ഗോവണി
നഗരത്തിൽ അയാൾ താമസിക്കുന്ന ഫ്ലാറ്റിലേക്കുള്ള പടവുകൾ ഒരുദിവസം പെട്ടെന്ന് അപ്രത്യക്ഷമായി. എന്നും കയറിയിറങ്ങുന്ന, അയാളുടെ കിതപ്പുകളും താളങ്ങളും നന്നായറിയുന്ന ഗോവണിയായിരുന്നു. എന്നിട്ടും ഒരു രാവിലെ ഉറങ്ങിയുണർന്നു നോക്കുമ്പോൾ അതുണ്ടായിരുന്നില്ല. നിറയെ മിണ്ടിക്കൊണ്ടിരുന്ന സ്നേഹത്തിൽനിന്നുംഉള്ളതെല്ലാം എടുത്ത് ഒരാൾ ഇറങ്ങിപ്പോയിട്ടെന്നപോലെ ഇപ്പോളയാൾ. അയാളുടെ വീട്. അയാളോടൊപ്പം നഗരത്തിന്റെ ഉറക്കവും നഷ്ടപ്പെട്ടു.കൺപോളകൾക്ക് കനംവെച്ചു. കാലുകൾ നീരുവന്ന് വീങ്ങി. അയാളുടെ വീടിന്റെയൊഴികെ എല്ലാ ജനലുകളും വാതിലുകളും പരസ്പരം മിണ്ടിക്കൊണ്ടിരുന്നു. വീടിന്റെയുള്ളിൽ...
Your Subscription Supports Independent Journalism
View Plansനഗരത്തിൽ
അയാൾ താമസിക്കുന്ന ഫ്ലാറ്റിലേക്കുള്ള പടവുകൾ
ഒരുദിവസം പെട്ടെന്ന് അപ്രത്യക്ഷമായി.
എന്നും കയറിയിറങ്ങുന്ന,
അയാളുടെ കിതപ്പുകളും താളങ്ങളും
നന്നായറിയുന്ന ഗോവണിയായിരുന്നു.
എന്നിട്ടും ഒരു രാവിലെ
ഉറങ്ങിയുണർന്നു നോക്കുമ്പോൾ അതുണ്ടായിരുന്നില്ല.
നിറയെ മിണ്ടിക്കൊണ്ടിരുന്ന സ്നേഹത്തിൽനിന്നും
ഉള്ളതെല്ലാം എടുത്ത്
ഒരാൾ ഇറങ്ങിപ്പോയിട്ടെന്നപോലെ
ഇപ്പോളയാൾ.
അയാളുടെ വീട്.
അയാളോടൊപ്പം നഗരത്തിന്റെ ഉറക്കവും നഷ്ടപ്പെട്ടു.
കൺപോളകൾക്ക് കനംവെച്ചു.
കാലുകൾ നീരുവന്ന് വീങ്ങി.
അയാളുടെ വീടിന്റെയൊഴികെ
എല്ലാ ജനലുകളും വാതിലുകളും
പരസ്പരം മിണ്ടിക്കൊണ്ടിരുന്നു.
വീടിന്റെയുള്ളിൽ അയാൾ ഒറ്റയ്ക്ക്.
നഗരമേ...
എനിക്കുറങ്ങാൻ പറ്റുന്നില്ല.
അയാൾ ഗോവണി നഷ്ടപ്പെട്ട വീടിന്റെ
വാതിൽക്കലിരുന്ന് പൊട്ടിക്കരഞ്ഞു.
നഗരം ജനലിലൂടെ കൈയിട്ട് അയാളുടെ
മുടിയിൽ വിരലുകളോടിച്ചു.
പുറത്ത് തെരുവിൽ
ആളുകൾ ഇതൊന്നുമറിയാതെ നടന്നുനീങ്ങുന്നു.
വീടുകൾ പഴയവരെ ഉപേക്ഷിച്ച് പുതിയ
പുതിയ മനുഷ്യരെ തേടുന്നു.
ഉപേക്ഷിക്കപ്പെട്ടവർ
തെരുവിന്റെയോരം പിടിച്ച് വേച്ചുവേച്ചു നടക്കുന്നു.
അങ്ങിങ്ങായി ഗോവണികൾ നഷ്ടപ്പെട്ട
ചെറുചെറു വീടുകളിൽ
വെളിച്ചം മിന്നിമിന്നി അണയുന്നു.
എന്നാലും എന്റെ വീട്ടിലേക്കുള്ള പടവുകൾ...
അയാളുടെ വാക്കുകൾ
മുറിഞ്ഞു മുറിഞ്ഞ് തെരുവിലെ
മനുഷ്യർക്കിടയിലേക്ക് വീണ്
ചോരയൊലിപ്പിച്ചു കിടന്നു.
പകുതിവെച്ചു മിണ്ടാതാവുന്ന സ്നേഹം
മരണത്തിലേക്കുള്ള പടവുകളിലൊന്നാണ്.
നഗരം അന്നത്തെ ഡയറിയിൽ കുറിച്ചു.
രാത്രിയേറെ ചെന്നു.
എനിക്കുറങ്ങാൻ കഴിയുന്നില്ലെന്നു പുലമ്പിപ്പുലമ്പി
അയാളുറങ്ങി.
വീടുറങ്ങി.
ഉറങ്ങട്ടെ.
അയാൾക്കു കാവലിരിക്കാൻ
ഉറങ്ങാത്ത നഗരമുണ്ട്.