അരുണ്‍ കോലാത്കറുടെ കവിതകള്‍
ഇന്ത്യന്‍ കവിതയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന അരുണ്‍ കോലാത്കറെക്കുറിച്ച് എഴുതുന്നു. അദ്ദേഹത്തിന്റെ എട്ട് കവിതകളും മൊഴിമാറ്റുന്നു.മറാത്തിയിലും ഇംഗ്ലീഷിലും ഒരേ വൈദഗ്ധ്യത്തോടെ എഴുതിയ വലിയ കവിയാണ് 2004 സെപ്റ്റംബറില്‍, 73ാം വയസ്സില്‍ അർബുദംമൂലം മരിച്ച അരുണ്‍ കോലാത്കര്‍. ചിത്രകാരന്‍കൂടിയായിരുന്നു അദ്ദേഹം. ആദ്യം എം.എഫ്. ഹുസൈന്റെ സ്വാധീനത്തില്‍ കളിപ്പാട്ടങ്ങള്‍ക്ക് നിറംകൊടുക്കുന്ന ജോലി കിട്ടി, പിന്നെ പരസ്യങ്ങള്‍ക്കുവേണ്ടി കോപ്പി എഴുതുകയും ഫോട്ടോ...
Your Subscription Supports Independent Journalism
View Plansഇന്ത്യന്‍ കവിതയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന അരുണ്‍ കോലാത്കറെക്കുറിച്ച് എഴുതുന്നു. അദ്ദേഹത്തിന്റെ എട്ട് കവിതകളും മൊഴിമാറ്റുന്നു.
മറാത്തിയിലും ഇംഗ്ലീഷിലും ഒരേ വൈദഗ്ധ്യത്തോടെ എഴുതിയ വലിയ കവിയാണ് 2004 സെപ്റ്റംബറില്‍, 73ാം വയസ്സില്‍ അർബുദംമൂലം മരിച്ച അരുണ്‍ കോലാത്കര്‍. ചിത്രകാരന്‍കൂടിയായിരുന്നു അദ്ദേഹം. ആദ്യം എം.എഫ്. ഹുസൈന്റെ സ്വാധീനത്തില്‍ കളിപ്പാട്ടങ്ങള്‍ക്ക് നിറംകൊടുക്കുന്ന ജോലി കിട്ടി, പിന്നെ പരസ്യങ്ങള്‍ക്കുവേണ്ടി കോപ്പി എഴുതുകയും ഫോട്ടോ എടുക്കുകയും ചെയ്തു. പുണെയിലും ബോംബെയിലും മദ്രാസിലും െകാല്ക്കത്തയിലും ജീവിച്ചു, മഹാരാഷ്ട്ര മുഴുവന്‍ നടന്നു കണ്ടു. ദിലീപ് ചിത്രെയും അശോക് സഹാനെയും ഗീവ് പട്ടേലും ആയിരുന്നു ഉറ്റമിത്രങ്ങള്‍. ‘ശബ്ദ’ എന്ന മാസികക്കു ചുറ്റുമുണ്ടായിരുന്ന ഗ്രൂപ്പില്‍ ചേര്‍ന്നു. പടിഞ്ഞാറും കിഴക്കുമുള്ള ഒട്ടേറെ കവികളുമായി പരിചയപ്പെട്ടു. പരസ്യത്തിനു പുതിയ മാതൃകകള്‍ സൃഷ്ടിച്ചു, ‘ജെജൂരി’ എന്ന ആദ്യ സമാഹാരത്തിലൂടെ ഇന്ത്യന്‍ കവിതയിലെ ശ്രദ്ധേയ സാന്നിധ്യമായി. ‘സ്ട്രൂഗ’ ഉള്‍പ്പെടെ അനേകം കാവ്യോത്സവങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്തു. ‘സര്‍പ്പസത്ര’, ‘The Boatride & Other Poems’, ‘അരുണ്‍ കോലാത്കര്ച്യാ കവിതാ’ എന്നിവ മുഖ്യ സമാഹാരങ്ങള്‍. കബീര്‍, നാമദേവന്‍, തുക്കാറാം തുടങ്ങിയ കവികളെ ഇംഗ്ലീഷില്‍ പരിഭാഷ ചെയ്തു. അത്യന്തം വിചിത്രമാണ് കോലാത്കറുടെ കാവ്യലോകം, പലപ്പോഴും ദുഃസ്വപ്നസമാനം.
01. നായയുടെ പരിത്യാഗം
പറയൂ, നാം പുറപ്പെടുന്നതിന്റെ
തലേന്ന് രാത്രി എന്തിനാണ് നായ്ക്കള്‍
തിരമാലകള്‍ നോക്കി ഓരിയിട്ടത്?
പറയൂ, ദിവസങ്ങള്‍ക്കും തിരകള്‍ക്കും
അപ്പുറമുള്ള ഒരു ക്ഷേത്രത്തില്‍
എന്തിനാണ് ഒരു കറുത്ത നായ്
മിണ്ടാതെ നമ്മുടെ ഉള്ളില്നിന്നൊന്നുമല്ലാതെ
കോട്ടുവായിട്ടു ചാടിവീണത്?
എന്നിട്ട് നമ്മെ നഗ്നരാക്കി നാണം കെടുത്തി
ആ കറുത്ത നായ് വിചിത്രമായി ചത്തത്,
ദൈവത്തിനും നമ്മുടെ ശിരസ്സുകള്ക്കുമിടയില്?
02. ദ്വന്ദ്വയുദ്ധം
അടച്ചിട്ട ഒരു കൂട്ടില്‍ ഒരാണും പെണ്ണും
മൃഗവെളിച്ചത്തില് അന്യോന്യം
തപ്പിത്തലോടി മുറിവേല്‍പ്പിക്കുന്നു
നോക്കി ആസ്വദിക്കുന്ന കാണികള്‍
അവര്‍ക്ക് അപ്പക്കഷണങ്ങള്‍ ഇട്ടുകൊടുക്കുന്നു:
കണ്ണട വെച്ച കടുവാ, ബുദ്ധിജീവിയായ ഒട്ടകം,
ഹൈ ഹീലിട്ട മാന്‍.
രണ്ടുപേരുടെയും പഠിപ്പില്ലാത്ത തൊലി,
മയക്കുന്ന വെളിച്ചത്തില്‍ തിളങ്ങി
ഒരു കുഞ്ഞുമുള്ച്ചെടിയുടെ തടിച്ച കൈപ്പത്തി പോലെ
മുള്ളില്ലാതെ മിനുപ്പായിരിക്കുന്നു
ഇരുവര്‍ക്കും കൂര്‍ത്ത മുള്ളുകള്‍ മുളച്ചേക്കാം
ഒരു മുള്‍ച്ചെടിപോലെ നിര്‍വികാരമായി ജീവിച്ചേക്കാം
ദയനീയമായി കൂര്‍ത്തുമൂര്‍ത്ത്,
വെളിച്ചത്തെ എതിര്‍ത്ത്.
03. പുതപ്പ്
പുതപ്പ് കട്ടിലിന്റെ കാലുകളില്‍നിന്ന്
പെട്ടെന്നുയര്‍ന്ന്
നിന്റെ മേല്‍ ചാടിവീണു
അതിപ്പോള്‍ പടരുകയാണ്,
നിന്റെ ദേഹം മുഴുവന്‍
പടരുകയാണ്
അതിന്റെ അറ്റങ്ങള്‍
ചൊറിച്ചിലുണ്ടാക്കുന്നു
കറുത്ത വിരലുകള്‍ പിടയുന്നു
കറുത്ത ഒരു തിരമാല നിന്റെ
നെഞ്ചില്‍ വന്നലയ്ക്കുന്നു
തുന്നുക, തുന്നുക, കറുത്ത വിരലുകള്‍
നിന്റെ കഴുത്തിന് ചുറ്റും പതുക്കെ
തുന്നി വരിയുകയാണ്.
04. ഇക്കിളിയാവുന്നു, അല്ലേ?
നിന്റെ ചുണ്ടുകളില്‍ ഒരു കറുത്ത വിരല്‍.
അത് താക്കീത് ചെയ്യുകയാണ്
സഹായത്തിന്നായി വിളിക്കുകയോ
കരയുകയോ ചെയ്യരുതെന്ന്.
കറുത്ത വിരലുകള്‍ നിന്റെ
തൊണ്ടയ്ക്കു ചുറ്റും മുറുകുകയാണ്
ഉണരൂ, ഹേ മനുഷ്യാ,
ഈ പുതപ്പ് വലിച്ചെറിയൂ
രണ്ടു കാലുകൊണ്ടും തിരിച്ചടിക്കൂ
അത് വലിച്ചെറിയൂ.
അല്ലെങ്കിലോ,
അവസാനത്തെ ശ്വാസമെടുക്കൂ.
05. വിരുന്ന്
ആ കാണുന്ന കാക്കയ്ക്കായി
നിങ്ങളുടെ ഒരു കഷണം സൂക്ഷിച്ചുവെക്കൂ.
വാ കാക്കേ, വന്നു അത് തിന്ന്.
ഒരു കഷണം, ചെറിയ ശകലം,
ആ കുഞ്ഞിക്കുരുവിക്കും:
കാണുന്നില്ലേ, ആ മനോഹരിയെ?
വാ കുരുവീ, വന്നു അതെടുക്ക്.
പിന്നെ ഒരു ശകലം, ഒരു തരി,
ഇന്ന് രാവിലത്തെ പത്രത്തിനു വേണ്ടി.
ഏതു സമയവും അത് ചിറകുവിരുത്തി
അതിന്റെ പങ്കിന്നായി വന്നേക്കാം.
അക്കാണുന്ന മരംകൊണ്ടുള്ള സ്റ്റൂള്
ക്ഷണം കാത്തിരിക്കയല്ല
ഏതു നിമിഷവും അത് ഒരു കഴുതപ്പുലിയെപ്പോലെ
നിങ്ങളെ ആക്രമിക്കാം.
റേഡിയോ ഒരു കാട്ടുപന്നിയെപ്പോലെ
നിങ്ങളുടെ നേരെ പാഞ്ഞടുക്കാം
നിങ്ങളുടെ പഴയ ഷൂപോലും ഒളിവില്‍നിന്ന്
നാവു പുറത്തിട്ടു പുറത്തു വന്നേക്കാം
ശീല്‍ക്കാരമുണ്ടാക്കി പൈപ്പുകള്‍
അവയുടെ മാളങ്ങളില്‍നിന്ന് ഇഴഞ്ഞു വരും
വസ്ത്രങ്ങള്‍ തൂക്കുന്ന കൊളുത്തുകള്‍
ലഹരി പിടിച്ച വെട്ടുകിളികളെപ്പോലെ
നിന്നെ ആക്രമിച്ചു ഭക്ഷണമാക്കാം
പ്രതീക്ഷിക്കാതിരിക്കെ എല്ലാ വസ്തുക്കളുടെയും
ഭക്ഷണസമയം വരും
അവ വന്നു നിങ്ങളെ പൊതിയും,
അവയ്ക്ക് വിശക്കുന്നുണ്ടാകും.
നിങ്ങള്‍ എങ്ങനെ അവയെ തടയും?
അതിനു നിങ്ങള്‍ക്ക് മനസ്സുവരില്ല
അവരെ നിങ്ങള്‍ എങ്ങനെ തടുക്കും?
നിങ്ങള്‍ അറിയും മുമ്പേ
എല്ലാ വസ്തുക്കളുടെയും രക്തത്തില്‍
നിങ്ങള്‍ പഞ്ചസാരയായി മാറിയിട്ടുണ്ടാകും.
06. ആര്‍ക്കും വേണ്ടാത്ത ഹോട്ടല്‍
ആര്‍ക്കും വേണ്ടാത്ത ഒരു പട്ടണത്തില്‍
ആര്‍ക്കും വേണ്ടാത്ത ഒരു ഹോട്ടലില്‍
മരണത്തിന്റെ തൊട്ടടുത്ത
മുറിയുടെ ചുവരുകളില്‍
ഗൗളികള്‍ എന്റെ ജാതകം കുറിക്കും
ആര്‍ക്കും വേണ്ടാത്ത ഒരു പട്ടണത്തില്‍
ആര്‍ക്കും വേണ്ടാത്ത ഒരു ഹോട്ടലില്‍
ഒരു ഞരമ്പുരോഗിയുടെ ഇളിക്കുന്ന
മൂലയില്‍നിന്ന് ഒരു എട്ടുകാലി
ഞാന്‍ ഹസ്തഭോഗം ചെയ്യുന്നത് കാണും
ആര്‍ക്കും വേണ്ടാത്ത ഒരു പട്ടണത്തില്‍
ആര്‍ക്കും വേണ്ടാത്ത ഒരു ഹോട്ടലില്‍
വരാന്തയില്‍ എന്റെ ചെരിപ്പിന്റെ
ശബ്ദം കേട്ടാല്‍ തുറക്കുന്ന
ഒരു വാതിലിനു പിന്നില്‍
ഞാന്‍ കാത്തുനില്‍ക്കുകയാണ്
ആര്‍ക്കും വേണ്ടാത്ത ഒരു പട്ടണത്തില്‍
ആര്‍ക്കും വേണ്ടാത്ത ഒരു ഹോട്ടലില്‍
വിശക്കുന്ന, ഏകാന്തമായ ഒരു മുറിയുടെ
നാലു ചുവരുകള്‍ക്കിടയില്‍
ഞാന്‍ എന്നിലെ അനുകര്‍ത്താവിനു
തീ കൊളുത്താന്‍ ഉദ്ദേശിക്കുന്നു.
07. സ്ത്രീ
സ്ത്രീ പൂച്ചകളെ വളര്‍ത്തിയേക്കാം
കുറ്റാന്വേഷണ നോവലുകള്‍ വായിച്ചേക്കാം
അവളുടെ ഉറക്കമില്ലായ്മ ചരിത്രത്തിന്റെ
വന്മതിലുകളിലൂടെ ചോര്ന്നൊലിച്ചേക്കാം
ഒരു പല്ലി അവളെ സ്തംഭിപ്പിച്ചേക്കാം
ഒരു തുന്നല്‍യന്ത്രം അവളുടെ തല കുനിച്ചേക്കാം
അവളുടെ കൈത്തണ്ടയിലെ വളകളില്‍
നിലാവ് ഇടപെട്ടേക്കാം
സ്ത്രീ അവളുടെ പൂച്ചകള്‍ക്ക് പേരിട്ടേക്കാം
ലൈബ്രറി അവള്‍ക്കു പുതിയ
കുറ്റാന്വേഷണ നോവലുകളുമായി
വീട്ടില്‍ വന്നേക്കാം
മദ്യപിച്ച ഒരു മനുഷ്യന് അവളെ
കുത്തിത്തുളച്ചേക്കാം
സ്ത്രീ അവളുടെ കുറിപ്പെടുക്കുന്ന പുസ്തകത്തില്‍
ഒരു പുതിയ പാചകക്കുറിപ്പ് ചേര്‍ത്തേക്കാം
അവളുടെ പതിഞ്ഞ ശബ്ദം ബുദ്ധിപൂർവം
അരിച്ചെടുത്ത് നഗരവിളക്കുകള്‍ അതിനെ തിരസ്കരിച്ചേക്കാം
മാസം തികയും മുമ്പേ എത്തിയ ഋതുവില്‍
ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്‍മാര്‍
ഒരു ഇരുണ്ട സ്ത്രീക്ക് മേല്‍ പൊങ്ങിവന്നു പൊട്ടിത്തെറിച്ചേക്കാം
കത്രികകള്‍ പൂക്കുന്ന ഒരു ഋതുവില്‍
സ്ത്രീ പുരുഷനെ ശപിച്ചേക്കാം
സ്ത്രീ കാലുകള്‍ കൃത്യമായി ഷേവ് ചെയ്തേക്കാം
സ്ത്രീ പ്രകൃതിദൃശ്യങ്ങള്‍ വരച്ചേക്കാം
സ്ത്രീ പാറ്റകളെ വിഷം തീറ്റി കൊന്നേക്കാം.
08. പഴയ പത്രങ്ങള്‍
ആ മൂന്നു കാലുള്ള സ്റ്റൂളില്‍ അട്ടിയിട്ട
പഴയ പത്രങ്ങളെ സൂക്ഷിക്കുക.
അവയെ അനക്കരുത്
സത്യമായും എനിക്കറിയാം
അവയുടെ താളുകള്‍ക്കിടയില്‍ പാമ്പുകള്‍ മുട്ടയിട്ടിട്ടുണ്ടെന്ന്.
ആ ഭാഗത്തേക്ക് നോക്കുകപോലും ചെയ്യരുത്
അവയുടെ മൂലകള്‍ ഇളകുന്നത് കാറ്റുകൊണ്ടല്ല.
അതിനു ജീവനുണ്ട്, ആ പത്രക്കൂടിന്.
ഇപ്പോള്‍ പിറന്ന പാമ്പുകള്‍ വളഞ്ഞു പുളഞ്ഞു
നിങ്ങളെ നോക്കാന്‍ പത്തി തിരിക്കുകയാണ്
അതാ,
ആ വെളുത്ത മൂല പത്തി വിടര്‍ത്തിക്കഴിഞ്ഞു
ഒരു ഇരട്ടനാവ് അതിന്റെ
വായില്‍നിന്നു പുറത്തുചാടുന്നു
കണ്ണുകള്‍ അടച്ചുപിടിക്കുക
പറ്റിയാല്‍ രാവിലെതന്നെ ആ നശിച്ച
കൂമ്പാരം മുഴുവന്‍ എടുത്തുമാറ്റുക.