ബില്‍ വൊലാകിന്റെ കവിതകൾ
അമേരിക്കൻ കവി ബിൽ വൊലാകിനെ പരിചയപ്പെടുത്തുകയാണ് കവി സച്ചിദാനന്ദൻ തന്റെ പ്രതിമാസ പംക്തിയിൽ. അതിനൊപ്പം ബിൽ വൊലാകിന്റെ എട്ട് കവിതകളും മൊഴിമാറ്റുന്നു.ന്യൂജഴ്സിയില്‍ ജീവിക്കുന്ന ബില്‍ വൊലാക് കവിയും വിവര്‍ത്തകനുമാണ്. പ്രധാന സമാഹാരങ്ങള്‍ ‘Pale as Explosion’, ‘Love Emergencies’ എന്നിവയാണ്. തർജമകളില്‍ ഏറ്റവും പ്രസിദ്ധം ഹാഫിസിന്റെ 51 ഗസലുകളാണ്. സൂഫി ജേണല്‍, അറ്റ്ലാന്റാ റിവ്യൂ തുടങ്ങി അനേകം ആഗോള മാസികകളില്‍ പരിഭാഷകള്‍ വന്നിട്ടുണ്ട്. വിമർശന ലേഖനങ്ങളും അഭിമുഖങ്ങളും നോട്ടർ ഡാം റിവ്യൂ, പേർഷ്യന്‍ ഹെറിറ്റേജ് മാഗസിന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്. ഇന്ത്യ, ജപ്പാന്‍, ചൈന, തായ്‍ലൻഡ്, നേപ്പാള്‍,...
Your Subscription Supports Independent Journalism
View Plansഅമേരിക്കൻ കവി ബിൽ വൊലാകിനെ പരിചയപ്പെടുത്തുകയാണ് കവി സച്ചിദാനന്ദൻ തന്റെ പ്രതിമാസ പംക്തിയിൽ. അതിനൊപ്പം ബിൽ വൊലാകിന്റെ എട്ട് കവിതകളും മൊഴിമാറ്റുന്നു.
ന്യൂജഴ്സിയില്‍ ജീവിക്കുന്ന ബില്‍ വൊലാക് കവിയും വിവര്‍ത്തകനുമാണ്. പ്രധാന സമാഹാരങ്ങള്‍ ‘Pale as Explosion’, ‘Love Emergencies’ എന്നിവയാണ്. തർജമകളില്‍ ഏറ്റവും പ്രസിദ്ധം ഹാഫിസിന്റെ 51 ഗസലുകളാണ്. സൂഫി ജേണല്‍, അറ്റ്ലാന്റാ റിവ്യൂ തുടങ്ങി അനേകം ആഗോള മാസികകളില്‍ പരിഭാഷകള്‍ വന്നിട്ടുണ്ട്. വിമർശന ലേഖനങ്ങളും അഭിമുഖങ്ങളും നോട്ടർ ഡാം റിവ്യൂ, പേർഷ്യന്‍ ഹെറിറ്റേജ് മാഗസിന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്.
ഇന്ത്യ, ജപ്പാന്‍, ചൈന, തായ്‍ലൻഡ്, നേപ്പാള്‍, തിബത്ത് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ ധാരാളം സഞ്ചരിച്ചിട്ടുണ്ട്. ഇറാനില്‍ മതസൗഹാർദ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ഒട്ടേറെ ഫെലോഷിപ്പുകളും പുരസ്കാരങ്ങളും. വില്യം പാറ്റേഴ്സന്‍ സര്‍വകലാശാലയില്‍ ഇരുപതിലേറെ വര്‍ഷമായി ഇംഗ്ലീഷ് അധ്യാപകന്‍. ഈ കവിതകള്‍ ‘വെളിച്ചത്തിന്റെ പുരാവസ്തു ശാസ്ത്രം’ (Archeology of Light) എന്ന പുതിയ സമാഹാരത്തില്‍നിന്ന്.
1. അപരിചിതത്വത്തിന്റെ കാവല്‍ക്കാരന്‍
ഞാന്‍ തേന്‍തുള്ളിയിലെ
പ്രകാശത്തിന്റെ ജ്വരമാണ്
ഞാന്‍ ഒരു ദുഃസ്വപ്നത്തില്‍
കേള്‍ക്കുന്ന താരാട്ടാണ്
കരിമിഴികളുള്ള ഇടവഴികളിലും
വേലിയേറ്റങ്ങളുടെ തയമ്പു വീണ അഴിമുഖങ്ങളിലും
നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് എന്തെന്ന്
നിങ്ങള്‍ കണ്ടെത്തുന്ന മുറിയാണ് ഞാന്‍
ഭീതിദമായ ഊർജസംക്രമണങ്ങള്‍ നടക്കുന്ന
ഡയല്‍ ടോണുകളുടെ മാംസമാണ് ഞാന്‍
നഗ്നതക്കു മുകളില്‍ ഉഴറി നടക്കുന്ന
കൊതി പൂണ്ട കൈകളാണ് ഞാന്‍,
ബീജത്തിന്റെ ഉറക്കമില്ലായ്മയും.
എന്റെ മടിത്തട്ട് സ്വപ്നത്തിലേക്ക്
എത്താന്‍ തരിക്കുന്ന ഒരു ഉപകരണശാലയാണ്
പക്ഷികളെക്കൊണ്ട് നിർമിച്ച
ഒരു നോക്കുകുത്തിയാണ് ഞാന്‍
ഉപ്പിന്റെ ഒരിക്കലും അവസാനിക്കാത്ത ഓർമയും.
കോപംകൊണ്ട് ഞാന്‍ കാറ്റിന്റെ ഏകാന്തത സൃഷ്ടിച്ചു
സ്നേഹംകൊണ്ട്, മഴയുടെ
ദീര്‍ഘശ്വാസങ്ങളുടെ അസ്വാസ്ഥ്യവും.
ഞാന്‍ നിലവിളിയുടെ ഒരേയൊരു മണവാളനാണ്.
2. സ്തുതിക്കാന്‍, മറക്കാന്‍
കയറിന്റെ കാത്തിരിക്കുന്ന ആശ്ലേഷത്തിലും
ഇരുട്ടിനെക്കുറിച്ചുള്ള കുരുക്കിന്റെ ഓർമയിലും നിന്ന്
കൈകള്‍ ഉപയോഗിക്കുന്നതിന്റെ അർഥം എന്തെന്ന് പഠിപ്പിക്കുക
നഷ്ടപ്പെട്ടതും ഉപകാരശൂന്യവുമായ എല്ലാറ്റിനെയും
ഏറ്റവും സജീവമായതെല്ലാം സംരക്ഷിക്കുന്ന
വാക്കുകള്‍കൊണ്ട് ശേഖരിച്ചുവെക്കാന്‍
സഹായിക്കുക
അപവാദങ്ങള്‍ മന്ത്രിക്കുന്ന ചെറുപ്പക്കാരിലും
ഓർമകള്‍ സൂക്ഷിക്കുന്ന വൃദ്ധരിലും നിന്ന്
ഒന്നും ഒളിച്ചുവെക്കാതിരിക്കാന്‍ ധൈര്യം കാണിക്കുക,
ചെറുപ്പക്കാര്‍ ഓർമിക്കാനും വൃദ്ധര്‍ ഒടുവില്‍
മറക്കാനും ഇഷ്ടപ്പെടുന്നതുവരെ.
പരിഹരിക്കാന്‍ കഴിയാത്തതില്‍നിന്നുപോലും
കിട്ടുന്ന പ്രശംസ, അഥവാ കാരുണ്യാധിക്യംകൊണ്ട്
സമ്പാദിച്ച പ്രശംസ, അവകാശപ്പെടാന്‍ ധൈര്യം കാണിക്കുക.
മറ്റുള്ളവര്‍ക്ക് നല്‍കാനായി,
അവരെ ശക്തിപ്പെടുത്താനായി,
മാപ്പ് നല്‍കാനായി,
എല്ലാം ത്യാഗം ചെയ്യുക
കാത്തിരിക്കുന്നയാളെയും
ഇനിയും കാത്തിരിക്കാന്‍ വയ്യാത്ത ആളെയും
ഒന്നിപ്പിക്കാന്‍ മാത്രം സംസാരിക്കുക,
സ്നേഹിക്കപ്പെടുന്നയാളെ
സ്നേഹിക്കുന്നയാളുമായി ബന്ധപ്പെടുത്തുവാന്‍ മാത്രം.
3. നിലവറയിലെ സാധനങ്ങള്‍
ഞാന്‍ അവയൊക്കെ വലിച്ചെറിയുകയാണ്-
ഇതുവരെ ആരും തൊടാത്ത
ആ വിഷമംപിടിച്ച സാധനങ്ങള്‍
മുപ്പതു വര്‍ഷമായി ആരും ഇരിക്കാത്ത കസേരകള്‍
ചെമ്പിന്‍കുഴലുകള്‍ കുത്തിനിറച്ച
കുട്ടിക്കാലത്തെ അലമാരകള്‍,
അരക്ക് നിറമുള്ള വാള്‍പേപ്പറുകള്‍,
കൂറകള്‍ കരണ്ട കൊടികള്‍, മരപ്പന്തുകള്‍,
എന്റെ മരിച്ചുപോയ സഹോദരിയുടെ
ആണ്‍സുഹൃത്തുക്കളുടെ ഫോട്ടോകള്‍,
എല്ലാം ഞാന്‍ പുറത്തേക്ക് വലിച്ചെറിയുകയാണ്,
എനിക്ക് സൂക്ഷിച്ചുവെക്കാന്‍ കഴിയാതെ പോയ
മറ്റെല്ലാറ്റിനുമൊപ്പം: അമ്മൂമ്മയുടെ ഉടുപ്പിന്റെ
ബട്ടണുകള്‍ നിറഞ്ഞ വാര്‍ഡ് റോബ്,
അമ്മ കൈകൊണ്ട് തുന്നിയ
പൂപ്പല്‍ പിടിച്ച ലെയ്സ് തൂവാലകള്‍,
മഞ്ഞച്ചുപോയ, മിന്നുന്ന പൂക്കള്‍ നിറഞ്ഞ
അടുക്കളക്കര്‍ട്ടനുകള്‍, എന്റെ അച്ഛന്റെ
തുരുമ്പു പിടിച്ച ഷേവിങ് റേസര്‍,
പൊടി മാത്രം പ്രതിഫലിപ്പിക്കുന്ന ചെറിയ കണ്ണാടി,
എല്ലാം ഞാന്‍ വലിച്ചെറിയുകയാണ്;
വൃത്തിയായി മടക്കിവെച്ച
പാവാടകള്‍ നിഞ്ഞ ട്രങ്ക് പെട്ടികള്‍
ഇപ്പോഴും പാറ്റഗുളിക മണക്കുന്ന നിരുപയോഗമായ
യൂനിഫോമുകള്‍ നിറഞ്ഞ സൂട്ട്കേസുകള്‍.
അവയൊക്കെ ഞാന്‍ വലിച്ചെറിയുകയാണ്.
ചില സാധനങ്ങള്‍ സ്വീകരിക്കാന്‍
പുതിയ കൈകള്‍ നീളുന്നില്ല.
4. പ്രണയം ആരംഭിച്ചത്
എട്ടുകാലികള്‍ തമ്മിലുള്ള അകലത്തിന്
പ്രണയം ഒരു ഉപയോഗം കണ്ടുപിടിച്ചു
നിലാവ് പോലെ തുറന്ന ഒരുടലും
പ്രവചിക്കാന്‍ പറ്റാത്ത ഇടവേളകളില്‍
ആ തുറവിയെ ശമിപ്പിക്കാനായി
കടുപ്പം വെക്കുന്ന വേറൊന്നും.
പൗർണമി രാവിലെ വേലിയേറ്റത്തിരകള്‍പോലെ
കൂട്ടിമുട്ടിക്കൊണ്ട് ഇണകള്‍ അന്യോന്യം
ആഗ്രഹത്തിനൊത്ത് വളഞ്ഞു പിരിഞ്ഞു,
ഒരേപോലെ പ്രകടനം നടത്തുന്ന
രണ്ടു കായികാഭ്യാസികളെപ്പോലെ,
പിണച്ച കാലുകള്‍ ആനന്ദത്തിനും
അപ്പുറത്തേക്ക് വളച്ചുമടക്കിക്കൊണ്ട്.
5. കാറ്റ് അവസാനിക്കുന്നിടം
പകല്‍ വെളിച്ചത്തെ വിവസ്ത്രമാക്കുക
മറ്റൊരു ശൈത്യകാലത്തിന് കാത്തുനില്‍ക്കരുത്,
താഴിനെ താക്കോലാക്കുക.
ഇരുട്ടിന്റെ ഉടുപ്പഴിക്കുക
യാത്ര അനുവദിക്കുന്നതെല്ലാം ശേഖരിക്കുക
നിങ്ങള്‍ തലോടുന്നിടം മാത്രമേ ദൃശ്യമാകൂ
ചന്ദ്രന്റെ ചുമലിലെ
ദന്തക്ഷതങ്ങള്‍ പോലെ.
പെട്ടെന്ന് എടുക്കാവുന്ന വിധം അടുത്ത്,
തൊട്ടടുത്ത്, തൊട്ടു പിറകില്‍, ഓർമയെ നിര്‍ത്തുക,
മനസ്സിനെ തോന്നിയപോലെ അലയാന്‍ വിടുക.
കാറ്റ് അവസാനിക്കുന്നിടത്ത്
എനിക്കായി കാത്തു നില്‍ക്കുക
6. തിരമാലകള്‍ നുണഞ്ഞ്
കടലുപ്പില്‍
തിരമാലകള്‍
വീണ്ടും വീണ്ടും നുണഞ്ഞ്
നിന്റെ ഉടലില്‍നിന്ന്
ഞാന്‍ രാത്രി മുഴുവന്‍ നക്കിയെടുത്തു.
7. കൈകള്‍
എപ്പോഴും പുറത്തേക്ക് നീട്ടിപ്പിടിച്ച കൈ
നിനക്കു ഇഷ്ടംപോലെ തള്ളുകയും കൊള്ളുകയും
ചെയ്യാവുന്ന ഒരാശ്ലേഷമാണ്
വിട പറയും നേരത്ത് കൈകള്‍
വെയിലില്‍ ആവിയാകുന്ന മൂടല്‍മഞ്ഞു പോലെയാണ്
തിരിച്ചുവരവിന്റെ നേരത്ത് അവ
റോഡില്‍ വാഹനങ്ങളുടെ മുന്‍വെളിച്ചം
നോക്കിയിരിക്കുന്ന മുയലുകളാണ്
ചരടുപോലെ നഗ്നമായ, പുലരിക്കണ്ണുകളുള്ള
നഖങ്ങള്‍, ഒരു കൈയിന്റെ വിരലടയാളങ്ങള്‍ക്കു
പിറകിലുള്ള കണ്ണാടികളാണ്.
ഒരു തുടയുടെ വളവു പിന്തുടരുന്ന, അഥവാ
ഒരു മുലയുടെ അളവ് ആഘോഷിക്കുന്ന കൈകള്‍
വെളിച്ചത്തെക്കാള്‍ ആഴമേറിയ മാംസത്തില്‍ പ്രവേശിക്കാന്‍
പാടുപെടുകയാണ്; അവക്ക് ഏറ്റവും ആഗ്രഹം
രക്തത്തിനു മാത്രം എത്തിച്ചേരാന്‍ കഴിയുന്ന
ശരീരത്തിന്റെ അവയവങ്ങളാണ്.
8. മുറിവ്
മുഴങ്ങുന്ന നീലനിറം,
മണികള്‍ക്കുള്ളിലെ
അസാധ്യമായ ഇരുട്ടിന്റെ നിറം.
നീലനിറം ഉണര്‍ത്തുന്ന
ആശ്ലേഷത്തിന്റെ മുള്ള്,
ദൂരത്തെ പുഞ്ചിരി കൊള്ളിക്കുന്നത്.
നീ നിന്‍റേതാക്കി,
എന്റെ മാംസത്തിന്റെ പുഴയോരം,
നിന്റെ കൈയില്‍നിന്ന് മോന്തിക്കുടിക്കാന്‍
രാത്രി എപ്പോഴും തിരിച്ചുവരുന്നിടം.
നീ നിന്‍റേതാക്കി,
നീ എന്നെ ഉള്ളില്‍ വഹിക്കുന്നതായി
തോന്നിക്കുന്ന, ജീവിക്കുന്ന
ഈ വിരലടയാളം.