Begin typing your search above and press return to search.
proflie-avatar
Login

ഞെട്ടെവിടെ? വാലെവിടെ?

ഞെട്ടെവിടെ? വാലെവിടെ?
cancel

രാവിലെ

ഉപ്പേരിക്കു നുറുക്കുന്നതിനിടെ

നീണ്ട പയറിന്റെ അവസാനത്തിൽനിന്നൊരു

വലിയ കഷണം

വഴുതിപ്പോയി.

എന്തോർമിച്ചിരുന്നതാവാം?

ഒരാളെ സ്നേഹിക്കാൻ

കൈയിലവശേഷിച്ചിരുന്നയവസാനത്തെ കാരണവും

നഷ്ടപ്പെടുന്നതുപോലെയായിരുന്നു

ആ വഴുക്കൽ.

ഉള്ളിലൂടെ നെഞ്ചു തുളച്ചൊരു കൊള്ളിയാൻ മിന്നി.

തിടുക്കപ്പെട്ട് തിരഞ്ഞു.

കഷണങ്ങളരിഞ്ഞിടുന്ന പ്ലെയ്റ്റിൽ

അതുണ്ടായിരുന്നില്ല.

വീതനപ്പുറത്തേക്കും വീണിട്ടില്ല.

അളുക്കുകൾക്കിടയിലും

കഴുകിക്കമിഴ്ത്തിവെച്ച പാത്രങ്ങൾക്കിടയിലും

ഗ്യാസ് സ്റ്റൗവിനടിയിലും

അടുപ്പിൻ ചുവട്ടിലെ വിറകുകൾക്കുള്ളിലും തപ്പി.

ഉണ്ടായിരുന്നില്ല.

​െഞാടിയിട വഴുതിമാറിയിട്ടിതെങ്ങു പോയെന്ന

ചിന്തയിൽ പിന്നെയും

പയറെടുത്തരിഞ്ഞ്

കൈ മുറിഞ്ഞു

ദോശ കരിഞ്ഞു.

അരി തിളച്ചുതൂവി.

ഇതിനിടയിൽ പൂച്ച കണ്ണുവെട്ടിച്ചടുക്കളയിൽ കയറി.

എട്ടുമണിച്ചായ എട്ടരക്കായി.

ഓഫീസിലെത്താൻ വൈകി.

കണക്കുകളിലേക്കു നോക്കിയപ്പോൾ

അക്കങ്ങൾക്കിടയിൽ കൃത്യതയില്ലാത്ത

ധാരാളം പയറുകഷണങ്ങൾ.

മുറിഞ്ഞുപോയ പയറിൻമണികൾ.

ചൂടായിക്കൊണ്ടിരിക്കുന്ന വെയിലിന് കനലിൽ

വേവുന്ന പയറിൻമണം.

ഉച്ചക്ക് ചോറുണ്ണാനിരുന്നു.

ചിതറിയ പയറുകഷണങ്ങൾ പ്ലെയ്റ്റിൽ...

കൈകളവയ്ക്കുചുറ്റും നഷ്ടപ്പെട്ടതിതല്ലെന്നു വട്ടം വരച്ചു.

വറ്റുകൾ പരസ്പരം തൊടാതെ കിടന്നു.

മിണ്ടാതിരുന്നു.

തൊണ്ട കനത്തു.

നാവു കുഴഞ്ഞു.

മനംപിരട്ടി.

ഛർദിക്കാൻ വന്നു.

ചോറു മതിയാക്കി പോയിക്കിടന്നു.

ഫാനിട്ടപ്പോൾ മുറിക്കുള്ളിൽ നിറയെ പയറുവള്ളികൾ...

വള്ളികളിൽ നിറയെ പറിക്കാൻ പാകമായ

നീളൻ പയറുകൾ.

അത്രയുംകാലം കൈയിൽ നിന്നും വഴുതിപ്പോയ

പയറുകഷണങ്ങളെല്ലാം

അടച്ചുതുറന്ന കണ്മുന്നിൽ...

ഇതിലേതായിരിക്കുമൊടുക്കം

പോയതെന്നോർത്തു പരാജയപ്പെട്ടു.

ഞരമ്പുകളിലേക്ക് ഇരുട്ട് കുതിച്ചുകയറി.

കിടക്കയിൽ,

ആരോ കത്തികൊണ്ടു കൃത്യമായി നുറുക്കിയ

പയറുകഷണമായി ഉടൽ.

ഞെട്ടെവിടെ?

വാലെവിടെ?

നടുക്കഷണങ്ങളെവിടെ?

Show More expand_more
News Summary - malayalam poem madhyamam weekly