മണിപ്പൂർ കവി താങ്ജോം ഇബോപിഷാകിെൻറ കവിതകൾ സച്ചിദാനന്ദൻ മൊഴിമാറ്റുന്നു
താങ്ജോം ഇബോപിഷാക് (ജനനം: 1948) മണിപ്പൂരി ഭാഷയിലെ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന കവികളില്‍ ഒരാളാണ്. കാവ്യസമ്പന്നമാണ് മണിപ്പൂരി ഭാഷ. ഏതാണ്ട് എണ്‍പത് വര്‍ഷമായി അവിടെ ആധുനിക കവിതയുണ്ട്, കവിതക്ക് അനേകം നൂറ്റാണ്ട് പഴക്കമുണ്ടെങ്കിലും. എല്‍. സമരേന്ദ്ര സിങ്, ഇബോംചാ സിങ്, ഹിജാം ഐരാബത്, ആര്.കെ. മധുബീര്, റോബിന് ഗാന്ഗോം -ഇദ്ദേഹം ഇംഗ്ലീഷിലും എഴുതും- മൗച്ചംബീദേവി ഇങ്ങനെ വലിയ കവികള്‍ ആ ഭാഷയിലുണ്ട്. ഇവരെല്ലാം മണിപ്പൂരിയില്‍ ഗോത്രവേരുകള്‍ മുറിക്കാതെതന്നെ ആധുനിക ഭാവുകത്വം വികസിപ്പിച്ചവരാണ്. ഇവരുടെ പല കവിതകളും റോബിന് പരിഭാഷ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ മാത്രമാണ് ഒരു കവിയുടെ പ്രാതിനിധ്യസ്വഭാവമുള്ള രചനകള്‍ ഒന്നിച്ച് സമാഹരിക്കപ്പെടുന്നത്.
ഡല്‍ഹിയിലെ 'റെഡ് റിവര്‍' പ്രസിദ്ധീകരിച്ച താങ്ജോം ഇബോപിഷാക്കിെൻറ 'മനുഷ്യെൻറ ഗന്ധം' (The Smell of Man) എന്ന ഈ സമാഹാരത്തില്‍ നാൽപത്തിയെട്ടു കവിതകളുണ്ട്. തെൻറ കവിതകള്‍ക്കു പ്രചോദനം പ്രധാനമായും മണിപ്പൂരിെൻറ സാമൂഹിക-രാഷ്ട്രീയ സ്ഥിതികളാണെന്നും, എന്നാല്‍ തെൻറ കവിത അതില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും കവി ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ഒരു കുടുംബത്തിലാണ് ഇബോപിഷാക് ജനിച്ചു വളര്‍ന്നത്. ഒരു ഇരുണ്ട തുരങ്കത്തിലൂടെയുള്ള നടത്തമായിരുന്നു ആ കാലം എന്ന് അദ്ദേഹം ഓർമിക്കുന്നു. പതിനാലാം വയസ്സ് മുതല്‍ കവിതകളെഴുതിത്തുടങ്ങി. പിന്നെ നാൽപത്തിമൂന്നു വര്‍ഷത്തെ എഴുത്താണ് ഇബോപിഷാക്കിനെ കവിയാക്കിയത്. പത്തു കവിതാസമാഹാരങ്ങള്‍, ഒരു ആത്മകഥ, ഒരു നിരൂപണഗ്രന്ഥം ഇവയാണ് എഡിറ്റ് ചെയ്ത പുസ്തകങ്ങള്‍ക്ക് പുറമേ അദ്ദേഹത്തിേൻറതായി ഉള്ളത്. സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ പല പുരസ്കാരങ്ങളും ഇബോപിഷാക്കിനു ലഭിച്ചിട്ടുണ്ട്.
സാമാന്യജനതയുടെ ദുരിതം, അഴുകിയ സാമൂഹികവ്യവസ്ഥ, മനുഷ്യരുടെ ദുഷ്ടത, വംശീയകലാപങ്ങള്‍, അതിെൻറ തുടര്‍ച്ചയായ കൊലപാതകങ്ങള്‍, ഇരുവശത്തും കണ്ട ഭീകരത, പിന്നെ പ്രകൃതി, മരണം- ഇവയെല്ലാമാണ് ഇബോപിഷാക്കിെൻറ കവിതക്ക് വിഷയമാകുന്നത്. മാരകമായ വിരുദ്ധോക്തി, കറുത്ത നർമം, നൈതികരോഷം, അധികാരരൂപങ്ങളെക്കുറിച്ചുള്ള സംശയം, പ്രാദേശികാനുഭവത്തോടൊപ്പംതന്നെ ആരോഗ്യകരമായ സാർവലൗകികത, മനുഷ്യരുടെ മൃഗങ്ങളായുള്ള രൂപാന്തരങ്ങള്‍: ഇവയെല്ലാം വര്‍ത്തമാനകാലത്തിെൻറ ക്രൗര്യം അടയാളപ്പെടുത്താന്‍ കവിയെ സഹായിക്കുന്നു.
1. പിറന്നാള്‍
ഇന്നെെൻറ അമ്പത്തഞ്ചാമത്തെ
ജന്മദിനമാണ്.
"ഇബോബി ബാബു, സുഖമല്ലേ?
എന്ത് ഗംഭീരമായ ചിന്തയാണ്
ഇപ്പോള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നത്?"
ഒരു സ്നേഹിതന് ചോദിച്ചു.
ഞാന്‍ ഒന്നും ചിന്തിക്കുന്നില്ല.
എനിക്ക് വികാരങ്ങളുമില്ല.
ഒരു മാറ്റവുമില്ല, ഒന്നും രൂപം മാറുന്നില്ല.
കാറ്റ് വീശുന്നില്ല, ഇലകള്‍പോലും അനങ്ങുന്നില്ല
പക്ഷികളെ കാണാനേയില്ല
എല്ലാം നഗ്നം, നിശ്ശബ്ദം, തിരസ്കൃതം.
ഉള്ളിലെ ഈ രോഗം മാറുകയില്ല.
വീടിെൻറ ജനല്‍ ഒരു കൂടുണ്ടാക്കി
തുറന്ന ആകാശം ഒളിപ്പിച്ചിരിക്കുന്നു.
ഒരു ഗൗളി എെൻറ ചുവരില്‍ പിടിച്ചുകയറുന്നു,
പിന്നെ താഴെയിറങ്ങുന്നു
കൃത്യമായ ഇടവേളകളില്‍
അത് കയറിയിറങ്ങുന്നു.
ഞാന്‍ മണിക്കൂറുകളോളം
അതിെൻറ ചലനങ്ങള്‍ നിരീക്ഷിക്കുന്നു.
എന്താകാം അതിെൻറ നിയോഗം?
എെൻറ പിറന്നാള്‍ ദിവസം
ഈ ഗൗളിക്ക് ഞാന്‍ ഒരു
പേരിടുകയെങ്കിലും ചെയ്യട്ടെ
ഇതിനെ ശ്രീ ഇബോപിഷാക് സിങ്
എന്ന് വിളിച്ചാലോ?
2. കവിത
ഈ നാട്ടില്‍ ഇപ്പോള്‍ ആര്‍ക്കും
ഉറക്കെ സംസാരിക്കാന്‍ വയ്യ,
തുറന്നു ചിന്തിക്കാനും വയ്യ.
അതുകൊണ്ട്, കവിതേ,
ഒരു പൂപോലെ ഞാന്‍ നിന്നെയെടുത്തു
കളിക്കുന്നു.
എെൻറ കണ്മുന്നില്
സംഭവങ്ങള്‍ക്ക് പിന്നാലേ സംഭവങ്ങള്‍ നടക്കുന്നു
അവിശ്വസനീയമായ, ഭീതികൊണ്ട്
രോമങ്ങള്‍ എണീറ്റ് നില്ക്കുന്ന, സംഭവങ്ങള്‍
നടക്കുമ്പോഴും ഉറങ്ങിക്കൊണ്ട്,
കണ്ണു തുറന്നിരിക്കുമ്പോഴും
സ്വപ്നം കണ്ടുകൊണ്ട്,
നില്‍ക്കുമ്പോഴും ദുഃസ്വപ്നങ്ങള്‍ കണ്ട്,
ഉറക്കത്തിലും ഉണർച്ചയിലും
ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ മാത്രം
ചുറ്റുപാട് അങ്ങനെയായതുകൊണ്ട്
കണ്ണടച്ച്, കാതു പൊത്തി
ഹൃദയം ഒരു കളിമണ്കട്ടയാക്കി
ഞാന്‍ പൂക്കളെക്കുറിച്ചു കവിതയെഴുതുന്നു
ഈ നാട്ടില്‍ ഇന്ന്
എല്ലാവരും പൂക്കളെപ്പറ്റി മാത്രമേ ചിന്തിക്കാവൂ
പൂക്കളെ മാത്രമേ സ്വപ്നം കാണാവൂ
എെൻറ കൊച്ചു കുഞ്ഞിനും വീട്ടുകാരിക്കും
ജോലിക്കും ഒരു കുഴപ്പവും
പറ്റാതിരിക്കുവാന്‍.
3. കുട്ടികളുടെ ചന്ത
ഒരു കുട്ടിയെ വില്‍ക്കാനുണ്ട്
ഒരു കുട്ടിയെ വില്‍ക്കാനുണ്ട്
ഒരു കുട്ടിയെ വില്‍ക്കാനുണ്ട്
മരിച്ചതോ ജീവിക്കുന്നതോ?
പഴയതോ പുത്തനോ?
അത് ഇപ്പോഴും പിടയുന്നുണ്ട്
അതിെൻറ ശരീരം പുതുപുത്തനാണ്
ഒരൊറ്റ വെടിയുണ്ടയേ ഏറ്റിട്ടുള്ളൂ
ഇതിനെക്കാളും പുത്തനായി
ഒന്നും കാണില്ല, സുഹൃത്തേ.
4. മിനി ഇന്ത്യ
എപ്പോഴെങ്കിലും തത്ത
ഉര്‍ദു സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ?
ഞാന്‍ കേട്ടിട്ടുണ്ട്, സുഹൃത്ത് സഹിരുദ്ദീെൻറ വീട്ടില്‍.
മൈന ഹിന്ദി സംസാരിക്കുന്നത്?
അതും. സ്നേഹിതന് നിമായ്സിങ്ങിെൻറ വീട്ടില്‍.
കഴുത സംസ്കൃതശ്ലോകങ്ങള്‍ ചൊല്ലുന്നത്?
ഉവ്വ്, പലപ്പോഴും, ഗോകുല്‍ ശാസ്ത്രിയുടെ വീട്ടില്‍.
പൂച്ച ബംഗാളി പറയുന്നത്?
മ്യാവൂ മ്യാവൂ, കി ബോലോ കി ബോലോ
നായ ഇംഗ്ലീഷില്‍ കുരയ്ക്കുന്നത്,
അല്ലെങ്കില്‍ ആട് മെയ്തെയ് ഭാഷയില്‍?
ഉവ്വ്, ഉവ്വ്, തോമാല് ചാറ്റര്‍ജിയുടെ വീട്ടില്‍,
പ്രൊഫസര്‍ ഹാവോകിപ്പിെൻറ അതിഥിമുറിയില്‍,
ചൗബാ മെയ്തെയുടെ തൊഴുത്തില്‍.
അവരെല്ലാം അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നു
അവര്‍ക്ക് അന്യോന്യം മനസ്സിലാകും
അവര്‍ ആഹാരം പങ്കുവെക്കുന്നു
അവര്‍ ആഹാരത്തിെൻറ പേരില്‍
ജനങ്ങളെ തല്ലിക്കൊല്ലുന്നില്ല
അവര്‍ പരസ്പരം സ്നേഹിക്കുന്നു, ഒരു
മാലയില്‍ കോര്‍ത്ത പൂക്കളെപ്പോലെ
ഈ പരിസരം ഒരു കൊച്ചു ഭാരതമാണ്,
ഒരു മിനി -ഇന്ത്യ.
5. സമാധാനപ്രാവ്
ഹലോ ഹലോ ഹലോ
റ്റു സീറോ സീറോ സിക്സ് സെവെന്‍ സീറോ
ഹലോ ഹലോ ഹലോ
അരി വേണ്ടാ, പരിപ്പ് വേണ്ടാ,
തുണി വേണ്ടാ
ഹലോ ഹലോ, കേള്‍ക്കാമോ?
വിറകു വേണ്ടാ, എണ്ണ വേണ്ടാ
കറൻറ് വേണ്ടാ
ഇപ്പോള്‍ വെളിച്ചത്തിനാണു ഏറ്റവും വിലക്കുറവ്
എല്ലാവരുടെയും വായ് നിറയെ വെളിച്ചമാണ്!
ഹലോ ഹലോ ഹലോ, എന്താ വേണ്ടത്?
ഹലോ കാശ് വേണോ പൊന്നു വേണോ?
രൂപ തന്നാല്‍ വെളിച്ചം കെടുത്താമോ?
ഹലോ ഹലോ ഹലോ
ഞങ്ങള്‍ക്ക് വേണ്ടത് സമാധാനപ്രാവാണ്,
കൊക്കില്‍ സമാധാനവുമായി വരുന്ന പക്ഷി.
അതോ നിങ്ങള്‍ പറയുന്നത് ശാന്തിയുടെ പക്ഷിയോ,
അശാന്തിയുടെ പക്ഷിയോ?
അല്ലല്ല, അശാന്തിയല്ല, ഓം ശാന്തിയാണ്
ഐക്യത്തിെൻറ പക്ഷി; ശാന്തിയുടെയും
സമാധാനപ്രാവ് വരും
സമാധാനപ്രാവും ഐക്യപ്രാവും ഒന്ന് തന്നെ,
അവ സയാമീസ് ഇരട്ടകളാണ്
വയറും വയറും, മുഖവും മുഖവും
ഒന്നിച്ച് ഒട്ടിച്ചേര്ന്നവ.
കശ്മീരില്‍നിന്ന് പഞ്ചാബ് കടന്ന്
നാഗാലാന്‍ഡ് വഴി അസമിലൂടെ
മണിപ്പൂരിലെത്തും.
പാക്ക് ചെയ്തയച്ചിട്ടു കുറെ ദിവസമായി,
വയറും വയറും മുഖവും മുഖവും ഒട്ടിച്ചേര്‍ന്നത്
ശ്രദ്ധിച്ചു മുറിക്കണം കേട്ടോ,
കൊക്കിനു കേടു പറ്റരുത്.
6. ബ്ലൗസും കവിതയും
ഇന്നലെ രാത്രി എെൻറ വീട്ടുകാരിയുടെ മാറില്‍
മഷി പടര്‍ന്നുകിടന്നു. എന്തെന്നോ,
ബ്ലൗസ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍
ഞാന്‍ അവിടെ ഒരു കവിത കുറിച്ചിട്ടു.
അതിനാല്‍, വായനക്കാരാ, എെൻറ
കവിത മാര്‍ക്കറ്റില്‍ എത്തുകതന്നെ ചെയ്യും.
7. സ്ത്രീയേ, നിെൻറ ഉടല്
ഒരു ഭൂഖണ്ഡമാണ്
ഇവിടെ ഒരു കാട്, അവിടെ ഒരു മല,
അസമമായ ഒരു ശാദ്വലം,
അവിടെ ഒരു നദി ഒഴുകുന്നു.
ആറു ഋതുക്കളും സമ്മേളിക്കുന്നു
നെറ്റിയില്‍, കണ്ണുകളില്‍, കാതുകള്‍ക്ക് പിന്നില്‍,
കവിളുകളില്‍, ചുണ്ടുകളില്‍, കൈകളില്‍
വയറില്‍, നാഭിയില്‍, തുടകളില്‍, പിന്നില്‍,
അനേകം നഗരങ്ങള്‍, അസംഖ്യം ഗ്രാമങ്ങള്‍,
നിർമിക്കപ്പെടുന്നവ, തകര്ക്കപ്പെടുന്നവ!
വരള്‍ച്ച, വെള്ളപ്പൊക്കം, ഭൂകമ്പം, യുദ്ധങ്ങള്‍,
അത് നിലയ്ക്കുന്നില്ല, ഭൂമിയുടെ ഈ യാത്ര.
പക്ഷേ നിെൻറ ഉടല് നശിക്കുന്നില്ല.
നിെൻറ അനന്തമായ മനസ്സ്
എല്ലാറ്റിനെയും ആകര്‍ഷിക്കുന്നു
രക്തത്തിെൻറ കൂട്ടുപാതകളില്‍
ലക്ഷ്യങ്ങള്‍ തെറ്റിപ്പോകുന്നു
അറിയുന്നതിനും അറിയാന്‍ ആകാത്തതിനും
ഇടയിലാണ് നിെൻറ നിലനിൽപ്
നിെൻറ മുടിയിഴകളില്‍ പക്ഷികള്‍ പാടുന്നു
കാട്ടുമൃഗങ്ങള്‍ അവരുടെ ഭാഷ സംസാരിച്ചു
നിെൻറ മടിയില്‍ അലയുന്നു
രാവിലെയും ഉച്ചക്കും സൂര്യപ്രകാശം
നിനക്കു ശക്തിയും ധൈര്യവും നല്കുന്നു
നിലാവുള്ളതും ഇല്ലാത്തതുമായ രാത്രികള്‍
നിെൻറ സ്വഭാവം രൂപപ്പെടുത്തുന്നു
മഴവില്ലിെൻറ നിറങ്ങളും മഴ പെയ്യിക്കാത്ത
മേഘങ്ങളും പല നിറങ്ങളില്‍
നിെൻറ മുഖത്ത് കൂടിച്ചേരുന്നു.
സ്ത്രീയേ, നിെൻറ ഉടല്
മനോഹരമായ ഒരു ഭൂഖണ്ഡമാണ്.
8. മണിപ്പൂര്‍, ഞാന്‍ നിന്നെ
എന്തിനു സ്നേഹിക്കാതിരിക്കണം?
മണിപ്പൂര്‍, എനിക്കിഷ്ടമാണ് നിെൻറ
കുന്നുകള്‍, ചതുപ്പുകള്‍, പുഴകള്‍,
പച്ചവയലുകള്‍, പുല്‍മൈതാനങ്ങള്‍, നീലാകാശം.
അവയെ ഞാന്‍ എന്തിനു സ്നേഹിക്കാതിരിക്കണം?
എനിക്ക് അവയോടു ഒരു വഴക്കുമില്ല,
അവയ്ക്ക് എന്നോടുമില്ല വിരോധം.
ഞാന്‍ അതുമിതും പറയുമ്പോള്‍ കുന്നുകള്‍ക്കു
ദേഷ്യം വരുന്നതു ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല,
പുഴകള്‍ ഒരിക്കലും തിരിഞ്ഞുനിന്നു സംസാരിച്ചിട്ടില്ല
ആകാശം എപ്പോഴെങ്കിലും മുറിപ്പെട്ട്
ശകാരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ?
അവയ്ക്ക് മറ്റാരെയാണ് കുറ്റപ്പെടുത്താനുള്ളത്?
നിനക്ക് മനുഷ്യര്‍ക്കെതിരെ സംസാരിക്കാനാവില്ല.
നിെൻറ കുന്നില്‍ വളര്‍ന്നു താഴ്വരകളില്‍ വിളയുന്ന
മധുരമുള്ള പഴങ്ങളും പൂക്കളും,
ധാന്യങ്ങളും എനിക്കിഷ്ടമാണ്
എനിക്കവ വെറുതെ തിന്നാന്‍ കിട്ടുന്നതുകൊണ്ടല്ല
അങ്ങനെ കിട്ടിയില്ലെങ്കിലും അവ നമ്മളെ
തിന്നുമെന്ന് പറയുന്നില്ലല്ലോ.
പഴങ്ങള്‍ മനുഷ്യരെ പട്ടികളെപ്പോലെ കടിക്കുന്നില്ല,
പൂക്കള്‍ മനുഷ്യരുടെ രക്തമൂറ്റുന്നില്ല.
മണിപ്പൂര്‍, എനിക്കിഷ്ടമാണ് നിെൻറ
കുന്നുകള്‍, ചതുപ്പുകള്‍, പുഴകള്‍,
പച്ചവയലുകള്‍, പുല്‍മൈതാനങ്ങള്‍, നീലാകാശം.
അവയെയല്ലെങ്കില് പിന്നെ ഞാന്‍ ആരെ
സ്നേഹിക്കാനാണ്?
അവ കൊതുകുകളോ ഈച്ചകളോ അട്ടകളോ അല്ല,
മനുഷ്യരുടെ മേല്‍ പിടിച്ചുകയറുമെന്ന്
അവ ഒരിക്കലും പറയുന്നില്ല
വയലുകള്‍ സാമൂഹ്യപ്രവര്ത്തകരാകുന്നില്ല,
നദികള്‍ നേതാക്കളായി നടിക്കുന്നില്ല.
പല തലകള്‍ മാറി മാറി അണിയുന്നവര്‍
തൊള്ളയിടുമ്പോഴും കൈകൊണ്ട് ഒന്നും ചെയ്യാത്തവര്‍
കൈകള്‍ കൊള്ളയടിക്കുമ്പോള്‍ വാ മൂടിയിരിക്കുന്നവര്
വര്‍ഷങ്ങളായി നമ്മളെ നയിച്ചുകൊണ്ടേ ഇരിക്കുന്നവര്‍.
സൂര്യന് തിളങ്ങുമ്പോള്‍ തടാകങ്ങളും നദികളും
പുഞ്ചിരിക്കുന്നു
മഴപെയ്യുമ്പോള്‍ ആകാശം സംസാരിക്കുന്നു,
നിലാവുള്ള രാത്രികളില്‍ ചന്ദ്രന് എന്നോട്
സ്വകാര്യം പറയുന്നു
പക്ഷേ ഞാന്‍ ശരിക്കും സ്നേഹിക്കുന്നത് നിെൻറ
കുന്നുകള്‍, ചതുപ്പുകള്‍, പുഴകള്‍,
പച്ചവയലുകള്‍, പുല്‍മൈതാനങ്ങള്‍,
നീലാകാശം ഇവയെയാണ്.