Begin typing your search above and press return to search.
proflie-avatar
Login

ഉടുപ്പ് തുന്നുന്ന പെണ്ണുങ്ങൾ

ഉടുപ്പ് തുന്നുന്ന പെണ്ണുങ്ങൾ
cancel

കുരിശു മുത്തിച്ച് വീട്ടിലേക്കാനയിച്ച മരുമോളെ ഫാനിന്‍റെ ചോട്ടിലിരുത്തി മധുരം കൊടുത്തു കുഞ്ഞന്നാമ്മ അരുൾ ചെയ്തു. ''പെണ്ണുങ്ങൾ അവർക്ക് പാകമായ ഉടുപ്പു തുന്നണം'' വട്ടം കൂടിനിന്ന പെണ്ണുങ്ങള് കുഞ്ഞന്നാമ്മക്ക് ഇളകിയെന്ന് അടക്കം പറഞ്ഞു കുലുങ്ങിച്ചിരിച്ചു, പുതുപെണ്ണ് മിഴിച്ചിരുന്നു. പാകമാകാത്ത ഉടുപ്പിൽ പെണ്ണുങ്ങളുടെ ചിരിക്ക് ശ്വാസംമുട്ടി. പുതുപെണ്ണിനും ശ്വാസംമുട്ടി. മണിയറയിലേക്ക് പെണ്ണിനെ അയച്ചപ്പോ കുഞ്ഞന്നാമ്മ ചെവിയിൽ പറഞ്ഞു ''ഉറക്കപ്പായേൽ പാകമായ ഉടുപ്പിടണം.'' പുതുപെണ്ണ് കണ്ണ് മിഴിച്ചു. കുഞ്ഞന്നാമ്മ കണ്ണിറുക്കി. കല്യാണ പിറ്റേന്ന് പെണ്ണിന്‍റെ മട്ടുംമാതിരിയും കണ്ടു...

Your Subscription Supports Independent Journalism

View Plans

കുരിശു മുത്തിച്ച്

വീട്ടിലേക്കാനയിച്ച മരുമോളെ ഫാനിന്‍റെ ചോട്ടിലിരുത്തി

മധുരം കൊടുത്തു കുഞ്ഞന്നാമ്മ അരുൾ ചെയ്തു.

''പെണ്ണുങ്ങൾ അവർക്ക് പാകമായ ഉടുപ്പു തുന്നണം''

വട്ടം കൂടിനിന്ന പെണ്ണുങ്ങള്

കുഞ്ഞന്നാമ്മക്ക് ഇളകിയെന്ന് അടക്കം പറഞ്ഞു

കുലുങ്ങിച്ചിരിച്ചു,

പുതുപെണ്ണ് മിഴിച്ചിരുന്നു.

പാകമാകാത്ത ഉടുപ്പിൽ പെണ്ണുങ്ങളുടെ

ചിരിക്ക് ശ്വാസംമുട്ടി.

പുതുപെണ്ണിനും ശ്വാസംമുട്ടി.

മണിയറയിലേക്ക് പെണ്ണിനെ അയച്ചപ്പോ കുഞ്ഞന്നാമ്മ

ചെവിയിൽ പറഞ്ഞു

''ഉറക്കപ്പായേൽ പാകമായ ഉടുപ്പിടണം.''

പുതുപെണ്ണ് കണ്ണ് മിഴിച്ചു.

കുഞ്ഞന്നാമ്മ കണ്ണിറുക്കി.

കല്യാണ പിറ്റേന്ന് പെണ്ണിന്‍റെ മട്ടുംമാതിരിയും കണ്ടു

കുഞ്ഞന്നാമ്മ മുറ്റത്തേക്ക് കാർക്കിച്ചു തുപ്പി.

''ഇവളുമാർ നന്നാവില്ല,

ലോകം ചൊവ്വാകില്ല.''

പാകമാകാത്ത ഉടുപ്പിട്ടു പുത്തനച്ചി പുറപ്പുരം തൂകുന്ന

കണ്ട് തൂമ്പായുമെടുത്ത് കുഞ്ഞന്നാമ്മ തെങ്ങിന്

തടമെടുക്കാൻ പോയി.

പുത്തനച്ചി തൂത്തുവാരി,

കലം നിറച്ചു,

നനച്ചുകുളിച്ച്

മനോരാജ്യം കാണുന്നതുകണ്ട്

കുഞ്ഞന്നാമ്മ തിണ്ണയിലിരുന്നു ബീഡിവലിച്ചു

ആകാശത്തേക്ക് പുകയൂതി.

പുസ്തകം വായിക്കുന്ന അച്ചായനെ പാളിനോക്കി

കുഞ്ഞന്നാമ്മ ഇടയ്ക്കിടെ പാകമായ ഉടുപ്പുകൾ തുന്നി.

പാകമായ ഉടുപ്പിടുമ്പോൾ

കുഞ്ഞന്നാമ്മക്ക് രണ്ടു ചിറകു മുളയ്ക്കും.

ചിറകു വിരിച്ചു ആകാശത്തേക്ക് പറക്കുന്ന

അമ്മായിയമ്മയെ മരുമകൾ ഒളിഞ്ഞു നോക്കും.

അമ്മക്ക് വട്ടല്ലെന്ന് അവളു കെട്ട്യോനോടു പറയും.

കുഞ്ഞന്നാമ്മ പ്രഭാതവും

പ്രദോഷവും നീന്തിത്തുടിക്കുന്ന നോക്കിയിരുന്നു

പുത്തനച്ചി പഴകി.

വലുപ്പമുള്ള ഉടുപ്പിട്ടു

കാലുളുക്കി,

ചെറിയ ഉടുപ്പിട്ടു

ശ്വാസംമുട്ടി,

ഉറക്കം വഴക്കിട്ട്

പുത്തനച്ചി പിന്നേയും പഴകി.

പുതുപ്പെണ്ണാകുന്നേനും മുന്നേ തുന്നിയ

ഉടുപ്പുകളോർത്ത്

അവളും ഉടുപ്പ് തുന്നി,

തുന്നിയ ഉടുപ്പിന്‍റെ ചന്തത്തിൽ മുഖം തിളങ്ങി.

പാകമായ ഉടുപ്പിട്ട അവൾക്കും രണ്ടു ചിറകു മുളച്ച്.

ചിറകു വിടർത്തി കുഞ്ഞന്നാമ്മക്കൊപ്പം പറന്നു.

മരുമോൾക്കും കുഞ്ഞന്നാമ്മാടെ വട്ട് പകർന്നെന്ന്

നാട്ടാരു പറഞ്ഞു.

അതുകേട്ട് കുഞ്ഞന്നാമ്മ ചിരിച്ചു.

മരുമോളും ചിരിച്ചു.

ചിരിച്ചു ചിരിച്ചു അവർ രണ്ടു ചിത്രശലഭങ്ങളായി.

ഒരുമിച്ച് വീണ്ടും വീണ്ടും ആകാശത്തേക്ക് പറന്നു.

പാകമായ ഉടുപ്പു തുന്നിയ പെണ്ണുങ്ങൾ

ചിത്രശലഭങ്ങളായി പുറകേ പറന്നു.

ഒരുപറ്റം ചിത്രശലഭങ്ങൾ ആകാശത്ത്

വസന്തം തീർത്തു.

News Summary - madhyamam weekly malayalam poem