Begin typing your search above and press return to search.
proflie-avatar
Login

നീലിം കുമാറി​ന്റെ കാവ്യലോകം

നീലിം കുമാറി​ന്റെ കാവ്യലോകം
cancel

അസമീസ് ഭാഷയിലെ ശ്രദ്ധേയ കവിയാണ്‌ നീലിം കുമാര്‍. അദ്ദേഹത്തി​​ന്റെ കവിതകളുടെ മൊഴിമാറ്റത്തിലൂടെ ആ കാവ്യലോകം പരിചയപ്പെടുത്തുകയാണ്​ കവി സച്ചിദാനന്ദൻ. നീലമണി ഫൂക്കന്‍, നവകാന്ത ബറുവ എന്നിവര്‍ക്കുശേഷം അസമീസ് ഭാഷയില്‍ ആസ്വാദകര്‍ക്ക് പ്രിയങ്കരനായിത്തീര്‍ന്ന കവിയാണ്‌ നീലിം കുമാര്‍ (ജനനം: 1961). 26 കാവ്യസമാഹാരങ്ങളുടെയും മൂന്നു നോവലുകളുടെയും കര്‍ത്താവ്. ഹിന്ദിയിലും ഇംഗ്ലീഷിലും മൂന്നു വീതവും ബംഗാളിയില്‍ ഒന്നും പരിഭാഷാ സമാഹാരങ്ങള്‍. ഹിന്ദിയില്‍നിന്ന് കേദാര്‍നാഥ് സിങ്, കുംവര്‍ നാരായന്‍ എന്നിവരുടെ തിരഞ്ഞെടുത്ത കവിതകള്‍ മാതൃഭാഷയിലേക്ക് വിവര്‍ത്തനംചെയ്തിട്ടുമുണ്ട്. താന്‍ ജീവിക്കാനാണ്...

Your Subscription Supports Independent Journalism

View Plans
അസമീസ് ഭാഷയിലെ ശ്രദ്ധേയ കവിയാണ്‌ നീലിം കുമാര്‍. അദ്ദേഹത്തി​​ന്റെ കവിതകളുടെ മൊഴിമാറ്റത്തിലൂടെ ആ കാവ്യലോകം പരിചയപ്പെടുത്തുകയാണ്​ കവി സച്ചിദാനന്ദൻ.

നീലമണി ഫൂക്കന്‍, നവകാന്ത ബറുവ എന്നിവര്‍ക്കുശേഷം അസമീസ് ഭാഷയില്‍ ആസ്വാദകര്‍ക്ക് പ്രിയങ്കരനായിത്തീര്‍ന്ന കവിയാണ്‌ നീലിം കുമാര്‍ (ജനനം: 1961). 26 കാവ്യസമാഹാരങ്ങളുടെയും മൂന്നു നോവലുകളുടെയും കര്‍ത്താവ്. ഹിന്ദിയിലും ഇംഗ്ലീഷിലും മൂന്നു വീതവും ബംഗാളിയില്‍ ഒന്നും പരിഭാഷാ സമാഹാരങ്ങള്‍. ഹിന്ദിയില്‍നിന്ന് കേദാര്‍നാഥ് സിങ്, കുംവര്‍ നാരായന്‍ എന്നിവരുടെ തിരഞ്ഞെടുത്ത കവിതകള്‍ മാതൃഭാഷയിലേക്ക് വിവര്‍ത്തനംചെയ്തിട്ടുമുണ്ട്. താന്‍ ജീവിക്കാനാണ് കവിത എഴുതുന്നതെന്നും കവിത ഇര തേടുംപോലെ തന്നെ തേടിവരുന്നു എന്നും നീലിം ഒരു അഭിമുഖത്തില്‍ പറയുന്നു. തനിക്ക് ഇനിയും ഒരുപാട് എഴുതാനുണ്ടെന്നും അതിനാല്‍ തന്റെ കവിതയെ സംബന്ധിച്ച് അന്തിമമായി ഒന്നും പറയാനാവില്ലെന്നുംകൂടി കവി പറയുന്നുണ്ട്. സ്നേഹം, നഷ്ടം, മിഥകങ്ങള്‍, കവി മരിച്ചിട്ടും അതിജീവിക്കുന്ന കവിതകള്‍... അങ്ങനെ പല പ്രമേയങ്ങളും കടന്നുവരുന്ന ഈ കവിതകള്‍ ആത്യന്തികമായി ഭാവഗീതാത്മകമാണ്. പ്രകൃതി ഇവയില്‍ സന്നിഹിതമാണ്. കവിയുടെ ‘ഞാന്‍’ വായനക്കാരുടെ കൂടിയാകുന്നു. ‘I 'm Your Poet’ എന്ന, ദിബ്യജ്യോതി ശര്‍മ ഇംഗ്ലീഷില്‍ പരിഭാഷ ചെയ്ത തിരഞ്ഞെടുത്ത കവിതകളില്‍നിന്നാണ് ഈ കവിതകള്‍.

1. എന്താണു കവിത? 

എന്താണു കവിത?

സ്നേഹിക്കാന്‍ തുടങ്ങും മുമ്പേ

നഷ്ടപ്പെട്ട ഒരു കാമുകി?

ഒരു പിറുപിറുപ്പിനെ പാട്ടാവാന്‍ നിര്‍ബന്ധിക്കുന്ന

ഒരു ജോടി ചുണ്ടുകള്‍?

പുഴുക്കള്‍ പാതിയും തിന്നുതീര്‍ത്ത ഒരു വിത്ത്

വീണ്ടും ജീവിക്കാന്‍ ആഗ്രഹിക്കുന്ന

ഒരു പിടി മണ്ണ്?

മഴയാകാന്‍ മറന്ന ഒരു മേഘശകലം?

ഒന്നിലും ശ്രദ്ധയൂന്നാന്‍ കഴിയാത്ത ഒരു പക്ഷി?

കിണറ്റില്‍നിന്ന് പൊങ്ങാന്‍

വിസമ്മതിക്കുന്ന ഒരു ബക്കറ്റ്?

കാട്ടുപൂക്കള്‍ക്കടിയില്‍ ഉറങ്ങാന്‍ പോകുന്ന

ഒഴുക്കുള്ള ഒരു നദി?

എന്താണ് കവിത?

ഉപ്പു തിന്നാന്‍ ആഗ്രഹിക്കുന്ന ഒരു പുല്‍മേട്‌?

ദൈവം ചെയ്ത മനോഹരമായ ഒരു പാപം?

സ്വന്തം ജഡവുമായി ശ്മശാനത്തിലേക്കുള്ള

ഒരു യാത്ര?

ഒരു യാചകന്റെ കീറത്തുണിയില്‍

നിലച്ചുപോയ ഒരു ചെറുകാറ്റ്?

ബാന്‍ഡേജില്‍ മൂടിവെച്ച ഒടിഞ്ഞ

കാലിന്റെ ഒരു യാത്ര?

എന്താണ് കവിത?

അത് ആര്‍ക്കും അറിയില്ല.

അത് ഒരു വേട്ടക്കാരന്റെ കൂരമ്പേറ്റ്

മരിക്കാന്‍ കിടക്കുമ്പോള്‍

ഒരു മാനിന്റെ കണ്ണീരില്‍

പ്രതിഫലിക്കുന്ന സൂര്യനാണോ?

അല്ല, തീര്‍ച്ചയായും അല്ല.

നിശ്ചയമായും അല്ല.

എന്താണ് കവിത?

ആണുങ്ങളെ തങ്ങള്‍ ആണുങ്ങളാണെന്നും

പെണ്ണുങ്ങളെ തങ്ങള്‍ പെണ്ണുങ്ങളാണെന്നും

മറക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഭാഷ?

എന്താണ് കവിത?

കല്ലുകള്‍ അന്യോന്യം ആശ്ലേഷിക്കുമ്പോള്‍

ജനിക്കുന്ന ഒരു മരണം?

2. വ്യക്തമായി സംസാരിക്കൂ

വ്യക്തമായി സംസാരിക്കൂ

ആര്‍ക്കാണ് മനസ്സിലാകാതിരിക്കുക,

എന്തുകൊണ്ട് മനസ്സിലാകാതിരിക്കണം?

മുറ്റത്ത് സംസാരിക്കൂ

വെളിച്ചത്തില്‍ സംസാരിക്കൂ

ജീവിതത്തില്‍ പുണ്യമല്ലാത്തത് ഒന്നുമില്ല

സംസാരിക്കാനാവാതെ

അവനവനോട് പിറുപിറുക്കുക

ജീവിതത്തില്‍ ഒന്നും അത്ര അമൂല്യമല്ല

സംസാരിക്കൂ, ആര്‍ക്കാണ് മനസ്സിലാകാതിരിക്കുക,

എന്തുകൊണ്ട് മനസ്സിലാകാതിരിക്കണം?

വ്യക്തമായി സംസാരിക്കൂ, ഉറക്കെ സംസാരിക്കൂ

വഴിയില്‍ യാത്ര നിര്‍ത്തി

ആളുകള്‍ ശ്രദ്ധിക്കും

നിങ്ങളുടെ ശക്തിയുള്ള ശബ്ദം.

3. ഒരു കവിത മരിക്കാന്‍ കിടക്കുന്നു

ഒരു കവിത മരിക്കാന്‍ കിടക്കുന്നു

നോക്കൂ, ആ കവിത തിരിഞ്ഞുമറിയുന്നത്

ആദ്യത്തെ രണ്ടു വരികള്‍ തളര്‍ന്നുവീണു

നടുവിലെ ഈരടി വേദനകൊണ്ട്

ഒരു പന്തുപോലെയായി

വാക്കുകളുടെ ഓരോ തുളയിലുംനിന്ന്

ചോര ഇറ്റുവീഴുന്നു

ചില വാക്കുകള്‍ മണല്‍പോലെ വരണ്ടു

കടലാസുതന്നെ ഇപ്പോള്‍ പൊടിഞ്ഞു

വീഴുമെന്നപോലെ മടങ്ങിക്കീറുന്നു

വാക്കുകളുടെ ഉടലുകള്‍ക്ക്‌ തീപിടിച്ചിരിക്കുന്നു

എങ്ങും പുകയാണ്

ചില വാക്കുകള്‍ മരിച്ചപോലെ

ഗാഢനിദ്രയിലാണ്

എന്താണ് നടക്കുന്നതെന്ന്

അവ അറിയുന്നുപോലുമില്ല

ചില വാക്കുകള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു

പക്ഷേ അവക്ക് കടലാസില്‍നിന്ന്

ഓടിപ്പോവുക വയ്യ.

ചിലത് കൽപിച്ചുകൂട്ടി സ്വയം മുറിപ്പെടുത്തി

ഒരു രക്തക്കളത്തില്‍ ബോധമറ്റു കിടക്കുന്നു

അവസാനത്തെ വരി ഒരു ചോരമഴയില്‍

നനഞ്ഞു കുതിര്‍ന്നിരിക്കുന്നു

ആരാണ് പ്രേതബാധയുള്ള

ഈ കവിത എഴുതിയത്?

 

നീലിം കുമാര്‍

4. മഴ

അവളുടെ ഹൃദയം

ഒരു ഉയര്‍ന്ന കൊടുമുടി

അവളെ കാണാനും തൊടാനും

ഞാന്‍ ഒരു മേഘമാകുന്നു

ചിലപ്പോള്‍ ഞാന്‍ അവളുടെ

കല്ലുമുലകളില്‍ തട്ടി വീഴുന്നു

കുന്നുകളില്‍, മരങ്ങളില്‍,

പച്ചക്കറിവയലുകളില്‍,

വീടുകളില്‍, പെയ്ത് ചുറ്റുമുള്ള

എല്ലാറ്റിനെയും നനയ്ക്കാന്‍

ആളുകള്‍ കരുതുന്നു

മഴപെയ്യുകയാണെന്ന്.

5. പുല്ല്

മണ്ണു

തിന്നുന്നു

മഞ്ഞില്‍

കുളിക്കുന്നു

ഇളംകാറ്റില്‍

നൃത്തം ചെയ്യുന്നു

പച്ചച്ച

ചുണ്ടുകള്‍

ആടിനും പശുവിനും തെറ്റു പറ്റില്ല.

6. അവനെ സംരക്ഷിക്കൂ

ഞാന്‍ എന്നെത്തന്നെ നിനക്കു തന്നിരിക്കുന്നു

അവനെ സംരക്ഷിക്കൂ. എനിക്കു പറ്റില്ല

ഞാന്‍ അവനെ രാവിലെ കരയിച്ചു

എനിക്കവനെ പോറ്റാനാവില്ല

എനിക്ക് അവന് ഒരു സ്പൂണ്‍

ആഹ്ലാദമെങ്കിലും പകര്‍ന്നു കൊടുക്കാനായില്ല

എനിക്കവനെ ശ്രദ്ധിക്കാന്‍ വയ്യ

അവന് ഒരു പട്ടാളക്കാരന്റെ

ഉടുപ്പു വേണമായിരുന്നു, അത്

നല്‍കാന്‍ എനിക്ക് പറ്റിയില്ല.

എനിക്കവനെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.

ഞാന്‍ എന്നെത്തന്നെ നിനക്കു തന്നിരിക്കുന്നു

അവനെ സംരക്ഷിക്കൂ, അവന്‍ പൊട്ടിപ്പോകും

അവന്‍ വലത്തുനിന്നു പൊട്ടും

അവന്‍ ഇടത്തുനിന്നു പൊട്ടും

അവന്‍ അടിയില്‍നിന്നു പൊട്ടും

അവന്‍ മുകളില്‍നിന്നു പൊട്ടും–

അവന്‍ കൊച്ചു ശകലങ്ങളായി മാറും.

ചുകന്ന ഉറുമ്പുകള്‍ക്കുപോലും

വേണ്ടാ ഈ കൊച്ചു ശകലങ്ങള്‍.

അവനെ സംരക്ഷിക്കൂ.

7. ഒരുദിവസം ഞാന്‍ നിന്റെ വീട്ടില്‍ വരും

നീ എന്റെ കൈ പിടിച്ചു ദൂരെ കൊണ്ടുപോകും

നാം ചേമ്പിലകള്‍ പന്നച്ചെടികളോട് സംസാരിക്കുന്ന,

വാഴയിലയില്‍ മലര്‍ത്തിയിട്ട പന്നിയുടെ രക്തത്തില്‍

സായാഹ്ന വെളിച്ചം മങ്ങിപ്പോകുന്ന,

ഒരു പഴയ അങ്ങാടിയിലൂടെ നടക്കും.

ഒരു ചെടി സന്ധ്യയുടെ നടുവിലേക്ക്

ഒടിഞ്ഞുമടങ്ങുന്നു

നീ എനിക്ക് പൂപ്പല്‍ പിടിച്ച

ഒരു നദി കാണിച്ചുതരുന്നു.

നീ എന്റെ കൈ പിടിച്ച്

എന്നെ കൂടെ കൊണ്ടുപോവാറുണ്ട്.

“ഒരുദിവസം ഞാന്‍ നിന്റെ വീട്ടില്‍ വരും,

നീ ജനിച്ച സങ്കടത്തിന്റെ വീട് ഞാന്‍ കാണും”,

ആര് ആരോടാണ് ഇത് പറഞ്ഞത്?

ആര് ആരുടെ സങ്കടത്തിന്റെ വീടാണ്

കാണാന്‍ ആഗ്രഹിച്ചത്?

ആര്‍ക്കാണ് വേദന നിറഞ്ഞ ശബ്ദം

ഉണ്ടായിരുന്നത്?

ആര്‍ക്കാണ് ഇല്ലാതിരുന്നത്?

ഒരു പൂപ്പല്‍ പിടിച്ച നദി എവിടെയാണ്

കാത്തുകിടന്നത്?

ആ ജീർണിച്ച നദിയുടെ തീരത്ത്

നമുക്കു പോയി ഇരിക്കാം.

 

8. രാത്രി

ഇന്നു രാത്രി, നിലാവിന്റെ

രജതനദിയിലിറങ്ങി

നിന്റെ ശരീരം

എന്റെ ശരീരം

ഇന്നു രാത്രി ഒരു വള്ളിയായി

നീ എന്റെ കൈകളിലൂടെ കയറും

ഇന്നു രാത്രി എന്റെ കൈകള്‍

നിന്റെ കൈകളുടെ കൊടുങ്കാറ്റില്‍

ഇന്നു രാത്രി എന്റെ ചുണ്ടുകള്‍

നിന്റെ തേനൂറുന്ന നാവില്‍ തുളുമ്പും

ഇന്നു രാത്രി നിന്റെ മുലക്കണ്ണുകള്‍

എന്റെ ഹൃദയത്തെ മുറിപ്പെടുത്തും

ഹാ, നിദ്രയുടെ ദേവതേ, അപ്പോള്‍

ഇന്നത്തെ രാത്രിയാണ് ആ രാത്രി.

News Summary - Malayalam Poem