ചിറ്റയുടെ കുട
ഉച്ചവെയിലിൽ സൂര്യൻ
കത്തിനിൽക്കുമ്പോൾ
ഞാൻ ചിറ്റയുടെ
നരച്ച കുട നിവർത്തും.
കുടയൊരു വീടായി മാറും,
കോവൽപന്തൽ തണൽവിരിച്ച
മുറ്റവും കടന്നു
ഇറയത്തുനിന്നും വടക്കേ
മുറിയിലേക്ക് നടക്കും.
എന്റെ കയ്യിലുള്ള വർണത്തുണി
ചിറ്റക്കു കൊടുക്കും.
ചിറ്റ വർണത്തുണികൊണ്ടു മണമുള്ള
പൂക്കളെ തുന്നും.
ഞാൻ പൂക്കളുടെ സുഗന്ധം
വാരിയെടുത്തു വീട്ടിൽനിന്നു ഓടിയിറങ്ങും
അപ്പോ എന്റെ കാലിലൊരു
കൊലുസ്സു കിലുങ്ങും
കനത്ത മഴകൊണ്ടു
ഒറ്റപ്പെട്ട ദ്വീപായി ഞാൻ മാറുമ്പോൾ ചിറ്റയുടെ
കുടയൊരു തോണിയാകും
ഞാൻ എന്നെയും ചുരുട്ടി തോണിയിലേക്കു കയറും.
ഞങ്ങൾ കടലിൽനിന്നും പുഴയിലേക്കു തുഴയും.
പുഴയിൽനിന്നും
അരുവിയിലേക്കും
അവിടെനിന്നും വെള്ളത്തിന്റെ
ഉറവയിലേക്കും തുഴയും.
തോണിയിലേക്കു ഞാൻ
മൃതസഞ്ജീവനി പൊട്ടിച്ചിടും.
തിരികെ തോണി തുഴയും,
എന്റെ കാലിലെ
കാണാൻ കഴിയാത്ത കൊലുസ്സപ്പോ
കിലുങ്ങുന്നുണ്ടാകും.
വീട്ടിലേക്കു വഴിയറിയാതെ
സ്കൂൾ മുറ്റത്തു നിൽക്കുന്ന കുട്ടിയാകുമ്പോ
ചിറ്റയുടെ കുടയൊരു പെൻസിലാകും.
പെൻസിൽ വീട്ടിലേക്കുള്ള
വഴി വരച്ചുതരും.
വീട്ടിലെത്തുമ്പോ അവിടെ
രണ്ട് പൂച്ചക്കുഞ്ഞുങ്ങൾ കാത്തിരിക്കുന്നുണ്ടാകും
പൂച്ചക്കുഞ്ഞുങ്ങൾക്കു പാലുകൊടുത്തുറങ്ങാൻ
കിടക്കുമ്പോൾ,
നിറയെ സ്വപ്നങ്ങളെ കൊഴിച്ചിടും
ഉണരുമ്പോ എനിക്കു കാണാൻ കഴിയാത്ത
കൊലുസ്സു കിലുങ്ങുന്നുണ്ടാകും.
ചിറ്റയുടെ കുട
മഴ നനയാതെ,
വെയിലു കൊള്ളാതെ
നരച്ചത് എനിക്കു വേണ്ടിയായിരുന്നു.
നരച്ച കുടയിപ്പോ
എനിക്കുവേണ്ടി വെയിലും മഴയും കൊള്ളുന്നു.