സിറിയൻ കവി മറാം അൽ മിസ്രിയുടെ കവിതകൾ സച്ചിദാനന്ദൻ മൊഴിമാറ്റുന്നു

അറബിയിലെ ആധുനിക പ്രണയകവിയായാണ് സിറിയയില്‍ ജീവിക്കുന്ന മറാം അൽമിസ്രി അറിയപ്പെടുന്നത്. തുടര്‍ച്ചയായി വായിച്ചാല്‍ ഒരു കഥാഖ്യാനംപോലെ തോന്നിക്കുന്ന, ആകര്‍ഷകമായ പല ഖണ്ഡങ്ങളുള്ള, ഭാവകവിതകളാണ് അവരുടേത്. പരമ്പരാഗതമായ അറബ് പ്രേമകവിതകളില്നിന്നുള്ള ഒരു വിച്ഛേദം മറാമിന്റെ ശൈലിയിലും സമീപനത്തിലും കാണാം. ചിലപ്പോള്‍ ക്രോധംകൊണ്ട് ചുകന്നും ചിലപ്പോള്‍ ദുഃഖംകൊണ്ട് കറുത്തും കാണപ്പെടുന്ന അവ പുതിയ ബിംബങ്ങളും രൂപകങ്ങളും കുട്ടിക്കാലത്തെ ഓർമകളും...
Your Subscription Supports Independent Journalism
View Plansഅറബിയിലെ ആധുനിക പ്രണയകവിയായാണ് സിറിയയില്‍ ജീവിക്കുന്ന മറാം അൽമിസ്രി അറിയപ്പെടുന്നത്. തുടര്‍ച്ചയായി വായിച്ചാല്‍ ഒരു കഥാഖ്യാനംപോലെ തോന്നിക്കുന്ന, ആകര്‍ഷകമായ പല ഖണ്ഡങ്ങളുള്ള, ഭാവകവിതകളാണ് അവരുടേത്. പരമ്പരാഗതമായ അറബ് പ്രേമകവിതകളില്നിന്നുള്ള ഒരു വിച്ഛേദം മറാമിന്റെ ശൈലിയിലും സമീപനത്തിലും കാണാം. ചിലപ്പോള്‍ ക്രോധംകൊണ്ട് ചുകന്നും ചിലപ്പോള്‍ ദുഃഖംകൊണ്ട് കറുത്തും കാണപ്പെടുന്ന അവ പുതിയ ബിംബങ്ങളും രൂപകങ്ങളും കുട്ടിക്കാലത്തെ ഓർമകളും മിത്തുകളുടെ പുതുപാരായണങ്ങളുംകൊണ്ട് സമൃദ്ധമാണ്. യൂറോപ്പിലെ മധ്യയുഗ കവിതകളിലും പഴയ അറബ് കവിതയിലും കാണുന്ന കൊട്ടാരം കവിതകളുടെ സ്വഭാവം, കാൽപനികമായ വിരഹഭാവം, മറാമിന്റെ കവിതകളില്‍ കാണില്ല. ചിലപ്പോള്‍ തുറന്നെഴുത്തുകൊണ്ട് അവര്‍ വായനക്കാരെ ഞെട്ടിക്കുന്നു. ശാരീരികമായ കാമനകള്‍, അവിശ്വസ്തത, ഏകാന്തത, നിരാശത ഇവയൊക്കെക്കൊണ്ട് ചിലപ്പോള്‍ പരുഷവും ചിലപ്പോള്‍ മസൃണവും ആകുന്നു ഈ രചനകള്‍. തീക്ഷ്ണതകൊണ്ട് ചിലപ്പോഴെങ്കിലും കമല സുറയ്യയെ ഓർമിപ്പിക്കുന്നവയാണ് മറാമിന്റെ വരികള്‍. സ്വപ്നാത്മകമായ പേലവതയും കണിശമായ, ചിലപ്പോള്‍ ക്രൂരംപോലുമായി തോന്നിക്കുന്ന, വിശദാംശങ്ങളും കലര്‍ന്ന അർധതാര്യമായ ഒരു ലോകം അവര്‍ സൃഷ്ടിക്കുന്നു. മുഴുവനും സ്ത്രീയായിരിക്കയും ചെയ്യുന്നു. അവരുടെ വ്യക്തിത്വവും കവിതയും തമ്മില്‍ അന്തരമില്ലെന്ന തോന്നലാണ് ഒരാഴ്ച ലാറ്റിന്‍ അമേരിക്കയിലെ മെഡലിന് കാവ്യോത്സവത്തില്‍ മറ്റു കവികള്‍ക്കൊപ്പം അവരുമായി ഇടപെട്ടപ്പോള്‍ എനിക്ക് തോന്നിയത്. 2004ൽ പ്രസിദ്ധീകരിച്ച മറാമിന്റെ രണ്ടു ദീര്ഘകവിതകളിലെ 'ഞാന്‍ നിന്നിലേക്കു നോക്കുന്നു' എന്ന കവിതയുടെ ചില ഖണ്ഡങ്ങളാണ് ഇവിടെ വിവര്‍ത്തനം ചെയ്തുനല്‍കുന്നത്.
01
നമുക്കു മുഖങ്ങളുണ്ട്,
ചുമലിനു മുകളില്‍,
ഐഡന്റിറ്റി കാര്‍ഡുകളില്‍,
കുടുംബചിത്രങ്ങളില്‍.
നമുക്കുണ്ട്, നാം പൊഴിച്ചു കളയുകയും
നിലനിര്‍ത്തുകയും ചെയ്യുന്ന മുഖങ്ങള്‍
ഒളിച്ചുവെക്കുന്നവയും വെളിപ്പെടുത്തുന്നവയും
നമുക്കു പരിചിതമായവയും നാം ഒഴിവാക്കുന്നവയും
സ്നേഹിക്കുന്നവയും വെറുക്കുന്നവയും
നമുക്കുണ്ട്, നാം തിരിച്ചറിയുന്ന മുഖങ്ങള്‍
ശരിക്കും? തിരിച്ചറിയുന്നവ?
02
''നമ്മെപ്പോലൊരാള്
ലോകത്തില്‍ എവിടെയോ
എപ്പോഴുമുണ്ട്'',
എല്ലാവരുടേതുമായ ആ തരുണി
ഉറപ്പോടെ പുഞ്ചിരിച്ചു പറഞ്ഞു.
തന്റെ സ്വപ്നം
പഴം നിറഞ്ഞ ഒരു വൃക്ഷംപോലെ
പുറത്തുണ്ടെന്ന മട്ടില്‍
ജനലിലൂടെ നോക്കിക്കൊണ്ട്.
03
അവളുടെ രത്നങ്ങളുടെ
രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന നീര്‍മാതളം
ഇപ്പോഴും അവളുടെ തിളങ്ങുന്ന തൊലി
ഉടുപ്പ് മാറ്റുന്നതും കാത്തുനില്ക്കുന്നു
ദാഹത്തിന് ഒരു മധുരപാനീയം
വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു.
04
തൃഷ്ണ എന്റെ മേല്‍ പതിപ്പിച്ച
എല്ലാ ചുംബനങ്ങളില്‍നിന്നും
ആ ഒന്ന് എനിക്ക് വേര്‍തിരിച്ചു പറയാനാകും
പ്രണയം മുദ്രവെച്ച
എല്ലാ തൃഷ്ണകളില്നിന്നും
ആ ഒന്ന് എനിക്ക് വേര്‍തിരിച്ചറിയാനാകും
05
എന്ത് മനോഹരമായ കുറ്റമാണ്
ഞാന്‍ ചെയ്തത്?
എനിക്ക് നിദ്രോന്മുഖമായ ഒരു നദിയും
പ്രാണന്റെ ഒരു ജ്വലനവും നല്കിയ
ഒരു ശരീരം ഞാന്‍ ആസ്വദിച്ചു.
06
ഇത്തരം ഒരു ഉഷ്ണതരംഗത്തില്‍
ചൂടുള്ള ഒരു ദിവസം
അവള്‍ക്കു എന്ത് ചെയ്യാനാവും?
കടല്‍നുര അവളുടെ പാദത്തിന്റെ
വളവുകളെ തലോടി
തന്റെ പ്രാര്‍ഥനകള്‍ എല്ലാം മറക്കാന്പോന്ന
പ്രകമ്പനത്തിന്റെ ഒരു തരംഗം
അവളെ വിഴുങ്ങി.
07
ഞാന്‍ എന്താണ് കേള്‍ക്കുന്നത്?
ഒരു പനിനീര്‍പ്പൂ വിടരുന്നത്
ഒരു കുതിര അമറുന്നത്
ഞാന്‍ എന്താണ് കാണുന്നത്?
എന്റെ മടിയില്‍ മേഘങ്ങള്‍ തിളങ്ങുന്നത്
മഴ നിര്‍ത്താതെ പെയ്യുന്നത്.
08
അവള് പറഞ്ഞു: ഊം
ഞാന്‍ അവനെ വിഴുങ്ങി.
എനിക്ക് ഒരാണിന്റെ വിശപ്പുണ്ടായിരുന്നു
ഒരാണിനെപ്പോലെ അവനെ ഞാന്‍ എന്റെ
അഭിലാഷങ്ങള്‍ക്ക് കുറുകെ തളിച്ചു,
ആണായി വിടര്‍ന്നുകൊണ്ട്
09
ഞാന്‍ ഓടുന്നു തിരക്കിട്ടു നടക്കുന്നു ഉയരുന്നു
താഴുന്നു
ഞാന്‍ അടുത്തുവരുന്നു അകലേക്ക് മാറുന്നു
നിലവിളിക്കുന്നു
ഞാന്‍ നിലവിളിക്കുന്നു കിതക്കുന്നു മൂകയാവുന്നു
കാണാതാവുന്നു, പിന്നെ
കൊടുംകാറ്റായി വീശുന്നു
പെരുമഴയായിപ്പെയ്യുന്നു
കരയുന്നു ചിരിക്കുന്നു
പരമാനന്ദത്തിന്റെ വിരുന്നില്‍ ഒരു സ്ത്രീ,
ഒരു പുരുഷന്റെ മാലാഖമാരാല്‍ ചുറ്റപ്പെട്ട്.
10
ആഹാരം കിട്ടാത്ത ദിവസം ഭയന്ന് ദരിദ്രന്
പറ്റാവുന്നത്ര ആഹാരം ആര്‍ത്തിയോടെ കഴിക്കുംപോലെ
ഞാന്‍ എന്റെ മടിയില്‍ കിടക്കുന്ന
നിന്നെ നോക്കുന്നു.
11
എന്നെ ധരിക്കാന്‍ ഞാന്‍
എന്റെ ഉടുപ്പുകള്‍ തിരയുന്നു
നിശ്ശബ്ദതയില്‍ ഞാന്‍
ആനന്ദബാഷ്പം ശേഖരിക്കുന്നു
സന്ദര്‍ശനത്തിന്റെ എല്ലാ അടയാളവും
മായ്ച്ചു കളഞ്ഞ് നിന്നെ അറിയിക്കാതെ
ഞാന്‍ വിട്ടുപോകുന്നു:
ലോലമായ ഒരു ജഡം:
നീ ഉറങ്ങുകയാണെന്ന പോലെ.
12
നിന്റെ വാതിലിന്റെ ചുണ്ടുകളിലൂടെ
അവസാനശ്വാസമായി
ഒരിളങ്കാറ്റുപോലെ ഞാന്‍ ഒളിച്ചു കടക്കുന്നു
നീ എന്നെ തടയുന്നില്ല
13
എനിക്ക് ഓക്കാനം വരുന്നത്രക്ക്
പഴകിപ്പുളിക്കാതിരിക്കൂ
തീക്കനല്‍പോലെ പൊരി ചിതറൂ
രണ്ടു മരക്കൊമ്പുകള്‍ ഉരസും പോലെ
ആളിക്കത്തൂ
അങ്ങനെയാണ് ഞാന്‍ എന്റെ
വള്ളിക്കുടിലില്‍ നിന്നെ പ്രണയിക്കുന്നത്
14
എന്റെ സുഗന്ധം നിന്നെ ആക്രമിക്കും
നീ വിവസ്ത്രനാകുമ്പോള്
അത് പടര്‍ന്നു പടര്‍ന്നുപോകും
നീ എന്നെ വഞ്ചിച്ചു എന്ന്
ആരോപിച്ചുകൊണ്ട്
15
ആഗ്രഹങ്ങള്‍ മതിലില്‍ തട്ടിത്തകരുന്ന
കൊടുങ്കാറ്റുകളാണ്, അവക്ക് പോകാന്‍
നേര് വഴികളില്ല
നിന്റെ ഇടവഴി
എന്റെ തെരുവിലൂടെ പോകുന്നില്ല
16
അവള് പറഞ്ഞു: എട്ടുകാലി ഉറങ്ങും
അതിന്റെ വലയില്‍ കാണും
വഴി തെറ്റുന്ന പ്രാണികളുടെ ഭാഗധേയം
അവന് അവരുടെ അജ്ഞതയെ
ആഹാരമാക്കും
17
എന്റെ മുലക്കച്ച മാറ്റാന്‍
ഞാന്‍ അവനെ അനുവദിച്ചുകൂടായിരുന്നു
ഞാനൊരു പെണ്ണാണെന്ന്
കാണിക്കാന്‍ മാത്രമേ
ഞാനുദ്ദേശിച്ചിരുന്നുള്ളൂ
കുപ്പായമഴിക്കാന്‍ അവനെ ഞാന്‍
സമ്മതിക്കരുതായിരുന്നു
താന്‍ ഒരാണാണെന്ന് കാണിക്കാന്‍ മാത്രമേ
അവനും ഉദ്ദേശിച്ചിരുന്നുള്ളൂ.
18
പിന്നെ അവന് അവന്റെ നഗ്നത കാണിച്ചു
അവന്റെ ഉടലിന്റെ വിശപ്പ്
അവന്റെ ആത്മാവിന്റെ വിശപ്പ്
മുറിവും പൊറ്റയുമായി കാലം
അവനില്‍ ചാര്‍ത്തിയ മുദ്രകളെല്ലാം
19
അവള് പറഞ്ഞു, നമുക്കു
കിടക്കയായി അഭിനയിക്കുന്ന
ഒരു കിടക്കയില്‍
ഇണ ചേരുന്നതായി അഭിനയിക്കുക
അതില്‍ ആണായി അഭിനയിക്കുന്നവനും
പെണ്ണായി അഭിനയിക്കുന്നവളും ഉണ്ടാകട്ടെ.
മിക്കവാറും യഥാര്‍ഥമായ വികാരങ്ങളോടെ
ചുറ്റും മരിക്കാറായ പൂക്കള്‍ വിതറിക്കൊണ്ട്
അഭിനയിക്കുക, അങ്ങനെ അവ ഒരിക്കലും
മരിക്കാതിരിക്കട്ടെ.
20
നിന്നെ മറ്റൊരു സ്ത്രീയുടെ
ആലിംഗനത്തില്‍ സങ്കൽപിച്ചാണ്
ഞാന്‍ നിന്നെ വഞ്ചിക്കാനുള്ള
എന്റെ കഴിവളക്കുന്നത്,
പിന്നെ പശ്ചാത്തപിച്ച്
ഞാന്‍ നിന്റെ കാരുണ്യം യാചിക്കുന്നു
21
അവള് പറഞ്ഞു: ''ഒരു പേക്ഷ
പ്രണയം ഇപ്പോഴും കാത്തിരിക്കയാണ്.''
ഒരു കസേരയുടെ കീഴെ ഒരു കുട,
മറ്റൊന്നില്‍ ഒരു പുസ്തകം.
പ്രണയം വരും എന്ന് പ്രതീക്ഷിക്കുന്ന
ഒരു സ്ത്രീ.
22
അല്ലാ, നിന്റെ വാതിലിലല്ലാ
അവന് മുട്ടുന്നത്, അതിന്നു പിറകില്‍ നിന്നല്ലാ
ഞാന്‍ ശ്വാസോച്ഛ്വാസം കേള്‍ക്കുന്നത്
വിജാഗിരിയില്നിന്ന് ഊരിപ്പോന്ന
അതല്ലാ ഇപ്പോഴും തുറക്കാതെയിരിക്കുന്നത്
23
അവന്നറിയാം
എന്റെ കക്ഷത്തിന്റെ മണം
എന്റെ തൊലിയിലെ രോമകൂപങ്ങള്‍
എന്റെ തുപ്പലിന്റെ രുചി.
എനിക്ക് സ്വന്തം ജലം തന്നയാള്‍
ഞാന്‍ എന്റെ ജലം പകര്ന്നുകൊടുത്തയാള്
സ്വന്തം ഓർമയെ വഞ്ചിച്ചയാള്‍.
24
നീ മുന്നോട്ടു പോകുമ്പോള്‍
എന്റെ നിഴല്‍ നിന്റെ അടയാളങ്ങളെ
പടിപടിയായി പിന്തുടരും.
പടിപടിയായി നീ
പിന്നോട്ടു പോകുമ്പോഴും.
25
നിന്റെ മെത്തക്കരികില്‍
ഞാന്‍ ഒളിച്ചിരിക്കുന്നു,
നിന്റെ ഉച്ഛ്വാസങ്ങള്
ശേഖരിച്ചു വെക്കുന്നു,
എനിക്ക് ശ്വാസംമുട്ടിപ്പോകുന്ന
ദിവസത്തിന്നായി.