മൂന്നു കവിതകള്‍
1. മാനും സിംഹവും ലളിതമായ മെലിഞ്ഞ ഒരു വാക്ക് പോലെവിറയ്ക്കുന്ന ഒരു മാന്‍കുട്ടിയെ ഞാന്‍ കണ്ടു. അതിനു പിറകില്‍ വ്യാകരണത്തിന്റെ സിംഹം വാ പിളര്‍ന്നു നിന്നു. മാന്കുട്ടി ഓടി ഒരു കവിതയുടെ വരിയില്‍ അഭയം തേടി, കുത്തുകളും കോമകളും പുല്ലും പൂക്കളുമായി മാറി അതിനെ മൂടി. സിംഹം ഇന്നും അലറി അതിനെ തേടി നടക്കുന്നു,ഓരോ കവിതയും മണത്തു നോക്കുന്നു അതിന്റെ പുള്ളികളിലും വള്ളികളിലും വസന്തം വന്നു നിറയുന്നത് കണ്ട് അത് അമ്പരന്നു തിരിച്ചുനടക്കുന്നു, അടുത്ത മാന്‍കുട്ടിയെ തേടി. 2....
Your Subscription Supports Independent Journalism
View Plans1. മാനും സിംഹവും
ലളിതമായ മെലിഞ്ഞ ഒരു വാക്ക് പോലെ
വിറയ്ക്കുന്ന ഒരു മാന്‍കുട്ടിയെ ഞാന്‍ കണ്ടു.
അതിനു പിറകില്‍ വ്യാകരണത്തിന്റെ സിംഹം
വാ പിളര്‍ന്നു നിന്നു.
മാന്കുട്ടി ഓടി ഒരു കവിതയുടെ വരിയില്‍
അഭയം തേടി, കുത്തുകളും കോമകളും
പുല്ലും പൂക്കളുമായി മാറി അതിനെ മൂടി.
സിംഹം ഇന്നും അലറി അതിനെ തേടി നടക്കുന്നു,
ഓരോ കവിതയും മണത്തു നോക്കുന്നു
അതിന്റെ പുള്ളികളിലും വള്ളികളിലും
വസന്തം വന്നു നിറയുന്നത് കണ്ട് അത്
അമ്പരന്നു തിരിച്ചുനടക്കുന്നു,
അടുത്ത മാന്‍കുട്ടിയെ തേടി.
2. വായന, എഴുത്ത്
പകല്‍ മുഴുവന്‍ ഞാന്‍
കവിതകള്‍ വായിക്കയായിരുന്നു:
നജ് വാന്‍ ദര്‍വീശ്, യഹൂദാ അമിച്ചായ്,
അമീര്‍ ഓര്, ജാക്കി കേ, മിലാന് ജെസി.
രാത്രി ഞാന്‍ ഒരു കവിത എഴുതി
അതില്‍ ഇല്ലായിരുന്നു:
നജ് വാന്‍ ദര്‍വീശ്, യഹൂദാ അമിച്ചായ്,
അമീര്‍ ഓര്, ജാക്കി കേ, മിലാന് ജെസി.
ഉണ്ടായിരുന്നത് ഒരു കവിതയെക്കൂടി
അതിജീവിച്ച ഞാന്‍ മാത്രം.
3. ബുദ്ധി
കല്‍ക്കരി മുഴുവന്‍ ഞങ്ങള്‍
വണ്ടി ഓടിച്ചു തീര്‍ത്തു
ഇരുമ്പു മുഴുവന്‍
ആയുധങ്ങളുണ്ടാക്കി യുദ്ധങ്ങള്‍ നടത്തി
സ്വർണം മുഴുവന്‍
ആഭരണങ്ങളുണ്ടാക്കി കൈമാറി
കാടുകള്‍ മുഴുവന്‍ ഞങ്ങള്‍
പാര്‍ക്കുകളും മൈതാനങ്ങളുമാക്കി
പുഴകള്‍ മുഴുവന്‍ ഞങ്ങള്‍
മണല്‍ ഊറ്റി വറ്റിച്ചു
പർവതങ്ങള്‍ ഉരുകാനും
സമുദ്രങ്ങള്‍ തിളയ്ക്കാനും തുടങ്ങിയപ്പോള്‍
ബാക്കിയായ മണ്ണില്‍ നിറയെ
ഞങ്ങള്‍ ഞങ്ങള്‍ക്കായിത്തന്നെ
ശവക്കുഴികളുണ്ടാക്കി.
ഇപ്പോള്‍ ഞങ്ങള്‍ കൃത്രിമബുദ്ധി
ഉപയോഗിച്ച് ഒരു കൃത്രിമലോകം
നിർമിക്കുകയാണ്,
കൃത്രിമമായ കാട്, പുഴ,
പര്‍വതം, സമുദ്രം, സ്വപ്നം, ഭാഷ.
ചന്ദ്രനിലോ ചൊവ്വയിലോ
ഒരു തുണ്ട് നിലം വാങ്ങണം,
മലയാളം കൃഷി ചെയ്യാന്‍.