ചുവന്ന മോട്ടോർ സൈക്കിൾ ഓടിക്കുന്നവൾ
മഴയിൽ
ഒരു പെൺകുട്ടി
ചുവന്ന മോട്ടോർ സൈക്കിൾ ഓടിച്ചുപോകുന്നു.
ചാഞ്ഞും ചരിഞ്ഞും പെയ്യും മഴ
അവളെ ഉമ്മവെച്ച്, ഉമ്മവെച്ച്
മഞ്ഞ ചുരിദാറിനെ
ഒരു നദിയാക്കി മാറ്റിയിരിക്കുന്നു.
കാറ്റിൽ
പിറകിലേക്ക് പറക്കുന്ന ഷാൾത്തലപ്പുകൾ
രണ്ട് പറവകളായി
ആകാശത്തെ തൊടാനായുന്നു.
നെറ്റിയിലെ ചുവന്നപൊട്ട്
മഴ വിരലുകൾ മായ്ച്ചുകളഞ്ഞിരിക്കുന്നു.
ചീറിപ്പായുന്ന ബൈക്ക്
മഴവെള്ളത്തെ
വേലിക്കെട്ടുകളായ് തിരിച്ച്
വളവുകളെയും കയറ്റങ്ങളെയും
പിന്നിലേക്കതാ എയ്തുവിടുന്നു.
ഇത്ര വേഗത്തിലിത്ര ജാഗ്രതയിൽ
എവിടയ്ക്കാവും അവൾ പോകുന്നത്?
മരണ വീട്ടിലേക്കാവുമോ
അതോ,
മറന്നുവെച്ച എന്തോ ഒന്ന്
തിരിച്ചെടുക്കാനാവുമോ
മഴ നിന്നു.
പെൺകുട്ടി കാഴ്ചയിൽനിന്നും മറഞ്ഞു.
ആ ബൈക്ക് പുറത്തേക്ക് വിട്ട നീലപ്പുക
മണമായും, നിറമായും
മഴയെ പുണർന്നു.
മൂടൽമഞ്ഞിനെ
സൂര്യൻ മായ്ച്ചുകളഞ്ഞമാതിരി
ഞാനത് മറക്കുകയും ചെയ്തു.
ഇന്നലെ,
വെയിൽ പരന്നനേരം
പത്രം വായിച്ചിരിക്കുമ്പോൾ
പെട്ടന്നതാ
പത്രത്താളിലൂടെ
ആ പെൺകുട്ടി ചുവന്ന മോട്ടോർ സൈക്കിൾ ഓടിച്ചു പോകുന്നു.
ഒട്ടും ശബ്ദമില്ലാതെ
ഒട്ടുമേ വേഗതയില്ലാതെ...
അവളുടെ ഫോട്ടോയും മോട്ടോർ ബൈക്കും
പിന്നെ രക്തവും.
അതിനും കീഴെയുള്ള
അടിക്കുറിപ്പുമാത്രം തെളിഞ്ഞതേയില്ല.