ങള്‍ പ്രളയത്തിന്റെ മുളകള്‍,
ഞങ്ങളുടെ അവശിഷ്ടങ്ങളില്‍ സമുദ്രങ്ങള്‍ മാത്രം.
ഇനിയാണ് കടലിന്റെ തുടക്കം. ഞാനാണ് കപ്പല്‍പ്പായ;
എന്നെക്കാള്‍ ഉയരമുള്ളതല്ല, ഒന്നും.
ഇനിയാണ് ഭൂമിയുടെ തുടക്കം.
നഗരം
ഞങ്ങളുടെ അഗ്നി നഗരത്തിലേക്ക് അടുക്കുകയാണ്
വിസ്തൃതമായ നഗരം മുഴുവന്‍ നശിപ്പിക്കുവാന്‍.
ഞങ്ങള്‍ ഈ വിശാലനഗരം തകര്‍ക്കും,
ഞങ്ങള്‍ ജീവിക്കും, അമ്പുകള്‍ മുറിച്ചു കടക്കും
സംഭ്രാന്തമായ സുതാര്യതയുടെ നാട്ടിലേക്ക്,
ഭീതിയുടെ ചുഴിയുടെ ഗതി മാറ്റുന്ന,
വാക്കുകളെയും പ്രതിധ്വനികളെയും പരസ്പരം മാറ്റുന്ന,
ആ പാറയില്‍ തൂങ്ങിക്കിടക്കുന്ന
മുഖംമൂടിക്കു പിറകില്‍പോയി
ഞങ്ങള്‍ പകലിന്റെ ആമാശയം കഴുകും,
അതിന്റെ കുടലുകള്‍, അതിന്റെ ഭ്രൂണം,
നഗരത്തിന്റെ പേരോടുചേര്‍ത്തു തുന്നിയ
ആ അസ്തിത്വത്തിന്നു തീയിടും
സാന്നിധ്യത്തിന്റെ മുഖം ഞങ്ങള്‍ തിരിച്ചിടും,
നഗരത്തിന്റെ കണ്ണിലുള്ള അകലങ്ങളിലെ നാടിനെയും.
ഞങ്ങളുടെ തീ മുന്നേറുകയാണ്
കലാപത്തിന്റെ കനലില്‍ പുല്ലുകള്‍ പിറക്കുന്നു
ഞങ്ങളുടെ തീ നഗരത്തിനു നേരെ മുന്നേറുകയാണ്
വയലറ്റ് പൂക്കളുടെ ദുഃഖം -അബ്ദുൽ- വഹാബ് അൽ ബയാത്തി (ഇറാഖ്)
എല്ലു മുറിയെ പണിയെടുക്കുന്ന ലക്ഷങ്ങള്‍
ഒരു പൂമ്പാറ്റയുടെ മരണത്തെയോ
വയലറ്റ് പൂക്കളുടെ ദുഃഖങ്ങളുടെയോ
ഗ്രീഷ്മരാത്രിയില്‍ ഹരിതചന്ദ്രികക്ക് കീഴില്‍
തിളങ്ങുന്ന ഒരു കപ്പല്‍പായയെയോ
ഒരു നിഴലിനെ പ്രേമിക്കുന്നവന്റെ
ഭ്രാന്തപ്രണയത്തെയോ
സ്വപ്നം കാണുന്നില്ല.
എല്ലു മുറിയെ പണിയെടുക്കുന്ന ജനലക്ഷങ്ങള്‍
നഗ്നരാണ്, തീര്‍ത്തും കീറിപ്പോയ മനുഷ്യര്‍
സ്വപ്നാടകന്നായി ബോട്ടുണ്ടാക്കുന്ന ലക്ഷങ്ങള്‍
കാമുകന്നു വേണ്ടി തൂവാല നെയ്യുന്ന ലക്ഷങ്ങള്‍
ഭൂമിയുടെ മൂലകളില്‍ ഒരു ഉരുക്കുഫാക്ടറിയിലോ
ഖനിയിലോ കരയുന്ന, പാടുന്ന,
സഹിക്കുന്ന, ലക്ഷങ്ങള്‍
അവര്‍ അനിവാര്യമായ മരണത്തില്‍നിന്ന് രക്ഷപ്പെടാന്‍
വെയില്‍ ചവച്ചുതിന്നുന്നു
അവര്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നു ചിരിക്കുന്നു
അവര്‍ ചിരിക്കുന്നു
ഗ്രീഷ്മരാത്രിയില്‍ ഹരിതചന്ദ്രികയില്‍
നിഴലിനെ ഭ്രാന്തമായി പ്രണയിക്കുന്നവനെപ്പോലെയല്ല,
കരയുകയും പാടുകയും സഹിക്കുകയും
അസ്തമയസൂര്യന്റെ കീഴില്‍
ഒരു വറ്റ് സ്വപ്നം കാണുകയും ചെയ്യുന്ന
ജനലക്ഷങ്ങള്‍ ചിരിക്കുംപോലെ.
പ്രസംഗത്തിനു പകരം
മഹതികളേ, മാന്യരേ,
എന്റെ പ്രസംഗം ചെറുതായിരുന്നതില്‍ ക്ഷമിക്കുക
വാക്കുകള്‍ എന്റെ സമയം അപഹരിക്കുന്നത്
എനിക്കിഷ്ടമല്ല
എന്റെ നാവ് മരംകൊണ്ടുള്ള ഒരു വാളുമല്ല
മഹതികളേ, എന്റെ വാക്ക് സ്വർണത്തില്‍ പണിതതാണ്
മാന്യരേ, എന്റെ വാക്കുകള്‍
ക്രോധത്തിന്റെ മുന്തിരികളായിരുന്നു
ഞാന്‍ മദ്യപിച്ചിട്ടില്ല, പക്ഷേ ക്ഷീണിതനാണ്
മെഴുകുതിരികള്‍ കെട്ടിരിക്കുന്നു
രാത്രികള്‍ തണുത്തതാണ്
ഞാന്‍ എന്റെ ഹൃദയം ഒരു
സൂട്ട്കേസില്‍ കൊണ്ട് നടക്കുന്നു
ആയിരം ചതികളും ആയിരം
നീചമായ നുണകളും ഓര്‍ത്തുള്ള
കണ്ണീര്‍കൊണ്ട് തന്റെ കുരിശു ഈറനാക്കിയ
മരിച്ച ഒരു കുട്ടിയെപ്പോലെ.
എന്റെ പ്രസംഗം ചെറുതായിരുന്നു.
ഞാന്‍ കുടിച്ചിട്ടില്ല,
മറിച്ച്, ഞാന്‍ എന്റെ ദുരിതത്തെ പരിഹസിക്കയാണ്
ഞാന്‍ സീസറല്ല
റോം കത്തിയെരിയുകയാണ്
ആയിരം ചതികള്‍ക്കും ആയിരം
നീചമായ നുണകള്‍ക്കുമിടയില്‍
എന്റെ ആത്മാവിനു ശ്വാസംമുട്ടുന്നു
അതുകൊണ്ട്, വിട
മഹതികളേ, മാന്യരേ!
പോസ്റ്റ്‌മാന്‍ -ബുലന്ദ് അൽ ഹൈദരി (ഇറാഖ്)
നിങ്ങള്‍ക്കെന്തു വേണം, പോസ്റ്റ്മാന്‍?
ഞാന്‍ ലോകത്തില്‍നിന്ന് വളരെ ദൂരെയാണ്
നിശ്ചയമായും നിങ്ങള്‍ക്കു തെറ്റുപറ്റിക്കാണും
ഈ അഭയാര്‍ഥിക്കു കൊണ്ടുവരാന്‍
ലോകത്തിനു ഒന്നുമില്ല
ഭൂതകാലംതന്നെയാണ് ഇപ്പോഴും അവന്റെ ശീലം
സ്വപ്നം കാണല്‍,
കുഴിച്ചുമൂടല്‍,
ഓർമിച്ചെടുക്കല്‍
ആളുകള്‍ക്ക് ഇപ്പോഴും വിരുന്നുകളുണ്ട്,
ശവമടക്കുകള്‍, വീണ്ടും വിരുന്നുകള്‍
അവരുടെ കണ്ണുകള്‍ സ്വന്തം മനസ്സില്‍നിന്ന്
പുതിയൊരു വിശപ്പിനു മറ്റൊരെല്ല് കണ്ടെത്തുന്നു
ചൈനക്ക് ഇപ്പോഴും വന്മതിലുണ്ട്
മായ്ച്ചുകളഞ്ഞ ഒരു ഐതിഹ്യം,
ആവര്‍ത്തിക്കുന്ന ഭാഗധേയം.
ഭൂമിക്കു ഇപ്പോഴും അതിന്റെ സിസിഫസ് ഉണ്ട്,
തനിക്കു എന്താണ് വേണ്ടത്
എന്നറിയാത്ത ഒരു കല്ലും.
പോസ്റ്റ്മാന്‍, നിങ്ങള്‍ക്ക് തെറ്റി, തീര്‍ച്ച,
കാരണം പുതുതായി ഒരു വിശേഷവുമില്ല
റോഡിലേക്ക് തിരിച്ചുപോകൂ
കാരണം പലപ്പോഴും റോഡാണ്
നിങ്ങളെ ഇവിടെ കൊണ്ടുവന്നത്.
ഇനി... എന്താണ് ഞങ്ങള്‍ക്ക് വേണ്ടത്?
നാളെ, ഇവിടെ
നാളെ ഇവിടെ
നമ്മുടെ നാടിന്റെ ഈ മൂലയില്‍
ചരിത്രം എന്നെക്കുറിച്ചു ചോദിക്കും
നമ്മുടെ കാലത്തിന്റെ ഈ വര്‍ഷങ്ങളെക്കുറിച്ച്
വെളിച്ചം കടക്കാതിരുന്ന മുറികളെക്കുറിച്ച്
പക്ഷേ ഞങ്ങളായിരുന്നു വെളിച്ചം
വെളിച്ചം ഞങ്ങളിലായിരുന്നു
ഞങ്ങളുടെ രാത്രികളുടെ മൗനത്തില്‍നിന്ന് ഒഴുകി വന്നത്
ഞങ്ങളുടെ കൈവിലങ്ങുകളുടെ കിലുക്കത്തില്‍നിന്ന്,
ഞങ്ങളെ ഒളിപ്പിച്ച ചുവരുകളുടെ ഓരങ്ങളില്‍നിന്ന്
എന്റെ മകന്‍ പറഞ്ഞ ഒരു കഥയില്‍ നിന്ന്
എന്റെ വീട്ടില്‍ വാടിയ ഒരു പൂവില്‍ നിന്ന്
എന്റെ മരണം കണ്ടു ഭയന്ന കണ്ണുകളില്‍ നിന്ന്
എന്റേതുപോലെ ദൃഢപേശികളുള്ള
ഒരു ൈകയില്‍നിന്ന്
അതെന്നെ ദൂരേക്ക് കൊണ്ടുപോയി
മൂകമായി, നാളത്തെ പുലരിയിലേക്ക് നീണ്ട
രണ്ടു കൈകളിലേക്ക്.
നാളെ ഇവിടെ ചരിത്രം എന്നെക്കുറിച്ച് ചോദിക്കും
ഇരുളില്‍ മുങ്ങിയ നമ്മുടെ വീടിനെക്കുറിച്ച്
രോഗംപോലെ ഹതാശമായ നമ്മുടെ ഇടവഴിയെക്കുറിച്ച്
ഒരു പുഞ്ചിരിയില്‍ മുങ്ങിപ്പോയ നെടുവീര്‍പ്പിനെക്കുറിച്ച്
ഓടിപ്പോകുന്ന കാലുകളെക്കുറിച്ച്...
വായിൽ അലിഞ്ഞുപോകുന്ന ഒരു ദേശത്തെക്കുറിച്ച്.
നാളെ ഈ കുന്നിൻചരിവില്‍ ഈ യുഗം നിന്നെ ശപിക്കും
കൊടുമുടിക്കു മുകളില്‍ ചരിത്രം എന്നെക്കുറിച്ചെഴുതും
ഒരു മേഘം കൊണ്ടുവന്ന പച്ചപ്പിനെക്കുറിച്ച്.
കൊടുങ്കാറ്റിന്റെ വാഗ്ദാനങ്ങള്‍- മഹ്മൂദ് ദർവിഷ് (ഫലസ്തീൻ)
അങ്ങനെതന്നെയാകട്ടെ
എനിക്ക് മരണത്തെ നിഷേധിക്കണം,
ചോരയൊലിക്കുന്ന പാട്ടുകളുടെ കണ്ണീര്‍ കരിച്ചുകളയണം
ഒലിവ് മരങ്ങളില്‍നിന്ന് കള്ളക്കൊമ്പുകള്‍
വെട്ടിക്കളയണം
ഭയന്നരണ്ട കണ്ണുകളുടെ ഇമകള്‍ക്കപ്പുറം
ഞാന്‍ ആനന്ദത്തോട് പാട്ട് പാടുന്നുവെങ്കില്‍
അത് കൊടുങ്കാറ്റു എനിക്ക് വീഞ്ഞും
പുത്തന്‍ ആശംസകളും
മഴവില്ലുകളും വാഗ്ദാനം ചെയ്തതുകൊണ്ടാണ്
കൊടുങ്കാറ്റു മണ്ടന്‍കിളികളെയും മരങ്ങളുടെ
കൃത്രിമക്കൊമ്പുകളെയും ഓടിച്ചുകളഞ്ഞതുകൊണ്ടാണ്
അങ്ങനെതന്നെയാകട്ടെ, ഞാന്‍ നിന്നെക്കുറിച്ചു
അഭിമാനംകൊള്ളട്ടെ
മുറിവേറ്റ നഗരമേ, ഞങ്ങളുടെ
വിഷാദമഗ്നമായ നിശകളിലെ
ഇടിമിന്നലിന്റെ ശിൽപമേ!
തെരുവ് എന്നെ തുറിച്ചുനോക്കുന്നു
പക്ഷേ നീ എന്നെ രോഷാകുലമായ
നോട്ടങ്ങളുടെ നിഴലില്‍നിന്ന് കാക്കുന്നു
ഞാന്‍ ഭയന്നരണ്ട കണ്ണുകളുടെ ഇമകള്‍ക്കപ്പുറമുള്ള
ആഹ്ലാദത്തിന്നായി പാടാം
കാരണം, കൊടുങ്കാറ്റ് എന്റെ നാട്ടിലും
വീശിയിരിക്കുന്നു, എനിക്ക് വീഞ്ഞും
മഴവില്ലുകളും വാഗ്ദാനം ചെയ്തുകൊണ്ട്.
പെരുങ്കുഴല്‍* - ജബ്രാ ഇബ്രാഹിം ജബ്രാ (ഫലസ്തീൻ)
ചുണ്ടുകളില്‍ പെരുങ്കുഴല്‍ വെച്ച്
എന്റെ കൂക്കലിനു ഒച്ച കൂട്ടിയാല്‍
ഞാനൊന്ന് തൊണ്ട കാറുന്നതുപോലും
സിംഹത്തിന്റെ ഗർജനംപോലെയാകും
പക്ഷേ മലകളില്‍ കഴിയുന്ന എന്റെ കൂട്ടരെപ്പോലെ
ഏറ്റവും ഉയരമുള്ള പാറയുടെ മുകളില്‍ കയറി
കൂക്കാനാണ് എനിക്കിഷ്ടം,
വാങ്ങാനും വില്‍ക്കാനും പറ്റുന്ന
ഒരു ഉപകരണത്തില്‍നിന്നുള്ള
ശബ്ദത്തേക്കാള്‍ എനിക്കിഷ്ടം എന്റെ
തൊണ്ടകൊണ്ടുള്ള ഒരു കൂക്കാണ്.
എല്ലാ വഞ്ചനകള്‍ക്കും കീഴ്പ്പെടുന്ന
കപടനാട്യമാണ് പെരുങ്കുഴല്‍.
കുതിരക്കാരന്‍- ഫായിസ് സ്വായിഗ് (ഫലസ്തീൻ)
സൂര്യന്റെ ചൂടിനും മഴയുടെ ചാട്ടവാറടികള്‍ക്കും
കീഴില്‍ അവന്‍ ഉറച്ചുനിന്നു
രാവും പകലും അവനെ കടന്നുപോയി
ഭാവിയും ഭൂതവും നാലു ഋതുക്കളും.
വിസ്മൃതികൊണ്ട് മുറിവുകള്‍ കെട്ടി
അവന്‍ ആ മഹാമുഹൂര്‍ത്തം കാത്തുനിന്നു
കണ്ണുകള്‍ തീ തുപ്പുന്ന വ്യാളിയെ കാണുന്ന നിമിഷം.
പക്ഷേ അത് വന്നെത്തിയപ്പോള്‍
അവന്‍ ഓടി,
പിന്‍വാങ്ങി
പിന്നിലേക്ക് വളഞ്ഞു
മുന്നിലേക്ക് ചാഞ്ഞു
താഴെ വീണു
ശൂന്യതയിലേക്ക് കുന്തം ചാട്ടുന്ന ഒരു കൊടുങ്കാറ്റുപോലെ.
ചതി
ഞാന്‍ ചിന്താശൂന്യമായ മൗനത്തിന്റെ തടവറയില്‍
ഏകാന്തത ചവച്ചുകിടക്കുകയായിരുന്നു
കൈകള്‍ കന്മതിലില്‍ ഇടിച്ചുകൊണ്ട്
കണ്ണില്‍ വിഷാദവുമായി ഞാന്‍ നിലവിളിച്ചു:
"നന്മയുടെ പ്രഭോ, കരുണയുടെ ഉറവിടമേ,
ദയയോടെ കൈ നീട്ടി എന്റെ മുറിവുകള്‍
പഞ്ഞിവെച്ച് കെട്ടിത്തരിക. കൈ നീട്ടൂ..."
പെട്ടെന്ന് അജ്ഞാതത്തില്‍നിന്ന് ഒരു കൈ നീണ്ടു വന്നു
അതില്‍ ഒരു കഠാരിയുണ്ടായിരുന്നു.
ഒരു ദേശീയ ഗാനം -തൗഫീഖ് സിയാദ് (ഫലസ്തീൻ)
നീ ശരിക്കും ചെറുപ്പത്തില്‍ അരക്കെട്ട് കുലുക്കി
യുവാക്കളെ വശീകരിച്ചിരുന്നുവോ?
നീ ശരിക്കും കുലീനരുടെ ക്ലബുകളില്‍
അധ്യക്ഷയായിരുന്നുവോ,
ഫാഷന്‍ മാസികകള്‍ നിന്റെ ഉടുപ്പുകള്‍ക്കായി
വിശേഷാല്‍പ്രതികള്‍ ഇറക്കിയിരുന്നുവോ?
എനിക്ക് വിശ്വാസം വരുന്നില്ല.
എന്റെ നാടേ,
നിന്റെ ഭര്‍ത്താവിനെ നീ നേതാവാക്കിയോ,
അയാള്‍ നിനക്കായി തൂക്കുദ്യാനങ്ങള്‍ പണിതുവോ?
നിനക്കായി ജ്വലിക്കുന്ന പ്രണയഗാനങ്ങള്‍
പാടിയിരുന്നവര്‍പോലും നിന്നെ ആദരിച്ചിരുന്നുവെന്നത് ശരിയാണോ?
നീ കുതിരകളെ നയിച്ച് മുന്നില്‍ പോയിരുന്നുവെന്ന്,
നിന്റെ മക്കള്‍ അവരെ ദൂരെയുള്ള
പുല്‍ത്തകിടികളിലേക്കു നയിച്ചിരുന്നുവെന്ന്,
ആ കുതിരകള്‍ പുല്ലുതിന്നാനല്ല, ബാങ്കു വിളിക്കാനാണ്
വാ തുറന്നിരുന്നതെന്ന് പറയുന്നത് ശരിയാണോ?
എനിക്ക് വിശ്വാസമില്ല,
വിശ്വാസമില്ല, എന്റെ നാടേ!
നിനക്കു പ്രായമായതുകൊണ്ടല്ല;
നരച്ച മുടിയിൽ അന്തസ്സുണ്ട്; മൃദുലചർമത്തിന്
വെല്ലാനാകാത്ത സ്വാധീനമുണ്ട് ചുളിവുകള്‍ക്ക്.
നീ ഒറ്റപ്പെട്ടതുകൊണ്ടുമല്ല: അരങ്ങിലെ വെളിച്ചം
പിന്‍വാങ്ങിയപ്പോള്‍ നീ സ്ഥാപനങ്ങളെ
പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍
അനാഥാലയങ്ങള്‍ തുറന്നു സംഭാവനകള്‍
സ്വീകരിച്ചിരുന്നെങ്കില്‍!
ഇല്ല, എന്റെ നാടേ, എങ്കില്‍ നിന്നെ ഞാന്‍
സ്നേഹിക്കുമായിരുന്നു, സാവധാനം മാറിയാലും
മരിക്കാത്ത ഒരു സൗന്ദര്യത്തിനു വേണ്ടി പാടുമായിരുന്നു
നിന്നെ അത്ഭുതാദരങ്ങളോടെ സന്ദര്‍ശിക്കുമായിരുന്നു
പക്ഷേ, വാർധക്യത്തില്‍നിന്നെ അവര്‍ അവമതിയുടെ
മുടി ചൂടിച്ചിരിക്കുന്നു, നീ നിന്റെ ഭര്‍ത്താവിന്റെയും
യൗവനത്തിന്റെയും ഓർമ ദേഹത്തു പുരണ്ട ചളിപോലെ
തൂത്തുകളഞ്ഞിരിക്കുന്നു.
നീ നിന്റെ മക്കളെ ഷണ്ഡരാക്കിയിരിക്കുന്നു
നിന്നെയോര്‍ക്കുമ്പോള്‍ അവരുടെ തല താഴുന്നു
നീ ദുഃസ്വഭാവികളുമൊത്ത് ആടിപ്പുളഞ്ഞു:
(നിന്റെ വീടും അതിലെ മങ്ങിയ വെളിച്ചങ്ങളും കണ്ട ഞാന്‍
നിന്റെ ഭൂതകാലമഹത്ത്വത്തെക്കുറിച്ച് കേള്‍ക്കുന്നത് എങ്ങിനെ
വിശ്വസിക്കും, എന്റെ നാടേ?)
നിന്റെ കാമുകര്‍ നിന്നോട് മുഖം തിരിച്ചപ്പോള്‍
നീ നിന്റെ പെണ്മക്കളെ വ്യഭിചരിക്കാന്‍ കൊടുത്തു,
ഓ, എന്റെ നാടേ, എന്റെ നാടേ!